This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൊപോട്കിന്‍, പീറ്റര്‍ അലക്സേവിച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൊപോട്കിന്‍, പീറ്റര്‍ അലക്സേവിച്ച്

Kropotkin, Peter Aleksevich (1842 - 1921)

റഷ്യന്‍ ഭൂമിശാസ്ത്രജ്ഞനും ഗ്രന്ഥകാരനും അരാജകത്വവാദിയും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വിദ്യാഭ്യാസം നടത്തിയ ക്രൊപോട്കിന് അലക്സാണ്ടര്‍ II-ന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം കിട്ടി. ഈ ജോലിയില്‍ മടുപ്പുതോന്നിയ ഇദ്ദേഹം കുതിരപ്പടയില്‍ കമ്മിഷന്‍ സ്വീകരിച്ച് സൈബീരിയയില്‍ ജോലിക്കുപോയി. എന്നാല്‍ ഗവണ്‍മെന്റിന്റെ അച്ചടക്ക നടപടികളില്‍ മനംമടുത്ത് അതുപേക്ഷിച്ചു. തുടര്‍ന്ന് ഭൂമിശാസ്ത്രപരമായ പഠനത്തില്‍ വ്യാപൃതനായി. കിഴക്കേ ഏഷ്യയിലെ പര്‍വതനിരകളെ സംബന്ധിച്ച് പല പ്രധാന കണ്ടുപിടിത്തങ്ങളും ഇദ്ദേഹം നടത്തി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഇംപീരിയല്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറി എന്ന ഉന്നതസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും താന്‍ അര്‍ഹനല്ലെന്നു പറഞ്ഞ് ക്രൊപോട്കിന്‍ ഒഴിഞ്ഞുമാറി.

1872-ല്‍ സ്വിറ്റ്സര്‍ലണ്ട് സന്ദര്‍ശിച്ച ക്രൊപോട്കിന്‍ റഷ്യന്‍ അരാജകത്വവാദിയായ എം.എ. ബക്കുനിനുമായി (1814-76) ബന്ധപ്പെട്ടു. സ്വിറ്റ്സര്‍ലണ്ടിലെ വാച്ചു നിര്‍മാതാക്കളുടെ കൂടെ ജീവിച്ച് അവരുടെ തൊഴില്‍ സംഘടനകളുടെ പരസ്പരധാരണയോടുകൂടിയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഇദ്ദേഹത്തിന് ഗവണ്‍മെന്റ് നിയന്ത്രണം ഒഴിവാക്കിക്കൊണ്ടുള്ള പ്രായോഗിക സാമൂഹിക സഹകരണത്തിന്റെ മേന്മയെപ്പറ്റി ബോധ്യംവന്നു.

റഷ്യയില്‍ മടങ്ങിയെത്തിയ ക്രൊപോട്കിനെ 1874-ല്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ജയിലില്‍നിന്ന് രക്ഷപ്പെട്ട് സ്വിറ്റ്സര്‍ലണ്ടില്‍ എത്തി. തുടര്‍ന്ന് ഇദ്ദേഹം റഷ്യയില്‍ തിരിച്ചെത്തുകയും അരാജകത്വ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. 1881-ല്‍ അലക്സാണ്ടര്‍ കക-ന്റെ വധത്തെത്തുടര്‍ന്ന് ക്രൊപോട്കിന്‍ റഷ്യയില്‍ നിന്ന് ബഹിഷ്കൃതനായി. 1882-ല്‍ ഫ്രാന്‍സില്‍ അറസ്റ്റു ചെയ്യപ്പെട്ടു; എങ്കിലും ഫ്രഞ്ച് പാര്‍ലമെന്റിന്റെ തുടര്‍ച്ചയായുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ജയില്‍ വിമുക്തനായി. ലണ്ടനിലാണ് പിന്നീട് ഇദ്ദേഹം ജീവിച്ചത്. അരാജകത്വപ്രസ്ഥാനം, ഭൂമിശാസ്ത്രം എന്നിവയെപ്പറ്റി എഴുതിയ ലേഖനങ്ങള്‍ക്കു ലഭിച്ച പ്രതിഫലമായിരുന്നു ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം.

സൈനികശക്തിയില്‍ അധിഷ്ഠിതമായി മുന്നോട്ടു നീങ്ങിയ രാഷ്ട്രങ്ങളെ നശിപ്പിക്കുവാന്‍ ഒന്നാം ലോകയുദ്ധം സഹായിക്കും എന്ന ന്യായത്താല്‍ ക്രൊപോട്കിന്‍ അതിനെ സ്വാഗതം ചെയ്തു.

1917-ല്‍ മാര്‍ച്ചുവിപ്ലവം നടന്നയുടനെ ക്രൊപോട്കിന്‍ റഷ്യയില്‍ സന്തോഷപൂര്‍വം മടങ്ങിയെത്തിയെങ്കിലും നവംബറില്‍ ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിനെ ഇദ്ദേഹം അപലപിച്ചു. എങ്കിലും പാശ്ചാത്യസഖ്യശക്തികള്‍ റഷ്യയില്‍ ഇടപെട്ടതിനെ ഇദ്ദേഹം ശക്തമായി എതിര്‍ത്തു. അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണിദ്ദേഹം. 1921-ല്‍ അന്തരിച്ചു.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍