This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാഥ്റേറ്റ് സംയുക്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാഥ്റേറ്റ് സംയുക്തങ്ങള്‍

Clatherate Compounds

സ്ഥിരതയുള്ള രണ്ടു സംയുക്തങ്ങള്‍ രാസബന്ധങ്ങളില്ലാതെ പരസ്പരം സംയോജിച്ചുണ്ടാകുന്ന വസ്തുക്കള്‍. രണ്ടു സംയുക്തങ്ങളില്‍ ഒന്നിന് ധാരാളം പൊള്ളയായ ഭാഗങ്ങളുള്ള പരലുകളായി മാറാന്‍ കഴിയുമ്പോഴാണ് ഇത്തരം സംയുക്തങ്ങള്‍ സാധ്യമാകുന്നത്. പരലുകളിലുള്ള പൊള്ളയായ ഭാഗങ്ങളില്‍ മറ്റേ സംയുക്തത്തിന്റെ തന്മാത്രകള്‍ക്ക് കുടുങ്ങിയിരിക്കാന്‍ സാധിക്കുന്നു. ഇത്തരം 'അതിഥി-ആതിഥേയ' ബന്ധം ആദ്യമായി പഠനവിധേയമാക്കിയത് എച്ച്.എം. പൗവല്‍ എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ്. അദ്ദേഹമാണ് 'കൂടുകൊണ്ടു വലയം ചെയ്യപ്പെട്ടത്' എന്ന് അര്‍ഥംവരുന്ന ക്ലാഥ്റാറ്റസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന് ഇത്തരം സംയുക്തങ്ങള്‍ക്ക് ക്ലാഥ്റേറ്റുകള്‍ എന്ന പേര് നിര്‍ദേശിച്ചത്.

ക്ലാഥ്റേറ്റ് സംയുക്തങ്ങളിലെ രണ്ടു ഘടകങ്ങളായ അതിഥി തന്മാത്രകളും ആതിഥേയ തന്മാത്രകളും തമ്മിലുണ്ടാകുന്ന പരമാവധി ആകര്‍ഷണം വാന്‍ഡെര്‍വാല്‍ ബന്ധനമോ ഡൈപോള്‍ ആകര്‍ഷണമോ മാത്രമായിരിക്കും. അതുകൊണ്ട് രസതന്ത്രത്തിലെ സാധാരണ രാസസംയോജനനിയമങ്ങളൊന്നും ഈ വിഭാഗം സംയുക്തങ്ങളുടെ കാര്യത്തില്‍ പ്രസക്തമല്ല. ക്ലാഥ്റേറ്റുകള്‍ക്ക് അതിഥി-ആതിഥേയ തന്മാത്രകളുടെ പല ഗുണങ്ങളോടൊപ്പം പരസ്പര പ്രതിപ്രവര്‍ത്തന ഫലമായുള്ള ഗുണങ്ങളുമുണ്ടായിരിക്കും.

ബീറ്റാ ക്വിനോള്‍ ആതിഥേയ സംയുക്തമായിട്ടുള്ള ക്ലാഥ്റേറ്റുകളാണ് ആദ്യമായി പഠനവിധേയമായത്. CO, NO, CH4, SO2,HCL, HBr, Ar, Kr, HCN, H2S തുടങ്ങിയ വാതകങ്ങള്‍ അതിഥിസംയുക്തങ്ങളായി വരുന്ന നിരവധി ക്വിനോള്‍ ക്ലാഥ്റേറ്റുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം സാധാരണ ഊഷ്മാവില്‍ സ്ഥിരതയുള്ള വസ്തുക്കളാണ്. ഇവ ചൂടാക്കുകയോ വെള്ളത്തില്‍ ലയിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഇവയിലുള്ള വാതകതന്മാത്രകള്‍ പുറത്തുപോകുന്നു. ക്വിനോള്‍ ക്ലാഥ്റേറ്റുകളെ എക്സ്-റേ പഠനങ്ങള്‍ക്കു വിധേയമാക്കിയപ്പോള്‍ ഹൈഡ്രജന്‍ ബന്ധനങ്ങള്‍മൂലം ചേര്‍ന്നിരിക്കുന്ന മൂന്നു ക്വിനോള്‍ തന്മാത്രകളുടെ ഇടയിലെ ഗോളാകൃതിയുള്ള സുഷിരങ്ങളിലാണ് അതിഥി തന്മാത്രകള്‍ കടന്നിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.

വാതക ഹൈഡ്രേറ്റുകളാണ് മറ്റൊരു പ്രധാനവിഭാഗം ക്ലാഥ്റേറ്റുകള്‍. ജലം ചില വാതകങ്ങളുടെ സാന്നിധ്യത്തില്‍ ഖനീഭവിക്കുമ്പോള്‍ അതിന് പൊള്ളയായ ഭാഗങ്ങള്‍ വളരെ കൂടുതലുള്ള പരല്‍ഘടന ഉണ്ടാവുകയും അത്തരം ഭാഗങ്ങളില്‍ വാതക തന്മാത്രകള്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. വാതക ഹൈഡ്രേറ്റുകളുമായി ഘടനയില്‍ വളരെ സാമ്യമുള്ള ക്ലാഥ്റേറ്റുകളാണ് ദ്രാവക ഹൈഡ്രേറ്റുകളും ലവണ ഹൈഡ്രേറ്റുകളും. ക്ലോറോഫോം തുടങ്ങിയ മയക്കുമരുന്നുകള്‍ ബോധക്ഷയമുണ്ടാക്കാന്‍ കാരണം തലച്ചോറിലെ കോശങ്ങളില്‍ അവ ദ്രാവക ഹൈഡ്രേറ്റു പരലുകളുണ്ടാക്കുന്നതിനാലാണ്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍