This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെബ്സ്, ജെറാള്‍ഡ് എഡ്വിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെബ്സ്, ജെറാള്‍ഡ് എഡ്വിന്‍

Krebs, Gerhard Edwin (1918 - 2009)

ജെറാള്‍ഡ് എഡ്വിന്‍ ക്രെബ്സ്

നോബല്‍ സമ്മാന ജേതാവായ (1992) അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1918 ജൂണ്‍ 6-ന് അയോവയിലെ ലാന്‍സിങില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1936-ല്‍ ക്രെബ്സ് ഇല്യനോയിഡ് സര്‍വകലാശാലയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. ഈ അവസരത്തില്‍ ഒരു സ്കോളര്‍ഷിപ്പ് ലഭിച്ചതോടെ ഇദ്ദേഹം വൈദ്യശാസ്ത്രപഠനത്തിനായി, വാഷിങ്ടണ്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഒഫ് മെഡിസിനില്‍ ചേര്‍ന്നു. വൈദ്യശാസ്ത്രബിരുദം കരസ്ഥമാക്കിയ ക്രെബ്സ് കുറച്ചുകാലം നാവികസേനയില്‍ സേവനമനുഷ്ഠിച്ചതിനുശേഷം ജൈവരസതന്ത്രത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ജൈവരസതന്ത്രവിഭാഗത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

1953-ല്‍ പ്രമുഖ ശാസ്ത്രജ്ഞനായ എഡ്മണ്ട് എച്ച്. ഫിഷര്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലെത്തിയതോടെയാണ് ഇരുവരും ചേര്‍ന്ന് ഗവേഷണം ആരംഭിച്ചത്. 'റിവേഴ്സിബിള്‍ പ്രോട്ടീന്‍ ഫോസ്ഫോറിലേഷന്‍' എന്ന പ്രക്രിയയുടെ പ്രവര്‍ത്തന തത്ത്വം വിശദീകരിച്ചതിനാണ് നോബല്‍ പുരസ്കാരം ഇരുവര്‍ക്കും ലഭിച്ചത്. ഒരു തന്മാത്രയില്‍ ഫോസ്ഫേറ്റ് ഗ്രൂപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് ഫോസ്ഫോറിലേഷന്‍ എന്നു പറയുന്നത്. കൈനേസ് എന്ന എന്‍സൈമിന്റെ സഹായത്താല്‍ ഒരു പ്രോട്ടീനില്‍ ഫോസ്ഫേറ്റ് ഗ്രൂപ്പ് കൂട്ടിച്ചേര്‍ക്കപ്പെടുകയും തത്ഫലമായി ആ പ്രോട്ടീനിന്റെ ഘടനയില്‍ വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്നു. ഈ 'പുതിയ' പ്രോട്ടീന്‍ ശരീരത്തിലെ ചില പ്രത്യേക ജൈവപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. 'പുതിയ' പ്രോട്ടീന്‍ അതിന്റെ ധര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍, ഫോസ്ഫറ്റേസ് എന്ന മറ്റൊരു എന്‍സൈം ഈ പ്രോട്ടീനില്‍ നിന്നും ഫോസ്ഫേറ്റ് ഗ്രൂപ്പിനെ മാറ്റുകയും, പ്രോട്ടീന്റെ പഴയഘടനയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. ഇലക്ട്രിക് സ്വിച്ചിന്റെ 'ഓണ്‍', 'ഓഫ്' പ്രവര്‍ത്തനംപോലെ എന്‍സൈമുകളുടെ സഹായത്താലുള്ള ഫോസ്ഫോറിലേഷന്‍ പ്രക്രിയ നിരവധി ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.

അധ്യാപനത്തിലുള്ള ക്രെബ്സിന്റെ താത്പര്യമാണ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബയോളജിക്കല്‍ കെമിസ്ട്രി വിഭാഗം സ്ഥാപിക്കാന്‍ കാരണമായത്. 1977-ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഫാര്‍മക്കോളജി വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു.

നോബല്‍ പുരസ്കാരത്തിനു പുറമേ 1989-ലെ ആല്‍ബര്‍ട്ട് ലാസ്കര്‍ പുരസ്കാരവും ലൂയിസ ഗ്രോസ് ഹോര്‍വിറ്റ്സ് പ്രൈസും ക്രെബ്സിനു ലഭിച്ചിട്ടുണ്ട്. 2009 ഡി. 1-ന് ക്രെബ്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍