This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസ്ബി, ബിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസ്ബി, ബിങ്

Crosby, Bing (1904 - 77)

ഓസ്കാര്‍ അവാര്‍ഡു ജേതാവായ (1944) യു.എസ്. നടനും ഗായകനും. 1904-ല്‍ വാഷിങ്ടണിലെ ടാക്കോണയില്‍ ജനിച്ചു. സിനിമയിലേക്കു ശബ്ദം കടന്നുവന്ന കാലഘട്ടത്തില്‍ വിലപ്പെട്ടതായിത്തീര്‍ന്ന ഒരു സാന്നിധ്യമാണ് ബിങ് ക്രോസ്ബിയുടേത്. പാള്‍ വിറ്റ്മാന്റെ 'റിതം ബോയ്സ്' എന്ന സംഘത്തിലെ ബിങ്ബാന്റ് ഗായകനായിരുന്ന ക്രോസ്ബി റേഡിയോയില്‍ നിന്നാണ് സിനിമയിലേക്കു കടന്നത്. 'കിങ് ഒഫ് ജാസി'ലൂടെ സിനിമാരംഗത്തു പ്രവേശിച്ചു. ഗൗരവമേറിയ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ ശോഭിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1940-ല്‍ 'റോഡ് ടു സിങ്കപ്പൂര്‍' എന്ന ഹാസ്യചിത്രത്തില്‍ ബോബ് ഹോപ്പുമൊത്ത് ക്രോസ്ബി പ്രത്യക്ഷപ്പെട്ടു. പിന്നെ കുറേക്കാലത്തേക്ക് 'റോഡ്' ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ വന്നു. ഈ ചിത്രങ്ങളിലെല്ലാം ക്രോസ്ബി-ഹോപ്പ് ജോടിയാണഭിനയിച്ചത്. ചാപ്ളിന്‍ചിത്രങ്ങള്‍ക്കുശേഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ഹാസ്യചിത്രങ്ങളെന്നാണ് 'റോഡ്' ചിത്രങ്ങള്‍ അറിയപ്പെട്ടത്. 'റോഡ് ടു സാന്‍സിബാര്‍', 'റോഡ് ടു മൊറോക്കോ', 'റോഡ് ടു ഉട്ട്യോപ്യ', 'റോഡ് ടു റിയോ' തുടങ്ങിയവയാണ് പ്രധാനപ്പെട്ട റോഡ് ചിത്രങ്ങള്‍. 'ഗോയിങ് മൈവേ' എന്ന ചിത്രത്തില്‍ ഫാദര്‍ ഓ മാലേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ക്രോസ്ബി ഓസ്കാര്‍ അവാര്‍ഡിനര്‍ഹനായത്.

ഫ്രാങ്ക് കാപ്രയുടെ 'റൈഡിങ് ഹൈ', 'ഹിയര്‍ കംസ് ദ് ഗ്രൂം' എന്നീ ചിത്രങ്ങളില്‍ ക്രോസ്ബിയുടെ അഭിനയംപോലെ തന്നെ പാട്ടുകളും ശ്രദ്ധേയമായി. തന്റെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രീതിനേടിയ ഗായകനായിരുന്നു ക്രോസ്ബി. ഇദ്ദേഹത്തിന്റെ റിക്കാര്‍ഡുകളുടെ വില്പന ഇക്കാലത്ത് 30 കോടിയിലധികം കഴിഞ്ഞിരുന്നു. ദീര്‍ഘകാലം 'പാരമൗണ്ടി'ലെ സ്ഥിരം നടനായിരുന്ന ക്രോസ്ബി അവിടം വിട്ടശേഷവും അഭിനയരംഗത്തു സജീവമായിത്തുടര്‍ന്നു. നാല്പതുകളില്‍ ക്രോസ്ബിയെ പോപ്പുലറാക്കിയ 'റോഡ്' ചിത്രങ്ങളുടെ പരമ്പരയില്‍ അവസാനത്തേത് 'ദ് റോഡ് ടു ഹോങ്കോങ്'-1962-ല്‍ പുറത്തുവന്നു. കോള്‍ മീ ലക്കി (Call me Lucky) എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധേയമാണ്.

1977-ല്‍ ക്രോസ്ബി നിര്യാതനായി.

(വിജയകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍