This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസോപ്പ്ടെറിജിയൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസോപ്പ്ടെറിജിയൈ

Crossopterygii

ലാറ്റിമേരിയ

അസ്ഥിമത്സ്യവര്‍ഗമായ ഓസ്റ്റിയൈക്തിസിന്റെ ഉപവര്‍ഗം. സാര്‍ക്കോപ്പ്ടെറിജിയൈയുടെ ഒരു ഗോത്രം. ലാറ്റിമേരിയ എന്ന ഒരൊറ്റ മത്സ്യജീനസ് മാത്രമാണ് ഇന്നുള്ളത്. ബാക്കിയെല്ലാം അസ്തമിതങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യത്യസ്ത യുഗ്മപത്ര (Paired fin) ഘടനയുള്ള ഈ ഗോത്രത്തിലെ അംഗങ്ങള്‍ പാളിപത്ര (Lobe finned) മത്സ്യങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ പത്രങ്ങള്‍ക്ക് ആന്തരാസ്ഥിഘടനയാണുള്ളത്. ശരീരത്തോട് ചേര്‍ന്ന ഭാഗത്തായി ഈ പത്രങ്ങളെ പേശികളുടെ ഒരു പാളി പൊതിഞ്ഞിട്ടുമുണ്ട്.

സാര്‍ക്കോപ്പ്ടെറിജിയൈ ഉപവര്‍ഗഗോത്രങ്ങളായ ക്രോസോപ്പ്ടെറിജിയൈയും ഡിപ്പ്നോയ്യും ഡെവോണിയന്‍ കല്പത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഭൂമുഖത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഇവയുടെ പൂര്‍വികനെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ രണ്ട് ഗോത്രങ്ങളിലെയും ജീവികളുടെ ശരീരഘടനയില്‍ ആദ്യകാലത്ത് ചില സാദൃശ്യങ്ങള്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇവ തികച്ചും വ്യതിരിക്തഘടനയുള്ളവയായി അകന്നുമാറുകയാണുണ്ടായത്.

ക്രോസോപ്പ്ടെറിജിയൈ ഗോത്രത്തിലെ മത്സ്യങ്ങള്‍ക്ക് ഘടനയില്‍ നേരിയ വ്യതിയാനമുള്ള രണ്ട് വ്യത്യസ്ത പൃഷ്ഠപത്രങ്ങള്‍ (Dorsal Fins) കാണപ്പെട്ടിരുന്നു. അതുപോലെതന്നെ ഇവയുടെ മസ്തിഷ്കാവരണം (Brain Case) ത്രികതന്ത്രികാ (Trigeminal nerve) ഭാഗത്തുവച്ച് രണ്ടു ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. താലു (Palate) മസ്തിഷ്കാവരണവുമായി ചലനസ്വാതന്ത്ര്യമുള്ള നിലയിലാണ് ഘടിപ്പിച്ചിരുന്നത്. ചില ക്രോസോപ്പ്ടെറിജിയൈ ഗോത്രാംഗങ്ങളില്‍ ആന്തര-നാസാരന്ധ്രങ്ങളും (Internal nostrils) കാണപ്പെട്ടിരുന്നു.

ക്രോസോപ്പ്ടെറിജിയൈ ഗോത്രത്തെ റൈപ്പിഡിസ്റ്റിയ (Rhipidistia) സീലാകാന്തിനി (Coelacanthini) എന്നീ രണ്ട് ഉപഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്. മസ്തിഷ്കാവരണം, കപാലീയ ചര്‍മാസ്ഥികളുടെ പ്രത്യേക പ്രതിരൂപം, പക്ഷങ്ങളുടെ ഘടന എന്നിവയില്‍ ഈ രണ്ട് ഉപഗോത്രങ്ങളുടെയും പൊതു പൂര്‍വികസ്വഭാവം വെളിവാകുന്നുണ്ട്. റൈപ്പിഡിസ്റ്റിയയിലെ അംഗങ്ങളുടെ മസ്തിഷ്കാവരണം പൂര്‍ണമായും അസ്ഥീഭവനം നടന്നവയായിരുന്നു. അതുപോലെതന്നെ തലയോടിലെ ചര്‍മാസ്ഥികള്‍ തമ്മില്‍ ഇഴുകിച്ചേര്‍ന്നവിധം ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു. മിക്കവയിലും ആന്തരനാസാരന്ധ്രങ്ങളും കാണപ്പെട്ടിരുന്നു. പൃഷ്ഠരജ്ജു (Notochord)വിനു ചുറ്റും നാഡീയചാപങ്ങള്‍ക്കും ഹീമല്‍ചാപങ്ങള്‍ക്കും പുറമേയുള്ള ഒരു കേന്ദ്ര അസ്ഥീഭവനവും ഇവയുടെ പ്രത്യേകതകളായിരുന്നു. അസ്ഥികളുടെ ദൂരസ്ഥഭാഗങ്ങള്‍ ഏതാണ്ടൊരു ദ്വിശാഖി (Dichotomous) വിന്യാസമാണ് പ്രകടമാക്കിയിരുന്നത്. പുച്ഛപത്രം ത്രിശാഖി (Trifid) ആയിരുന്നു. ഇത് ഹെറ്ററോസര്‍ക്കല്‍ ഘടന പ്രദര്‍ശിപ്പിക്കുന്നതോ സമമിതഘടനയുള്ളതോ ആയിരുന്നുതാനും.

റൈപ്പിഡിസ്റ്റിയ ഉപഗോത്രത്തില്‍ ഉള്‍പ്പെട്ട മത്സ്യങ്ങള്‍ ലോകത്തിലെ മിക്കവാറും എല്ലാ ശുദ്ധജലതടാകങ്ങളിലും ഡെവോണിയന്‍ കല്പം മുതല്‍ പെര്‍മിയന്‍കല്പംവരെ കാണപ്പെട്ടിരുന്നു. ഉഭയജീവികള്‍ക്കു രൂപം നല്കിയ ജീവിവര്‍ഗം എന്ന നിലയില്‍ ഇവയ്ക്ക് ജന്തുപരിണാമചരിത്രത്തില്‍ പ്രത്യേകസ്ഥാനം കല്പിച്ചുവരുന്നു. റൈപ്പിഡിസ്റ്റിയത്തിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമങ്ങളായ ശ്വാസകോശങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് അനുമാനിക്കപ്പെടുന്നത്. തടാകങ്ങളും മറ്റും വരണ്ടുണങ്ങുമ്പോള്‍ ഇവ മറ്റൊരു ജലസങ്കേതത്തിലേക്ക് യുഗ്മപത്രങ്ങളുടെ സഹായത്തോടെ കരയിലൂടെ സഞ്ചരിച്ചിരുന്നതായും കരുതപ്പെടുന്നു. റൈപ്പിഡിസ്റ്റിയയ്ക്കും ഉഭയജീവികള്‍ക്കും മധ്യവര്‍ത്തികളായ ജീവിവര്‍ഗത്തെപ്പറ്റി വ്യക്തമായ രേഖകളൊന്നുമില്ല.

രണ്ടാമത്തെ ഉപഗോത്രമായ സീലാകാന്തിനിയിലെ അംഗങ്ങള്‍ റൈപ്പിഡിസ്റ്റിയാ ഗോത്രക്കാരില്‍നിന്നും തികച്ചും ഭിന്നസ്വഭാവങ്ങളുള്ളവയായിരുന്നു. ഇവയുടെ മസ്തിഷ്കാവരണം രണ്ടായി തിരിഞ്ഞ ഇരട്ടഘടന നിലനിര്‍ത്തപ്പെട്ടിരുന്നെങ്കിലും അസ്ഥീഭവനത്തിലെ ലഘൂകരണം പ്രകടമായിരുന്നു. തലയോടിലെ ചര്‍മാസ്ഥീഭാഗങ്ങളുടെ സ്വഭാവവും പ്രതിരൂപവും റൈപ്പിഡിസ്റ്റിയാകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതായിരുന്നു. ഈ മത്സ്യങ്ങളുടെ ചെകിള(Gill) ഭാഗത്തെ ആവരണം ചെയ്തുകൊണ്ട് മുക്കോണാകൃതിയിലുള്ള ഒരു പ്രച്ഛദാസ്ഥി (Opercular bone) കാണപ്പെട്ടിരുന്നു. പൃഷ്ഠരജ്ജു നിലനിന്നിരുന്നെങ്കിലും കേന്ദ്രഅസ്ഥീഭവനം ഇല്ലായിരുന്നു. ഇവയുടെ പുച്ഛപത്രം പ്രത്യേകരീതിയിലുള്ളതായിരുന്നു. പൃഷ്ഠരജ്ജുവിന്റെ അവസാനഭാഗത്തുനിന്നുള്ള ഒരു ചെറിയകൂട്ടം റേകള്‍ (Rays) പുച്ഛപത്രത്തിന്റെ ഇരുപാളികള്‍ക്കും ഇടയിലായി കാണപ്പെട്ടിരുന്നു.

ഡെവോണിയന്‍ കല്പത്തിന്റെ മധ്യഘട്ടം മുതല്‍ ആധുനികകാലംവരെ നീണ്ടുകിടക്കുന്ന സീലാകാന്ത് മത്സ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇവ നിരവധി ലവണജല-ശുദ്ധജല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിച്ചിരുന്നതായി മനസ്സിലാക്കാനാവും. ലാറ്റിമേരിയ മഡഗാസ്കറിനു വടക്കുപടിഞ്ഞാറുള്ള കൊമോറോ ദ്വീപസമൂഹത്തില്‍ മാത്രമാണ് കാണപ്പെടുന്നത്. മീസോസോയിക് കല്പത്തില്‍ ജീവിച്ചിരുന്ന പൂര്‍വികരുടെ നിരവധി സവിശേഷസ്വഭാവങ്ങള്‍ ലാറ്റിമേരിയയില്‍ ദൃശ്യമാകുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍