This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രെട്ടിനിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്രെട്ടിനിസം
Cretinism
തൈറോയ്ഡ് ഗ്രന്ഥിയുടെ അഭാവം, അപൂര്‍ണവളര്‍ച്ച, ജന്മനായുള്ള തകരാറ് എന്നിവമൂലം കുട്ടികള്‍ക്കുണ്ടാകുന്ന രോഗം. 5000 നവജാതശിശുക്കളില്‍ ഒന്നിന് എന്ന അനുപാതത്തില്‍ ഇത് കാണാറുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും വളര്‍ച്ചയ്ക്കും വികാസത്തിനും തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിന്‍ എന്ന ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്. ഇതിന്റെ അഭാവത്തില്‍ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കുന്നു (മുതിര്‍ന്നവരില്‍ തൈറോക്സിന്റെ അഭാവം മൂലമുള്ള രോഗത്തെ 'മിക്സെഡീമാ' എന്നു പറയും). ജനനസമയത്തുതന്നെ രോഗമുണ്ടാകാമെങ്കിലും ആറ് ആഴ്ചയെങ്കിലും കഴിയുന്നതിനുമുമ്പ് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണയം മിക്കവാറും അസാധ്യമാണ്. ശിശുവിന് സാധാരണയില്‍ കൂടുതല്‍ ഭാരം, നീണ്ടുനില്ക്കുന്ന മഞ്ഞപ്പിത്തം (ഫിസിയോളജിക്കല്‍ ജോന്‍ഡിസ്), പരുക്കനും ചിലമ്പിച്ചതുമായ ശബ്ദത്തിലുള്ള കരച്ചില്‍, മലബന്ധം, മുലകുടിക്കാന്‍ പ്രയാസം, നീണ്ട ഉറക്കം, അല്പമാത്രമായ കരച്ചില്‍ എന്നിവ രോഗത്തിന്റെ പ്രാരംഭസൂചനകളാകാം. ശരീരത്തിന്റെ അരയ്ക്കു മുകളിലും താഴെയുമുള്ള ഭാഗങ്ങളുടെ അനുപാതം ജനിക്കുമ്പോഴുള്ള 1.7:1 എന്ന തോതില്‍ത്തന്നെ വളരെക്കാലം നിലനില്‍ക്കാം. മാസങ്ങള്‍ കഴിയുന്തോറും കമരുക, ഇരിക്കുക, പല്ലുമുളയ്ക്കുക, ഉച്ചി ഉറയ്ക്കുക, സംസാരിക്കുക, നില്ക്കുക, നടക്കുക തുടങ്ങിയ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ അസാധാരണമാംവിധം വൈകുകയും കുട്ടി വളരുന്നതിനനുസരിച്ച് രോഗം കൂടുതല്‍ പ്രകടമാകുകയും ചെയ്യും. അസ്ഥികളുടെ വളര്‍ച്ച മുരടിക്കുന്നതുമൂലം പൊക്കക്കുറവ്, സ്നിഗ്ധത ഇല്ലായ്മ അഥവാ പരുക്കന്‍ രീതികള്‍, തള്ളിനില്ക്കുന്ന തടിച്ച നാവ്, വലിയ പരന്ന മൂക്ക്, കണ്ണുകള്‍ തമ്മില്‍ വര്‍ധിച്ച അകലം, കണ്‍പോളകളില്‍ വീക്കം, ഞെരുക്കമില്ലാതെ അങ്ങിങ്ങുള്ള മുടി, കട്ടിയുള്ള വരണ്ട ചര്‍മം, ഉന്തിയ വയറ്, പൊക്കിളില്‍ ആന്ത്രം (unbilical hernia), മലബന്ധം, മാനസിക വളര്‍ച്ചയില്ലായ്മ, സാവധാനത്തിലുള്ള ഹൃദയമിടിപ്പ് (bradycardia) എന്നിവയാണ് മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന സാധാരണ ലക്ഷണങ്ങള്‍.
ഓരോ രോഗിയിലും തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാറിന്റെ സ്വഭാവം കൃത്യമായി നിര്‍ണയിക്കുക ദുഷ്കരമാണ്. ഉള്‍നാടന്‍ മലമ്പ്രദേശങ്ങളില്‍ ആഹാരത്തില്‍ അയഡിന്റെ കുറവ്, തൈറോക്സിന്‍ നിര്‍മാണത്തിനാവശ്യമായ എന്‍സൈമിന് (enzyme) പാരമ്പര്യമായുള്ള തകരാറ്, പ്രസ്തുത ഹോര്‍മോണിനെതിരെ ഗര്‍ഭാവസ്ഥയില്‍ മാതാവ് കഴിക്കുന്ന മരുന്ന്, റേഡിയോ പ്രസരണമോ അയഡിന്റെ ഐസോടോപ്പ് (Iodine 131) കൊണ്ടോ ഉള്ള ചികിത്സ എന്നിവ ശിശുക്കളില്‍ ഈ രോഗത്തിനു കാരണമാകാം. ഒരു കാരണവുമില്ലാതെ തന്നെ കുട്ടികളില്‍ തൈറോയ്ഡ്ഗ്രന്ഥി ഇല്ലാതെ വരികയോ അല്പമാത്രമായി വികസിക്കുകയോ ചെയ്യാം.
കഴിയുന്നത്ര നേരത്തേ രോഗനിര്‍ണയം നടത്തി ഔഷധരൂപത്തിലുള്ള തൈറോക്സിന്‍ നല്കിയാല്‍ വളര്‍ച്ചയിലെ വൈകല്യങ്ങള്‍ തടയാം. ശിശുപ്രായത്തില്‍ത്തന്നെ ഇത് സാധ്യമായാല്‍ മാനസികവളര്‍ച്ചയും സാധാരണമാക്കാം. ജീവിതകാലം മുഴുവന്‍ ചികിത്സതുടരേണ്ടിവരും. രോഗം പ്രകടമായില്ലെങ്കില്‍പ്പോലും രക്തത്തില്‍ തൈറോക്സിന്‍ ഘടകമായ T3 . T4 -ന്റെയോ പ്രേരകഹോര്‍മോണായ TSH (Thyroid Stimulating Hormone) -ന്റെയോ അളവുനോക്കി നവജാതശിശുക്കളില്‍ രോഗം കണ്ടെത്താം. പല വികസിത രാജ്യങ്ങളിലും ഈ പരിശോധന സാധാരണയായി ചെയ്തുവരുന്നു.
(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍)