This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൌസ്, കാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൌസ്, കാള്‍

Kraus Karl (1874 - 1936)

ആസ്ട്രിയയിലെ പത്രപ്രവര്‍ത്തകനും കവിയും. 1874 ഏ. 28-ന് ബൊഹിമിയന്‍ പ്രവിശ്യയിലെ യിഷില്‍ ജനിച്ചു. വിയന്നയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1899-ല്‍ ഡീഫാക്കല്‍ Die Fackel; തീപ്പന്തം) എന്ന പേരില്‍ ഒരു വിനോദ മാസികയ്ക്കു തുടക്കമുട്ടു. അതില്‍മാത്രമാണ് അദ്ദേഹം തന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ക്രൗസിന്റെ മരണംവരെ ഈ പത്രം നിലനിന്നു. പ്രധാനമായും വിയന്നയില്‍ മാത്രമായി ഇതിന്റെ പ്രചാരം ഒതുങ്ങിനിന്നുവെങ്കിലും നവീന പത്രപ്രവര്‍ത്തനത്തിന് ഇത് മാര്‍ഗദര്‍ശകമായി. അന്നത്തെ യൂറോപ്യന്‍ സംസ്കാരത്തിന്റെയും രണ്ടു ലോകയുദ്ധങ്ങള്‍ക്കിടെ ജര്‍മനിയില്‍ നടന്ന രാഷ്ട്രീയപരീക്ഷണങ്ങളുടെയും വ്യാഖ്യാനമായിരുന്നു ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍. ക്രൗസിന്റെ നാടകങ്ങളില്‍ പ്രധാനപ്പെട്ടത് ഡി ലെറ്റ്സ്റൈണ്‍ റ്റാഗെ ഡെര്‍ മെന്‍ഷ്ഹൈറ്റ് (Die letzten Toge der Menschheit, 1922) ആണ്. മനുഷ്യരാശിയുടെ ഭീകരമായ പേടിസ്വപ്നങ്ങളും ദുരന്തവും ആണ് അവതരിപ്പിക്കുന്നതെന്ന് ക്രൗസ് ഇതിന്റെ മുഖവുരയില്‍ പരാമര്‍ശിക്കുന്നുണ്ട്. അരിസ്റ്റോഫൈനിസിന്റെയും ഷെയ്ക്സ്പിയറുടെയും നാടകങ്ങളുടെ അനുകരണവും വിവര്‍ത്തനവും ആണ് ഇദ്ദേഹമെഴുതിയ മറ്റു നാടകങ്ങള്‍. ഡീഫാക്കലില്‍ നിന്നു തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ 9 വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1936 ജൂണ്‍ 12-ന് വിയന്നയില്‍ ക്രൌസ് അന്തരിച്ചു.

(ഡോ. വോള്‍ഫ്ഗാങ് ആഡം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍