This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാഗസ്, ലുഡ്വിഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാഗസ്, ലുഡ്വിഗ്

Klages, Ludwig (1872 - 1956)

ജര്‍മന്‍ മനഃശാസ്ത്രജ്ഞനും ദാര്‍ശനികനും. 1872-ല്‍ ജര്‍മനിയിലെ ഹാനോവറില്‍ ജനിച്ചു. മ്യൂണിച്ച് സര്‍വകലാശാലയില്‍ ചേര്‍ന്നു രസതന്ത്രം, ഊര്‍ജതന്ത്രം, തത്ത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ പഠനംനടത്തി. 1900-ത്തില്‍ രസതന്ത്രത്തില്‍ പിഎച്ച്.ഡി. ബിരുദംനേടി. 1905-ല്‍ ഈ സര്‍വകലാശാലയില്‍ ആശയപ്രകാശന ശാസ്ത്രത്തിനായിട്ടുള്ള ഒരു ചര്‍ച്ചാകേന്ദ്രം (Seminar fur Ausdrucks Kunde) ക്ലാഗസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. അധികം താമസിയാതെ ഈ സ്ഥാപനം ജര്‍മനിയിലെ മുഖ്യ സ്വഭാവമനഃശാസ്ത്രപഠനകേന്ദ്രമായി വളര്‍ന്നു. 1919-ല്‍ ഈ പഠനകേന്ദ്രം സൂറിച്ചിനു സമീപമുള്ള കിച്ച് ബര്‍ഗ് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

1895 മുതല്‍ 1915 വരെ ജര്‍മനിയില്‍ നിലനിന്നിരുന്ന വൈജ്ഞാനിക നവോത്ഥാന പ്രസ്ഥാനത്തിന്റെ ഒരു മുഖ്യവക്താവ് ആയിരുന്നു ക്ലാഗസ്. മനുഷ്യസ്വഭാവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാനുള്ള ശ്രമമാണ് പ്രധാനമായും നടത്തിയിരുന്നത്. പ്രശസ്ത സാഹിത്യകാരന്മാരായ ഗൊയ്ഥെ (Goethe), സ്റ്റെഫാന്‍ ജോര്‍ജ് (Stefan George), ജീവശാസ്ത്രജ്ഞനായ ഇ.ജി. കാറസ് (E.G. Carus), മനഃശാസ്ത്രജ്ഞനായ തിയോഡര്‍ ലിപ്സ് (Theodore Lipps), പ്രമുഖ തത്ത്വചിന്തകനായ ഫ്രീഡ്റിഷ് നീറ്റ്ഷേ (Friedrich Nietzsche) എന്നിവര്‍ ക്ലാഗസിന്റെ ചിന്താധാരയെ സ്വാധീനിച്ചിട്ടുണ്ട്. ഏണസ്റ്റ് യൂങ്ഗെര്‍ (Ernst Juinger), ഓസ്വാള്‍ഡ് സ്പെന്‍ഗ്ലര്‍ (Oswald Spengler), മാര്‍ട്ടിന്‍ ഹൈഡെഗര്‍ (Martin Heidegger) എന്നിവരുടെ ചിന്താപദ്ധതിയുമായി ഏറെ സമാനത പുലര്‍ത്തുന്ന ഒരു തത്ത്വശാസ്ത്രമാണ് ക്ലാഗസിന്റേത്. ഈ ചിന്താപദ്ധതികളെല്ലാം പരോക്ഷമായി നാസിസത്തിനു കളമൊരുക്കുവാന്‍ സഹായിച്ചു.

'ഇന്ദ്രിയങ്ങള്‍ നല്കുന്ന അറിവുകള്‍ക്ക് ബിംബങ്ങള്‍കൊണ്ട് രൂപകല്പന ചെയ്യാന്‍ കഴിയും എന്നതൊഴിച്ചാല്‍ മനുഷ്യന് ഇതര ജന്തുക്കളില്‍ നിന്നു വ്യത്യാസമൊന്നുമില്ല' എന്ന നീറ്റ് ഷേയുടെ വീക്ഷണത്തോട് ക്ലാഗസ് പൂര്‍ണമായും യോജിച്ചിരുന്നുവെങ്കിലും മനുഷ്യന്റെ നിലനില്പിനാധാരമായ അടിസ്ഥാനശക്തിക്ക് ഈ ഭാവനാശക്തി അനിവാര്യമാണെന്ന നീറ്റ്ഷേയുടെ ചിന്താഗതിയോടു ക്ലാഗസ് വിയോജിച്ചു. ക്ലാഗസിന്റെ അഭിപ്രായത്തില്‍, ഒരു പ്രപഞ്ചത്തെ വിഭാവന ചെയ്യാനുള്ള മനുഷ്യന്റെ കഴിവും ജീവിതാനുഭവങ്ങളുടെ പരിമിതിയില്‍ ഈ ഭാവനാപ്രപഞ്ചത്തെ കുടിയിരുത്തുവാനുള്ള മനുഷ്യന്റെ വ്യഗ്രതയും തികച്ചും അസ്വാഭാവികമാണ്; ആത്യന്തികമായി ജീവിതത്തെത്തന്നെ എതിര്‍ക്കുന്നതുമാണ്. ക്ലാഗസിന്റെ വീക്ഷണത്തില്‍ 'മനുഷ്യന്‍ മറ്റു ജന്തുക്കളില്‍ നിന്നു വിഭിന്നനാകുന്നത് അവനു ചിന്തിക്കുവാനും ഇച്ഛാശക്തി പ്രയോഗിക്കുവാനും കഴിയുന്നതുകൊണ്ടാണ്. സ്വന്തം അസ്തിത്വം നിലനിര്‍ത്താനുള്ള മനുഷ്യന്റെ വ്യഗ്രതയാണ് മനുഷ്യജീവിതത്തില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്: ഈ വ്യഗ്രത തികച്ചും അസ്വാഭാവികമാണുതാനും' എന്നായിരുന്നു ക്ലാഗസിന്റെ അഭിപ്രായം. 1956-ല്‍ ക്ലാഗസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍