This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്സണ്‍, തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര്‍ക്സണ്‍, തോമസ്

Clarkson, Thomas (1760 - 1846)

അടിമത്തനിരോധനത്തിന്റെ പ്രണേതാവും പ്രചാരകനും. 1760 മാ. 28-ന് ലണ്ടനില്‍ ജനിച്ചു. അടിമത്ത നിരോധനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലുണ്ടായിട്ടുള്ള എല്ലാ സമരങ്ങളുടെയും നേതൃനിരയില്‍ തോമസ് ക്ലാര്‍ക്സണ്‍ ഉണ്ടായിട്ടുണ്ട്. സുവിശേഷ പ്രചാരണം ജീവിതവ്രതമായി കരുതിയിരുന്നു ക്ലാര്‍ക്സണ്‍ അടിമത്ത നിരോധന യത്നങ്ങളില്‍ വ്യാപൃതനായത് യാദൃച്ഛികമായിട്ടാണ്. എ.ഡി. 1786-ല്‍ ക്ലാര്‍ക്സണ്‍ രചിച്ചകൃതിയാണ് സ്ലേവറി ആന്‍ഡ് കോമേഴ്സ് ഒഫ് ദ് ഹ്യൂമണ്‍ സ്പീഷീസ് (Slavery and Commerce of the Human Species). ഈ ഗ്രന്ഥം മുഖേന അടിമത്തം അവസാനിപ്പിക്കുന്നതിനുവേണ്ടി പരിശ്രമിക്കുവാന്‍ ഇടയായവരാണ് എഡ്മണ്ട് ബ്രൂക്ക്, ചാള്‍സ് ജയിംസ്, വില്യംപിറ്റ് (ജൂനിയര്‍) തുടങ്ങിയവര്‍.

അടിമത്തത്തിന്റെ തനിരൂപം ഗ്രഹിക്കുന്നതിനായി ബ്രിട്ടന്റെ അധീനതയിലുള്ള അനേകം തുറമുഖങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചു. ഈ പര്യടനത്തില്‍നിന്നു ലഭിച്ച വസ്തുനിഷ്ഠമായ ആശയങ്ങള്‍ പാര്‍ലമെന്റിന്റെ സജീവ പരിഗണനയ്ക്ക് വിഷയീഭവിക്കുകയുണ്ടായി. അങ്ങനെ അടിമക്കച്ചവടം രാഷ്ട്രത്തിന്റെ വരുമാനമാര്‍ഗമെന്ന മിഥ്യാബോധത്തെ തകര്‍ക്കാന്‍ ക്ലാര്‍ക്കിന് സാധിച്ചിട്ടുണ്ട്.

1807 ആയപ്പോഴേക്ക് അടിമത്തനിരോധന ബില്‍ പാര്‍ലമെന്റില്‍ പാസ്സായി. ഈ വേളയില്‍ത്തന്നെയാണ് ഇദ്ദേഹത്തിന്റെ അടിമക്കച്ചവട ചരിത്രം രണ്ടു വാല്യങ്ങളിലായി പുറത്തുവന്നത്. 1818-ലെ എയിലാഷപ്പേല്‍ കോണ്‍ഗ്രസ് ഈ രംഗത്തെ പരാജയമായിരുന്നു. അതുകൊണ്ടാവണം റഷ്യയിലെ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ധാര്‍മിക പിന്തുണയ്ക്കായി ക്ലാര്‍ക്സണ്‍ പരിശ്രമിച്ചത്. 1823-ല്‍ അടിമത്തനിരോധന സംഘടനയുടെ ഉപാധ്യക്ഷനായി ക്ലാര്‍ക്സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. അടിമത്ത വ്യവസായത്തിനും ചൂഷണത്തിനുമെതിരായി പടപൊരുതി ഒരു പരിധിവരെയെങ്കിലും വിജയംവരിച്ച ക്ലാര്‍ക്സണ്‍ തോമസ് മനുഷ്യരെല്ലാം സ്വതന്ത്രരാണെന്നു വിശ്വസിക്കുന്നവരുടെ ആരാധ്യപുരുഷനാണ്. 1846 സെപ്. 28-ന് ഇദ്ദേഹം അന്തരിച്ചു.

(ഫാദര്‍ ലൂയിസ് റോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍