This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രൈസ്തവസഭകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ക്രൈസ്തവസഭകള്‍
ക്രിസ്തുമത വിശ്വാസികളുടെ വിവിധ വിഭാഗങ്ങള്‍. ആരംഭത്തില്‍ ഒന്നായിരുന്ന ക്രൈസ്തവസഭ പ്രധാനമായും റോമാസാമ്രാജ്യത്തിലായിരുന്നു നിലനിന്നിരുന്നത്; കാലക്രമത്തില്‍ പല സഭകളായി പിരിഞ്ഞു. ഇപ്പോള്‍ വിശ്വവ്യാപകമായിത്തീര്‍ന്നിട്ടുള്ള ക്രൈസ്തവ സഭയ്ക്ക് പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും രണ്ടു പ്രധാന വിഭാഗങ്ങളുണ്ട്. ഇന്നത്തെ ഭൂമിശാസ്ത്രപരമായ വിഭജനമല്ല പ്രസ്തുത തിരിവിനടിസ്ഥാനം; റോമാസാമ്രാജ്യത്തിലെ രാഷ്ട്രീയ വിഭജനമാണ് ഇതിനു നിദാനം. എ.ഡി. 395-ല്‍ തിയൊഡേഷിയസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമാസാമ്രാജ്യം പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും രണ്ടായി വിഭജിക്കപ്പെട്ടു. പൗരസ്ത്യ റോമാസാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച ക്രൈസ്തവ സഭകള്‍ പൗരസ്ത്യസഭകളെന്നും പാശ്ചാത്യ റോമാസാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച ക്രൈസ്തവസഭകള്‍ പാശ്ചാത്യസഭകളെന്നും അറിയപ്പെട്ടു. 16-ാം ശതകത്തില്‍ പ്രോട്ടസ്റ്റന്റ് മതനവീകരണത്തെത്തുടര്‍ന്നു ക്രിസ്തുമതത്തില്‍ രൂക്ഷമായ ഭിന്നതകള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്നു പ്രധാനമായും പാശ്ചാത്യ റോമന്‍ കത്തോലിക്കാസഭയില്‍ നിന്നു തെറ്റിപ്പിരിഞ്ഞുപോയ വലിയൊരു വിഭാഗം ക്രൈസ്തവര്‍ പ്രോട്ടസ്റ്റന്റ് സഭകള്‍ക്കു രൂപം കൊടുത്തു. പാശ്ചാത്യസഭകളില്‍ കത്തോലിക്കരും പ്രോട്ടസ്റ്റന്റുകാരുമാണ് പ്രധാനവിഭാഗങ്ങള്‍. പൗരസ്ത്യ സഭകളില്‍ കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭകളുമാണ് പ്രമുഖം.
കത്തോലിക്കാസഭ
പദോത്പത്തി
'എല്ലാം ഉള്‍ക്കൊള്ളുന്ന' എന്നര്‍ഥം വരുന്ന കത്താ, ഹോലു എന്നീ ഗ്രീക് പദങ്ങളില്‍ നിന്നാണ് 'കത്തോലിക്കോസ്', 'കത്തോലിക്കാ' മുതലായ പദങ്ങളുടെ നിഷ്പത്തി. അതിനാല്‍ 'സാര്‍വജനീനം', 'സാര്‍വത്രികം', സാര്‍വലൗകികം' (catholic, universal) എന്നെല്ലാമാണ് 'കത്തോലിക്കാ' ശബ്ദത്തിനര്‍ഥം. 'ലോകത്തിലെല്ലായിടത്തും ചെന്ന് സര്‍വജനതയുടെയുമിടയില്‍ എന്റെ സുവിശേഷം അറിയിക്കുവിന്‍' എന്നനുശാസിച്ച യേശുക്രിസ്തുവിന്റെ സഭ സാര്‍വജനീനമാണ് എന്നാണ് 'കത്തോലിക്കാ' ശബ്ദത്തിന്റെ അര്‍ഥസൂചന (മത്താ. 28: 20; മര്‍ക്കൊ. 16:16). സര്‍വമനുഷ്യരെയും സനാതന സൗഭാഗ്യത്തിലേക്കു നയിക്കുക എന്ന മഹദ്ദൗത്യവുമായി ലോകത്തിലവതരിച്ച ക്രിസ്തുവിന്റെ രക്ഷാകരസന്ദേശം സ്ഥല-കാല-സംസ്കാര സീമകള്‍ക്ക് അതീതമാണെന്നാണ് 'കത്തോലിക്കാ' പദം ധ്വനിപ്പിക്കുന്നത്. ദിവസന്തോറും ചൊല്ലാറുള്ള 'ശ്ളീഹ്നമാരുടെ വിശ്വാസപ്രമാണത്തില്‍' 'കാതോലികവും, അപ്പോസ്തോലികവും (ശ്ളൈഹികം) ആയ വിശുദ്ധ സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു' എന്ന പ്രമേയങ്ങള്‍ ശ്രദ്ധാര്‍ഹങ്ങളാണ്.
സഭാഘടന
ക്രൈസ്തവ വിശ്വാസികളുടെ സമൂഹമാണ് സഭ. സഭാസൗധത്തിന്റെ ആധാരശില യേശുക്രിസ്തുവാണ്. സഭാഗാത്രത്തിന്റെ (മിസ്റ്റിക്കല്‍ ശരീരം) ശിരസും ക്രിസ്തുതന്നെ. സഭാംഗങ്ങളെല്ലാം 'ക്രിസ്തുശരീര'ത്തിന്റെ അവയവങ്ങളാണ് (1. കൊരി. 12; യോഹ. 15:1). ഈ സഭയുടെ അദൃശ്യതലവന്‍ യേശുക്രിസ്തുവാണ്. ദൃശ്യതലവന്‍ ക്രിസ്തുവിന്റെ 'വികാരി' (Vicar - പ്രതിപുരുഷന്‍) ആയ റോമിലെ മാര്‍പ്പാപ്പയും. സഭയുടെ ദൃശ്യതലവനായി മാര്‍പ്പാപ്പയെ അംഗീകരിക്കുന്ന, അദ്ദേഹവുമായി വിധേയത്വവും ഐക്യബന്ധവും പുലര്‍ത്തുന്ന മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്‍മായരും ചേര്‍ന്നതാണ് കത്തോലിക്കാസഭ. ആഗോളവ്യാപകമായ കത്തോലിക്കാ സഭയിലെ 3,000-ലധികം മെത്രാന്മാരുള്‍പ്പെടെ 85 കോടി കത്തോലിക്കര്‍ മാര്‍പ്പാപ്പയെ സഭയുടെ പരമാചാര്യനായി അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങളും ധാര്‍മിക നിയമങ്ങളും ആധികാരികമായി പ്രബോധിപ്പിക്കുമ്പോള്‍ മാര്‍പ്പാപ്പയ്ക്ക് 'തെറ്റാവരം' (infallibility) ഉണ്ടെന്നും കത്തോലിക്കാസഭ വിശ്വസിക്കുന്നു.
സഭാ-രാഷ്ട്രബന്ധങ്ങള്‍
ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ സഭയ്ക്ക്, സഭാ-രാഷ്ട്രബന്ധങ്ങളുടെ പേരില്‍ പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ആദ്യശതകങ്ങളില്‍ റോമിലെയും ഗ്രീസിലെയും പില്ക്കാലത്ത് പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും കത്തോലിക്കാ സഭകള്‍ക്കാണ് സഭാ-രാഷ്ട്രപ്രശ്നങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നത്. തത്ഫലമായി, സഭാ-രാഷ്ട്രബന്ധത്തെക്കുറിച്ച് ഒരു ദൈവശാസ്ത്രശാഖ തന്നെ കത്തോലിക്കാ സഭയില്‍ വികസിതമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന കത്തോലിക്കര്‍ ഒരു സജീവ സമൂഹമാണ്. ഒരു മഹാസഭയാണ്. ക്രിസ്തുവിനോടും ക്രിസ്തു സഭാഗാത്രത്തോടുമായിരിക്കണം ഒരു കത്തോലിക്കന്റെ പ്രഥമ വിധേയത്വം. മനുഷ്യരെക്കാള്‍ കൂടുതല്‍ ദൈവത്തിനും ശരീരത്തെക്കാള്‍ കൂടുതല്‍ ആത്മാവിനും മുന്‍ഗണന കൊടുക്കണം. രാഷ്ട്രീയബന്ധവും വിധേയത്വവും ദൈവിക നിയമത്തിനനുസൃതമായിരിക്കണം; മതതത്ത്വ വിരുദ്ധമായ രാഷ്ട്രീയ നിലപാട് അസ്വീകാര്യമാണ്. കത്തോലിക്കാ സഭയുടെ ഈ നിലപാടിന്റെ ഫലമായിട്ടാണ് മധ്യയുഗങ്ങളില്‍ രാഷ്ട്രീയാധികാരികളുമായി സഭയ്ക്ക് പല സംഘട്ടനങ്ങളിലും ഏര്‍പ്പെടേണ്ടിവന്നത്. പില്ക്കാലത്ത് അനുരഞ്ജന മനോഭാവത്തോടെ വര്‍ത്തിക്കാനും പ്രവര്‍ത്തിക്കാനും മതരാഷ്ട്രാധികാരികള്‍ സന്നദ്ധരായി. 'സഭ ആധുനിക യുഗത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ 'സഭയും രാഷ്ട്രവും അതതിന്റെ മണ്ഡലങ്ങളില്‍ സ്വാതന്ത്ര്യവും അനാശ്രയിയും സ്വയംഭരണാവകാശമുള്ളതും ആണെന്നു പ്രഖ്യാപിക്കുന്നു. സഭയെന്നും രാഷ്ട്രമെന്നുമുള്ള സമൂഹസ്ഥാപനങ്ങള്‍ അതതിന്റെ അധികാരാവകാശങ്ങള്‍ പ്രയോഗിച്ചുകൊണ്ട് മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. സഭ രാഷ്ട്രത്തിന്റെയോ രാഷ്ട്രം സഭയുടെയോ ചട്ടുകമായിത്തീരരുത്. രാഷ്ട്രീയാനുകൂല്യങ്ങളുടെയോ രാഷ്ട്രീയാധികാരികളുടെ അപ്രീതിയുടെയോ പേരില്‍ സഭ അതിന്റെ വിശ്വോത്തര ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കരുത്.
ധാര്‍മികത
കത്തോലിക്കാ വീക്ഷണമനുസരിച്ച് ധാര്‍മികതയുടെ പ്രമാണരേഖയും മാനദണ്ഡവും 'പത്തു കല്പന'കളും (Ten Commandments) തിരുസഭയുടെ ഉത്തരവുകളും ആണ്. 'നിന്റെ ദൈവം ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാകരുത്' എന്നാരംഭിക്കുന്ന പത്തുകല്പനകള്‍ ഉണ്ടെങ്കിലും, ഇവയുടെ അന്തസ്സത്ത ദൈവസ്നേഹവും പരസ്നേഹവുമാണ് (പുറപ്പാട് 19:2; ആവര്‍ത്ത. 6; ലൂക്കൊ. 18:20; മത്താ. 19:10-29; മര്‍ക്കൊ. 12:30). വിശുദ്ധ പൗലോസിന്റെ പ്രബോധനത്തിലും പത്തു കല്പനകളെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍ക്കൊള്ളുന്നു. 'നിങ്ങള്‍ പരസ്പരം ശുശ്രൂഷിക്കുവിന്‍. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക - സര്‍വനിയമവും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു' (ഗലാ. 5:14), 'ക്രിസ്തുവിനെ അനുകരിച്ച്, ക്രിസ്തുവില്‍ ദൈവികജീവന്‍ പ്രാപിച്ച്, ദൈവമനുഷ്യരായിത്തീര്‍ന്ന്, ക്രിസ്തുകളായി രൂപാന്തരപ്പെട്ട്, ക്രിസ്തുവില്‍ ഏകീഭവിക്കുക' ഇതാണ് കത്തോലിക്കാ വീക്ഷണമനുസരിച്ച് ക്രൈസ്തവ ധാര്‍മികതയുടെ ലക്ഷ്യം (ഗലാ. 2:20; യോഹ. 15:1). 'വഴിയും സത്യവും ജീവനുമായ ക്രിസ്തുവുമായി താദാത്മ്യപ്പെടുക - ഇങ്ങനെ ക്രിസ്തുമത പ്രബോധനങ്ങളുടെ അനുകരണംവഴി ദൈവികജീവനായ പ്രസാദവരം (divine grace) സ്വാംശീകരിക്കുക മുതലായവയാണ് ക്രൈസ്തവ ധാര്‍മികതയുടെ പ്രേരകശക്തിയും ഉള്‍ക്കാമ്പും ക്രൈസ്തവ ധാര്‍മികത അനുസരിക്കുന്നതിനും, സ്വന്തം മനഃസാക്ഷിയും സ്വാഭിപ്രായവും മാത്രംപോരാ, സഭയുടെ ആധികാരികസ്വരം (പ്രബോധനങ്ങള്‍) കൂടി ക്രിസ്ത്യാനികള്‍ ശ്രവിക്കണം. 'നിങ്ങളെ ശ്രവിക്കുന്നവന്‍ എന്നെ ശ്രവിക്കുന്നു; നിങ്ങളെ നിരസിക്കുന്നവര്‍ എന്നെയും നിരസിക്കുന്നു' എന്ന ക്രിസ്തുവാക്യം അവിസ്മരണീയമാണ് (ലൂക്കൊ. 10:16).
സ്വര്‍ഗസൗഭാഗ്യമെന്ന തീര്‍ഥ(പുണ്യ)സ്ഥാനത്തെ ലക്ഷ്യമാക്കി യാത്രചെയ്യുന്ന തീര്‍ഥാടകരാണ് മനുഷ്യരെല്ലാവരും (റോമ. 8:19-22). ഈ ഭൗതിക തീര്‍ഥാടനത്തിന്റെ പല ഘട്ടങ്ങളില്‍ യഥാര്‍ഥ ക്രിസ്തു-മനുഷ്യ സമാഗമം നടക്കാറുണ്ട്. മനഃസാക്ഷിക്കനുസൃതമായും സഭാപ്രബോധനങ്ങള്‍ അനുസരിച്ചും മനുഷ്യര്‍ സംഘാത്മക ജീവിതം നയിച്ച്, പരസ്പരം സഹായിച്ചും സഹകരിച്ചും ശാശ്വത സൗഭാഗ്യം പ്രാപിക്കണമെന്നതാണ് ദൈവഹിതം.
സാര്‍വലൗകികത
യേശുക്രിസ്തു തന്റെ സ്വര്‍ഗാരോഹണ ദിവസം (പുനരുത്ഥാനത്തിന്റെ നാല്പതാം ദിവസം) ശിഷ്യന്മാരോട് കല്‍പ്പിച്ചു: 'സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകല ജാതികളെയും ശിഷ്യന്മാരാക്കിക്കൊള്‍വിന്‍' (മത്താ. 28:18-28; മര്‍ക്കൊ. 16:16; അപ്പോ. പ്ര. 1:18; 1. കൊരി. 9:16) യഥാര്‍ഥ ക്രിസ്ത്യാനിയായി ജീവിക്കണമെന്നുണ്ടെങ്കില്‍, ക്രിസ്തുവിന്റെ രക്ഷാകരസന്ദേശം പ്രചരിപ്പിക്കുകകൂടി വേണമെന്നു ക്രിസ്ത്യാനികള്‍ മനസ്സിലാക്കുന്നു. ജ്ഞാനസ്നാനം അഥവാ മാമ്മോദീസാ എന്ന കൂദാശയുടെ സ്വീകരണംവഴി ഓരോ ക്രൈസ്തവനും ഓരോ മിഷനറി (പ്രേക്ഷിതന്‍) ആണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൗത്യം കത്തോലിക്കര്‍ വിസ്മരിക്കുകയില്ല.
മൗലികതത്ത്വങ്ങള്‍
ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നീ 'ത്രിവിധമഹാപ്രമേയ'ങ്ങളെക്കുറിച്ച്, വളരെ ഗഹനവും വിപുലവുമായ ദര്‍ശനം കത്തോലിക്കാസഭയ്ക്കുണ്ട്. ബൈബിളിനെ ആധാരമാക്കി കഴിഞ്ഞ 20 ശതാബ്ദങ്ങളായിട്ട് പ്രസ്തുത ക്രൈസ്തവ പ്രമേയങ്ങളെ അനവധി മഹാന്മാര്‍-അഗസ്റ്റിന്‍, അക്വിനാസ്, ബൊനവഞ്ചര്‍, ബാസില്‍, ഗ്രിഗറി മുതലായവര്‍ - വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദൈവത്തെപ്പറ്റി പറയുമ്പോള്‍, ദൈവത്തിന്റെ ഏകത്വം, ത്രിത്വം, ദൈവപുത്രന്റെ മനുഷ്യാവതാരം, ദൈവത്തിന്റെ സൃഷ്ടി-സ്ഥിതി-രക്ഷാകര കര്‍മം തുടങ്ങിയവയാണ് കത്തോലിക്കാ സഭയുടെ മുഖ്യ പ്രമേയങ്ങള്‍. ഈ പ്രബോധനങ്ങളും മറ്റ് കത്തോലിക്കാ പ്രബോധനങ്ങളും 'ശ്ളീഹന്മാരുടെ വിശ്വാസപ്രമാണത്തിലും, നിക്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലും, സമ്യക്കായി സംഗ്രഹിച്ചിരിക്കുന്നു'. 'ആദിയില്‍ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു' എന്ന മൗലിക സത്യപ്രസ്താവനയോടെയാണ് ബൈബിള്‍ ആരംഭിക്കുന്നത്. 'ദൈവത്തിലാണ് നാമെല്ലാവരും ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നമ്മുടെ അസ്തിത്വം നിലനിര്‍ത്തുന്നതും' (അപ്പോ. പ്ര. 17:28). 'സ്വര്‍ലോക ഭൂലോകങ്ങളെ ദൈവം ശൂന്യതയില്‍നിന്നും സൃഷ്ടിച്ചു' എന്നു മക്കബായ മാതാവും 'ആകാശം നിന്റെ കരവേലയാകുന്നു' എന്നു സങ്കീര്‍ത്തനവും പ്രഖ്യാപിക്കുന്നു (1. മക്കബാല. 7:28; സങ്കീര്‍ത്ത. 18:50; മത്താ. 6:26.). ദൈവം പിതാവാണ്. സര്‍വ മനുഷ്യര്‍ക്കും; ആകാശപ്പറവകളെപ്പോലും തീറ്റിപ്പോറ്റുന്ന പിതാവാണ് അവിടുന്ന് (മത്താ. 6:26). 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ യേശു ജനങ്ങളെ പഠിപ്പിച്ചു (മത്താ. 6:9). 'നമ്മള്‍ ദൈവത്തിന്റെ മക്കളാകുന്നു' എന്ന് വിശുദ്ധ പൗലോസും ശക്തിയുക്തം ഉദ്ബോധിപ്പിക്കുന്നു (റോമ. 8:14-15). ഇങ്ങനെ സര്‍വ ചരാചരങ്ങളുടെയും അസ്തിത്വദായകനും മനുഷ്യരുടെയെല്ലാം പിതാവുമായ ദൈവത്തെ സ്വബുദ്ധി ഉപയോഗിച്ച്, പ്രത്യേക ദൈവാവിഷ്കരണത്തിന്റെ സഹായമില്ലാതെതന്നെ ഒരു പരിധിവരെ അറിയാന്‍ കഴിയുമെന്ന്, ബൈബിളിനെ ആസ്പദമാക്കി വത്തിക്കാന്‍ കൗണ്‍സിലുകള്‍ (ഒന്നും രണ്ടും) ഉദ്ബോധിപ്പിക്കുന്നു.
മാനവരക്ഷയെപ്പറ്റിയുള്ള കത്തോലിക്കാ പ്രബോധനങ്ങളും ചിന്തനീയങ്ങളാണ്. ഇതര ചരാചരങ്ങളുടെയെന്നപോലെ, മനുഷ്യരുടെയും സൃഷ്ടിയും സന്ധാരണവും ദൈവംതന്നെയാണ്. മനുഷ്യരുടെയെല്ലാം ആത്യന്തിക ലക്ഷ്യവും ആ ശുഭസ്വരൂപന്‍ തന്നെ. ആത്മശരീരമനസ്സുകള്‍ ചേര്‍ന്ന ഒരു സംയുക്ത സത്തയായിട്ടാണ് ബൈബിള്‍ മനുഷ്യനെ അവതരിപ്പിക്കുന്നത്. എങ്കിലും മനുഷ്യന്റെ ആത്മാവ് ശരീരത്തില്‍നിന്ന് ഭിന്നമായിരിക്കുന്നതുപോലെ, ശരീരം ആത്മാവില്‍നിന്നു വിഭിന്നമാണ്. മാതൃഗര്‍ഭത്തില്‍ ഒരു ഭ്രൂണം സജ്ജീകൃതമാകുമ്പോള്‍, ദൈവം അമര്‍ത്യമായ ഒരു മനുഷ്യാത്മാവിനെ സൃഷ്ടിച്ച് അതില്‍ പ്രവേശിപ്പിക്കുന്നു; അതിനെത്തുടര്‍ന്ന് ആത്മശരീരസംയുക്തനായ ഒരു പൂര്‍ണമനുഷ്യന്‍ രൂപംകൊള്ളുന്നു. ഓരോ മനുഷ്യാത്മാവും പുത്തനായി സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ മനുഷ്യന് മുജ്ജന്മമോ മരണാനന്തര ജന്മമോ ഇല്ല; ഒരു ജനനം, ഒരു മരണം; ഓരോ മനുഷ്യനും അത്രമാത്രം. മരണാനന്തരം സുകൃതികള്‍ക്ക് സ്വര്‍ഗവും അധര്‍മികള്‍ക്ക് നിത്യനരകവും പ്രതിഫലമായി ലഭിക്കുന്നു. ഇഹലോക ജീവിതത്തില്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരമായി ശുദ്ധീകരണസ്ഥലം (Purgatroy) എന്ന അവസ്ഥയില്‍ ദീര്‍ഘകാലം ക്ളേശങ്ങള്‍ അനുഭവിച്ച് ആത്മാവു ശുദ്ധമായശേഷമേ സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുകയുള്ളൂ എന്നും കത്തോലിക്കാസഭ പഠിപ്പിക്കുന്നു.
'ജന്മപാപം' അഥവാ ഉദ്ഭവപാപം (Original Sin) എന്ന ആത്മീയ കളങ്കത്തോടെയാണ് എല്ലാ മനുഷ്യരും ഭൂജാതരാകുന്നത്. യേശുക്രിസ്തു സ്ഥാപിച്ച 'മാമ്മോദീസാ' അല്ലെങ്കില്‍ ജ്ഞാനസ്നാനം വഴിയാണ് ജന്മപാപത്തില്‍നിന്നു മോചനം ലഭിക്കുന്നത്. 'ജലത്താലും പരിശുദ്ധാത്മാവിനാലും ഓരോരുത്തരും വീണ്ടും ജനിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സ്വര്‍ഗരാജ്യപ്രവേശനം അസാധ്യമായിരിക്കും' എന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചപ്പോള്‍ അവിടുന്ന് അര്‍ഥമാക്കുന്നത് ജ്ഞാസ്നാനമാണ് (യോഹന്നാന്‍ 3:5). 'എന്റെ അമ്മ എന്നെ പാപത്തില്‍ ഗര്‍ഭം ധരിച്ചു' എന്ന സങ്കീര്‍ത്തനവാക്യത്തിലും ജന്മപാപം സൂചിതമായിരിക്കുന്നു (സങ്കീ. 51; റോമ. 5-12). ജന്മപാപ വിമോചനവും പുത്രസ്വീകാര്യവും വഴി ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ 'മൗതിക ശരീരത്തില്‍'(Mystical body) അംഗമായിത്തീരുകയും ചെയ്യുന്നു. ജന്മപാപത്തിനു പുറമേ, ഓരോ മനുഷ്യനും ചെയ്യുന്ന 'കര്‍മപാപ'ങ്ങള്‍ക്ക് പൊറുതി ലഭിക്കുന്നതിനായി യേശുക്രിസ്തു പൗരോഹിത്യംവഴി സ്ഥാപിച്ചതാണ് കുമ്പസാരം (Confession) എന്ന കൂദാശ.
ചരിത്രാവലോകനം
നസ്രത്തിലെ യേശുക്രിസ്തുവിന്റെ ജീവിതകാലത്ത് സമാരംഭിച്ച ക്രിസ്തുമതം ക്രമേണ വളര്‍ന്നു വ്യാപിച്ചുകൊണ്ടിരുന്നെങ്കിലും ക്രിസ്തുവിന്റെ മരണശേഷമാണ് അതിനു റോമാസാമ്രാജ്യത്തിലെങ്ങും പ്രചുരപ്രചാരം ലഭിച്ചത്. ക്രിസ്തുവിന്റെ മരണത്തോടുകൂടി നഷ്ടധൈര്യരും നിരുന്മേഷരുമായിത്തീര്‍ന്ന ക്രിസ്തുശിഷ്യന്മാര്‍, പുനരുത്ഥിതനായ ക്രിസ്തുവിനെ ദര്‍ശിച്ചതോടെ അവരുടെ ആത്മവിശ്വാസം വീണ്ടെടുത്തു. പെന്തക്കോസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തോടുകൂടി അവര്‍ ക്രിസ്തുവിന്റെ പേരില്‍ ധീരന്മാരും ഉന്മേഷഭരിതരും ആയിത്തീര്‍ന്നു.
ആദ്യകാലസഭ
ക്രിസ്തുമത പ്രഘോഷണവും പ്രചാരണവും സമാരംഭിച്ചത് ജറൂസലേമിലും സമീപ പ്രദേശങ്ങളിലുമാണ്. ശിഷ്യന്മാര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേര്‍ ലഭിച്ചത് അന്ത്യോഖ്യയില്‍ വച്ചാണ്. ആദ്യ ക്രിസ്തുസഭയെ യഹൂദമതത്തിന്റെ ഒരുപവിഭാഗമായി പലരും കരുതി; എങ്കിലും യഹൂദ മതത്തില്‍നിന്ന് ക്രിസ്തുമതം വ്യത്യസ്തമാണെന്ന് ക്രമേണ വ്യക്തമായി. വളര്‍ന്നുവന്ന ക്രിസ്തുസഭയ്ക്ക് താത്വികാനുഷ്ഠാന മണ്ഡലങ്ങളില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു. അവയ്ക്ക് പൊതുവായ ഒരു തീരുമാനം കാണാന്‍വേണ്ടി എ.ഡി. 49-ല്‍ ജറൂസലേമില്‍ ക്രിസ്തുശിഷ്യന്മാര്‍ ഒരു 'സിനഡ്' (കൗണ്‍സില്‍) വിളിച്ചുകൂട്ടി. യഹൂദാനുഷ്ഠാനമായ പരിഛേദനകര്‍മം (Circumcision) ക്രിസ്ത്യാനികള്‍ക്ക് ആവശ്യമില്ലെന്നും, ദൈവമക്കളുടെ സ്വാതന്ത്ര്യമനുഭവിക്കുന്ന ക്രിസ്ത്വനുയായികള്‍ യഹൂദമതത്തിന്റെ നിയമനൂലാമാലകളില്‍നിന്ന് വിമുക്തരാണെന്നും ജറൂസലേം കൗണ്‍സില്‍ പ്രഖ്യാപിച്ചു (അപ്പ. പ്ര. 15:1-35). ഈ തീരുമാനം ക്രിസ്തുമതത്തെ യഹൂദമതത്തില്‍നിന്നു വ്യതിരിക്തമാക്കിയെന്നുമാത്രമല്ല, യഹൂദേതരമതസ്ഥര്‍ക്ക്, വിശിഷ്യ ഗ്രീക്-റോമന്‍ മതസ്ഥര്‍ക്ക് ക്രിസ്തുമതത്തെ കൂടുതല്‍ സ്വാഗതാര്‍ഹമാക്കുകയും ചെയ്തു.
മതതത്ത്വവികാസം
മതതത്ത്വ മണ്ഡലത്തില്‍ കത്തോലിക്കാസഭ വളര്‍ന്നുകൊണ്ടിരിക്കയാണ്. ദൈവാവിഷ്കൃത സത്യങ്ങളുടെ അഥവാ തത്ത്വങ്ങളുടെ എണ്ണവും പരിണാമവും വര്‍ധിക്കുകയില്ല; വെളിപ്പെടുത്തപ്പെട്ട തത്ത്വങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കാനിടവരുന്നു. ഓരോരോ കാലഘട്ടത്തില്‍ ചിന്തകരും ശാസ്ത്രജ്ഞന്മാരും നടത്തുന്ന പഠനഗവേഷണങ്ങളുടെ ഫലമായും, സഭാംഗങ്ങളുടെതന്നെ ദീര്‍ഘകാലാനുഭവത്തിന്റെയും ധ്യാനപരമായ പരിചിന്തനത്തിന്റെയും ഫലമായും, ആവിഷ്കൃത സത്യങ്ങളുടെ പരസ്പരസമന്വയം വഴിയായും അവയുടെ ആഴം കൂടുതല്‍ കൂടുതല്‍ സ്പഷ്ടമായി വരുന്നു; ആവിഷ്കൃത തത്ത്വങ്ങളുടെ കാതലായ ഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലോ വെട്ടിക്കുറയ്ക്കലോ സംഭവിക്കുന്നുമില്ല; അവധാരണം സ്പഷ്ടതരമായിത്തീരുക മാത്രമാണ് ചെയ്യുന്നത്. ഈ പ്രക്രിയയ്ക്കാണ് കത്തോലിക്കാ ദാര്‍ശനികര്‍ 'മതതത്ത്വവികാസം' (Dogmatic Progress) എന്നു പറയുന്നത്. അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്ന്യാക്കിയോസ്, ലിയോണ്‍സ് നഗരത്തിലെ വിശുദ്ധ ഇറേനിയസ്, ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിന്‍, പില്ക്കാലത്ത് യുറോപ്പില്‍ വിശുദ്ധ തോമസ് അക്വീനാസ്, 'കപ്പഡോസ്യന്‍ പിതാക്കന്മാര്‍' മുതലായ പണ്ഡിതന്മാര്‍ ക്രിസ്തുപ്രബോധനങ്ങളെ അവരവരുടെ കാലങ്ങളിലും സ്ഥലങ്ങളിലും കൂടുതല്‍ ഗഹനമായി ഗ്രഹിക്കാനും അവതരിപ്പിക്കാനും ശ്രമിച്ചവരാണ്.
മതപീഡനവും വളര്‍ച്ചയും
ക്രിസ്തുമതത്തിന്റെ ആദ്യകാലമിഷനറിമാര്‍ ക്രിസ്തുശിഷ്യന്മാര്‍ തന്നെയായിരുന്നു. ഇവരില്‍ പ്രമുഖന്‍ വിശുദ്ധ പത്രോസാണ് (St. Peter). പില്ക്കാലത്ത് വിശുദ്ധ പൗലോസും (St. Paul) ഒരു അപ്പോസ്തല പ്രമുഖനായിത്തീര്‍ന്നു. റോമാ സാമ്രാജ്യത്തിലെ സുജ്ഞാത പ്രദേശങ്ങളിലെല്ലാം - റോം, ഏഷ്യമൈനര്‍, ഗ്രീസ്, ഇറ്റലി, ഉത്തരാഫ്രിക്ക മുതലായ ഇടങ്ങളില്‍ - പൗലോസ് സുവിശേഷം പ്രസംഗിച്ചു. ഗ്രീക്, ലത്തീന്‍, ഹീബ്രു എന്നീ ത്രിഭാഷകളില്‍ പണ്ഡിതനായിരുന്ന പൗലോസിന്റെ ഉജ്ജ്വല വാഗ്വിലാസം ഗ്രീക്-റോമന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്തുമതത്തിന്റെ ശീഘ്രപ്രചാരത്തിന് വഴിതെളിച്ചു. എന്നാല്‍ വളരെവേഗം ക്രിസ്തുമതം റോമില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ക്രിസ്തീയാനുഷ്ഠാനങ്ങളും ബൈബിളും മതഗ്രന്ഥങ്ങളും തെറ്റിദ്ധാരണകള്‍ക്ക് വിധേയമായി. റോമാസാമ്രാജ്യത്തിലെ ഏതൊരു അത്യാഹിതത്തിന്റെയും കാരണം ക്രിസ്തുവിശ്വാസികളില്‍ ആരോപിക്കപ്പെട്ടു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭരണകാലത്ത് (എ.ഡി. 54-68) ക്രിസ്തു ശിഷ്യന്മാരായ പത്രോസും പൗലോസും വധിക്കപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (98-117) ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടു; പിന്നീട് ഡിഷസ് ചക്രവര്‍ത്തി (249-251) റോമാസാമ്രാജ്യത്തിലെല്ലായിടത്തുമുള്ള ക്രിസ്ത്യാനികളെ അന്വേഷിച്ചു കണ്ടുപിടിച്ച് ശിക്ഷിക്കുവാന്‍ കല്‍പ്പിച്ചു; ഡയക്ലിഷനും (284-305) ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. എന്നാല്‍ ആദിസഭ രഹസ്യസങ്കേതങ്ങളില്‍ ജീവിച്ചുകൊണ്ട് ഈ ക്രൂരതകളെല്ലാം അതിജീവിച്ചു.
കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ ക്രിസ്തുമത പീഡനത്തിന് അറുതിവന്നു എന്നുപറയാം. ക്രിസ്തു വര്‍ഷം 313-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി തന്റെ പ്രഖ്യാതമായ 'മിലാന്‍ വിളംബരം' പ്രസിദ്ധീകരിച്ചു. അതോടെ അതുവരെയും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ക്രിസ്തുമതം വിശാലമായ റോമാസാമ്രാജ്യത്തിലെങ്ങും അംഗീകൃതമായി. റോമാസാമ്രാജ്യത്തില്‍ മാത്രമല്ല, ക്രിസ്തുസഭയ്ക്കുള്ളിലും ഐക്യം നിലനിര്‍ത്താന്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി പരിശ്രമിച്ചിരുന്നു. യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിച്ചുകൊണ്ട് ആരിയസ് (Arius) എന്ന പുരോഹിതന്‍ നടത്തിയ പ്രചരണം ക്രിസ്തുസഭയില്‍ അനൈക്യം സൃഷ്ടിച്ചപ്പോള്‍ അനുരഞ്ജനാര്‍ഥം എ.ഡി. 325-ല്‍ 'നിക്യാ' എന്ന സ്ഥലത്ത് ഒരു സാര്‍വത്രിക സുന്നഹദോസ് (എക്യുമെനിക്കല്‍ കൗണ്‍സില്‍) വിളിച്ചുകൂട്ടി. കൗണ്‍സിലില്‍ കോണ്‍സ്റ്റന്റയിന്‍ തന്നെ ചില അനുരഞ്ജന 'ഫോര്‍മുല' നിര്‍ദേശിച്ചു. അതാണ്, ക്രിസ്തുവിനെപ്പറ്റി ഇന്നും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സങ്കീര്‍ത്തനം ചെയ്യപ്പെടുന്നതുമായ 'ജാതനെങ്കിലും സൃഷ്ടിക്കപ്പെടാത്തവന്‍, പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ സമസത്തയുള്ളവന്‍' എന്നീ പ്രയോഗങ്ങള്‍. പിന്നീട് 381-ാമാണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ (ഇസ്താംബൂളില്‍) നടന്ന മറ്റൊരു സാര്‍വത്രിക സമ്മേളനത്തില്‍ 'നിക്യാ' കൗണ്‍സിലിന്റെ 'ഫോര്‍മുല' മിക്കവാറും ആവര്‍ത്തിക്കപ്പെട്ടു. അങ്ങനെ 'നിക്യാ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം' (Nicene Constantinople Creed) വിരചിതമായി. 'കപ്പഡോസിയന്‍ പിതാക്കന്മാര്‍' എന്നറിയപ്പെടുന്ന ഗ്രിഗറി നസിയാന്‍സന്‍, നീസായിലെ ഗ്രിഗറി, ബാസില്‍ (ബസിലെയോസ്) എന്നീ പണ്ഡിതവിശുദ്ധന്മാരുടെ പ്രയത്നഫലമായി പ്രസ്തുത 'വിശ്വാസപ്രമാണം' പ്രചുരപ്രചാരമാര്‍ജിക്കുകയും ചെയ്തു.
പുരാതനകാലം മുതല്‍ റോമിലും സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന 'പ്രാക് ക്രിസ്തുമതം' കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്ഷയോന്മുഖമായി. എന്നാല്‍ ജൂലിയന്‍ ചക്രവര്‍ത്തി (361-63) പുരാതന റോമന്‍മതത്തെ (പ്രാക് ക്രിസ്ത്യന്‍ മതത്തെ) പുനരുദ്ധരിക്കാനായി സര്‍വതന്ത്രങ്ങളും പ്രയോഗിച്ച് ശ്രമം നടത്തി; എങ്കിലും ജൂലിയന്‍ ചക്രവര്‍ത്തിയുടെ പരിശ്രമങ്ങളെല്ലാം നിഷ്ഫലമായി. നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം ക്രിസ്തുമതം കൂടുതല്‍ രൂഢമൂലമാകുകയാണ് ചെയ്തത്; ചില നാട്ടിന്‍പുറങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മാത്രം പുരാതന റോമന്‍മതം തങ്ങിനിന്നു. അതിനാല്‍ ജൂലിയന്റെ കാലം മുതല്‍ പ്രാക് ക്രിസ്ത്യന്‍മതത്തിന് 'പെയ്ഗന്‍' മതം (Pagan Religion) എന്ന പേരുണ്ടായി. പാഗൂസ് (Pagus) എന്ന ഗ്രീക് വാക്കില്‍നിന്നാണ് 'പെയ്ഗണ്‍' (Paganus, Pagan) എന്ന വാക്കിന്റെ ഉത്പത്തി. 'ഗ്രാമീണം, നാട്ടിന്‍പുറത്തുള്ളത്' എന്നാണ് 'പെയ്ഗന്‍' ശബ്ദത്തിന്റെ അര്‍ഥം. ജൂലിയന്‍ ചക്രവര്‍ത്തിക്കുശേഷം ഭരിച്ച തിയഡോഷ്യസ് ചക്രവര്‍ത്തി (379-95) പുരാതന റോമന്‍ (പ്രാക് ക്രിസ്ത്യന്‍) മതത്തെ റോമാസാമ്രാജ്യത്തില്‍ നിരോധിച്ചു. ഭരണസൗകര്യാര്‍ഥം തിയഡോഷ്യസ് റോമാസാമ്രാജ്യത്തെ പാശ്ചാത്യം, പൗരസ്ത്യം എന്നു രണ്ടായി വിഭജിച്ചു. ഈ രാഷ്ട്രീയ വിഭജനമാണ് പിന്നീട് ക്രിസ്തുസഭകളുടെ 'പാശ്ചാത്യ-പൗരസ്ത്യ' നാമധേയങ്ങള്‍ക്ക് കാരണമായി ഭവിച്ചത്.
മധ്യയുഗ കത്തോലിക്കാസഭ
5-ാം ശ. മുതല്‍ 11-ാം ശ. വരെയുള്ള കാലഘട്ടത്തെയാണ് യൂറോപ്യന്‍ ചരിത്രത്തില്‍ സാധാരണയായി 'മധ്യയുഗം' എന്നുവിളിക്കുന്നത്. മധ്യയുഗ യൂറോപ്പിന് പല കാര്യങ്ങളിലും ഒരു ഏകതാനത്വമുണ്ടായിരുന്നു. പൊതുവായ ഒരു ഭാഷയും സംസ്കാരവും മതവും യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളെ തമ്മില്‍ യോജിപ്പിച്ചു. ലത്തീന്‍ അക്കാലത്ത് യൂറോപ്പിലെങ്ങും സമ്പര്‍ക്കഭാഷയായി ഉപയോഗിക്കപ്പെട്ടു. ഇവയ്ക്കു പുറമേ, പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന രാഷ്ട്ര-സഭാ നിയമങ്ങളും മത-തത്ത്വദര്‍ശനങ്ങളും സാംസ്കാരിക പാരമ്പര്യവും ഏകജനതാബോധവും, സര്‍വോപരി എപ്പോഴും ഏകീകൃത ശക്തിയായി വര്‍ത്തിച്ചിരുന്ന റോമന്‍ മാര്‍പ്പാപ്പമാരും യൂറോപ്പില്‍ ഐക്യം വളര്‍ത്തി. പൊതുവില്‍ മധ്യയുഗം കത്തോലിക്കാസഭയുടെ സുവര്‍ണകാലമായിരുന്നു. ആറാം ശതകത്തില്‍ വിശുദ്ധ പാട്രിക്കും കാന്റര്‍ബെറിയിലെ വിശുദ്ധ അഗസ്റ്റിനും ബ്രിട്ടീഷ് ദ്വീപുകളില്‍ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചു; 'അര്‍ധഅര്യന്‍' ജനവര്‍ഗങ്ങളെ കത്തോലിക്കാസഭയുമായി രഞ്ജിപ്പിക്കുന്നതിനും അവര്‍ വഴിതെളിച്ചു. എട്ടാം ശതകത്തില്‍ വിശുദ്ധ ബോനിഫസ് പൗരസ്ത്യ ഫ്രാങ്കുകളെ (East Franks) ക്രിസ്തുമതത്തിലേക്ക് ആനയിച്ചു. സിറില്‍, മെത്തോഡിയസ് എന്നീ സിദ്ധന്മാര്‍ റഷ്യ, പോളണ്ട്, യുഗോസ്ളാവിയ, ചെക്കോസ്ലോവാക്യ മുതലായ രാജ്യങ്ങളിലെ സ്ളാവിക് വര്‍ഗക്കാരെ ഒമ്പതാം ശതകത്തില്‍ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി.
800-ാമാണ്ട് ക്രിസ്മസ് ദിവസം ലെയോ III മാര്‍പ്പാപ്പ ഫ്രാങ്ക് വര്‍ഗക്കാരുടെ രാജാവായ മഹാനായ ചാള്‍സിനെ 'ഷാര്‍ല്മെയ്ന്‍' എന്ന പേരില്‍ പരിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഫ്രാങ്ക് വര്‍ഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുമതം ആശ്ളേഷിച്ചു; യൂറോപ്പില്‍ ക്രിസ്തുമതം ഒരു വന്‍ശക്തിയായി. ഇതോടെ 'ക്രൈസ്തവ സാമ്രാജ്യം' (Christendom) എന്ന ആശയം യൂറോപ്പില്‍ മിക്കവാറും സാക്ഷാത്കൃതമായി. ലെയോന്‍ I മാര്‍പ്പാപ്പയുടെ ഭരണകാലത്ത് (440-61), മാര്‍പ്പാപ്പാസ്ഥാനത്തിന് പ്രത്യേകമാന്യതയും അംഗീകാരവും സിദ്ധിച്ചു; അന്നുമുതല്‍, ക്രൈസ്തവ ജനതകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ശക്തിയായി മാര്‍പ്പാപ്പാസ്ഥാനം അംഗീകരിക്കപ്പെട്ടു. അഞ്ചാം ശ. മുതല്‍ 20-ാം ശ. വരെ മാര്‍പ്പാപ്പയ്ക്ക് ലൗകികഭരണാധികാരവും ഉണ്ടായിരുന്നു; ഇറ്റലിയുടെ ഭൂരിഭാഗവും മാര്‍പ്പാപ്പയുടെ അധീനത്തിലായിരുന്നു. ഇപ്പോള്‍ 'പേപ്പല്‍ സ്റ്റെയ്റ്റ്' വെറും നൂറ്റിയെട്ട് ഏക്കര്‍ (50 ഹെക്ടര്‍) മാത്രമാണ്. ലോകത്തിലെ മിക്ക പ്രധാന രാഷ്ട്രങ്ങളുമായി 'വത്തിക്കാന്‍' (Vatican) എന്നറിയപ്പെടുന്ന പേപ്പല്‍ സ്റ്റെയിറ്റിന് നയതന്ത്രബന്ധമുണ്ട്.
സന്ന്യാസസഭകള്‍
റോമന്‍ ചക്രവര്‍ത്തിയായ ഡീഷസിന്റെ കാലം (3-ാം ശ.) മുതലാണ് കത്തോലിക്കാ സഭയില്‍ സന്ന്യാസ ജീവിതചര്യ പ്രചാരത്തില്‍ വന്നത്. ഡിഷസിന്റെ ക്രിസ്തുമതപീഡനം ഭയന്ന് ഈജിപ്ഷ്യന്‍ മരുപ്രദേശങ്ങളില്‍ അഭയം കണ്ടെത്തിയ ക്രൈസ്തവ സിദ്ധന്മാരാണ് ക്രൈസ്തവസന്ന്യാസം അവിടെയും സമീപപ്രദേശങ്ങളിലും പ്രചരിപ്പിച്ചത്. പക്കോമിയസ്, 'മരുഭൂമിയിലെ അന്തോനീസ്' എന്നീ സിദ്ധന്മാരാണ് ഇവരില്‍ പ്രമുഖര്‍. ബെനഡിക്ട് (480-547) എന്ന സിദ്ധന്‍ മരുഭൂമിയിലെ വിശുദ്ധ അന്തോനീസിന്റെ ജീവചരിത്രം വായിച്ച് സന്ന്യാസ ജീവിതത്തിന് പ്രചോദിതനായി. ഇറ്റലിയിലെ സുബ്യാക്കോ മോന്തോ കസ്സീനോ ബെനഡിക്ട് സന്ന്യാസാശ്രമങ്ങള്‍ സ്ഥാപിച്ചു. ഈ ബെനഡിക്ടന്‍ സന്ന്യാസാശ്രമങ്ങള്‍, കത്തോലിക്കാസഭയിലെ നൂറുകണക്കിന് ഇതര സന്ന്യാസസഭകള്‍ക്ക് പ്രചോദനമേകി. വിശുദ്ധ ബെനഡിക്ടിന്റെ 'സന്ന്യാസ നിയമസംഹിത'യാണ് ഈ സന്ന്യാസസഭകളുടെ നിയമാവലിയുടെ മൗലികരൂപം. ക്രിസ്ത്വബ്ദം ആറാം
i. മുതല്‍ 12-ാം ശ. വരെ വിവിധ സന്ന്യാസഭകള്‍ കത്തോലിക്കാസഭയില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിനുശേഷവും ആധുനിക യുഗത്തിലും കത്തോലിക്കാസഭയില്‍ സന്ന്യാസസമൂഹങ്ങള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്. 590 മുതല്‍ 604 വരെ കത്തോലിക്കാസഭയുടെ ഭരണസാരഥ്യം വഹിച്ച മഹാനായ ഗ്രഗോറിയോസ് മാര്‍പ്പാപ്പ, ആദ്യകാലത്ത് റോമാസാമ്രാജ്യത്തിലെ ഒരു ഉന്നത 'സിവില്‍' ഉദ്യോഗസ്ഥനായിരുന്നു. ക്രൈസ്തവ സന്ന്യാസിമാരുടെ ധന്യജീവിതത്തില്‍ ആകൃഷ്ടനായ അദ്ദേഹം രാഷ്ട്രീയോദ്യോഗം രാജിവച്ചശേഷം ക്രൈസ്തവസന്ന്യാസം സ്വീകരിക്കുകയാണുണ്ടായത്. മാര്‍പ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷവും തന്റെ സന്ന്യാസചര്യ ഗ്രിഗോറിയോസ് അഭംഗുരം തുടര്‍ന്നു. തീഷ്ണമതിയായ ഇദ്ദേഹമാണ് കാന്റര്‍ബറിക്കാരന്‍ അഗസ്റ്റിനെ 'മിഷനറിയായി' ഇംഗ്ലണ്ടിലേക്ക് അയച്ചതും മാര്‍പ്പാപ്പാസ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചതും.
കാലക്രമത്തില്‍ കപ്പുച്ചിന്‍സഭ, ഡൊമിനിക്കന്‍സഭ, കര്‍മലീത്താസഭ, ഈശോസഭ തുടങ്ങിയ അനേകം സന്ന്യാസസഭകള്‍ രൂപംകൊണ്ടു. ഈ സഭകളിലെ വൈദികര്‍ തങ്ങളുടെ പ്രാര്‍ഥനകളിലൂടെയും ഭക്താനുഷ്ഠാനങ്ങളിലൂടെയും കത്തോലിക്കാ സഭയുടെ വളര്‍ച്ചയെ സഹായിച്ചു. അച്ചടിവിദ്യ കണ്ടുപിടിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് ഈ സഭകളിലെ സന്ന്യാസിമാര്‍ വളരെ ക്ഷമയോടെ പുരാതന ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെടുത്ത് ഗ്രന്ഥശാലകളില്‍ സൂക്ഷിച്ചിരുന്നത് ശ്രദ്ധേയമാണ്.
സന്ന്യാസസമൂഹങ്ങളോടൊപ്പംതന്നെ അനേകം സന്ന്യാസിനീ സമൂഹങ്ങളും കത്തോലിക്കാസഭയില്‍ പ്രത്യക്ഷപ്പെട്ടു. ഈ സമൂഹങ്ങളില്‍പ്പെട്ട കന്യാസ്ത്രീകള്‍ ആതുരശുശ്രൂഷാരംഗത്തും, വിദ്യാഭ്യാസരംഗത്തും മറ്റനേകം രംഗങ്ങളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. കര്‍മലീത്താ സന്ന്യാസിനീ സമൂഹം, വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹം, ക്ലാരിസ്റ്റ് സന്ന്യാസിനീ സമൂഹം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളാണ്.
സാമൂഹിക സംഘടന
മധ്യയുഗങ്ങളില്‍ സഭാ-രാഷ്ട്രസീമകള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ പലപ്പോഴും സഭാ-രാഷ്ട്രസംഘര്‍ഷങ്ങള്‍ തലപൊക്കിയിരുന്നു. ആത്മാവ് ശരീരത്തെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതിനാല്‍ ആധ്യാത്മിക നേതാവായ മാര്‍പ്പാപ്പ ഭൗതികശക്തികളെക്കാള്‍ ശ്രേഷ്ഠനും രാഷ്ട്രീയാധികാരികളുടെ മേല്‍ അധികാരമുള്ളയാളുമാണെന്ന നിലപാടാണ് മധ്യയുഗങ്ങളില്‍ മാര്‍പ്പാപ്പമാര്‍ പൊതുവേ സ്വീകരിച്ചിരുന്നത്. ദൈവസ്ഥാപിതമായ കത്തോലിക്കാസഭയില്‍ അംഗത്വവും, ആ സഭയുടെ പ്രബോധനങ്ങളോടും അനുശാസനങ്ങളോടുമുള്ള വിധേയത്വം നിത്യരക്ഷാപ്രാപ്തിക്ക് അവശ്യോപാധിയാണെന്ന ബോധവും, ആ ബോധത്തിനനുസൃതമായ തീക്ഷ്ണതയും നിമിത്തം മധ്യയുഗങ്ങളില്‍ മതസഹിഷ്ണുത കുറവായിരുന്നു. 'പാഷണ്ഡതകളും ശീശ്മകളും' (heresies and schisms), സഭയുടെ കെട്ടുറപ്പിനും നിലനില്‍പ്പിനും ദോഷകരമാണെന്ന വിശ്വാസം നിമിത്തം കത്തോലിക്കാതത്ത്വങ്ങളുടെ പ്രബോധന പരിശുദ്ധിയില്‍ (purity of doctrine and creed), സഭാധികാരികള്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്നു. അതിനാല്‍ വിമതസ്ഥരോടും സഭയുടെ ഔദ്യോഗിക പ്രഖ്യാപന നിഷേധികളോടും സഭാധികാരികള്‍ നിഷ്കരുണം പെരുമാറി. 12, 13 ശതകത്തില്‍ 'പാഷണ്ഡികള്‍' (heretics) എന്നു സംശയിച്ചിരുന്നവരെ നിര്‍ദയം ചുട്ടുകരിച്ചിരുന്നു; മന്ത്ര-കൂടോത്രവാദികളും യക്ഷിസേവകരുമായ പശ്ചാത്തപിക്കാത്ത 'പരസ്യപാപി'കള്‍ക്ക് പരസ്യശിക്ഷ നല്‍കിയിരുന്നു. അനേകംപേര്‍ ഇങ്ങനെ വധിക്കപ്പെട്ടു.
സഭാസംഘടന
മധ്യയുഗങ്ങളില്‍ മതാധികാരത്തിലും സഭാഭരണത്തിലും കൈകടത്താന്‍ ചില രാഷ്ട്രീയാധികാരികളും പരിശ്രമിച്ചിരുന്നു. മെത്രാന്മാരുടെ നിയമത്തില്‍പ്പോലും ചില യൂറോപ്യന്‍ ഭരണാധികാരികള്‍ ഇടപെട്ടിരുന്നു. എന്നാല്‍ മാര്‍പ്പാപ്പമാര്‍ ഭരണാധികാരികളുടെ ആ പ്രവണതയെ ആദ്യംമുതല്‍തന്നെ ചെറുത്തുനിന്നു. 11-ാം ശതകത്തോടെ അത് പൂര്‍ണമായി നിര്‍ത്തലാക്കി. 1073 മുതല്‍ 1085 വരെ സഭാഭരണം നിര്‍വഹിച്ച ഗ്രിഗോറിയോസ് VII മാര്‍പ്പാപ്പയാണ് സഭാകാര്യത്തില്‍ രാഷ്ട്രീയാധികാരികളുടെ കൈകടത്തലുകള്‍ പൂര്‍ണമായി നിരോധിച്ചത്. 'ക്രിസ്തുവിന്റെ പ്രതിനിധി' (Vicar of Christ) എന്ന അഭിധാനം മാര്‍പ്പാപ്പ സ്വയം സ്വീകരിക്കുകയും ചെയ്തു. 1059-ലെ മാര്‍പ്പാപ്പ തിരഞ്ഞെടുപ്പിനുശേഷം കത്തോലിക്കാസഭയില്‍ 'കര്‍ദിനാള്‍ സംഘം' (college of Cardinals) രൂപവത്കരിച്ചതും സഭാനിയമം (Canon Law) ക്രോഡീകരിച്ചതും കത്തോലിക്കാസഭയുടെ കാര്യക്ഷമതയ്ക്ക് സഹായകമായി.
ഇന്നസെന്റ് മാര്‍പ്പാപ്പയുടെ ഭരണകാലത്ത് (1198-1216) പാപ്പാസ്ഥാനം അത്യധികം പ്രശസ്തമായി. ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസ് രാജാവും, ഇംഗ്ലണ്ടിലെ ജോണ്‍രാജാവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ എട്ടാം ബോനിഫസ് മാര്‍പ്പാപ്പയാണ് (1294-1303) മധ്യസ്ഥംവഹിച്ചതും അനുരഞ്ജനം സ്ഥാപിച്ചതും. ഇത്തരം പ്രവര്‍ത്തനങ്ങളാണ് മാര്‍പ്പാപ്പാസ്ഥാനത്തിന്റെ ഖ്യാതി വര്‍ധിപ്പിച്ചത്. മാര്‍പ്പാപ്പയ്ക്ക് സാര്‍വത്രിക കത്തോലിക്കാസഭയില്‍ ആധ്യാത്മികാധികാരമുള്ളതിനാല്‍, ആധ്യാത്മിക വിഷയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭൗതിക കാര്യങ്ങളിലും മാര്‍പ്പാപ്പയ്ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം വാദിച്ചു.
ഓര്‍ത്തഡോക്സ് സഭകള്‍
പൗരസ്ത്യ ക്രൈസ്തവ സഭയിലെ ഒരു പ്രമുഖ വിഭാഗം. ശരിയായ സിദ്ധാന്തം അഥവാ സത്യാരാധന എന്നാണ് 'ഓര്‍ത്തഡോക്സ്' എന്ന പദത്തിന്റെ അര്‍ഥം. മധ്യപൂര്‍വദേശത്തും ബാള്‍ക്കന്‍ രാജ്യങ്ങളിലും റഷ്യയിലുമാണ് ആദ്യകാലത്ത് ഈ സഭകള്‍ ശക്തിപ്രാപിച്ചിരുന്നത്. ഇന്ന് ഏഷ്യയിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും സഭ വ്യാപിച്ചിട്ടുണ്ട്. പല സ്വതന്ത്ര (autocephalous) സഭകളും ഓര്‍ത്തഡോക്സ് (സിറിയന്‍ ഓര്‍ത്തഡോക്സ്, ഗ്രീക് ഓര്‍ത്തഡോക്സ്, റഷ്യന്‍ ഓര്‍ത്തഡോക്സ് തുടങ്ങിയവ) എന്നപേരില്‍ അറിയപ്പെടുന്നു. പാത്രിയാര്‍ക്കീസുമാരോ കാതോലിക്കാമാരോ മെത്രാപ്പൊലീത്തമാരോ ആയിരിക്കും ഈ സഭകളുടെ പരമാധികാരികള്‍. അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭയെ പ്രധാനമായും അന്ത്യോഖ്യന്‍, ബൈസന്റയിന്‍ എന്ന് രണ്ടായി തിരിക്കാം.
അന്ത്യോഖ്യന്‍ സുറിയാനി സഭ
പൊതുവിവരണം
'അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും' അപ്പോസ്തോലിക സിംഹാസനത്തില്‍ കീഴിലുള്ള സഭയാണിത്. ക്രൈസ്തവസഭാ ചരിത്രത്തില്‍ മഹത്തായ ഒരു സ്ഥാനമാണ് സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളത്. അപ്പോസ്തോലിക കാലത്തുതന്നെ ജെറൂസലേമിലെ സഭ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അന്ത്യോഖ്യയിലെ സഭയ്ക്ക് നല്‍കപ്പെട്ടിരുന്നു. യേശുവിന്റെ അനുയായികള്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന പേരുണ്ടായത് അന്ത്യോഖ്യയില്‍ വച്ചാണ് (Acts 11.26). ക്രിസ്ത്വബ്ദം 37-ല്‍ വിശുദ്ധ പത്രോസ് ശ്ളീഹാ അന്ത്യോഖ്യയില്‍ സിംഹാസനം സ്ഥാപിച്ച് ഏഴുവര്‍ഷം അതിന്റെ അധിപതിയായി ഭരണം നടത്തി. ക്രൈസ്തവസഭയുടെ പുരോഗതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അനേകം വിശുദ്ധ പിതാക്കന്മാരുടെ നാമങ്ങള്‍ അന്ത്യോഖ്യാസഭയുടെ ചരിത്രം അലങ്കരിക്കുന്നു. രക്തസാക്ഷിയായ മാര്‍ ഇഗ്നാത്തിയോസ് (മാര്‍ ഇഗ്നാത്തിയോസ് നൂറോനോ), 'സ്വര്‍ണനാവുകാര'നായ മാര്‍ ഇവാനിയോസ്, വിശ്വാസധീരനായ മാര്‍ യാക്കോബ് ബൂര്‍ദാന, പണ്ഡിതവര്യനായ മാര്‍ എബ്രയ തുടങ്ങിയ പിതാക്കന്മാര്‍ ഈ സഭയുടെ അഭിമാനസ്തംഭങ്ങളാണ്.
യേശു ഒരു ശിശുവിനെ എടുത്ത് ശിഷ്യന്മാരുടെ നടുവില്‍ നിര്‍ത്തി അണച്ചുകൊണ്ട് അവരോട്: 'ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു' എന്നുപറഞ്ഞു. ആ ശിശുവാണ് പില്ക്കാലത്ത് 'അന്തോഖ്യയുടെയും കിഴക്കൊക്കെ'യുടെയും 'പാത്രിയര്‍ക്കീസ് III ആയിത്തീര്‍ന്ന മാര്‍ ഇഗ്നാത്തിയോസ് നൂറോനോ എന്ന് പാരമ്പര്യം ഉദ്ഘോഷിക്കുന്നു. തെയോഫോറോസ് എന്ന് മറ്റൊരു നാമവും ഇഗ്നാത്തിയോസിന് ഉണ്ടായിരുന്നു (തെയോഫോറോസ് - ദൈവത്താല്‍ വഹിക്കപ്പെട്ടവന്‍). മാര്‍ ഇഗ്നാത്തിയോസ് ആദിമ ക്രൈസ്തവ സഭയുടെ അഭിമാനമായിരുന്നു. പിന്നാലെവന്ന പാത്രിയര്‍ക്കീസുമാര്‍ ആ നാമധേയം സ്വീകരിച്ചു. കാലക്രമത്തില്‍ അത് അന്ത്യോഖ്യാപാത്രിയര്‍ക്കീസിന്റെ സ്ഥാനപ്പേരായി. അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ്ക ആയിരുന്ന പത്രോസ് കുറേക്കാലത്തെ ഭരണത്തിനുശേഷം അന്ത്യോഖ്യയിലെ ഇടവകവികാരിയായിരുന്ന യവുദിയോസിനെ പാത്രിയര്‍ക്കീസായി അവരോധിച്ചിട്ട് പാശ്ചാത്യനാടുകളില്‍ സുവിശേഷഘോഷണത്തിന് ഇറങ്ങിത്തിരിച്ചു. യവുദിയോസിന്റെ പിന്‍ഗാമിയായിരുന്നു ഇഗ്നാത്തിയോസ് നൂറോനോ.
കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുന്നതിനു മുമ്പ് ഏറിയും കുറഞ്ഞും ഉള്ള മതപീഡനങ്ങള്‍ സഭ നേരിടേണ്ടിവന്നു. എ.ഡി. 107-ല്‍ അന്ത്യോഖ്യയില്‍ ഒരു വലിയ ഭൂചലനം ഉണ്ടായി. ക്രിസ്ത്യാനികളുടെ ദേവവിരോധം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിശ്വസിച്ച ട്രാജന്‍ ചക്രവര്‍ത്തി വിഗ്രഹാരാധനയും മറ്റു പേഗന്‍ ആചാരങ്ങളും നിര്‍ബന്ധിതമാക്കി. അന്ത്യോഖ്യയിലെ നസ്രാണികളുടെ തലവനായിരുന്ന ഇഗ്നാത്തിയോസ് അറസ്റ്റു ചെയ്യപ്പെട്ടു.
ഇഗ്നാത്തിയോസും ട്രാജന്‍ ചക്രവര്‍ത്തിയും തമ്മില്‍ ഉണ്ടായ സംഭാഷണം ചില പുരാതന കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധന്റെ വിശ്വാസസ്ഥിരതയും ധാര്‍മിക ധൈര്യവും വ്യക്തമായി വെളിപ്പെടുത്തുന്ന രേഖകളാണവ. എന്നാല്‍ സംഭാഷണത്തിന്റെ അന്ത്യത്തില്‍ ഇഗ്നാത്തിയോസിനെ റോമില്‍ കൊണ്ടുപോയി വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കണമെന്ന വിധിയാണ് ചക്രവര്‍ത്തിയില്‍നിന്നും ഉണ്ടായത്. 107 ഒ. 17-ന് വിധി നടപ്പാക്കപ്പെട്ടു. ഇഗ്നാത്തിയോസിന്റെ മരണം ട്രാജന്‍ ചക്രവര്‍ത്തിയുടെ മനംമാറുന്നതിന് ഇടയാക്കി.
ഇഗ്നാത്തിയോസിന്റെ ലേഖനങ്ങള്‍ സാര്‍വലൗകിക സഭയുടെ സത്യവിശ്വാസത്തിന്റെ ചട്ടക്കൂട് ഉള്‍ക്കൊള്ളുന്നതായി കര്‍ദിനാള്‍ ന്യൂമാന്‍ സാക്ഷീകരിച്ചിട്ടുണ്ട്. 'സഭ ഈശ്വരനാല്‍ സ്ഥാപിതമായ ഒരു ദൃശ്യസമൂഹമാണ്. അതിന്റെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയാണ്. പൗരോഹിത്യം ക്രിസ്തുവിന്റെ സൃഷ്ടിയാണ്. പൗരോഹിത്യത്തില്‍ മൂന്നു സ്ഥാനികളാണുള്ളത്. സഭയില്‍ ഐക്യത്തിന്റെയും അധികാരത്തിന്റെയും ഉറവിടം എപ്പിസ്കോപ്പ ആകുന്നു. എപ്പിസ്കോപ്പയുടെ അധികാരം ദൈവദത്തവും സമ്പൂര്‍ണവും ആകുന്നു' എന്നിങ്ങനെ പോകുന്നു ആ ചട്ടക്കൂടിന്റെ ചിത്രം.
ശ്ളൈഹിക പാരമ്പര്യം
അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ് I ആയിരുന്ന പത്രോസ് മുതല്‍ ഇടമുറിയാതെ ഇന്നും നിലനില്ക്കുന്ന അന്ത്യോഖ്യാപാത്രിയര്‍ക്കീസ്മാരുടെ ശൃംഖലയില്‍ 143-ാമത്തെ പാത്രിയര്‍ക്കീസാണ് ഇന്നു ഈ സിംഹാസനത്തില്‍ വാഴുന്ന ഇഗ്നാസ്യോസ് സാക്കാ പ്രഥമന്‍. 'അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും' പാത്രിയര്‍ക്കീസ് എന്നാണ് ഈ സിംഹാസനാരൂഢന്മാര്‍ ആദ്യകാലം മുതല്‍ അറിയപ്പെട്ടുപോരുന്നത്. സത്യവിശ്വാസത്തെ നിലനിര്‍ത്തിയ നീതിമാനും പുണ്യവാനുമായ യാക്കോബ് ബുര്‍ദാനയുടെ കാലത്താണ് ഇതിനു 'യാക്കോബായ വിശ്വാസം' എന്ന പേരുണ്ടായത്. യാക്കുബ്യര്‍ എന്നു നിന്ദ്യമായി വിളിക്കപ്പെട്ട ഈ നാമം നിന്ദ്യമായ കുരുശു വഹിച്ച ക്രിസ്തുവിന്റെ നാമത്തില്‍ സസന്തോഷം സഭ വഹിക്കുന്നു. ഇസ്രയേല്‍ എന്നു വിളിക്കപ്പെട്ട ഗോത്രപിതാവായ യോക്കോബിനാല്‍ സൂചിപ്പിക്കപ്പെട്ട സര്‍വ സഭാരഹസ്യങ്ങളും നിറവേറ്റപ്പെട്ടതും കര്‍ത്താവിന്റെ സഹോദരന്‍ എന്നറിയപ്പെടുന്ന യാക്കോബിനാല്‍ ആദ്യകുര്‍ബാന വഴിയായി ശുശ്രൂഷിക്കപ്പെട്ട രഹസ്യങ്ങളും ഈ യാക്കോബായ എന്ന നാമം വഹിക്കുന്നു (ഏശായ്യ. 43:1).
ഈ സഭയിലെ ആദ്യപിതാക്കന്മാര്‍ സമ്പുഷ്ടവും ആകര്‍ഷകവുമായ ആരാധനാരീതികളും 'ലിറ്റര്‍ജി'കളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാര്‍ അപ്രേം, മാര്‍ യാക്കോബ് തുടങ്ങിയ പിതാക്കന്മാര്‍ ഇതില്‍ സ്മരണീയരാണ്. ഈ സഭയില്‍നിന്ന് കാലാകാലങ്ങളില്‍ മറ്റു പല സഭാവിഭാഗങ്ങളും സംജാതമായിട്ടുണ്ട്. അന്ത്യോഖ്യന്‍ ആരാധനാരീതികള്‍ ഇന്നും ഈ സഭകളില്‍ തുടര്‍ന്നുവരുന്നു. അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് പ്രധാന മേലധ്യക്ഷനായുള്ള ഇന്ത്യയിലെ യാക്കോബായ സഭയും കിഴക്കിന്റെ കാതോലിക്ക തലവനായുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയും അന്ത്യോഖ്യന്‍ 'ലിറ്റര്‍ജി' അതേപടി തുടര്‍ന്നുസൂക്ഷിക്കുന്നു. നവീകരണസഭ എന്നറിയപ്പെടുന്ന മാര്‍ത്തോമ്മാസഭ ഇതില്‍ സാരമായ പല വ്യത്യാസങ്ങളും വരുത്തി ഉപയോഗിക്കുന്നു.
വിശ്വാസം
അന്ത്യോഖ്യന്‍ സഭയുടെ കാതലായ വിശ്വാസരേഖ നിഖ്യാ വിശ്വാസപ്രമാണം തന്നെയാണ്. നിഖ്യ സുന്നഹദോസ് വരെ ക്രിസ്തുസഭ ഒന്നായിരുന്നു. സഭയും സഭയോട് ഉറ്റബന്ധമുള്ള കത്തോലിക്കാസഭയും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. പരിശുദ്ധ റൂഹായുടെ പുറപ്പാടിലുള്ള വിശ്വാസമാണ് അവയില്‍ പ്രധാനം. വിശുദ്ധ റൂഹാ പിതാവില്‍നിന്നു പുറപ്പെട്ട് പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെടുന്നു എന്ന് അന്ത്യോഖ്യന്‍ സഭ പഠിപ്പിക്കുന്നു.
ബൈസാന്തിയന്‍ സഭ
ബൈസാന്തിയം (കോണ്‍സ്റ്റാന്റിനോപ്പിള്‍) കേന്ദ്രമാക്കിയുള്ള സഭകളാണ് ബൈസന്റയിന്‍ സഭകള്‍. എ.ഡി. 330-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പട്ടണമാണ് ബൈസാന്തിയം. ഈ പട്ടണം പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നതിനാല്‍ 'പുതിയ റോമ' എന്നറിയപ്പെട്ടു. റോമിലെ മെത്രാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം പുതിയ റോമിലെ മെത്രാന് ചക്രവര്‍ത്തിമാര്‍ നേടിക്കൊടുത്തു. ഇന്നത്തെ ടര്‍ക്കി, സിറിയയുടെ ഉത്തരഭാഗം, ഗ്രീസ്, തെക്കന്‍ ബാള്‍ക്കന്‍ പ്രദേശങ്ങള്‍ എന്നിവ ബൈസന്തിയന്‍ പാത്രിയാര്‍ക്കേറ്റില്‍ ഉള്‍പ്പെട്ടിരുന്നു.
കാല്‍സിഡന്‍ സിനഡോടുകൂടി (451) കാല്‍സിഡണ്‍ അംഗീകരിക്കുന്ന ബൈസന്റയിന്‍ സഭ 'ഓര്‍ത്തഡോക്സ്' എന്ന പേര്‍ സ്വീകരിച്ചു. സത്യവിശ്വാസം അധ്യാപനം ചെയ്യുന്ന സഭ എന്നാണ് ഇതിന്റെ അര്‍ഥം. കാല്‍സിഡണ്‍ തിരസ്കരിച്ച ഏകസ്വഭാവ വാഹികളില്‍ നിന്നു തിരിച്ചറിയാനാണ് അവര്‍ ഇതുപയോഗിച്ചത്.
ബൈസന്റയില്‍ സഭ സ്വന്തമായൊരാരാധനാക്രമം രൂപീകരിച്ചു. പലസ്തീന, അന്ത്യോഖ്യ, കപ്പഡോഷ്യ എന്നിവിടങ്ങളിലെ ആരാധനാക്രമങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് ബൈസന്റയിന്‍ ക്രമം. ക്രൈസ്തവസഭയിലെ ആദ്യത്തെ സിനഡുകളൊക്കെ ബൈസന്റയിന്‍ സഭയ്ക്ക് സ്വാധീനം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍വച്ചാണ് നടന്നത്.
ബൈസന്റയിന്‍ സഭ കാലക്രമത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ക്രിസ്തുമതം മുഖ്യമായും ബൈസന്റയിന്‍ മതമാണ്. ബൈസന്റയിന്‍ സഭകളില്‍ പലതും ഇപ്പോള്‍ ദേശീയ സഭകളാണ്. അതായത്, ഏതെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയാതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന സഭകള്‍. ഈ സഭകളുടെയെല്ലാം സമൂഹമാണ് ഇന്ന് ബൈസന്റയിന്‍ സഭ. പ്രധാനമായും രണ്ടുതരം സഭകള്‍ ഇതില്‍പ്പെടുന്നു; ശ. സഭാഭരണം സംബന്ധിച്ച് സ്വാതന്ത്ര്യം ഉള്ള 'ഓട്ടോ സെഫാലസ്' സഭകള്‍, ശശ. സ്വന്തമായി സഭാധ്യക്ഷരുണ്ടെങ്കിലും മറ്റുള്ളവരുടെ അംഗീകാരം ആവശ്യമുള്ള 'ഓട്ടോണമസ്' സഭകള്‍.
എക്യുമെനിക്കല്‍ പേട്രിയാര്‍ക്കേറ്റ് ആണ് ബൈസന്റയിന്‍ സഭകളുടെ മാതൃസഭ. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്റെ പേരാണ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് എന്നത്. 'സാര്‍വത്രികം' എന്നാണ് വാക്കിനര്‍ഥം. ബൈസന്റയിന്‍ ലോകത്തെ പൊതുപിതാവ് എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം. ക്രൈസ്തവ സഭകളില്‍ കത്തോലിക്കാസഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത് ബൈസന്റയിന്‍ ഓര്‍ത്തഡോക്സ് സഭയിലാണ്.
കാല്‍സിഡണ്‍ സിനഡിനുശേഷം (451) അന്ത്യോഖ്യാ, ജറൂസലേം, അലക്സാണ്ട്രിയ എന്നിവിടങ്ങളിലെ കാല്‍സിഡണ്‍ അനുകൂലിക്കുന്നവര്‍ ബൈസന്റയിന്‍ ആരാധനാക്രമം സ്വീകരിച്ച് ബൈസന്റയിന്‍കാരായി. അവരുടേതാണ് അലക്സാണ്ട്രിയന്‍ പേട്രിയാര്‍ക്കേറ്റ്, അന്ത്യോഖ്യന്‍ പേട്രിയാര്‍ക്കേറ്റ്, ജറൂസലേം പേട്രിയാര്‍ക്കേറ്റ് എന്നീ മൂന്നെണ്ണം. തങ്ങളുടെ പരമ്പരാഗത ഭൂപ്രദേശങ്ങള്‍ക്ക് പുറത്ത് തങ്ങളുടെ ജനങ്ങള്‍ ഉള്ളിടത്തെല്ലാം മേല്പറഞ്ഞ നാലു സഭകളും സഭാധികാരം പ്രയോഗിക്കുന്നു. മറ്റു ബൈസന്റയിന്‍ സഭകളാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ. ബള്‍ഗേറിയന്‍ ഓര്‍ത്തഡോക്സ് സഭ, ചെക്കോസ്ലോവാക്യ, ഓര്‍ത്തഡോക്സ് സഭ, ഫിന്നിഷ് ഓര്‍ത്തഡോക്സ് സഭ, ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭ, ഗ്രീസിലെ ഓര്‍ത്തഡോക്സ് സഭ, മാസിഡോണിയന്‍ ഓര്‍ത്തഡോക്സ് സഭ, പോളിഷ് ഓര്‍ത്തഡോക്സ് സഭ, റൊമാനിയന്‍ ഓര്‍ത്തഡോക്സ് സഭ, സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ, അമേരിക്കയിലെ ഓര്‍ത്തഡോക്സ് സഭ, ജപ്പാനിലെ ഓര്‍ത്തഡോക്സ് സഭ, റഷ്യയ്ക്കു പുറത്തുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ, അമേരിക്കയിലെ യുത്രേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നീ പതിനാലെണ്ണം.
ബൈസന്റയിന്‍ജനത മൊത്തം 16 കോടിയിലധികംവരും. ഈ സഭകളൊന്നും യാക്കോബായ സഭകളുമായി പരിപൂര്‍ണ സംസര്‍ഗത്തിലെത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ തമ്മില്‍ പല ഐക്യചര്‍ച്ചകളും സന്ദര്‍ശനങ്ങളും നടക്കുന്നുണ്ട്.
മറ്റു സ്വതന്ത്ര പൗരസ്ത്യ സഭകള്‍
മാര്‍പ്പാപ്പയുടെയോ സാര്‍വത്രിക പാത്രിയര്‍ക്കീസിന്റെയോ പരമാധികാരം അംഗീകരിക്കാതെ സ്വതന്ത്രമായി നില്ക്കുന്ന പൗരസ്ത്യസഭകളാണിവ. ഇവിയില്‍ പലതിനും അപ്പസ്തോലിക കാലഘട്ടത്തോളംതന്നെ പഴക്കമുണ്ട്. ഇവയെ പ്രധാനമായും നാലായി തിരിക്കാം.
കോപ്റ്റിക് സഭ. നോ. കോപ്റ്റിക് സഭ
എത്യോപ്യന്‍ സഭ
എത്യോപ്യയിലെ സെമിറ്റിക് വംശജരുടെ ഇടയില്‍ ഉടലെടുത്ത സഭയാണിത്. ആരംഭം മുതലേ ഈജിപ്തിലെ സഭയോട് ഈ സഭ ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ പല കാര്യങ്ങളിലും ഈജിപ്തിലെ സഭയോട് എത്യോപ്യന്‍ സഭയ്ക്ക് സാമ്യം ഉണ്ട്.
സഭാരംഭകാലത്തുതന്നെ ക്രിസ്തുമതം എത്യോപ്യയില്‍ എത്തിയെങ്കിലും നാലാം ശതകത്തോടെയാണ് അത് വളരാന്‍ തുടങ്ങിയത്. ആറാം ശതകത്തില്‍ കോപ്റ്റിക് വിരുദ്ധമനസ്ഥിതി സ്വീകരിച്ച് ഏകസ്വഭാവ സഭയായിത്തീര്‍ന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലെ ചരിത്രം അസ്പഷ്ടമാണ്. മധ്യകാലഘട്ടത്തില്‍ റോമാസഭയുമായി പൂര്‍ണ സംസര്‍ഗത്തിലെത്താനുള്ള പരിശ്രമങ്ങള്‍ നടന്നു; എന്നാല്‍ വിജയിച്ചില്ല. 19-ാം ശതകത്തില്‍ ഭാഗികമായി വിജയിച്ചു. തത്ഫലമായി ഉടലെടുത്തതാണ് എത്യോപ്യന്‍ സഭ. 1959-ല്‍ മാത്രമാണ് എത്യോപ്യന്‍ സഭാധ്യക്ഷന്‍ പാത്രിയര്‍ക്കീസായിത്തീര്‍ന്നത്. ബൈസന്റയിന്‍ റോമന്‍ സഭകളുമായി എത്യോപ്യന്‍ സഭ ഐക്യചര്‍ച്ചകള്‍ നടത്തിവന്നു. എത്യോപ്യന്‍ സഭയില്‍ ഓര്‍ത്തഡോക്സുകാര്‍ 140 ലക്ഷത്തിലധികവും കത്തോലിക്കര്‍ ഒരു ലക്ഷത്തോളവും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പേര്‍ഷ്യന്‍ സഭ
റോമന്‍ സാമ്രാജ്യത്തിനു പുറത്ത് വളര്‍ന്നു വികസിച്ച മറ്റൊരു സഭയാണ് പേര്‍ഷ്യന്‍ സഭ. കല്‍ദായ സഭ, സെലുഷ്യന്‍ സഭ, പൗരസ്ത്യ സഭ, നെസ്തോറിയന്‍ സഭ എന്നീ പേരുകളില്‍ പില്ക്കാലത്ത് ഈ സഭ അറിയപ്പെട്ടിരുന്നു. സഭാരംഭകാലത്തുതന്നെ പേര്‍ഷ്യയില്‍ ക്രിസ്തുമതം പ്രചരിച്ചു. യഹൂദന്മാരുടെ ഇടയില്‍ സുറിയാനി മാധ്യമത്തിലൂടെയാണിത് പ്രചരിച്ചത്. യേശുവിനെ സന്ദര്‍ശിച്ച 'വിദ്വാന്മാര്‍' (മത്താ. 2:66) പേര്‍ഷ്യക്കാരായിരുന്നു. റോമന്‍ സാമ്രാജ്യത്തിലെ സഭകളെപ്പോലെ പ്രധാനനഗരങ്ങളെ കേന്ദ്രീകരിച്ചാണ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും സഭ വളര്‍ന്നത്. എന്നാല്‍ ക്ലിപ്തമായ സംഘടനാപരമായ കെട്ടുറപ്പ് പേര്‍ഷ്യന്‍ സഭയിലുണ്ടായത് സാവധാനത്തിലാണ്. നാല്, അഞ്ച് ശതകത്തോടെ പേര്‍ഷ്യന്‍ സഭയും നിശ്ചിതമായ ഒരു ആരാധനാക്രമം സ്വീകരിച്ചു.
പേര്‍ഷ്യന്‍ സഭ അന്ത്യോഖ്യന്‍-ബൈസന്റയിന്‍ സഭകളോടു ബന്ധംപുലര്‍ത്തി. അന്ത്യോഖ്യന്‍ ദൈവശാസ്ത്രം പേര്‍ഷ്യക്കാര്‍ തങ്ങളുടെ സ്വന്തമാക്കി. പേര്‍ഷ്യക്കാരുടെ സഭാകേന്ദ്രം സെലൂഷ്യയിലായിരുന്നു. സഭാധ്യക്ഷന്‍ കത്തോലിക്കോസ് പാത്രിയര്‍ക്കീസ് എന്ന് അറിയപ്പെട്ടു. അന്ത്യോഖ്യയിലെപ്പോലെ പേര്‍ഷ്യയിലും ഒരു വലിയ ദൈവശാസ്ത്രകലാലയം ഉയര്‍ന്നുവന്നു. നിസിബിസിലായിരുന്നു പ്രസ്തുത കേന്ദ്രം. പേര്‍ഷ്യന്‍ സഭ സന്ന്യാസത്തിന് മുന്‍തൂക്കം നല്‍കി. സഭാരംഭകാലം മുതല്‍ ആശ്രമപ്രസ്ഥാനം അവരുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തി.
അറബികളുടെ ആക്രമണഫലമായി പേര്‍ഷ്യന്‍ സഭയ്ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെങ്കിലും പില്ക്കാലത്ത് വളര്‍ന്നു പന്തലിച്ച് പുഷ്ടിപ്രാപിച്ചു. വളരെയധികം മിഷനറി ചൈതന്യം മുറ്റിനിന്ന ഈ സഭയെ നാമമാത്രമാക്കിയത് ടര്‍ക്കിഷ് മംഗോളിയന്‍ ആക്രമണങ്ങളാണ്.
16-ാം ശ. മുതല്‍ പേര്‍ഷ്യന്‍ സഭയിലെ ഒരു വിഭാഗം റോമാസഭയുമായി പരിപൂര്‍ണ സംസര്‍ഗത്തിലെത്തി. ഇപ്പോള്‍ കത്തോലിക്കര്‍, നെസ്തോറിയന്‍ എന്നിങ്ങനെ രണ്ടുവിഭാഗക്കാര്‍ ഈ സഭയിലുണ്ട്. നെസ്തോറിയന്‍ തന്നെയും രണ്ടു നേതൃത്വത്തിന്റെ കീഴിലാണ്. അങ്ങനെ പേര്‍ഷ്യന്‍ സഭയില്‍ മൂന്നു പാത്രിയര്‍ക്കീസന്മാരുണ്ട്.
അര്‍മേനിയന്‍ സഭ
അര്‍മേനിയയില്‍ വളര്‍ന്നുവികസിച്ച ക്രൈസ്തവസഭയാണ് അര്‍മേനിയന്‍ സഭ. ക്രിസ്തുമതാരംഭകാലത്തുതന്നെ അര്‍മേനിയയില്‍ ക്രിസ്തുവിന്റെ സന്ദേശം എത്തി. തനേവൂസ്, ബര്‍ത്തലോമിയോ എന്നീ ശ്ളീഹ്നമാരാണ് അവരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ചത്. ഗ്രിഗറി എന്ന മെത്രാന്‍ അര്‍മേനിയന്‍ സഭയിലെ ഒരു വലിയ നേതാവായിരുന്നു. മൂന്നാം ശതകത്തിന്റെ അവസാനം അര്‍മേനിയന്‍ രാജാവും പ്രജകളും ക്രിസ്തുമതം സ്വീകരിച്ചു. അങ്ങനെ അര്‍മേനിയ ചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ ക്രൈസ്തവരാജ്യമായി. അഞ്ചാം ശതകത്തില്‍ അര്‍മേനിയന്‍ സഭാധ്യക്ഷന്‍ 'കാതോലിക്കോസ്' എന്നറിയപ്പെടാന്‍ തുടങ്ങി. പില്ക്കാലത്ത് 'പാത്രിയര്‍ക്കീസ്' എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍മേനിയന്‍ മെത്രാന്മാര്‍ കാല്‍സിഡണ്‍ സിനഡില്‍ (451) സംബന്ധിച്ചില്ല. തുടര്‍ന്നുള്ള ശതകങ്ങളില്‍ അവര്‍ ചിലപ്പോഴൊക്കെ കാല്‍സിഡണ്‍ അംഗീകരിക്കുന്നവരുടെ കൂടെയും മറ്റുചിലപ്പോള്‍ തിരസ്കരിക്കുന്നവരുടെകൂടെയും നിന്നു. എന്നാല്‍ മൊത്തത്തില്‍ അര്‍മേനിയര്‍ 'കല്‍സിഡണ്‍ വിരുദ്ധ' ചേരിയിലാണ് അറിയപ്പെടുക. അര്‍മേനിയന്‍ സഭയില്‍ കത്തോലിക്കര്‍, ഓര്‍ത്തഡോക്സ്കാര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് റോമാസഭയുമായി പുനരൈക്യപ്പെട്ടവരാണ് കത്തോലിക്കര്‍. ഇവര്‍ക്കൊരു പാത്രിയര്‍ക്കീസുണ്ട്. അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നാലു മേലധ്യക്ഷന്മാരുണ്ട്. സോവിയറ്റ് യൂണിയനിലെ എക്മിയസ്ദിനിലുള്ള കാതോലിക്കോസ് പാത്രിയര്‍ക്കീസ്, ജറൂസലേം പാത്രിയര്‍ക്കീസ്, കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ്, സിലീഷ്യയിലെ പാത്രിയര്‍ക്കീസ് എന്നിവരാണവര്‍.
പ്രോട്ടസ്റ്റന്റ് സഭകള്‍
റോമന്‍ കത്തോലിക്കാസഭയുടെ സിദ്ധാന്തങ്ങളോടും പ്രവര്‍ത്തന രീതികളോടും മാര്‍പ്പാപ്പയുടെ ആധിപത്യത്തോടും വിയോജിപ്പ് പ്രകടിപ്പിച്ചവരുടെ സഭകള്‍. 16-ാം ശതകത്തില്‍ രൂപംകൊടുത്ത മറ്റൊരു പ്രമുഖ ക്രൈസ്തവവിഭാഗം.
ലൂഥറന്‍ സഭ
16-ാം ശതകത്തില്‍ ക്രൈസ്തവ യൂറോപ്പ് ഒരു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരുന്നു. ക്രൈസ്തവ ധാര്‍മിക ദൈവശാസ്ത്രമണ്ഡലങ്ങളില്‍ ഒരു സമൂല നവീകരണം അത്യാവശ്യമാണെന്ന് 12-ാം ശ. മുതല്‍ തന്നെ പല ക്രൈസ്തവചിന്തകരും കരുതിയിരുന്നു. ആദ്യകാല നവീകരണ യത്നങ്ങള്‍ക്കു പുറമേ 1495-ലും 1500-ലുമൊക്കെ നവീകരണ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയൊന്നുംതന്നെ പറയത്തക്ക ഫലപ്രാപ്തി നേടിയിരുന്നില്ല. ആ ദശാസന്ധിയിലാണ് ജര്‍മനിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ നവീകരണ പ്രസ്ഥാനവുമായി രംഗത്തുവന്നത്. പാശ്ചാത്യ സഭാഗാത്രത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഈ നവീകരണ പ്രസ്ഥാനത്തിന്റെ തുടക്കം 1517 മുതല്ക്കാണ്. അക്കൊല്ലമാണ് ജര്‍മന്‍ സന്ന്യാസ വൈദികനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ പ്രഖ്യാതങ്ങളായ 'തൊണ്ണൂറ്റിയഞ്ചു പ്രതിജ്ഞകള്‍' (Ninety-five Thesis) ജര്‍മനിയിലെ വിറ്റന്‍ബെര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എഴുതിപ്പതിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് 1529-ല്‍ ജര്‍മനിയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍വച്ച്, ലൂഥറിന്റെ അനുയായികള്‍ കത്തോലിക്കാസഭാ നിലപാടിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. അതോടെ 'പ്രതിഷേധികള്‍' എന്നര്‍ഥം വരുന്ന പ്രൊട്ടസ്റ്റന്റ് (Protestants) എന്ന നവീകരണമതം മിക്കവാറും രൂപമെടുക്കുകയും ആ മതാനുയായികള്‍ ലൂഥറിന്റെ നേതൃത്വത്തില്‍ ഭിന്നിച്ചുമാറുകയും ചെയ്തു.
പ്രൊട്ടസ്റ്റന്റ് നവീകരണ വിപ്ലവ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച മാര്‍ട്ടിന്‍ ലൂഥര്‍ (Martin Luther) ഒരു പ്രതിഭാശാലിയായിരുന്നു. ലൂഥര്‍ രചിച്ച അനവധി ബൃഹദ്ഗ്രന്ഥങ്ങള്‍ ഇതിനുദാഹരണമാണ്. ദേവാലയ സംഗീതം, ബൈബിള്‍ പഠനം, മാതൃഭാഷയില്‍ ലിറ്റര്‍ജി മുതലായവയ്ക്ക് ലൂഥര്‍ പ്രാധാന്യം നല്‍കി. ലൂഥറിന്റെ മറ്റുചില 'നവീകരണങ്ങള്‍' കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള വിടവ് വര്‍ധിപ്പിച്ചു. ഉത്തര കനോനിക (deutero canonical) ബൈബിള്‍ ഭാഗങ്ങളെ കൃത്രിമഭാഗങ്ങളോ അവക്ഷിപ്തങ്ങളോ (apocryphal) ആയി പരിഗണിക്കുന്ന പ്രൊട്ടസ്റ്റന്റ് ചിന്താഗതി, ആദിമകാലം മുതല്‍ സഭയില്‍ പ്രയോഗത്തിലിരുന്ന ഏഴ് കൂദാശകളില്‍ (Sacraments) രണ്ടെണ്ണം ഒഴികെ (ജ്ഞാനസ്നാനവും തിരുവത്താഴവും) ബാക്കിയുള്ളവയെ ഉപേക്ഷിക്കണമെന്ന വാദഗതി, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും വിശുദ്ധരോടുള്ള വണക്കവും നിഷിദ്ധമാണെന്ന പ്രബോധനം, അല്‍മായരുടെ പൗരോഹിത്യവും വൈദികരുടെ പൗരോഹിത്യവും തമ്മില്‍ കാര്യമായ അന്തരമില്ലെന്ന നിലപാട് തുടങ്ങിയവ പ്രൊട്ടസ്റ്റന്റ് സഭകളും കത്തോലിക്കാ സഭയും തമ്മിലുള്ള അകല്‍ച്ചക്കുള്ള കാരണങ്ങളായിരുന്നു. 'ബൈബിള്‍ മാര്‍ഗം' എന്ന തത്ത്വത്തില്‍ നിന്നാരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണ പക്ഷക്കാര്‍ പില്ക്കാലത്ത് നിരവധി ചെറുസഭകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ബൈബിളിനോടൊപ്പം ആഗോളസഭാപാരമ്പര്യത്തിന്റെയും സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെയും ആവശ്യം ഒരു പരിധിവരെ പ്രൊട്ടസ്റ്റന്റ് സഭകളും ഇന്ന് അംഗീകരിക്കുന്നു.
ലൂഥര്‍ ആവിഷ്കരിച്ച പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ 1521-ല്‍ ലൂഥറിന്റെ സഭാഭ്രഷ്ടോടുകൂടി വാദകോലാഹലങ്ങള്‍ക്ക് വഴിതെളിച്ചു. ലൂഥര്‍ പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നം കൂടിയായിത്തീര്‍ന്നു. സഭാഭ്രഷ്ടനാക്കപ്പെട്ട ലൂഥറെ ഒരു കൊട്ടാരത്തില്‍ ഒളിപ്പിച്ചശേഷം, 'ലൂഥര്‍ കത്തോലിക്കരാല്‍ വധിക്കപ്പെട്ടു' എന്ന വാര്‍ത്ത ലൂഥറന്‍ അനുഭാവികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഈ സമയമെല്ലാം ലൂഥര്‍ രഹസ്യമായിരുന്ന് തന്റെ നവീകരണ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഗ്രന്ഥങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. ഇതിനായി മൂന്നു പ്രധാനകൃതികള്‍ ലൂഥര്‍ രചിച്ചു. ബാബിലോണിയന്‍ വിപ്രവാസം, പ്രഭുക്കന്മാര്‍ക്ക് ഒരു കത്ത്, ക്രൈസ്തവ സ്വാതന്ത്ര്യം എന്നിവയാണീ കൃതികള്‍. ഇവയിലെ മുഖ്യ പ്രമേയങ്ങള്‍ ചുവടെച്ചേര്‍ക്കുന്നു.
1. ബൈബിള്‍ മാത്രമാണ് ക്രൈസ്തവ ജീവിതത്തിന്റെ മാനദണ്ഡം. പാരമ്പര്യത്തിന്റെ പേരില്‍ മാനുഷിക പാരമ്പര്യങ്ങള്‍ക്ക് സഭാജീവിതത്തില്‍ സ്ഥാനം നല്‍കരുത്.
2. മനുഷ്യരുടെ വിശുദ്ധീകരണം സാധിക്കുന്നത് ഹൃദയസ്പര്‍ശിയായ ആത്മസമര്‍പ്പണത്തോടുകൂടിയ വിശ്വാസംമൂലമാണ്.
3. ദൈവാരാധനയ്ക്ക് മൃതമായ ലാറ്റിന്‍ ഭാഷയല്ല, സജീവമായ നാട്ടുഭാഷകളാണ് ഉപയോഗിക്കേണ്ടത്. ഹൃദയഹാരിയായ സംഗീതത്തിന് 'ലിറ്റര്‍ജി'യില്‍ (ദൈവാരാധനാക്രമത്തില്‍) ഗണ്യമായ സ്ഥാനം നല്കണം. ലൂഥറിന്റെ തത്ത്വങ്ങള്‍ക്ക് പ്രചാരണം നല്‍കാന്‍ ലൂഥറന്‍ അനുഭാവികള്‍ പത്തുലക്ഷത്തിലേറെ ലഘുലേഖകളും പ്രചരിപ്പിച്ചു. ലൂഥറന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരഭിപ്രായങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നതിനുമായി അനവധി 'കാര്‍ട്ടൂണുകളും' ലൂഥറന്‍ പക്ഷക്കാര്‍ പ്രചരിപ്പിച്ചു. കത്തോലിക്കാസഭയുമായുള്ള ഭിന്നിപ്പിനുശേഷം ലൂഥര്‍ തന്നെ നിരന്തരം ഗ്രന്ഥരചനയില്‍ വ്യാപൃതനായി. തന്റെ എഴുപതിലേറെ ബൃഹദ്ഗ്രന്ഥങ്ങളില്‍ക്കൂടി ലൂഥര്‍ 'പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാന'ത്തിനു ആഴവും പരപ്പും ക്രമീകരണവും നല്‍കി.
ജര്‍മനിയില്‍ മാര്‍ട്ടിന്‍ ലൂഥര്‍ തുടങ്ങിവച്ച പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം കാലക്രമത്തില്‍ യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്വിറ്റ്സര്‍ലണ്ടില്‍ 'ഉള്‍റിച്ച് സ്വിംഗ്ലി' എന്ന ചിന്തകന്‍ മതനവീകരണ രംഗത്തിറങ്ങി. കത്തോലിക്കാസഭയിലെ ദുരാചാരങ്ങളെയും ചില വിശ്വാസങ്ങളെയും നിശിതമായി വിമര്‍ശിച്ച സ്വിംഗ്ലിക്ക് അനേകം അനുയായികളുണ്ടായി. സ്വിംഗ്ലിയുടെ പ്രബോധനങ്ങളുടെ ഫലമായി സ്വിറ്റ്സര്‍ലണ്ടില്‍ പുതിയൊരു പ്രൊട്ടസ്റ്റന്റ് സഭ ഉടലെടുത്തു.
കാല്‍വിനിസ്റ്റുകള്‍
ജോണ്‍ കാല്‍വിന്‍ എന്നൊരു ചിന്തകന്‍ ഫ്രാന്‍സില്‍ മതവിപ്ലവപ്രസ്ഥാനമാരംഭിച്ചു. മാര്‍ട്ടിന്‍ ലൂഥറിന്റെ ഒരു അനുയായി എന്നനിലയിലായിരുന്നു അദ്ദേഹം ഈ രംഗത്തിറങ്ങിയത്. എന്നാല്‍ കത്തോലിക്കരുടെ ശക്തികേന്ദ്രമായിരുന്ന ഫ്രാന്‍സില്‍ അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. അതുമൂലം കാല്‍വിന്‍ തന്റെ സ്വന്തം രാജ്യംവിട്ട് സ്വിറ്റ്സര്‍ലണ്ടില്‍ അഭയം തേടാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. ജനീവാനഗരത്തെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച കാല്‍വിന്റെ അനുയായികള്‍ ഒരു പ്രത്യേക പ്രൊട്ടസ്റ്റന്റ് സഭയായിപ്പരിണമിച്ചു. ഈ സഭ അതിവേഗം യൂറോപ്പിലെങ്ങും പ്രചരിച്ചു. പല പേരുകളിലായിരുന്നു കാല്‍വിന്റെ അനുയായികള്‍ വിവിധ രാജ്യങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഫ്രാന്‍സില്‍ അവരെ ഹ്യൂഗനോട്ടുകള്‍ എന്നു വിളിച്ചിരുന്നു. ഇംഗ്ലണ്ടില്‍ പ്യൂരിട്ടന്മാര്‍ എന്നും, സ്കോട്ട്ലന്‍ഡില്‍ 'പ്രിസ്ബിറ്റീരയന്മാര്‍' എന്നും അവര്‍ അറിയപ്പെട്ടു. തികച്ചും ജനാധിപത്യപരമായ രീതിയില്‍ സംവിധാനം ചെയ്തിരുന്ന കാല്‍വിനിസം യൂറോപ്പില്‍ വളരെ പ്രചാരം നേടിയ ഒരു പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനമായി മാറി.
ആംഗ്ലിക്കന്‍ സഭ
ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും ശക്തമായ രീതിയില്‍ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനമാരംഭിച്ചത്. അവിടെ ഹെന്റി എട്ടാമന്‍ രാജാവ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. ആശയപരമായ സംഘട്ടനമല്ല, പ്രത്യുത അധികാരമത്സരവും വ്യക്തിപരമായ കാരണങ്ങളും ആയിരുന്നു ഇവിടത്തെ മതവിപ്ലവത്തിന് വഴിതെളിച്ചതെന്നു പറയാം. മറ്റുരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടില്‍ മതവിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് അവിടത്തെ രാജാവായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഹെന്റി എട്ടാമന്‍ രാജാവ് വ്യക്തിപരമായ കാരണങ്ങളാല്‍ മാര്‍പ്പാപ്പയുടെ ശത്രുവായി മാറി. രാജാവിന്റെ പ്രേരണനിമിത്തം 1534-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍, മാര്‍പ്പാപ്പയ്ക്കു പകരം ഇംഗ്ലണ്ടിലെ രാജാവ് ഇംഗ്ലണ്ടിലെ ക്രൈസ്തസഭയുടെ അധിപനായി അംഗീകരിക്കപ്പെട്ടു. 1539-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ ഫലമായി 'ആംഗ്ലിക്കന്‍ സഭ' എന്ന പുതിയ പ്രൊട്ടസ്റ്റന്റ് സഭ ഔദ്യോഗികമാംവിധം ഇംഗ്ലണ്ടില്‍ നിലവില്‍വന്നു. ഇംഗ്ലണ്ടിലെ രാജാവ് ഈ സഭയുടെ അധിപനായിരിക്കണമെന്നും വ്യവസ്ഥചെയ്തു.
പൊതുവിഭജനം
പൗരോഹിത്യത്തെക്കുറിച്ചുള്ള തന്റെ പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തുസഭയുടെ 'ഹയരാര്‍ക്കി' സംവിധാനത്തെ ലൂഥര്‍ എതിര്‍ത്തെങ്കിലും, പില്ക്കാലത്ത് പലതായി പിരിഞ്ഞ പ്രൊട്ടസ്റ്റന്റ് സഭകളെ പ്രധാനമായും എപ്പിസ്കോപ്പന്‍ സഭ, പ്രെസ്ബിറ്റേറിയന്‍ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
എപ്പിസ്കോപ്പന്‍ സഭകളില്‍ ബിഷപ്പ് (Episcop) ഉന്നത പുരോഹിതനായി പരിഗണിക്കപ്പെടുന്നു. പ്രെസ്ബിറ്റേറിയന്‍ സഭകളില്‍, പുരോഹിതന്‍ അഥവാ വൈദികന്‍ (Presbyter, Elder) ഉന്നതസ്ഥാനീയനായി. അല്‍മായരില്‍ നിന്നും വ്യത്യസ്തനായി അംഗീകരിക്കപ്പെടുന്നു. കോണ്‍ഗ്രിഗേഷണല്‍ സഭകളിലാകട്ടെ, ക്രൈസ്തവവിശ്വാസ സമൂഹത്തിലെ എല്ലാ വ്യക്തികളും ഒരുപോലെയാണ്; ആര്‍ക്കും പ്രത്യേക പൗരോഹിത്യമില്ല. നോ. ക്രിസ്തു, ക്രിസ്തുമതം, ഇന്ത്യ (ക്രിസ്തുമതം), കേരളം (ക്രിസ്തുമതം)
(ഡോ. ജെ. കട്ടയ്ക്കല്‍; ഡോ. സി.എ. നൈനാന്‍; സ.പ.)