This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാഡ്നി, ഏണ്‍സ്റ്റ് ഫ്ളോറന്‍സ് ഫ്രീഡ്റിഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാഡ്നി, ഏണ്‍സ്റ്റ് ഫ്ളോറന്‍സ് ഫ്രീഡ്റിഷ്

Chladnim Ernst Florents Friedrich (1756 - 1827)

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഹംഗറിയില്‍ നിന്ന് 17-ാം ശതകത്തില്‍ ജര്‍മനിയില്‍ കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തില്‍ 1756 ന. 30-ന് വിറ്റന്‍ബെര്‍ഗില്‍ ജനിച്ചു. 1782-ല്‍ ലീപ്സിഗില്‍ നിന്ന് നിയമ ബിരുദം നേടി. പിന്നീട്, ശാസ്ത്രപഠനത്തിലേക്കു തിരിഞ്ഞു. സംഗീതാഭിരുചികാരണം ശബ്ദശാസ്ത്രമാണ് പഠനത്തിനു ക്ലാഡ്നി തിരഞ്ഞെടുത്തത്. രണ്ടു സംഗീതോപകരണങ്ങള്‍ ഇദ്ദേഹം രൂപകല്പനചെയ്തു നിര്‍മിച്ചിട്ടുണ്ട്.

1787-ല്‍ ശബ്ദശാസ്ത്രത്തില്‍ ക്ലാഡ്നിയുടെ ആദ്യത്തെ പഠനം പ്രസിദ്ധീകൃതമായി. തട്ടുകളില്‍ കമ്പനങ്ങള്‍ ഉണ്ടാകുന്നതിനെക്കുറിച്ചായിരുന്നു ഈ പഠനം. കനമുള്ള തട്ടുകളിലെ കമ്പനങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തട്ടുകളില്‍ മണല്‍വിരിച്ച് വയലിന്റെ കമ്പനമേല്പിക്കുമ്പോള്‍ ഉളവാകുന്ന കമ്പനങ്ങളുടെ ഘടന നിരീക്ഷിച്ചറിയാന്‍ ക്ലാഡ്നി ശ്രമിച്ചു. ചലനമില്ലാത്ത 'നോഡു'കളിലൂടെ മണല്‍ കേന്ദ്രീകരിക്കുന്നത് കാണാമായിരുന്നു. എല്ലാത്തരം ജ്യാമിതീയാകൃതികളിലുമുള്ള തട്ടുകള്‍ ഉപയോഗിച്ച് ക്ലാഡ്നി പഠനം നടത്തി.

ഉല്ക്കകളെപ്പറ്റിയും ക്ലാഡ്നി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൗമേതരമേഖലകളില്‍ നിന്നാണ് അവ ഉദ്ഭവിക്കുന്നതെന്നായിരുന്നു ക്ലാഡ്നിയുടെ നിഗമനം. ശാസ്ത്രജ്ഞരില്‍ മാത്രമല്ല, സാമാന്യ ജനങ്ങളില്‍പ്പോലും താത്പര്യം ജനിപ്പിക്കാനുതകുംവിധം സരളമായിരുന്നു ക്ലാഡ്നിയുടെ ഗവേഷണഫലങ്ങള്‍. ക്ലാഡ്നിയുടെ ഗവേഷണം വില്‍ഹെമ്, ഏണ്‍സ്റ്റ് വെബര്‍, ഗുസ്താഫ് കിര്‍ഖഫ് എന്നിവര്‍ക്കു കമ്പനങ്ങളുടെ പഠനത്തിനു പ്രേരണയായി. ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരും തുടര്‍ന്ന് ഈ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

1827 ഏ. 3-ന് ബ്രെസ്ലൗ നഗരത്തില്‍ ക്ലാഡ്നി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍