This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രം

പതിനെട്ടാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ രൂപംകൊണ്ട സാമ്പത്തികശാസ്ത്രവീക്ഷണം.

ആമുഖം

പതിനെട്ടാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാമൂഹിക ശാസ്ത്രങ്ങളിലെല്ലാം തന്നെ-പ്രത്യേകിച്ച് സാമ്പത്തികശാസ്ത്രത്തില്‍-അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സമഗ്രവീക്ഷണം പ്രത്യക്ഷപ്പെട്ടു. അവ്യക്തതകള്‍ അവസാനിപ്പിച്ച് സാമ്പത്തികശാസ്ത്രത്തിന് സ്പഷ്ടമായ രൂപവും ക്രമവും വ്യവസ്ഥയും ഉണ്ടാക്കിയത് ആഡംസ്മിത്തും ഡേവിഡ് റിക്കാര്‍ഡോയുമാണ്; അവര്‍ രൂപം നല്കിയ സാമ്പത്തികശാസ്ത്രാപഗ്രഥന സമ്പ്രദായത്തെയാണ് ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രം എന്നു പറയുന്നത്. പലരും പല കാരണങ്ങള്‍കൊണ്ടാണ് ഈ പേര്‍ അംഗീകരിച്ചത്. ആഡംസ്മിത്തിന്റെയും ഡേവിഡ് റിക്കാര്‍ഡോയുടെയും സിദ്ധാന്തങ്ങള്‍ക്കു ലഭിച്ച സാര്‍വത്രികമായ അംഗീകാരത്തിന്റെയും അവയുടെ ആധികാരികതയുടെയും പേരില്‍ ചിലര്‍ 'ക്ലാസ്സിക്കല്‍' എന്ന പദം സ്വീകരിച്ചു. ഈ സമ്പ്രദായത്തെ മറ്റു സമ്പ്രദായങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണിക്കുന്നതിനുവേണ്ടിയാണ് മറ്റു ചിലര്‍ ഈ പേര് ഉപയോഗിച്ചത്. മുതലാളിത്തവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ അതിന്റെ സമ്പൂര്‍ണവും സൂക്ഷ്മവുമായ ഭാവങ്ങളില്‍ വിശദീകരിക്കുവാന്‍ ആഡംസ്മിത്തിന്റെയും റിക്കാര്‍ഡോയുടെയും കൃതികള്‍ക്കു കഴിഞ്ഞു. മുതലാളിത്തത്തിന്റെ ആവിര്‍ഭാവവും അതിന്റെ കാരണങ്ങളും ഈ കൃതികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുതലാളിത്തവ്യവസ്ഥയുടെ ഗതി എങ്ങോട്ടുപോകുമെന്നും അതിന്റെ വളര്‍ച്ച ഏതു രീതിയിലായിരിക്കുമെന്നും ഇവയില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിനു സ്വന്തമായ ചില നിയമങ്ങളുണ്ടെന്നും ഈ നിയമങ്ങള്‍ അനിഷേധ്യങ്ങളാണെന്നും ഈ കൃതികള്‍ പ്രഖ്യാപിക്കുന്നു.

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ ഉദ്ഭവം ആഡം സ്മിത്തിന്റെ കൃതിയില്‍ നിന്നാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1820-നുശേഷം ഇംഗ്ലണ്ടില്‍ ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ ആധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങി. ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും അനേകം സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രസിദ്ധാന്തങ്ങളില്‍ സംശയാലുക്കളാവുകയും അവയെ വിമര്‍ശിച്ചുതുടങ്ങുകയും ചെയ്തു. എങ്കിലും പിന്നെയും വളരെക്കാലത്തേക്കു ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ സ്വാധീനം നിലവിലുണ്ടായിരുന്നു. 1871-ല്‍ സീമാന്തോപയുക്തതാ സിദ്ധാന്ത (Marginal Utility Theory)ത്തിന്റെ ആവിര്‍ഭാവത്തോടെ ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ സ്വാധീനം മിക്കവാറും നഷ്ടമായി.

ആഡം സ്മിത്ത് (1723-90)

സാമ്പത്തിക തത്ത്വശാസ്ത്രചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണ് ആഡം സ്മിത്തിനുള്ളത്. ആധുനിക സാമ്പത്തികശാസ്ത്രം അതിന്റെ അസ്തിവാരമുറപ്പിച്ചിരിക്കുന്നത് സ്മിത്തിന്റെ വെല്‍ത്ത് ഒഫ് നേഷന്‍സ് (An Inquiry into the Nature and Causes of the Wealth of Nations, 1776) എന്ന കൃതിയിലാണ്. സാമ്പത്തികശാസ്ത്രചിന്തയും അപഗ്രഥനവും ഒരു ജീവിതവൃത്തിയായി സ്വീകരിച്ച ആദ്യത്തെ കലാശാലാധ്യാപകന്‍ ആഡം സ്മിത്തായിരുന്നു. ഇദ്ദേഹത്തിനു ലഭിച്ച ഉന്നതവിദ്യാഭ്യാസത്തിന്റെയും ശിക്ഷണത്തിന്റെയും ഫലമായി വെല്‍ത്ത് ഒഫ് നേഷന്‍സ് (രാഷ്ട്രങ്ങളുടെ സമ്പത്ത്) അതിനു മുമ്പുണ്ടായിട്ടുള്ള ഏതു സാമ്പത്തികശാസ്ത്രഗ്രന്ഥത്തെക്കാളും അടുക്കും ചിട്ടയുമുള്ളതായിത്തീര്‍ന്നു. ഈ ഗ്രന്ഥത്തില്‍ ഇദ്ദേഹം സ്വാതന്ത്ര്യവും വ്യവസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സാമ്പത്തിക പ്രക്രിയയെക്കുറിച്ച് വിശകലനം ചെയ്യുകയും ബ്രിട്ടീഷ് വാണിജ്യനയത്തിന്റെ പരിമിതികളെ ആക്രമിക്കുകയും ചെയ്യുന്നു. ഒരു പൂര്‍ണ സാമ്പത്തികശാസ്ത്രഗ്രന്ഥം രചിക്കുകയെന്ന ഉദ്ദേശ്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. സ്മിത്തിന്റെ ഗ്രന്ഥം കുറ്റമറ്റതാണെന്ന് ഇതിനര്‍ഥമില്ല. സാമ്പത്തികശാസ്ത്രം കണ്ടുപിടിച്ചതോ തുടങ്ങിവച്ചതോ ആഡം സ്മിത്താണെന്നു പറയുന്നതും ശരിയല്ല. വാണിജ്യവാദകാലത്തുതന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒട്ടുമുക്കാലും ചര്‍ച്ചാവിധേയമായിരുന്നു. അന്നുവരെ വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു കാര്യവും സ്മിത്ത് പുതുതായി ചര്‍ച്ച ചെയ്തില്ല. ഇദ്ദേഹത്തിന്റെ അപഗ്രഥനത്തിന്റെ ചട്ടക്കൂട് മധ്യകാലയുഗങ്ങളിലെ മതപണ്ഡിതന്മാരുടെ ആശയങ്ങളായിരുന്നു. വ്യക്തിയുടെ സൃഷ്ട്യുന്മുഖ പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് അറുതിവരുത്തുക എന്നതായിരുന്നു സ്മിത്തിന്റെ ചിന്താഗതിയുടെ അന്തര്‍ധാര. രാഷ്ട്രങ്ങളുടെ സമ്പത്തില്‍ സ്മിത്ത് ഉത്പാദനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യവസായത്തിലും വ്യാപാരത്തിലും ഗവണ്‍മെന്റ് ഇടപെടേണ്ട യാതൊരാവശ്യവുമില്ല. മനുഷ്യരില്‍ സഹജമായ ലാഭേച്ഛ അവര്‍ക്കു മാര്‍ഗദര്‍ശനം നല്കിക്കൊള്ളും. സ്മിത്തിന്റെ സാമ്പത്തികസിദ്ധാന്തങ്ങള്‍ എല്ലാ സാമ്പത്തിക വ്യവഹാരങ്ങളെയും ഉള്‍ക്കൊള്ളുന്നവയായിരുന്നു.

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള സ്മിത്തിന്റെ ധാരണകളും സിദ്ധാന്തങ്ങളും രാഷ്ട്രങ്ങളുടെ സമ്പത്തില്‍ കാണാം. ഓരോ വ്യക്തിക്കും പരമാവധി തൃപ്തി ലഭിക്കുമ്പോള്‍ സമൂഹത്തിനും പരമാവധി നന്മ ലഭിക്കുന്നു. ഓരോ വ്യക്തിയും സ്വന്തം അഭീഷ്ടങ്ങള്‍ നേടുമ്പോള്‍ അയാളുടെ ഉദ്ദേശ്യത്തില്‍പ്പെടാത്ത ഒരു കാര്യംകൂടി നിറവേറ്റുന്നതിന- സമുദായത്തിന് നന്മ വരുത്തുന്നതിന് - ഒരു അദൃശ്യഹസ്തം (invisible hand) അയാളെ നയിക്കുന്നുണ്ട്. അതിനാല്‍ മനുഷ്യപ്രവൃത്തികളെ അവയുടെ പാട്ടിനു വിട്ടേക്കുന്നതാണ് വ്യക്തികള്‍ക്കും സമൂഹത്തിനും അഭികാമ്യം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, സാമൂഹികനന്മയ്ക്കുവേണ്ടി ഗവണ്‍മെന്റ് മനഃപൂര്‍വം ചെയ്യുന്ന പ്രവൃത്തികളെല്ലാം നിഷ്ഫലമാണെന്നു വരുന്നു. എങ്കിലും ഏതു ഗവണ്‍മെന്റിനും മൂന്നു പ്രധാന കര്‍ത്തവ്യങ്ങള്‍ പാലിക്കേണ്ടിവരുന്നു: (1) വിദേശാക്രമണങ്ങളില്‍ നിന്നു രാജ്യത്തെ രക്ഷിക്കുക; (2) നിയമസമാധാനം കര്‍ശനമായി പാലിക്കുക; (3) ലാഭകരമല്ലാത്തതിനാല്‍ വ്യക്തികളോ സ്വകാര്യസംഘടനകളോ ഏറ്റെടുത്തു നടത്താന്‍ ഇടയില്ലാത്ത പൊതുമരാമത്തു ജോലികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവ നടത്തുക.

ആധുനിക സമൂഹങ്ങളില്‍ തൊഴില്‍ വിഭജനം (division of labour) വളരെ ഉയര്‍ന്ന നിലയിലായിരിക്കും. പരസ്പരാശ്രയം കൂടാതെ മനുഷ്യര്‍ക്കു ജീവിക്കുവാന്‍ സാധ്യമല്ല. സമൂഹത്തിലെ ഏതൊരംഗത്തിനും മറ്റുള്ളവരില്‍നിന്നുള്ള സഹായം ആവശ്യമാണ്. പക്ഷേ ഈ സഹായം മറ്റുള്ളവര്‍ സൌജന്യമായി നല്കുന്നതല്ല. സൌജന്യത്തിന്റെ അംശം ഇതില്‍ ഉണ്ടായിക്കൂടെന്നില്ല. എങ്കിലും ഒരു കൂട്ടര്‍ അവരുടെ സ്വന്തം താത്പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന പ്രവൃത്തികള്‍തന്നെ അവരറിയാതെ-മറ്റുള്ളവര്‍ക്കു സഹായകരമായിത്തീരുന്നു. 'കശാപ്പുകാരന്റെയോ വാറ്റുകാരന്റെയോ അപ്പമുണ്ടാക്കുന്നവന്റെയോ ഔദാര്യത്തില്‍ നിന്നല്ല നമുക്ക് നമ്മുടെ അത്താഴം ലഭിക്കുന്നത്; അവരുടെ സ്വന്തം താത്പര്യങ്ങളോടുള്ള അഭിനിവേശത്തില്‍നിന്നാണ്'. സമൂഹത്തിലെ ഓരോ അംഗവും സമൂഹത്തില്‍നിന്നു താന്‍ നേടുന്ന വകകള്‍ക്കു പ്രതിഫലമായി സമൂഹത്തിനാവശ്യമായവ നല്കാന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ഈ തത്ത്വത്തിന് സാമ്പത്തിക വ്യവഹാരത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രസക്തിയുണ്ട്. ആഭ്യന്തരവ്യാപാരം, വിദേശവ്യാപാരം, കൃഷി, വ്യവസായം എന്നീ തുറകളിലെല്ലാം തന്നെ സ്വതന്ത്രമായ പ്രവര്‍ത്തനം കൂടുതല്‍ നന്മവരുത്തുമെന്ന നിയമം സാര്‍ഥകമാണ്. ആഡംസ്മിത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ പില്ക്കാല സാമ്പത്തികനയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഇറക്കുമതിയിലുണ്ടായിരുന്ന നിയന്ത്രണങ്ങളും ചില വ്യവസായങ്ങള്‍ക്കു ലഭിച്ചിരുന്ന പ്രത്യേകാനുകൂല്യങ്ങളും ഒന്നൊന്നായി റദ്ദാക്കപ്പെട്ടു.

രാഷ്ട്രങ്ങളുടെ സമ്പത്ത്

രാഷ്ട്രങ്ങളുടെ സമ്പത്ത് അഞ്ചുഭാഗങ്ങളായിട്ടാണ് തിരിക്കപ്പെട്ടിരിക്കുന്നത്. ഒന്നും രണ്ടും ഭാഗങ്ങളില്‍ സ്മിത്തിന്റെ സാമ്പത്തികശാസ്ത്രസിദ്ധാന്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നാംഭാഗം നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെയും സാമ്പത്തികചരിത്രപഠനങ്ങളാണ്. നാലാമത്തേതില്‍ വ്യാപാരമുതലാളിത്തത്തിന്റെ സാമ്പത്തികനയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ഫ്രാന്‍സിലെ പ്രകൃതിനിയമവാദത്തെ അപഗ്രഥിച്ച് നിരൂപണം ചെയ്യുകയും ചെയ്യുന്നു. അഞ്ചാമത്തെ ഭാഗം ഗവണ്‍മെന്റിന്റെ സാമ്പത്തികവിനിമയ സമ്പ്രദായങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ച വിദഗ്ധമായ അപഗ്രഥനമാണ്. ഈ മഹദ്ഗ്രന്ഥത്തിന്റെ സംക്ഷിപ്തരൂപം ചുവടെ ചേര്‍ക്കുന്നു:

തൊഴില്‍വിഭജനം

സാമ്പത്തികപുരോഗതിയുടെ ഏറ്റവും പ്രധാനഘടകം തൊഴില്‍വിഭജനമാണ്. ഇതുകാരണം ഓരോ ഉത്പാദനഘട്ടത്തിലെയും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ പ്രത്യേക ജോലിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ കഴിയും. ഇത്തരത്തിലുള്ള ഉത്പാദനപ്രക്രിയ കാര്യക്ഷമതയെയും മൊത്ത ഉത്പാദനത്തെയും വര്‍ധിപ്പിക്കും. ഏതൊരു വ്യാപാരത്തിലും തൊഴില്‍വിഭജനത്തിന്റെ പ്രതിഫലനം കാണാന്‍ കഴിയുന്നു. തൊഴില്‍വിഭജനത്തിന്റെ പ്രയോജനങ്ങള്‍ പ്രധാനമായും മൂന്നു ചുറ്റുപാടുകളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്; (1) തൊഴിലാളികളുടെ നിപുണത വര്‍ധിപ്പിക്കുവാന്‍ തൊഴില്‍ വിഭജനം സഹായിക്കുന്നു. ഇത് തൊഴിലിന്റെ വ്യാപ്തിയെയും വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായി ഒരേ ജോലിതന്നെ ചെയ്യുന്നതുകൊണ്ടാണ് തൊഴില്‍നൈപുണ്യം നേടാന്‍ കഴിയുന്നത്; (2) തൊഴില്‍ പ്രാവീണ്യം നേടാനുള്ള കാലയളവിന്റെ ദൈര്‍ഘ്യം വളരെയധികം ചുരുക്കുവാന്‍ തൊഴില്‍വിഭജനം സഹായിക്കുന്നു; (3) തൊഴില്‍വിഭജനം പല കണ്ടുപിടിത്തങ്ങള്‍ക്കു വഴിതെളിക്കുകയും മനുഷ്യയത്നത്തെ ലഘൂകരിക്കുകയും ചെയ്യുന്നു. വിവിധയിനം യന്ത്രങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഇതു സഹായകമായി വര്‍ത്തിക്കുന്നു. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവയ്ക്കുവേണ്ട പരിഷ്കാരങ്ങള്‍ വരുത്തി തൊഴില്‍ഭാരം ലഘൂകരിക്കുവാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനും സാധിക്കും. തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉത്പാദനവര്‍ധനവുണ്ടാകുന്നതുകൊണ്ട് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെതന്നെയും ജീവിതനിലവാരം മെച്ചപ്പെടുന്നു. തൊഴില്‍വിഭജനം ക്രയവിക്രയശക്തിയെ-അതായത് കമ്പോളത്തിന്റെ വ്യാപ്തിയെ-ആശ്രയിച്ചിരിക്കുന്നു. വിപണിയുടെ വ്യാപ്തിയാണ് തൊഴില്‍ വിഭജനത്തിന്റെ പരിധി നിശ്ചയിക്കുന്നത്. വിപണി വളരെ ചെറുതായിരിക്കുമ്പോള്‍ ഒരേ തൊഴിലില്‍ത്തന്നെ ഒരാള്‍ക്കും അര്‍പ്പിത മനോഭാവത്തോടുകൂടി തുടരാനാവില്ല. ഉള്‍നാടുകളിലെ വിപണികള്‍ രാജ്യത്തിന്റെ ധനശേഷിയെയും ജനബാഹുല്യത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് അവയുടെ പുരോഗതി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുശേഷം മാത്രമാണുണ്ടാകുന്നത്. തൊഴില്‍ വിഭജനത്തിന് സ്ഥിരസ്വഭാവം കൈവന്നു കഴിഞ്ഞാല്‍ ക്രയവിക്രയ പ്രക്രിയയുടെ സഹായത്തോടുകൂടി വ്യക്തികള്‍ സാധനങ്ങള്‍ പരസ്പരം കൈമാറുന്നു. സാധനസാമഗ്രികളുടെ കൈമാറ്റത്തിന് ഒരു മാധ്യമം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് പണമെന്ന വസ്തുവിന്റെ ആവിര്‍ഭാവമുണ്ടായത്. ഇന്ന് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും വാണിജ്യ ഇടപാടുകള്‍ക്ക് പണമാണ് സാര്‍വത്രികമായി ഉപയോഗിക്കുന്നത്.

മൂല്യം

'മൂല്യം' എന്ന വാക്കിന് വ്യത്യസ്തങ്ങളായ രണ്ട് അര്‍ഥങ്ങളാണുള്ളത്: (1) ഉപയോഗമൂല്യം, (2) വിനിമയമൂല്യം. ചില സാധനങ്ങള്‍ വളരെയേറെ ഉപയോഗമൂല്യമുള്ളവയാകാം. ഉദാ. ജലം. പക്ഷേ, അവയുടെ വിനിമയമൂല്യം വളരെ കുറഞ്ഞോ, അല്ലെങ്കില്‍ ഒട്ടുംതന്നെ ഇല്ലാതെയോ ഇരിക്കും. ജലത്തെപ്പോലെ ഉപയോഗമൂല്യമുള്ള വസ്തുക്കള്‍ കുറവാണ്. പക്ഷേ, ജലംകൊണ്ട് വിലയ്ക്കു വാങ്ങാവുന്നതോ, പകരം വാങ്ങാവുന്നതോ ആയ സാധനങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. അതേസമയം ചില സാധനങ്ങള്‍ക്കു ഉപയോഗമൂല്യം കുറവായും വിനിമയമൂല്യം വളരെ കൂടുതലായും കാണപ്പെടുന്നു. ഉദാ. വജ്രം. എല്ലാ സാധനങ്ങളുടെയും വിനിമയമൂല്യത്തിന്റെ യഥാര്‍ഥ അളവുകോല്‍ അധ്വാനമാണ്. ഏതൊരു വസ്തുവിന്റെ യഥാര്‍ഥവില അല്ലെങ്കില്‍ മൂല്യം, അതുണ്ടാക്കാന്‍ വേണ്ടിവരുന്ന അധ്വാനമാണ്. അധ്വാനം വാങ്ങാന്‍ കഴിയുന്ന ശക്തിയെയാണ് 'ധനം' എന്നു പറയുന്നത്. എന്നാല്‍, സാധാരണഗതിയില്‍ അധ്വാനത്തിന്റെ അടിസ്ഥാനത്തിലല്ല വിനിമയമൂല്യത്തെ മതിക്കുന്നത്. അധ്വാനത്തെ അളക്കാന്‍ പ്രയാസമാണെന്നതാണ് ഇതിനുകാരണം. മൂല്യത്തെ അളക്കാന്‍ സാധാരണയായി പണം ഉപയോഗിക്കപ്പെടുന്നതുകൊണ്ട് ഈ രംഗത്ത് പണത്തിന് വളരെ പ്രസക്തിയുണ്ട്. പണമുണ്ടാക്കാന്‍ ഉപയോഗിക്കപ്പെടുന്ന സ്വര്‍ണത്തിനും വെള്ളിക്കും പലപ്പോഴും മൂല്യവ്യത്യാസം നേരിടുന്നു. എന്നാല്‍, അധ്വാനത്തെ സംബന്ധിച്ചിടത്തോളം ഇതു സംഭവിക്കുന്നില്ല. ഒരു പ്രത്യേക അളവിലുള്ള അധ്വാനത്തിനു വേണ്ടിവരുന്ന ത്യാഗം വ്യത്യാസപ്പെടുന്നില്ല. അതായത്, ഒരു നിശ്ചിത അധ്വാനത്തിന്റെ യഥാര്‍ഥവില, തൊഴിലാളിയെ സംബന്ധിച്ചിടത്തോളം എന്നും എവിടെയും ഒന്നായിരിക്കും. തൊഴിലാളികളില്‍നിന്ന് അവരുടെ അധ്വാനം വാങ്ങാനായി വേണ്ടിവരുന്ന സാധനസാമഗ്രികളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം അധ്വാനത്തിന്റെ മൂല്യത്തിന് വ്യത്യാസമുണ്ടാകുമെന്ന തെറ്റായധാരണ തൊഴില്‍ദാതാവ് പുലര്‍ത്തുന്നു. ഈ വിധത്തില്‍ നോക്കുമ്പോള്‍ അധ്വാനത്തിന് ഒരു യഥാര്‍ഥവിലയും ഒരു മുഖവിലയുമുണ്ട്. ദൈനംദിന ഇടപാടുകള്‍ക്കു സ്വീകരിക്കാവുന്ന പ്രായോഗികമായ ഒരു മാനദണ്ഡമല്ല അധ്വാനം എന്നതുകൊണ്ട് ഇത് സിദ്ധാന്തതലത്തില്‍ ഒതുങ്ങി നില്ക്കുകയേയുള്ളൂ. പ്രായോഗിക മാനദണ്ഡമായി പണം സ്വീകരിക്കുന്നതാവും നല്ലത്. വിദൂരദേശങ്ങള്‍ തമ്മിലുള്ള വ്യാപാരരംഗത്ത് പണം മാത്രമാണ് പരിഗണിക്കുവാന്‍ സാധ്യമായ വസ്തു. ഇതുകൊണ്ട് പണവിലയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്നതില്‍ അതിശയിക്കാനില്ല.

വിതരണം

അധ്വാനം, മൂലധനം, ഭൂമി എന്നീ മൂന്നു ഘടകങ്ങള്‍ ഉത്പാദനത്തില്‍ പങ്കുകൊള്ളുന്നതിനാല്‍ ഇവ ഉത്പന്നത്തിന്റെ അവകാശികളായിത്തീരുന്നു. ചില പ്രത്യേക വ്യക്തികളില്‍ വിവിധ സാമഗ്രികളുടെ ശേഖരം അഥവാ മൂലധനം (സ്റ്റോക്ക്) അധികമാകുമ്പോള്‍ അവരില്‍ ചിലര്‍ തൊഴിലാളികള്‍ക്കു സാമഗ്രികളും വേതനവും നല്കി അവയെ ഉത്പന്നങ്ങളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. സാമഗ്രികളുടെ വിലയ്ക്കും തൊഴിലാളികള്‍ക്കുള്ള വേതനത്തിനും ഉപരിയായി സ്വന്തം മൂലധനം ഉപയോഗിച്ച് ഈ സാഹസത്തിനു മുതിരുന്നവര്‍ക്കു പ്രതിഫലമായി ലാഭം നല്കേണ്ടതാണ്. അങ്ങനെ പ്രയത്നത്തിന്റെ മൂല്യത്തെ വേതനം, ലാഭം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. പ്രത്യേകതരം തൊഴിലിനുള്ള-അതായത് പരിശോധനയ്ക്കും സംവിധാനത്തിനുമുള്ള-വേതനമാണ് ലാഭം. വിനിയോഗിക്കപ്പെടുന്ന മൂലധനമാണ് ലാഭത്തെ നിയന്ത്രിക്കുന്നത്. മൂലധനത്തിന്റെ കൂടുതല്‍ കുറവ് ലാഭത്തിലും പ്രതിഫലിപ്പിക്കുന്നു. ഈ അവസ്ഥയില്‍ തൊഴിലില്‍ നിന്നുള്ള ഉത്പാദനത്തിന്റെ പൂര്‍ണാവകാശി തൊഴിലാളിയല്ല, തൊഴിലാളിക്ക് ഇതിനെ തൊഴില്‍ദാതാവുമായി പങ്കിടേണ്ടിവരുന്നു. അതിനാല്‍ മൂല്യത്തെ നിയന്ത്രിക്കുന്നത് തൊഴിലാളി മാത്രമല്ല. ഒരു രാജ്യത്തുള്ള ഭൂമി മുഴുവന്‍ സ്വകാര്യ ഉടമയിലാകുമ്പോള്‍, ഭൂവുടമകളും ഭൂമിയില്‍ നിന്നുള്ള പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്ക് ഒരു പാട്ടം അവകാശപ്പെടുന്നു. അങ്ങനെ പാട്ടം, മിക്ക ഉത്പന്നങ്ങളുടെയും വിലയുടെ മൂന്നാമത്തെ ഘടകമായിത്തീരുന്നു. വിലയുടെ വിവിധ ഘടകങ്ങളുടെ യഥാര്‍ഥ മൂല്യം ഇവ ഓരോന്നിനും വാങ്ങാവുന്ന, അല്ലെങ്കില്‍ സ്വായത്തമാക്കാവുന്ന, തൊഴിലിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. പുരോഗതി പ്രാപിച്ച ഒരു സമൂഹത്തില്‍ ഈ മൂന്നു ഘടകങ്ങളും-വേതനം, ലാഭം, പാട്ടം-മിക്കവാറും എല്ലാ സാധനങ്ങളുടെയും വിലയില്‍ കടന്നുകൂടുന്നു. മൊത്തം വാര്‍ഷികോത്പാദനത്തിന്റെ വിലയെ ഈ മൂന്നു ഘടകങ്ങളായി-തൊഴിലിനുള്ള വേതനം, സ്റ്റോക്കിനുള്ള ലാഭം, ഭൂമിക്കുള്ള പാട്ടം-തരം തിരിക്കാവുന്നതും വേര്‍തിരിച്ചു കണക്കാക്കാവുന്നതുമാണ്. വേതനം, ലാഭം, പാട്ടം എന്നിവയാണ് എല്ലാ വരുമാനങ്ങളുടെയും മൌലികമായ ഉറവിടം. മറ്റേതെങ്കിലും വരുമാനമുണ്ടെങ്കില്‍ത്തന്നെ അത് ഇവയിലൊന്നില്‍ നിന്ന് ഉദ്ഭവിച്ചതായിരിക്കും.

വേതനമെന്നത് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറിനെ ആശ്രയിച്ചിരിക്കുന്നു. തൊഴിലാളികള്‍ ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കാനാഗ്രഹിക്കുമ്പോള്‍ തൊഴിലുടമകള്‍ അവര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം നല്കാനുള്ള വഴി കണ്ടുപിടിക്കുന്നു. തൊഴിലുടമകളുടെ സംഘടനകളെക്കാള്‍ കൂടുതല്‍ പ്രചാരം തൊഴിലാളികളുടെ സംഘടനകള്‍ക്കാണുള്ളതെങ്കിലും ഇക്കാര്യത്തില്‍ അനുകൂലസ്ഥിതി തൊഴിലുടമകള്‍ക്കുതന്നെയാണ്. എങ്കിലും തൊഴിലുടമകള്‍ക്കു ഒരു തൊഴിലാളിയുടെ വേതനത്തെ ഒരു പ്രത്യേക നിരക്കിനു താഴെ-അതായത്, അയാള്‍ക്കും അയാളുടെ കുടുംബത്തിനും കഷ്ടിച്ചു കഴിയുവാന്‍ അനുവദിക്കുന്ന വേതനനിരക്കിനുതാഴെ-എത്തിക്കാന്‍ കഴിയുകയില്ല. തൊഴിലാളികള്‍ക്ക് അനുകൂലസ്ഥിതിയുള്ള ചില സന്ദര്‍ഭങ്ങളില്‍ അവരുടെ വേതനം ഈ നിരക്കില്‍നിന്നു വളരെ ഉയര്‍ന്നതായിരിക്കും. ഒരു രാജ്യത്തെ ധനവര്‍ധനയുടെ ഫലമായി തൊഴിലാളിക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്നു. ഇതു ജനസംഖ്യാവര്‍ധനവിനു കാരണമായിത്തീരുന്നു. പുരോഗതി കാംക്ഷിക്കുന്ന ഒരു രാജ്യമാണ് പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഏറ്റവും കാമ്യം. മറിച്ച്, നിശ്ചലമോ ക്ഷയോന്മുഖമോ ആയ ഒരു രാജ്യത്തുള്ള തൊഴിലാളിവര്‍ഗത്തിന്റെ അവസ്ഥ ക്ലേശകരവും ദുരിതപൂര്‍ണവുമായിരിക്കും. ഉയര്‍ന്ന വേതനം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് തൊഴിലാളികളുടെ ശാരീരികബലം വര്‍ധിപ്പിക്കുകയും അയാളുടെ ശക്തിയെ അങ്ങേയറ്റം ഉപയോഗിക്കുവാന്‍ പ്രേരണ നല്കുകയും ചെയ്യുന്നു. തൊഴിലിനു പണമായി നല്കുന്ന കൂലിയെ രണ്ടു കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്: തൊഴിലിനുള്ള ചോദനവും, ജീവിക്കാനാവശ്യമായ അവശ്യവസ്തുക്കളുടെ വിലകളും. സമൃദ്ധിയുടെ കാലഘട്ടത്തില്‍ തൊഴിലിനുള്ള ചോദനം കൂടുതലായിരിക്കും. ക്ഷാമകാലത്ത് അത് കുറഞ്ഞുമിരിക്കും. ക്ഷാമകാലത്തുള്ള തൊഴിലിന്റെ കുറഞ്ഞ ചോദനംകാരണം കൂലിയും കുറഞ്ഞിരിക്കും. സാധനങ്ങളുടെ ഉയര്‍ന്ന വിലകളാകട്ടെ വേതനം വര്‍ധിപ്പിക്കാനുള്ള പ്രവണതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.

ഒരു സമൂഹത്തിന്റെ സമ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ലാഭത്തെ സ്വാധീനിക്കുന്നത്. സ്റ്റോക്കിലുണ്ടാകുന്ന വര്‍ധന വേതനവര്‍ധനവിനു വഴിതെളിക്കുന്നതുകൊണ്ട് ലാഭവിഹിതം കുറയ്ക്കാനും ഇടനല്കുന്നു. ധനികരായ വണിക്കുകള്‍ ലാഭസാധ്യതയുള്ള ഒരേ വ്യാപാരത്തില്‍ത്തന്നെ അവരുടെ സ്റ്റോക്ക് ഉപയോഗിക്കുന്നതു നിമിത്തം അവര്‍ തമ്മിലുള്ള മത്സരഫലമായി ലാഭവിഹിതം കുറയാനിടയാകുന്നു. അങ്ങനെ സമൂഹത്തിലെ വിവിധ വ്യാപാരങ്ങളില്‍ സ്റ്റോക്ക് വര്‍ധനവുണ്ടാകുമ്പോള്‍ ഇതേ ഫലം തന്നെയാണ് പൊതുവില്‍ ഉണ്ടാകുന്നത്. ഒരു പ്രത്യേക പ്രദേശത്തോ, സമയത്തോ നിലവിലുള്ള ശരാശരി വേതനനിരക്ക് കണക്കാക്കുക എളുപ്പമല്ല. അതുപോലെ തന്നെ ലാഭവും വളരെയധികം വ്യതിയാനങ്ങള്‍ക്കു വിധേയമാണ്. ഒരു പ്രത്യേക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് അയാളുടെ വാര്‍ഷികലാഭമെന്തെന്ന് സ്വയം കണക്കാക്കി പറയുവാന്‍ എല്ലായ്പോഴും സാധിക്കുകയില്ല. സാധനങ്ങളുടെ വിലകളിലുണ്ടാകുന്ന ഓരോ വ്യത്യാസവും അതിനെ ബാധിക്കുന്നു. അതു വര്‍ഷന്തോറും, മാസന്തോറും, മണിക്കൂറുകള്‍ക്കുള്ളില്‍പ്പോലും മാറിമാറി വരുന്നു. ഒരു രാജ്യത്ത് നടത്തിവരുന്ന വിവിധ വ്യാപാരങ്ങളില്‍ നിന്നുള്ള ലാഭമെന്താണെന്ന് കണക്കാക്കുന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. അതു കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് എന്തായിരുന്നു എന്ന് കൃത്യമായി കണക്കാക്കാന്‍ സാധ്യമല്ലെന്നുതന്നെ പറയാം. പക്ഷേ, പണത്തിനു ലഭിക്കുന്ന പലിശയില്‍നിന്ന് ഇപ്പോഴത്തെയോ മുന്‍കാലങ്ങളിലെയോ ശരാശരി ലാഭവിഹിതങ്ങള്‍ എത്രയാണെന്ന് കണക്കാക്കാന്‍ കഴിയും. പലിശയുടെ സാധാരണ വിപണിനിരക്കിന് ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതോടൊപ്പംതന്നെ പലിശ കുറയുമ്പോള്‍ ലാഭനിരക്ക് കുറയുകയും പലിശ വര്‍ധിക്കുമ്പോള്‍ ലാഭനിരക്കു വര്‍ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പലിശയുടെ പുരോഗതിയില്‍ നിന്നു ലാഭത്തിന്റെ പുരോഗതി ഏറെക്കുറെ മനസ്സിലാക്കാന്‍ കഴിയുന്നത്.

മൂലധനസംഭരണം

സ്റ്റോക്ക് (മൂലധനം) സംഭരണം മെച്ചപ്പെട്ട ഉത്പാദനത്തിനും തൊഴില്‍വിഭജനത്തിനും വഴിതെളിക്കുന്നു. സമീപകാല ഉപഭോഗത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ സ്റ്റോക്കുള്ള ഒരാള്‍ അതുപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. രണ്ടു പ്രധാന രീതികളാണ് മൂലധനത്തെ അതിന്റെ ഉടമസ്ഥര്‍ വരുമാനമോ ലാഭമോ ഉണ്ടാക്കാനായി വിനിയോഗിക്കുന്നത്: (1) മൂലധനവസ്തുക്കള്‍ നിര്‍മിക്കാനോ വാങ്ങാനോ ഉപയോഗിക്കുന്നു. അങ്ങനെ മൂലധനം ഒരു രീതിയില്‍ മറിഞ്ഞുപോകുകയും മറ്റൊരു രീതിയില്‍ കൈവരികയും ചെയ്യുന്നു. അങ്ങനെ തുടരെത്തുടരെയുള്ള ചംക്രമണം-അല്ലെങ്കില്‍ കൈമാറ്റം-കൊണ്ട് ഉടമസ്ഥന് ലാഭം സിദ്ധിക്കുന്നു. ഇത്തരം മൂലധനത്തെ ചംക്രമണമൂലധനമെന്നു പറയാം; (2) മൂലധനത്തെ ഭൂമിയുടെ മെച്ചപ്പെടുത്തലിനോ പ്രയോജനകരമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനോ വ്യാപാരോപകരണങ്ങള്‍ വാങ്ങുന്നതിനോ ഉടമകള്‍ക്ക് മാറ്റം വരാത്ത രീതിയില്‍ ലാഭമോ വരുമാനമോ നേടുന്നതിനോ വേണ്ടി വിനിയോഗിക്കാവുന്നതാണ്. ഇത്തരം മൂലധനത്തെ സ്ഥിരമൂലധനമെന്നു പറയാം. വിവിധ തൊഴിലുകള്‍ക്കു വ്യത്യസ്ത അനുപാതത്തില്‍ സ്ഥിരമൂലധനവും ചംക്രമണ മൂലധനവും ആവശ്യമാണ്. ഒരു വ്യാപാരിക്ക് ആവശ്യമായതുമുഴുവനും ചംക്രമണമൂലധനമാണ്. ഒരു കരകൌശലവ്യവസായിക്ക് ആവശ്യമായതില്‍ ഒരു ഭാഗം സ്ഥിരമൂലധനമായിരിക്കും. ഇരുമ്പുരുക്കു വ്യവസായം, കല്‍ക്കരി ഖനനം തുടങ്ങിയവയ്ക്ക് വളരെയധികം സ്ഥിരമൂലധനം ആവശ്യമാണ്. ചംക്രമണമൂലധനമാണ് ഏതു സ്ഥിരമൂലധനത്തിനും തുടര്‍ച്ചയായ രീതിയിലുള്ള പിന്തുണ നല്കുന്നത്.

രണ്ടു തരത്തിലുള്ള തൊഴിലുകളാണുള്ളത്; ഉത്പാദനശേഷിയുള്ളതും ഉത്പാദനശേഷിയില്ലാത്തതും. അസംസ്കൃതവസ്തുവിന് കൂടുതല്‍ മൂല്യം ഉണ്ടാക്കുവാന്‍ കഴിയുന്ന തൊഴിലിനെ ഉത്പാദനശേഷിയുള്ളതായി കണക്കാക്കുന്നു. കൂടുതല്‍ മൂല്യം സംഭാവന ചെയ്യാന്‍ കഴിയാത്ത തൊഴില്‍ ഉത്പാദനശേഷിയില്ലാത്തതാണ്. ഉത്പാദനശേഷിയുള്ളവരും ഇല്ലാത്തവരുമായ തൊഴിലാളികളെയും ഒരു തൊഴിലും ചെയ്യാത്തവരെയും വ്യത്യാസം കൂടാതെ സംരക്ഷിക്കുന്നത് രാജ്യത്തുള്ള ഭൂമി, തൊഴില്‍ എന്നിവയില്‍ നിന്നുള്ള വാര്‍ഷിക ഉത്പാദനംകൊണ്ടാണ്. ആകെയുള്ള തൊഴിലാളികളില്‍ ഉത്പാദനശേഷിയുള്ളവരുടെ അനുപാതമനുസരിച്ചായിരിക്കും അടുത്ത വര്‍ഷത്തെ ഉത്പാദനം നിശ്ചയിക്കപ്പെടുന്നത്. ഉത്പാദനത്തിന്റെ ഒരംശം മൂലധനം പുനഃസ്ഥാപിക്കാനുള്ളതും ഒരംശം ലാഭം, പാട്ടം എന്നിവയുമായിരിക്കും. ഈ അനുപാതങ്ങളെല്ലാം ധനികരാജ്യങ്ങളിലുള്ളതിനെ അപേക്ഷിച്ചു ദരിദ്രരാജ്യങ്ങളില്‍ വ്യത്യസ്തമായിരിക്കും. പുരാതനകാലങ്ങളില്‍ കൃഷിയില്‍ നിന്നുള്ള ഉത്പാദനത്തിന്റെ ഒരു പ്രധാന പങ്ക് ലാഭത്തിനുള്ളതായിരുന്നു. ധനികരാജ്യങ്ങളില്‍ വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ കൂടുതല്‍ മൂലധന നിക്ഷേപമുണ്ടായിരിക്കും. അതുകൊണ്ട് ഈ രാജ്യങ്ങളില്‍ വാര്‍ഷിക ഉത്പാദനത്തിന്റെ സാരമായ ഒരു പങ്ക് മൂലധന പുനഃസ്ഥാപനത്തിനും ആവശ്യമായിരുന്നു. മൂലധനനിക്ഷേപത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വാര്‍ഷിക ഉത്പാദനവും ഏറിയും കുറഞ്ഞുമിരിക്കും. മൂലധനത്തെ നാലു വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി വിനിയോഗിക്കാം: (1) സമൂഹത്തിന്റെ ഉപഭോഗത്തിനായി ഓരോ വര്‍ഷവും വേണ്ടിവരുന്ന അസംസ്കൃത വസ്തുക്കള്‍ക്ക്; (2) വ്യവസായമേഖലയ്ക്ക് ; (3) അസംസ്കൃത വസ്തുക്കളെയും നിര്‍മിത വസ്തുക്കളെയും അവ ധാരാളം ലഭിക്കുന്ന സ്ഥലങ്ങളില്‍നിന്ന് അവയുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിന്; (4) വിതരണപ്രക്രിയയിലേക്ക്. ഈ രീതികളിലല്ലാതെ മൂലധനവിനിയോഗം നടത്തുന്നതിനെപ്പറ്റി സങ്കല്പിക്കാന്‍ കഴിയുന്നില്ല. ഓരോ മേഖലയ്ക്കും ആവശ്യമായ മൂലധനം സമാഹരിക്കുവാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗം ഏറ്റവും ലാഭകരമായ മേഖലയ്ക്ക് ആദ്യം പ്രാധാന്യം നല്കുകയെന്നതാണ്. സമൂഹത്തിന്റെ പുരോഗതിയുടെ സ്വാഭാവികമാര്‍ഗം ഇതാണ്: വളര്‍ന്നുവരുന്ന സമൂഹത്തിലെ മൂലധനത്തിന്റെ ഭൂരിഭാഗവും ആദ്യം കൃഷിയിലേക്കു നയിക്കപ്പെടുന്നു; പിന്നീട് വ്യാവസായികോത്പന്നങ്ങളിലേക്കും; ഏറ്റവും അവസാനം വിദേശവാണിജ്യരംഗത്തേക്കും. ഏതു സമൂഹത്തിലും ഏറെക്കുറെ ഈ നടപടിക്രമം തന്നെയാണ് സ്വീകരിക്കുന്നത്.

വിദേശവ്യാപാരം

വിദേശവ്യാപാരം വഴി കൂടുതല്‍ സമ്പത്ത് ആര്‍ജിക്കാന്‍ കഴിയും. ഒരു രാജ്യത്തിന് സ്വന്തമായി ഖനികളില്ലെങ്കില്‍ സ്വര്‍ണവും വെള്ളിയും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യണം. അങ്ങനെ ഇറക്കുമതി ചെയ്യാന്‍ കഴിവുള്ള ഒരു രാജ്യത്തിന് ഈ ലോഹങ്ങളുടെ കാര്യത്തില്‍ ഒരിക്കലും ദൗര്‍ലഭ്യമുണ്ടാവുകയില്ല. സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതിയല്ല വിദേശവ്യാപാരംകൊണ്ടു സിദ്ധിക്കുന്ന പ്രധാന പ്രയോജനം. ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്നതും ചോദനം കുറഞ്ഞതുമായ വസ്തുക്കളുടെ അധികോത്പാദനത്തെ കയറ്റുമതി ചെയ്യുകയും വിദേശരാജ്യങ്ങളില്‍ നിന്ന് ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളെ ഇറക്കുമതി ചെയ്യുകയുമാണ് വിദേശവ്യാപാരത്തിന്റെ പ്രധാന ഉദ്ദേശ്യം. ചില പ്രത്യേക ഇറക്കുമതികളുടെമേല്‍ വമ്പിച്ച നികുതികള്‍ ചുമത്തുന്നതും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സാധാരണയായി കാണുന്ന പ്രവണതയാണ്. ഇതു ചില ആഭ്യന്തരവ്യവസായങ്ങളെ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയാണ്. വിദേശങ്ങളില്‍ നിന്നു കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട്, ഇറച്ചിയെ സംബന്ധിച്ചിടത്തോളം അത് ബ്രിട്ടനിലെ കാലിവളര്‍ത്തുകാര്‍ക്ക് ഒരു കുത്തക നേടിക്കൊടുത്തു. അതുപോലെതന്നെ ധാന്യ ഇറക്കുമതിയുടെ മേല്‍ ചുമത്തപ്പെട്ട വമ്പിച്ച നികുതി രാജ്യത്തിനകത്തുള്ള ധാന്യോത്പാദകര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു. ഇറക്കുമതി രംഗത്തുള്ള വര്‍ധിച്ച തീരുവകളും നിരോധനങ്ങളും ജനങ്ങള്‍ക്ക് ആഭ്യന്തരരംഗത്തുള്ള ഉത്പാദനത്തിനു മൂലധനം നിക്ഷേപിക്കാനായി പ്രചോദനം നല്കുന്നു. പക്ഷേ, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉത്പന്നങ്ങളെ വിദേശങ്ങളില്‍ നിന്നു വളരെ കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ കഴിയും. ഇപ്രകാരം വിദേശങ്ങളില്‍ നിന്നു സുലഭമായി വാങ്ങാന്‍ കഴിയുന്ന ഒരു ഉത്പന്നം നിര്‍മിക്കാനായി ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഏതൊരു രാജ്യവും വിഡ്ഢിത്തമാണ് കാണിക്കുന്നത്. ചിലയവസരങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളുടെ ഫലമായി ഭാവിയില്‍ സ്ഥാപിക്കപ്പെടുമായിരുന്ന ഒരു വ്യവസായം, കുറേ നേരത്തേതന്നെ സ്ഥാപിതമായെന്നു വരും. പക്ഷേ, ഈ പുതിയ ഉത്പാദനമില്ലെങ്കിലും രാജ്യത്തിന്റെ ധനപരമായ കഴിവിനു കുറവൊന്നുമുണ്ടാവുകയില്ല. വര്‍ധിച്ച തീരുവകളില്‍ നിന്നും നിരോധനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്, വ്യാപാരികള്‍ക്കും ഉത്പാദകര്‍ക്കുമാണ്. ബ്രിട്ടനിലെ കന്നുകാലി ഉടമസ്ഥര്‍ക്ക്, വിദേശരാജ്യങ്ങളില്‍ നിന്ന് കന്നുകാലികള്‍ ഇറക്കുമതി ചെയ്താലും വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടാവുകയില്ല. ഒരു പക്ഷേ ഈ പ്രവൃത്തി കൃഷിക്കു കൂടുതല്‍ ഉത്തേജനം നല്കിയെന്നും വരാം. അതുപോലെതന്നെ സ്വതന്ത്രമായ രീതിയിലുള്ള ധാന്യ ഇറക്കുമതി കൃഷിക്കാരെ വളരെയൊന്നും പ്രതികൂലമായി ബാധിക്കുകയില്ല. വ്യാപാരികളെയോ വ്യവസായികളെയോ പോലെ, ഗ്രാമങ്ങളിലെ കര്‍ഷകരെ കുത്തകയെക്കുറിച്ചുള്ള ചിന്ത അലട്ടുന്നില്ല. വിദേശങ്ങളില്‍ നിന്നുള്ള ധാന്യം, കന്നുകാലി എന്നിവയുടെ ഇറക്കുമതി തടയുന്നത് ജനസംഖ്യാവര്‍ധനവിന് വിഘാതമായി വര്‍ത്തിക്കുന്നു. സ്വന്തം ഭൂമിയില്‍ നിന്നുള്ള ഉത്പന്നത്തിന് പുലര്‍ത്താന്‍ കഴിയുന്ന ജനസംഖ്യയെക്കാള്‍ കൂടുതല്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്.

വരുമാനസ്രോതസ്സുകള്‍

രണ്ടു പ്രധാന വരുമാനമാര്‍ഗങ്ങളാണ് സമൂഹത്തിനുള്ളത്: (1) രാജാവിന്റെ അധീനതയിലുള്ള ആസ്തികളില്‍ നിന്നുള്ളവ; (2) ജനങ്ങളുടെ വരുമാനം. യൂറോപ്പിലെ ഏതു രാജ്യത്തിനും കൊട്ടാരംവക ഭൂമികളുടെ വില്പനയില്‍ നിന്നു വലിയൊരു തുക വരുമാനമായി ഉണ്ടാക്കാന്‍ കഴിയുന്നതാണ്. രാജാവിനു മാത്രമല്ല പ്രജകള്‍ക്കും ഇതില്‍ നിന്നുള്ള പ്രയോജനമുണ്ടാകും. രാജാവിന്റെ വക ഭൂപ്രദേശങ്ങള്‍ക്ക് അതിന്റെ വില്പന നടത്തി അധിക കാലതാമസം കൂടാതെ മറ്റൊരു വരുമാനവും ലഭിക്കുന്നു. കൊട്ടാരം വക ഭൂമി സ്വകാര്യ ഭൂമിയായി മാറി കുറേ വര്‍ഷങ്ങള്‍ക്കകം നല്ലരീതിയില്‍ കൃഷിചെയ്യപ്പെട്ട് ഫലഭൂയിഷ്ഠമായിത്തീരുന്നു. തുടര്‍ന്ന് ജനങ്ങളുടെ വരുമാനത്തിലും ഉപഭോഗത്തിലും വര്‍ധനവുണ്ടാകുന്നതു നിമിത്തം രാജ്യത്തിന്റെ ജനസംഖ്യയിലും വര്‍ധനയുണ്ടാകുന്നു. പക്ഷേ, ജനങ്ങളുടെ ഉപഭോഗത്തിനോടൊപ്പം രാജാവിനു ലഭിക്കുന്ന കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് എന്നിവയിലും വര്‍ധനവുണ്ടാകുന്നു. രാജാവിന്റെ ഭൂമിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന് വ്യക്തികള്‍ക്ക് ചെലവൊന്നുമില്ലെന്നു ധരിക്കുന്നതു ശരിയല്ല. പൊതു പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയ ഭൂമികള്‍ മാത്രമേ ഈ പരിഷ്കൃത രാജ്യത്തില്‍ രാജാവിന്റെ ഭൂമിയായി കരുതപ്പെടാവൂ. പക്ഷേ രാജാവിന്റെ ചെലവിന്റെ ഭൂരിഭാഗവും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്.

വ്യക്തികള്‍ക്കു സ്വകാര്യ വരുമാനം ലഭിക്കുന്നത് വാടക, ലാഭം, വേതനം എന്നീ മൂന്നു വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ്. ഈ മൂന്നു വരുമാന മാര്‍ഗങ്ങളില്‍ ഏതെങ്കിലും ഒന്നിന് മേലോ അല്ലെങ്കില്‍ എല്ലാറ്റിനുമോ നികുതികള്‍ ചുമത്താവുന്നതാണ്. പക്ഷേ നികുതി ചുമത്തലിനെ സംബന്ധിക്കുന്ന നാലു പ്രമാണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്: (1) ഒരു രാഷ്ട്രത്തിലെ ഓരോ പൗരനും അവന്റെ കഴിവിനൊത്തവണ്ണം സര്‍ക്കാരിന്റെ നടത്തിപ്പിനുവേണ്ടി കഴിയുന്നത്ര സംഭാവന ചെയ്യണം. അതായത്, സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരവിന് ആനുപാതികമായി എന്നര്‍ഥം. ഈ പ്രമാണത്തെ 'സമത്വം' എന്നു വിശേഷിപ്പിക്കാം; (2) ഒരാള്‍ കൊടുക്കേണ്ട നികുതിത്തുക സുനിശ്ചിതമായിരിക്കണം. തോന്നിയ മട്ടിലാകാന്‍ പാടില്ല. നികുതി കൊടുക്കേണ്ട സമയം, കൊടുക്കേണ്ട രീതി, കൊടുക്കേണ്ട തുക എന്നിവയെല്ലാം നികുതിദായകനും മറ്റുള്ളവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വ്യക്തവും ലളിതവുമായി പ്രസ്താവിക്കേണ്ടതാണ്. ഇത് 'സുനിശ്ചിതത്വ'മെന്ന പ്രമാണമാണ്; (3) നികുതിദായകന് ഏറ്റവും സൗകര്യപ്രദമായ സമയത്തും രീതിയിലും വേണം നികുതി ഈടാക്കേണ്ടത്. ഈ പ്രമാണത്തെ 'നികുതി നല്കാനുള്ള സൗകര്യം' എന്നു സൂചിപ്പിക്കാം; (4) രാഷ്ട്രത്തിന്റെ ഖജനാവില്‍ എത്തിച്ചേരുന്നതില്‍ക്കവിഞ്ഞ തുക ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനാവാത്തവിധം വേണം ഓരോ നികുതിയും ഏര്‍പ്പെടുത്തേണ്ടത്. പിരിക്കുന്ന തുക ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ഖജനാവിലെത്തണം. ഇത് 'പാഴ്ച്ചെലവില്ലായ്മ' അല്ലെങ്കില്‍ 'വ്യയ ന്യൂനീകരണം' എന്ന പ്രമാണമാണ്. ഈ നാലു മാനദണ്ഡങ്ങള്‍ വച്ചുവേണം എല്ലാ നികുതിയുടെയും ഔചിത്യം പരിശോധിക്കേണ്ടത്. നികുതിഭാരം തുല്യമായി തോന്നണമെങ്കില്‍ കൂടുതല്‍ ധനമുള്ളവര്‍ കൂടുതല്‍ നികുതി നല്കണം. എന്നാല്‍ ധനം വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി നികുതി നിരക്ക് വര്‍ധിച്ചാല്‍ പോരാ. അനുപാതത്തില്‍ കവിഞ്ഞ നിരക്കിലായിരിക്കണം അതു വര്‍ധിക്കേണ്ടത്. ഓരോരുത്തര്‍ക്കും രാഷ്ട്രത്തില്‍ നിന്നു ലഭിക്കുന്ന നന്മയല്ല, ഓരോരുത്തരുടെയും വരവാണ് നികുതി നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം.

പാട്ടത്തിന്മേല്‍ വേണം സര്‍ക്കാരിന്റെ നികുതികളുടെ ഭാരം പ്രധാനമായും പതിയേണ്ടത്. പാട്ടത്തിന്മേലുള്ള നികുതി സ്ഥിരമായ ഒന്നോ അല്ലെങ്കില്‍ ഭൂമിയുടെ യഥാര്‍ഥ പാട്ടത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ഏറിയും കുറഞ്ഞും വരുന്ന ഒന്നോ ആകാം. ഏഷ്യയിലെ മിക്കരാജ്യങ്ങളിലും ഭൂനികുതിയില്‍നിന്നുള്ള വരുമാനം മൊത്തം റവന്യൂവിന്റെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്നിട്ടുണ്ട്.

ഏതെങ്കിലും ഒരു വ്യാപാരത്തില്‍ മൂലധനം ഉപയോഗിച്ച് അതില്‍നിന്ന് ഉണ്ടാകുന്ന ലാഭങ്ങളുടെ മേല്‍ നികുതി ചുമത്തിയാല്‍, ആ നികുതിയുടെ ഭാരം വ്യാപാരികളുടെ മേലല്ല പതിക്കുന്നത്; ഉപഭോക്താക്കളുടെമേലാണ്. സാധനങ്ങളുടെ വര്‍ധിച്ച വിലകള്‍വഴി ഈ നികുതിക്കുവേണ്ട തുക ഈടാക്കി വ്യാപാരികള്‍ നികുതിഭാരത്തില്‍ നിന്നു രക്ഷപ്പെടുന്നു. കൃഷിയില്‍ നിന്നുള്ള ലാഭങ്ങളുടെമേല്‍ ചുമത്തപ്പെടുന്ന നികുതികളാകട്ടെ ഉപഭോക്താക്കളിലല്ല, മറിച്ച് ഭൂവുടമകളുടെ മേലാണ് പതിക്കുന്നത്.

രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന ഗ്രന്ഥത്തിലൂടെ ആഡം സ്മിത്ത് പ്രതിപാദിച്ച സിദ്ധാന്തങ്ങളും നിര്‍ദേശങ്ങളും പില്ക്കാലത്ത് ധനതത്ത്വശാസ്ത്രത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. ഇവയില്‍ പല കുറവുകളുണ്ടായിരുന്നെങ്കിലും, പില്ക്കാലത്ത് ഉദയംകൊണ്ട നൂതന സാമ്പത്തികാശയങ്ങളുടെ ഉറവിടം സ്മിത്തിന്റെ കൃതി തന്നെയാണ്.

ഡേവിഡ് റിക്കാര്‍ഡോ

ഡേവിഡ് റിക്കാര്‍ഡോ (1772-1823) ആഡം സ്മിത്ത് തുടങ്ങിവച്ച ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രം പൂര്‍ണവികാസം നേടിയത് ഡേവിഡ് റിക്കാര്‍ഡോയുടെ കൃതികളിലൂടെയാണ്. സ്മിത്ത് തെളിച്ച മാര്‍ഗത്തിലൂടെ ഏറെദൂരം ഇദ്ദേഹത്തിനു പോകാന്‍ കഴിഞ്ഞു. 1810-ല്‍ ധനശാസ്ത്രവിഷയത്തെ സംബന്ധിക്കുന്ന ആദ്യത്തെ പ്രസിദ്ധീകരണമുണ്ടായി. ബുള്ളിയന്റെ അധികവില (High Price of Bullion) എന്നതായിരുന്നു ആ ലേഖനത്തിലെ വിഷയം. രാഷ്ട്രീയ അര്‍ഥനീതിയുടെയും നികുതി സമ്പ്രദായത്തിന്റെയും തത്ത്വങ്ങള്‍ (Principles of Political Economy and Taxation-1817) ആണ് റിക്കാര്‍ഡോയുടെ സുപ്രസിദ്ധ കൃതി. സ്മിത്തിന്റെ ഗ്രന്ഥം സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുമായിരുന്നുവെങ്കില്‍ റിക്കാര്‍ഡോയുടേത് പ്രഗല്ഭന്മാരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ക്കുപോലും കഷ്ടിച്ചുമാത്രം മനസ്സിലാക്കാവുന്ന തരത്തിലായിരുന്നു. സാമ്പത്തിക സമ്പ്രദായത്തെ മുന്നോട്ടു ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തഃശക്തിയെന്തെന്ന് മനസ്സിലാക്കുകയെന്നതായിരുന്നു റിക്കാര്‍ഡോയുടെ ആഗ്രഹം. സമൂഹത്തിലെ വിവിധ അംഗങ്ങള്‍ അല്ലെങ്കില്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് ഇതിനാവശ്യമാണെന്ന് ഇദ്ദേഹം കരുതി. മൂല്യത്തെയും ഭൂമി, ലാഭം, പാട്ടം എന്നിവയെയും സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക വ്യവസ്ഥയുടെ ഗതിയെക്കുറിച്ച് ഇദ്ദേഹം ചിന്തിക്കുന്നുണ്ട്. സ്മിത്തിന്റെ ചുവടുപിടിച്ചുകൊണ്ട് റിക്കാര്‍ഡോയും ഉപയോഗമൂല്യം, വിനിമയമൂല്യം എന്നിവ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയും, പിന്നീട് വിനിമയമൂല്യത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയിലേക്കു കടക്കുകയും ചെയ്യുന്നു. ഉപയുക്തതയുള്ള വസ്തുക്കള്‍ക്കു മാത്രമേ വിനിമയ മൂല്യമുണ്ടാവുകയുള്ളൂ എന്നാല്‍ ഉപയുക്തതകൊണ്ട് ഒരു വസ്തുവിന്റെ മൂല്യം നിര്‍ണയിക്കുവാന്‍ കഴിയുകയില്ല. ദൗര്‍ലഭ്യം, അധ്വാനം എന്നീ രണ്ടു കാര്യങ്ങളില്‍ നിന്നേ വിനിമയമൂല്യം ഉദ്ഭവിക്കുകയുള്ളൂ. ചില വസ്തുക്കള്‍ക്കു മൂല്യം സിദ്ധിക്കുന്നത് അവ വിരളമായതുകൊണ്ടു മാത്രമാണ്. അത് അധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുവാന്‍ സാധ്യമല്ല. ഇത്തരം വസ്തുക്കള്‍ ആവശ്യാനുസരണം വര്‍ധിപ്പിക്കാന്‍ കഴിയുകയില്ല. അവയ്ക്ക്, അവയിലടങ്ങിയിരിക്കുന്ന അധ്വാനത്തെക്കാള്‍ അനേകമടങ്ങ് മൂല്യം കല്പിക്കപ്പെടാറുണ്ട്. മനുഷ്യോപയോഗത്തിനുവേണ്ട വസ്തുക്കളില്‍ വളരെ തുച്ഛമായ ഒരംശം മാത്രമേ ഇത്തരത്തില്‍ പെടുകയുള്ളൂ. മറ്റു ഭൂരിഭാഗം വസ്തുക്കളും ആവശ്യമനുസരിച്ച് എത്ര വേണമെങ്കിലും ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ഇവയുടെ മൂല്യമാകട്ടെ അവയ്ക്കുവേണ്ടി ചെലവിടേണ്ടിവരുന്ന അധ്വാനമല്ലാതെ മറ്റൊന്നുമല്ല. ആദിമ സമൂഹങ്ങളിലെന്നപോലെ ആധുനിക സമൂഹങ്ങളിലും മൂല്യം സൃഷ്ടിക്കുന്ന ഘടകം അധ്വാനം തന്നെയാണെന്ന് റിക്കാര്‍ഡോ കരുതി. റിക്കാര്‍ഡോയുടെ പിന്‍ഗാമികള്‍ അധ്വാനസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞുതുടങ്ങി. സമൂഹത്തിലെ വിഭിന്ന വര്‍ഗങ്ങളുടെ താത്പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യം മുതലാളിത്തത്തിന്റെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യുന്നതിനുള്ള കരുത്തേറിയ ഒരു കാരണമായിത്തീര്‍ന്നു.

കേവലസിദ്ധാന്തങ്ങളാവിഷ്കരിക്കുന്നതിലും സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിക്കുന്നതിലും ഒന്നുപോലെ പ്രഗല്ഭനായിരുന്നു റിക്കാര്‍ഡോ. എങ്കിലും സാമ്പത്തികശാസ്ത്രത്തെ വഴിതെറ്റിച്ചുകളഞ്ഞത് റിക്കാര്‍ഡോ ആണെന്ന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ ശാസ്ത്രീയാപഗ്രഥനത്തിന്റെ മാര്‍ഗദര്‍ശികളില്‍ പ്രഥമസ്ഥാനത്തിന് റിക്കാര്‍ഡോയ്ക്ക് അവകാശമുണ്ട്. സാമ്പത്തികശാസ്ത്രത്തിന്റെ കാതലായ പ്രശ്നങ്ങള്‍ ഏവയാണെന്ന് വ്യക്തമാക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. പില്ക്കാലത്തുണ്ടായ പല സൈദ്ധാന്തിക പ്രശ്നങ്ങള്‍ക്കും റിക്കാര്‍ഡോയുടെ ആശയങ്ങളില്‍ നിന്നാണ് പ്രചോദനം ലഭിച്ചത്.

തോമസ് റോബര്‍ട്ട് മാല്‍ത്തൂസ്

തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് (1766-1834). ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ നെടുംതൂണുകളില്‍ ഒരാളാണ് തോമസ് റോബര്‍ട്ട് മാല്‍ത്തൂസ്. 1798-ല്‍ പ്രസിദ്ധീകരിച്ച 'ജനസംഖ്യാ പ്രമാണത്തെ സംബന്ധിച്ച ഒരുപന്യാസം' (Essay on the Principle of Population) ഇദ്ദേഹത്തിന് സാമ്പത്തികശാസ്ത്രതലത്തില്‍ ശാശ്വതപ്രതിഷ്ഠ നേടിക്കൊടുത്തു. ഭക്ഷ്യധാന്യങ്ങളുടെ അളവ് ജനസംഖ്യയെ നിര്‍ണയിക്കുന്നു എന്നും ഭക്ഷ്യധാന്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ജനസംഖ്യയും വര്‍ധിക്കുമെന്നും മാല്‍ത്തൂസ് പ്രഖ്യാപിച്ചു. 'ജനസംഖ്യാ പ്രമാണ'ത്തില്‍ തന്റെ വാദമുഖങ്ങള്‍ ഉറപ്പിക്കാനുള്ള വകകളാണ് മാല്‍ത്തൂസ് സമാഹരിച്ചത് രാഷ്ട്രങ്ങളുടെ സമ്പത്ത് തുടങ്ങിയ പൂര്‍വകാല ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. ഇതേ ആശയങ്ങള്‍ പലരും മുന്‍കാലങ്ങളില്‍ പ്രകടിപ്പിച്ചിരുന്നുവെന്നതുകൊണ്ട് മാല്‍ത്തൂസിന്റെ സിദ്ധാന്തം തികച്ചും നൂതനമാണെന്നു പറഞ്ഞുകൂടാ. ക്ഷാമവും രോഗവുംമൂലം ലഭ്യമായ ഭക്ഷ്യവിഭവങ്ങള്‍ക്കനുസരിച്ച് ജനസംഖ്യ ക്രമീകൃതമാവുന്നുണ്ടെന്ന് സുപ്രസിദ്ധ ഇറ്റാലിയന്‍ പണ്ഡിതനായ മാക്കിയവെല്ലി 16-ാം ശതകത്തിന്റെ തുടക്കത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരുന്നു. ബൊത്തേറോ, ഫ്രാന്‍സിസ് ബേക്കണ്‍, വില്യം പെറ്റി, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, മിറാബൂ, ജെയിംസ് സ്റ്റുവര്‍ട്ട്, ടൌണ്‍ഷെന്‍ഡ് തുടങ്ങിയ ചിന്തകര്‍ ജനസംഖ്യയെക്കുറിച്ച് മാല്‍ത്തൂസിന്റേതുപോലുള്ള ആശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ജനസംഖ്യ, ഭക്ഷ്യവിഭവങ്ങള്‍ക്കനുസരിച്ചിരിക്കുമെന്ന് ആഡംസ്മിത്ത് അഭിപ്രായപ്പെട്ടപ്പോള്‍ ഇദ്ദേഹം അന്നുവരെ അറിയപ്പെട്ടിരുന്ന സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ഒരു കാര്യം അംഗീകരിക്കുക മാത്രമാണു ചെയ്തത്. 1798-ല്‍ പ്രസിദ്ധീകരിച്ച 'ഉപന്യാസ'ത്തില്‍ മാല്‍ത്തൂസ് രണ്ടു പ്രമാണങ്ങള്‍ ആവിഷ്കരിച്ചു: (1) മനുഷ്യന്റെ നിലനില്പിന് ആഹാരം ആവശ്യമാണ്; (2) ലൈംഗികവികാരം ആവശ്യമാണെന്നു മാത്രമല്ല, അതിന്റെ ശക്തി ഇന്നലത്തെപ്പോലെ എക്കാലവും തുടരുന്നതാണ്. ജനസംഖ്യയ്ക്ക് ഭക്ഷ്യോത്പാദനത്തിന്റെ വര്‍ധനനിരക്കിനെക്കാള്‍ കൂടുതല്‍ വര്‍ധിക്കാനുള്ള ശേഷിയുണ്ട്. ഭക്ഷ്യപദാര്‍ഥങ്ങള്‍ 1, 2, 3, 4, 5, 6 എന്നിങ്ങനെ സമാന്തരശ്രേണിയില്‍ വര്‍ധിക്കുമ്പോള്‍, ജനസംഖ്യ 1, 2, 4, 8, 16, 32 എന്നിങ്ങനെ ജ്യാമിതീയ ശ്രേണിയില്‍ വര്‍ധിക്കുന്നു. ഈ രണ്ടു വര്‍ധനാക്രമങ്ങളും തുടരുകയാണെങ്കില്‍, ജനസംഖ്യ എല്ലായ്പോഴും ഭക്ഷ്യധാന്യങ്ങളെക്കാള്‍ കൂടിനില്ക്കുവാന്‍ ഇടയുണ്ട്. 'ഉപന്യാസ'ത്തിന്റെ ഒന്നാം പതിപ്പില്‍, മാല്‍ത്തൂസ് ജനസംഖ്യാവര്‍ധനവിനെ നിരോധിക്കുന്ന രണ്ടു കാരണങ്ങള്‍ തിന്മയും ദുരിതവുമാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. 'ഉപന്യാസ'ത്തിന്റെ രണ്ടാംപതിപ്പില്‍ (1803) മൂന്നാമതൊരു കാരണം കൂടി-അതായത്, ആത്മസംയമനം-ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രത്യേകരീതിയിലാണ് ആത്മസംയമനത്തെ ഇദ്ദേഹം നിര്‍വചിച്ചത്. ഭവിഷ്യത്തുകളെക്കുറിച്ച് മനസ്സിലാക്കി വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുകയും തികച്ചും സന്മാര്‍ഗനിരതമായ ജീവിതം നയിക്കുകയും ചെയ്യുന്നതിന് ഇദ്ദേഹം 'ആത്മസംയമനം' എന്ന പേരുനല്കി. വിവാഹത്തിനുശേഷം ആത്മസംയമനം സാധ്യമാണെന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നില്ല. സ്മിത്തിനെയും റിക്കാര്‍ഡോയെയും പോലെ മാല്‍ത്തൂസും സാമ്പത്തികകാര്യങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടലുകള്‍ അനാവശ്യവും നിഷ്ഫലവും ഉപദ്രവകരവുമാണെന്ന് വിശ്വസിച്ചിരുന്നു. അക്കാലത്ത് ഇംഗ്ളണ്ടില്‍ നിലവിലുണ്ടായിരുന്ന ദരിദ്രനിയമങ്ങളെ ഇദ്ദേഹം എതിര്‍ത്തു. ധനസഹായവും മറ്റും നല്കി സാധുക്കളുടെ ദുരിതങ്ങളകറ്റുവാന്‍ ശ്രമിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ല. ഭക്ഷണസാധനങ്ങള്‍ കൂടുതലുണ്ടാകാതെ പണം നല്കുന്നത് വിലവര്‍ധനയുണ്ടാകാനെ സഹായിക്കുകയുള്ളൂ. വിവാഹം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകുക എന്ന മാര്‍ഗം മാത്രമാണ് ജനസംഖ്യാപ്രശ്നത്തിന് പരിഹാരമായി മാല്‍ത്തൂസ് കണ്ടത്. ഇന്ന് സര്‍വസാധാരണമായിത്തീര്‍ന്നിട്ടുള്ള ജനനനിയന്ത്രണോപാധികളൊന്നും ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. മാല്‍ത്തൂസിന്റെ ആശയങ്ങള്‍ക്ക് ഇന്ന് എന്തു പ്രസക്തിയാണുള്ളത്? ലോകജനസംഖ്യ എത്രയോ മടങ്ങ് വര്‍ധിച്ചുകഴിഞ്ഞു. അതോടൊപ്പം ഭക്ഷ്യോത്പാദനവും വര്‍ധിച്ചു. സമ്പദ്സമൃദ്ധിയിലെത്തിയിട്ടുള്ള പല രാജ്യങ്ങളിലും ജനനനിരക്ക് വളരെ താഴ്ന്നതായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും, അവികസിതലോകത്തിന്റെ മുക്കാല്‍ഭാഗവും, ജനസംഖ്യവര്‍ധന കാരണം വീര്‍പ്പുമുട്ടുകയാണ്. ഇവിടങ്ങളില്‍ ജനസംഖ്യയും ഭക്ഷ്യോത്പാദനവും തമ്മിലുള്ള മത്സരത്തില്‍ ജനസംഖ്യതന്നെയാണു മുന്നില്‍ നില്ക്കുന്നത്.

1920-ല്‍ മാല്‍ത്തൂസ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രതത്ത്വങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. സാമ്പത്തികശാസ്ത്രത്തിലെ പ്രമാണങ്ങള്‍ വളരെ കണിശമായവയായിരിക്കുകയില്ലെന്ന് ഇദ്ദേഹം വിശ്വസിച്ചു. കണക്കും ചിട്ടയും ഒപ്പിച്ചുകൊണ്ടുള്ള ശാസ്ത്രങ്ങളില്‍ മാത്രമേ തുല്യവും സൂക്ഷ്മവുമായ പ്രമാണങ്ങള്‍ ഉണ്ടാവുകയുള്ളൂ. സാമ്പത്തികശാസ്ത്രപഠനത്തിന് അനുരൂപമായ സമീപനമേത് എന്ന കാര്യത്തെക്കുറിച്ച് റിക്കാര്‍ഡോയും മാല്‍ത്തൂസും തമ്മില്‍ നിരന്തരം ചര്‍ച്ച ചെയ്തിരുന്നു. മുതലാളിത്ത വ്യവസ്ഥയുടെ സ്ഥായിയായ പ്രവണതകളില്‍ റിക്കാര്‍ഡോ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഹ്രസ്വമായ പ്രവണതകളിലും ഫലങ്ങളിലുമായിരുന്നു മാല്‍ത്തൂസ് കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. റിക്കാര്‍ഡോയുടെ രീതി കേവലവും സൂക്ഷ്മവുമായിരുന്നെങ്കില്‍ മാല്‍ത്തൂസിന്റേത് അല്പം താഴ്ന്ന സൈദ്ധാന്തിക വിതാനത്തിലുള്ളതായിരുന്നു. മാല്‍ത്തൂസിന്റെ ആശയങ്ങള്‍ മുതലാളിത്ത വ്യവസ്ഥയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മൌലികങ്ങളായ ചില തകരാറുകള്‍ വെളിപ്പെടുത്തി. ഉത്പാദനത്തിനുതകാത്ത ഒരു കൂട്ടരെ തീറ്റിപ്പോറ്റേണ്ടത് ഈ വ്യവസ്ഥയുടെ നിലനില്പിന് ആവശ്യമാണെന്ന് മാല്‍ത്തൂസ് അഭിപ്രായപ്പെട്ടു. ഈ വ്യവസ്ഥയില്‍ വ്യാപാരമാന്ദ്യവും സ്തംഭനവും ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ മാല്‍ത്തൂസ് കണ്ടു. മൂലധനപ്രധാനങ്ങളായ വ്യവസായങ്ങളോട് ഇദ്ദേഹത്തിന് എതിര്‍പ്പില്ലായിരുന്നെങ്കിലും വ്യവസായ സംസ്കാരം ജന്മിത്തത്തെ ഉന്മൂലനം ചെയ്യുന്നത് ഇദ്ദേഹത്തിന് സഹിക്കാനാവുമായിരുന്നില്ല. പല പിന്തിരിപ്പന്‍ ആശയങ്ങളും മാല്‍ത്തൂസിനുണ്ടായിരുന്നെങ്കിലും സാമ്പത്തികശാസ്ത്രത്തില്‍ അവഗണിക്കപ്പെട്ടിരുന്ന 'ഫലപ്രദമായ ചോദനം' (Effective Demand) എന്ന ആശയത്തെ പുനര്‍ജീവിപ്പിച്ചതില്‍ ഇദ്ദേഹം അഭിനന്ദനാര്‍ഹനാണ്.

ബെന്താം, സേ, സീനിയര്‍

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രചിന്തയെ സ്വാധീനിച്ചിരുന്ന പ്രതിഭകളില്‍ ജെറമി ബെന്താം (1748-1832), ജീന്‍ ബാപ്റ്റിസ്റ്റ് സേ (1767-1832), നസ്സാവു വില്യം സീനിയര്‍ (1790-1864) എന്നിവരും മുന്‍പന്തിയില്‍ നില്ക്കുന്നു. ബെന്താമിന്റെ തത്ത്വചിന്തയും സാമ്പത്തികനയവും നിര്‍ദേശങ്ങളും 1789-ല്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സന്മാര്‍ഗത്തിന്റെയും നിയമനിര്‍മാണത്തിന്റെയും തത്ത്വങ്ങള്‍ക്ക് ഒരു മുഖവുര (An Introduction to the Principles of Morals and Legislation) എന്ന ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ഒരു ദാര്‍ശനികനായിരുന്നെങ്കിലും ബെന്താമിന്റെ സാമ്പത്തികശാസ്ത്രസംഭാവനകള്‍ അഗണ്യങ്ങളല്ല. ബെന്താമിന്റെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വചിന്ത 'ഉപയുക്തതാവാദം' (Utilitarianism) എന്ന പേരിലറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ പുരോഗതി, പരിഷ്കാരം, ജനകീയഭരണം എന്നിവയിലേക്കെല്ലാം വിരല്‍ചൂണ്ടി. ഭരണാധികാരികള്‍ക്കും സമ്പന്നവര്‍ഗങ്ങള്‍ക്കും ധനം ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമായി തൊഴിലാളികളെ കണ്ടിരുന്ന ആ കാലഘട്ടത്തില്‍, തൊഴിലാളികളും മനുഷ്യരാണെന്നു വാദിച്ചയാളാണ് ബെന്താം. രാഷ്ട്രം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും മറിച്ചുള്ള വിശ്വാസം തെറ്റാണെന്നും ബെന്താം വിശ്വസിച്ചിരുന്നു. സ്വത്തുകൊണ്ട് സൗഖ്യം ഏറെക്കുറെ കണക്കാക്കാമെങ്കിലും സ്വത്തുകൂടുന്നതിനുസരിച്ച് സൗഖ്യം കൂടുകയില്ല. ബെന്താമിന്റെ ഉപയുക്തതാവാദവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ആശയങ്ങളും റിക്കാര്‍ഡോ, ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തുടങ്ങിയ സാമ്പത്തികശാസ്ത്രജ്ഞന്മാരെ സ്വാധീനിച്ചിരുന്നു.

ഒരു വ്യാപാരിയായിരുന്ന ജീന്‍ ബാപ്റ്റിസ്റ്റ് സേ 1803-ലാണ് തന്റെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രപ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇത് ആഡംസ്മിത്തിന്റെ സാമ്പത്തികശാസ്ത്രസിദ്ധാന്തങ്ങളെ ഫ്രഞ്ചുജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ചതായിരുന്നു. എന്നാല്‍ സേയുടെ പ്രാധാന്യം ആഡംസ്മിത്തിന്റെ വ്യാഖ്യാതാവെന്ന നിലയില്‍ മാത്രമല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ആശയങ്ങളുടെ ഉറവിടം ഫ്രഞ്ചു സാമ്പത്തികശാസ്ത്രജ്ഞരുടെ കൃതികള്‍ തന്നെയായിരുന്നു. കോണ്‍ഡില്ലാക്ക്, കാന്റില്ലന്‍, ടര്‍ഗോ എന്നിവരുടെ കൃതികളുടെ സ്വാധീനഫലമായി സേക്ക് സ്മിത്തിന്റേതില്‍ നിന്നു തികച്ചും വ്യത്യസ്തമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കാന്‍ കഴിഞ്ഞു. മൂല്യത്തിന്റെ നിയാമകശക്തി, അധ്വാനമോ അല്ലെങ്കില്‍ അധ്വാനം ഉള്‍പ്പെടെയുള്ള ഉത്പാദനഘടകങ്ങളോ ആണ് എന്ന ആഡംസ്മിത്തിന്റെ മൂല്യസിദ്ധാന്തത്തിനു വിപരീതമായ ഒരു ആശയമായിരുന്നു സേയുടേത്. ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒരു വസ്തുവിന്റെ മൂല്യം നിശ്ചയിക്കേണ്ടത് അതിന്റെ 'ഉപയുക്തത' അല്ലെങ്കില്‍ 'ഉപയോഗം' അനുസരിച്ചാണ്. സാധനങ്ങളുടെ മൂല്യം പ്രയോജനത്തോടൊപ്പം ദൗര്‍ലഭ്യത്തെയും ആശ്രയിച്ചിരിക്കുന്നു. സാധനങ്ങള്‍ വര്‍ധിക്കുമ്പോള്‍, അതായത് ദൗര്‍ലഭ്യം കുറയുമ്പോള്‍, മൂല്യം കുറയും. അധ്വാനം, പ്രകൃതിവിഭവങ്ങള്‍, മൂലധനം എന്നീ മൂന്ന് ഉത്പാദനഘടകങ്ങളുടെ സഹായംകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ പ്രയോജനമുള്ളവയായതുകൊണ്ട് അവയ്ക്കു മൂല്യവുമുണ്ട്. ആ മൂല്യത്തിനു കാരണം ഉത്പാദനഘടകങ്ങളായതിനാല്‍ ആ മൂല്യത്തിന്റെ അവകാശികളും അവ തന്നെയാണ്. ഉത്പാദനഘടകങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും ഉത്പാദനം നടത്തുന്നതിനും മറ്റൊരു ഘടകംകൂടി വേണം. ഈ ഘടകമാണ് സംഘാടകര്‍ (Entrepreneur). ഉത്പാദനഘടകങ്ങളുടെ കമ്പോളത്തെയും ഉപഭോക്താക്കളുടെ കമ്പോളത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് സംഘാടകന്‍ എന്നു പറയാം.

ഒരു രാജ്യത്തിനു മറ്റു രാജ്യങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങണമെങ്കില്‍ പകരം നല്കാന്‍ സാധനങ്ങള്‍ വേണമെന്നതുപോലെ, അധ്വാനവിഭജനം നടപ്പാക്കിയിട്ടുള്ള ഒരു സമൂഹത്തില്‍ ഓരോ വ്യക്തിയും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ അന്യര്‍ക്കാവശ്യമുള്ള എന്തെങ്കിലും നല്കിയേ മതിയാകൂ. ഉത്പാദനം വര്‍ധിക്കുന്നതിന്റെ തോതില്‍ത്തന്നെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കും. ഈ അര്‍ഥത്തില്‍ ഉത്പാദനം, അല്ലെങ്കില്‍ പ്രദാനം, തന്നെയാണ് ചോദനം നിറവേറ്റുന്നതിനുള്ള വകയൊരുക്കുന്നത്.

നസ്സാവു വില്യം സീനിയറിന്റെ ഏറ്റവും പ്രധാനകൃതി 1836-ല്‍ പ്രസിദ്ധപ്പെടുത്തിയ രാഷ്ട്രീയസാമ്പത്തികശാസ്ത്രത്തിന്റെ രൂപരേഖ ആണ്. ചില അടിസ്ഥാനപ്രമാണങ്ങളെ ആസ്പദമാക്കി സാമ്പത്തികശാസ്ത്രത്തെ ഏകീകരിക്കുന്നതിന് സീനിയര്‍ ശ്രമം നടത്തിയിരുന്നു. അധ്വാനം മാത്രമാണ് മൂല്യത്തിന്റെ ഉറവിടമെന്ന റിക്കാര്‍ഡോയുടെ അഭിപ്രായം ശരിയാണെന്ന് സീനിയര്‍ കരുതിയില്ല. അധ്വാനത്തോടൊപ്പം മൂലധനവും ഉത്പാദനക്ഷമമാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. അധ്വാനവും 'ഉപഭോഗവര്‍ജന'വും ചേര്‍ന്നതാണ് ഉത്പാദനച്ചെലവ്. ഉപയുക്തത, ഉത്പാദനച്ചെലവ്, പ്രദാന-ചോദനങ്ങള്‍ എന്നിവയെല്ലാം സീനിയര്‍ തന്റെ മൂല്യസിദ്ധാന്തത്തില്‍ കണക്കാക്കുന്നുണ്ടെങ്കിലും അത് പ്രധാനമായും ഒരു പ്രദാന-ചോദന സിദ്ധാന്തമായിട്ടാണ് അറിയപ്പെടുന്നത്. സീനിയറുടെ പേരുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുത്തി പറയാറുള്ളത് ഇദ്ദേഹത്തിന്റെ മൂലധനസിദ്ധാന്തമാണ്. മൂലധനം എന്ന വാക്കിനു പകരം 'ഉപഭോഗവര്‍ജനം' എന്ന പദമാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഉപഭോഗത്തിന് എടുക്കാവുന്ന വരുമാനത്തില്‍നിന്ന് ഒരു ഭാഗം ഉത്പാദനത്തിനു മാറ്റിവച്ചാല്‍ ഉത്പാദനം വര്‍ധിക്കും. എന്നാല്‍ ഉപഭോഗം കുറയ്ക്കാതെ ഇതു സാധ്യമല്ല. അറിഞ്ഞുകൊണ്ടുതന്നെ സാധിക്കുമായിരുന്ന ഉപഭോഗം വേണ്ടെന്നുവയ്ക്കുന്ന നടപടിക്കാണ് ഉപഭോഗവര്‍ജനം എന്ന് സീനിയര്‍ പേരിട്ടത്.

ജോണ്‍ സ്റ്റുവര്‍ട്ട് മില്‍

ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73). ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്ര പ്രസ്ഥാനത്തിലെ മഹാരഥന്മാരില്‍ അവസാനത്തെ ആളായിരുന്നു ജോണ്‍ സ്റ്റുവര്‍ട്ട് മില്‍. ഇദ്ദേഹം 1848-ല്‍ പ്രസിദ്ധീകരിച്ച രാഷ്ട്രീയ സാമ്പത്തിക തത്ത്വങ്ങള്‍ (Principles of Political Economy with Some of their Applications to Social philosophy) ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ പുനഃപ്രസ്താവനയായിരുന്നു. സാമ്പത്തികതത്ത്വശാസ്ത്രജ്ഞനെന്നതിലുപരി, സാമൂഹികതത്ത്വചിന്തകന്‍ എന്ന നിലയിലാണ് മില്‍ അറിയപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിലും സ്വതന്ത്രസാമ്പത്തിക വ്യവസ്ഥയിലും ഇദ്ദേഹത്തിന് അടിസ്ഥാനപരമായ വിശ്വാസമുണ്ടായിരുന്നു. മുതലാളിത്തത്തിന്റെ കീഴില്‍ തൊഴിലാളികളുടെ നില ശോചനീയമായിക്കൊള്ളണമെന്നില്ല. നിലവിലുള്ള പരിതഃസ്ഥിതികളില്‍ അവരുടെ നില മോശമായിത്തീര്‍ന്നെങ്കില്‍ അതിനുകാരണം മുതലാളിത്തവ്യവസ്ഥയുടെ സ്വാഭാവികമായ പോരായ്മകളല്ല, മറിച്ച്, നിലവിലുള്ള ദുഷിച്ച ഏര്‍പ്പാടുകളാണ്. മുതലാളിത്ത വ്യവസ്ഥയെ തകരാറിലാക്കാതെതന്നെ ഈ ഏര്‍പ്പാടുകള്‍ മാറ്റാവുന്നതാണ്. സ്വത്തുടമയിലുള്ള അസമത്വങ്ങള്‍ നീക്കി, ജനസംഖ്യാവര്‍ധനയ്ക്ക് കടിഞ്ഞാണിട്ടുകൊണ്ട് നിലവിലുള്ള വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ത്തന്നെ ഒരു ക്ഷേമപൂര്‍ണമായ സ്ഥിതിയുണ്ടാക്കാന്‍ കഴിയുന്നതാണെന്ന് മില്‍ വിശ്വസിച്ചു.

മില്ലിന്റെ 'സാമ്പത്തികതത്ത്വ'ങ്ങളിലെ അഞ്ചുഭാഗങ്ങള്‍ യഥാക്രമം 'ഉത്പാദനം', 'വിതരണം', 'വിനിമയം', 'ഉത്പാദനത്തിലും വിതരണത്തിലും സാമൂഹിക പുരോഗതിയുടെ സ്വാധീനശക്തി' എന്നിവയെക്കുറിച്ചുള്ളവയാണ്. ആഡംസ്മിത്തിന്റെ രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന ഗ്രന്ഥത്തിലെ വിഷയാവതരണരീതിയോട് ഇതിന് സാദൃശ്യമുണ്ട്. സീനിയറുടെ മൂല്യസിദ്ധാന്തം തന്നെയാണ് മില്ലും പിന്തുടരുന്നത്. 'പ്രയോജന'വും, 'ലഭിക്കാനുള്ള വൈഷമ്യ'വുമാണ് വിനിമയമൂല്യത്തിനുവേണ്ട സാഹചര്യങ്ങള്‍. സീനിയര്‍ നിര്‍വചിക്കുന്നതുപോലെ 'ഉപഭോഗവര്‍ജനം' ഒരു ഉത്പാദനഘടകമായി മില്ലും കണക്കാക്കുന്നു. ഒരു സാധനത്തിന്റെ മുല്യം അതിന്റെ ക്രയശക്തിയാണ്. വിലകള്‍ പൊതുവേ വര്‍ധിക്കാം; എന്നാല്‍ എല്ലാ സാധനങ്ങളുടെയും മൂല്യം ഒരേസമയം വര്‍ധിക്കുകയെന്നത് അസാധ്യമാണ്. ഈ സന്ദര്‍ഭത്തിലാണ് ചോദനപ്പട്ടിക (Demand Schedule) എന്ന ആശയം മില്‍ അവതരിപ്പിച്ചത്. ചോദനവും പ്രദാനവും പട്ടികകളായി പ്രദര്‍ശിപ്പിച്ചാല്‍ കമ്പോളത്തില്‍ ഓരോ സാധനത്തിന്റെയും മൂല്യം എങ്ങനെ, ഏതു വിതാനത്തില്‍ നിര്‍ണയിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി. ചോദനത്തിന്റെ ഇലാസ്തികത (Elasticity of Demand)യെക്കുറിച്ച് ഇദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അന്തര്‍ദേശീയ മൂല്യസിദ്ധാന്തം (Theory of International Values) എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവും മില്‍ തന്നെയായിരുന്നു. വ്യാപാരം നടക്കുമ്പോള്‍ വിനിമയനിരക്ക് എന്തായിരിക്കുമെന്നു കണ്ടുപിടിക്കുന്നതിന് ചോദന-പ്രദാന നിയമം പ്രയോഗിച്ചുനോക്കിയാല്‍ മതിയെന്ന് മില്‍ മനസ്സിലാക്കി. പരസ്പരമുള്ള ചോദനത്തിന്റെ ആധിക്യവും ഇലാസ്തികതയും (strength and elasticity of reciprocal demand) അനുസരിച്ചായിരിക്കും അന്തര്‍ദേശീയ വിനിമയനിരക്ക് നിശ്ചയിക്കപ്പെടുക. മാല്‍ത്തൂസിന്റെ ജനസംഖ്യാസിദ്ധാന്തത്തിലും സേയുടെ കമ്പോളനിയമത്തിലും മില്ലിന് വിശ്വാസമുണ്ടായിരുന്നു. എങ്കിലും ഇവയ്ക്ക് ചില പരിഷ്കാരങ്ങള്‍ ഇദ്ദേഹം വരുത്തുകയുണ്ടായി. സ്മിത്തിനെയും റിക്കാര്‍ഡോയെയുംപോലെ മില്ലും, മുതലാളിത്ത വ്യവസ്ഥ ഒരു മാറ്റമില്ലാത്ത പതനത്തിലേക്കു നീങ്ങുകയാണെന്നു വിശ്വസിച്ചു. കാലാന്തരത്തില്‍ സാമ്പത്തിക പുരോഗതിയുടെ ഉറവ വറ്റിപ്പോകാനിടയുണ്ടെന്ന് ഈ മൂന്നു ചിന്തകരും അഭിപ്രായപ്പെട്ടു. സ്വാര്‍ഥ താത്പര്യത്തിനും പ്രയത്നശീലത്തിനും പുരോഗതിക്കും സര്‍വപ്രാധാന്യം നല്കിക്കൊണ്ട് ആരംഭിക്കുകയും മുന്നോട്ടു പോകുകയും ചെയ്ത ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രചിന്തയുടെയും പരിസമാപ്തി കുറിച്ചത് ആലസ്യത്തിന്റെയും നിശ്ചലതയുടെയും സ്തുതിഗീതം പാടിക്കൊണ്ടാണ്.

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്ര വിമര്‍ശനം

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള കടുത്ത വിമര്‍ശനം ആരംഭിച്ചത് ജര്‍മനിയില്‍ നിന്നായിരുന്നു. ഇംഗ്ലണ്ടിനെപ്പോലെ വികാസം പ്രാപിച്ച ഒരു സമ്പദ് വ്യവസ്ഥയ്ക്കു മാത്രമേ ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രം യോജിക്കുകയുള്ളൂ എന്നാണ് ജര്‍മന്‍ ചിന്തകര്‍ കരുതിയത്. ഓരോ രാജ്യത്തിന്റെയും പ്രത്യേക പരിതഃസ്ഥിതികള്‍ക്ക് അനുസൃതമായി അതിന്റെ സാമ്പത്തികശാസ്ത്രം രൂപവത്കരിക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടു. ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തെ ഉപേക്ഷിച്ചുകഴിഞ്ഞ ജര്‍മന്‍ കാല്പനിക ചിന്താഗതിക്കാര്‍ സ്വന്തം അഭിരുചിക്കനുസരണമായ സാമ്പത്തികാശയങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു. ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ പ്രയോജനവാദത്തോടുള്ള ചായ്വും സ്വാതന്ത്ര്യപ്രേമവും ഇല്ലാതിരുന്ന വാണിജ്യവാദത്തിലും മധ്യകാല സാമ്പത്തികചിന്തയിലും അവര്‍ അഭയംതേടി. റൊമാന്റിക് പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും എഴുതുകയും ചെയ്ത ജര്‍മന്‍ ചിന്തകന്‍ ആദം മ്യുള്ളര്‍ (1779-1829) ആയിരുന്നു. സ്വാര്‍ഥതാത്പര്യവും ഭൗതികാസക്തിയുമല്ല, നിസ്സംഗതയും മതവിശ്വാസവുമാണ് പ്രധാനമെന്ന് മ്യുള്ളര്‍ വാദിച്ചു. ഭരണസമൂഹം വ്യക്തികളുടെ വെറും കൂട്ടമല്ല; ഒരു ജീവസമൂഹമാണ്; ഓരോ വ്യക്തിയും ഇതിന്റെ ഓരോ കോശവും. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വ്യക്തിതാത്പര്യങ്ങളെക്കാള്‍ പ്രാധാന്യം ലഭിക്കണം. രാഷ്ട്രീയവും സാമ്പത്തികവുമായ ശാസ്ത്രങ്ങളെ കൂട്ടിയിണക്കുന്നത് ദൈവികശക്തിയാണ്. മതമില്ലാതെ, മനുഷ്യപ്രയത്നത്തിന് അര്‍ഥവും ലക്ഷ്യവും ഉണ്ടാകുന്നില്ല. ഉത്പാദനം ഈശ്വരാഭിമുഖമായി ചെയ്യുന്ന ഒരു അര്‍ച്ചന കൂടിയാണ്. അധ്വാനത്തോടൊപ്പം ദൈവം തരുന്ന ശക്തിയും മൂലധനവും പ്രകൃതിവിഭവങ്ങളും ഉത്പാദനത്തിന് ആവശ്യമാണ്. മ്യുള്ളറുടെ കൃതികളില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ കാണുന്നു. വ്യക്തികള്‍ക്ക് അനിയന്ത്രിതമായ അവകാശങ്ങള്‍ പാടില്ലെന്ന് അദ്ദേഹം പറയുന്നു. പരിപൂര്‍ണമായ സ്വത്തവകാശം ഒരിക്കലും പാടില്ല. മധ്യയുഗങ്ങളിലെ ജന്മിത്തവ്യവസ്ഥയാണ് അഭിലഷണീയം. എന്തെന്നാല്‍ ജന്മിത്തവ്യവസ്ഥയില്‍ ആര്‍ക്കും സ്വത്തിന്മേല്‍ പരിപൂര്‍ണ അധികാരമുണ്ടായിരുന്നില്ല. ഭൂമി, അധ്വാനം, മൂലധനം എന്നിവയ്ക്കു പകരം പ്രകൃതി, മനുഷ്യന്‍, ഭൂതകാലം എന്നിവയാണ് മ്യുള്ളറുടെ ഉത്പാദനഘടകങ്ങള്‍.

ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിനെതിരായുള്ള സോഷ്യലിസ്റ്റ് വിമര്‍ശനവും ശ്രദ്ധേയമാണ്. 19-ാം ശതകത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജിക്കുകയും ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെപ്പോലും ചോദ്യം ചെയ്യുകയും ചെയ്തു. ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനം മുതലാളിത്തവ്യവസ്ഥയായിരുന്നു. മുതലാളിത്തത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ കൂടുതല്‍ പ്രകടമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനാത്മകങ്ങളായ പ്രസ്ഥാനങ്ങളില്‍ ഏറ്റവും പുരോഗമനചിന്താഗതി ഉള്‍ക്കൊണ്ടിരിക്കുന്നത് സോഷ്യലിസ്റ്റ് ചിന്തയായിരുന്നു. അനന്തമായ വികസനസാധ്യതയുള്ള ഒരു വ്യവസ്ഥിതിയായിട്ടാണ് മുതലാളിത്തത്തെ സ്മിത്ത്, റിക്കാര്‍ഡോ തുടങ്ങിയ ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ കണ്ടത്. രാഷ്ട്രീയവും സാമൂഹികവുമായ പാരതന്ത്യ്രം ഇല്ലാത്ത ഒരന്തരീക്ഷം മുതലാളിത്തത്തിന്റെ വികസനത്തിന് അനുപേക്ഷണീയമാണെന്ന് അവര്‍ വാദിച്ചു. പക്ഷേ, അതേ അന്തരീക്ഷം തൊഴിലാളിവര്‍ഗത്തിനു വിശ്രമരഹിതമായ കഠിനാധ്വാനവും പട്ടിണിയുമാണ് കാഴ്ചവച്ചത്. ഈ ദുരിതങ്ങള്‍ അവസാനിക്കണമെങ്കില്‍ തങ്ങള്‍ ഒത്തുചേരണമെന്നു തൊഴിലാളികള്‍ക്കു ബോധ്യമായി. ഇത് കൂടുതല്‍ ഐകമത്യത്തോടും ശക്തിയോടും കൂടിയ ഒരു നിലപാട് സ്വീകരിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിനു ധൈര്യം നല്കി. ഇപ്രകാരം ആരംഭിച്ച തൊഴിലാളിപ്രസ്ഥാനം സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങി. തത്ഫലമായി വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ പടുത്തുയര്‍ത്തപ്പെട്ട മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ സോഷ്യലിസത്തിന്റെ ആദര്‍ശങ്ങള്‍ ആഞ്ഞടിക്കുവാന്‍ തുടങ്ങി. മുതലാളിത്തത്തിനെതിരെ ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് വിമര്‍ശനങ്ങള്‍ എല്ലാം ഏകരൂപമായിരുന്നില്ല. വ്യക്തികളെ അവരുടെ പാട്ടിനു വിടുകയെന്ന ക്ലാസ്സിക്കല്‍ ചിന്താഗതിയോട് സോഷ്യലിസ്റ്റുകള്‍ക്കെല്ലാം എതിര്‍പ്പുണ്ടായിരുന്നു. പൊതുവുടമാസമ്പ്രദായം ഏതു വിധത്തിലായിരിക്കണമെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നില്ല. ചിലര്‍ എല്ലാ സമ്പത്തും കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കണമെന്നു വാദിച്ചപ്പോള്‍ മറ്റു ചിലര്‍ അത് സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങളിലായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. സമ്പത്ത് ശരിയായ രീതിയിലുള്ള പൊതുവുടമാസമ്പ്രദായത്തിലായിക്കഴിഞ്ഞാല്‍, ചൂഷണവും മര്‍ദനവുമില്ലാത്ത ഒരു നൂതന വ്യവസ്ഥിതി സ്വയം ഉണ്ടായിക്കൊള്ളുമെന്ന് അവര്‍ പൊതുവേ വിശ്വസിച്ചിരുന്നു.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍