This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഷ്ചേവ്, നികിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഷ്ചേവ്, നികിത

Khrushchev, Nikita (1894 - 1971)

നികിത ക്രൂഷ്ചേവ്

മുന്‍ സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയനേതാവ്. സ്റ്റാലിനുശേഷം അധികാരത്തില്‍ വന്ന ശക്തനായ നേതാവായിരുന്നു ക്രൂഷ്ചേവ്. ആറു വര്‍ഷക്കാലം പ്രധാനമന്ത്രിയായും 11 വര്‍ഷത്തോളം പാര്‍ട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഇദ്ദേഹം സ്റ്റാലിന്റെ ആഭ്യന്തര-വിദേശനയങ്ങള്‍ തിരുത്തുന്നതിനും കമ്യൂണിസ്റ്റിതര രാജ്യങ്ങളുമായി 'സമാധാനപരമായ സഹവര്‍ത്തിത്വം' പുലര്‍ത്തുന്നതിനും യത്നിച്ചു.

1894 ഏപ്രിലില്‍ 'കാലിനോവ്കാ'യില്‍ ജനിച്ചു. 15-ാം വയസ്സില്‍ ഒരു ഫിറ്ററായി തൊഴില്‍ നേടി. ഒക്ടോബര്‍ വിപ്ലവത്തിനുമുമ്പേ തന്നെ തൊഴിലാളിപ്രസ്ഥാനത്തില്‍ സജീവമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1918-ല്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (ബോള്‍ഷെവിക്) അംഗമാകുകയും ചുവപ്പു സൈന്യത്തില്‍ ചേര്‍ന്ന് പ്രതിവിപ്ലവകാരികള്‍ക്കെതിരെ പോരാടുകയും ചെയ്തു. വിപ്ലവ വിജയത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സ്കൂളില്‍ ചേര്‍ന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1925 മുതല്‍ മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായിത്തീര്‍ന്നു. കഠിനമായ അധ്വാനത്തിന്റെയും മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന്റെയും ഫലമായി പാര്‍ട്ടിയില്‍ തുടരെത്തുടരെ ഇദ്ദേഹത്തിന് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചു. ആദ്യകാല പ്രവര്‍ത്തനരംഗം യുക്രെയ്നായിരുന്നു. 1929-ല്‍ മോസ്കോയിലെ സ്റ്റാലിന്‍ ഇന്‍ഡസ്ട്രിയല്‍ അക്കാദമിയില്‍ പഠിക്കുവാനും പരിശീലനം നേടുവാനും പോയ ഇദ്ദേഹം 1933 ആയപ്പോഴേക്കും മോസ്കോ കമ്മിറ്റിയുടെ സെക്രട്ടറിമാരിലൊരാളായിത്തീര്‍ന്നു. മോസ്കോയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ക്രമേണ ഇദ്ദേഹം തന്റെ സ്വാധീനം വര്‍ധിപ്പിക്കുകയും സെക്രട്ടറിയായിത്തീരുകയും ചെയ്തു. ഈ സ്വാധീനമാണ് പിന്നീട് പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ഇദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്കു കളമൊരുക്കിയത്. മോസ്കോ സബ്വേ പണികഴിപ്പിക്കുവാന്‍ ഇദ്ദേഹമെടുത്ത വ്യക്തിപരമായ താത്പര്യത്തെ ആദരിച്ച് 'ഓര്‍ഡര്‍ ഒഫ് ലെനിന്‍' ബഹുമതി നല്കപ്പെട്ടു. സ്റ്റാലിനെ ശക്തമായി പിന്തുണച്ചിരുന്ന ക്രൂഷ്ചേവ് 17-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1939-ല്‍ പോളിറ്റ് ബ്യൂറോ അംഗമായി. രണ്ടാം ലോകയുദ്ധകാലത്ത് വീണ്ടും ഉക്രെയ്നായി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. യുദ്ധാനന്തര സോവിയറ്റ് യൂണിയനില്‍ ക്രൂഷ്ചേവ് പ്രമുഖനായ ഒരു നേതാവായിത്തീര്‍ന്നു. സ്റ്റാലിന്റെ മരണശേഷം 1953-ല്‍ മലങ്കോവും ക്രൂഷ്ചേവും തമ്മില്‍ അധികാരമത്സരങ്ങളുണ്ടായിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയായിത്തീര്‍ന്ന ക്രൂഷ്ചേവ് 1955-ല്‍ തന്റെ നോമിനിയായ ബുള്‍ഗാനിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ വിജയിച്ചു. 1958-ല്‍ ബുള്‍ഗാനില്‍ നിന്നു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഇദ്ദേഹം 1964-ല്‍ അധികാരം ഒഴിയുന്നതുവരെ തത്സ്ഥാനത്തു തുടര്‍ന്നു.

20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെ ക്രൂഷ്ചേവ് രൂക്ഷമായി വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തു. സ്റ്റാലിന്റെ അമിതാധികാരപ്രവണതയെയും വ്യക്തിത്വപ്രദര്‍ശനഭ്രമത്തെയുമാണ് ക്രൂഷ്ചേവ് അപലപിച്ചത്. ഇദ്ദേഹത്തിന്റെ ഈ തുറന്ന വിമര്‍ശനം ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കോളിളക്കം സൃഷ്ടിച്ചു. പോളണ്ടിലെയും ഹംഗറിയിലെയും വിപ്ലവശ്രമങ്ങളെ അമര്‍ച്ച ചെയ്ത ഇദ്ദേഹം ഭരണകാര്യങ്ങളില്‍ അവര്‍ക്കു ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു. യുഗോസ്ളാവിയയുമായി നല്ല ബന്ധമാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും കമ്യൂണിസ്റ്റിതര രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ശക്തിപ്പെട്ടു. ഇന്ത്യ-ചൈന സംഘട്ടനങ്ങള്‍ ഉടലെടുത്തതും ഇതേ കാലഘട്ടത്തിലായിരുന്നു. കമ്യൂണിസ്റ്റിതര രാജ്യങ്ങളോട് ഇദ്ദേഹമനുവര്‍ത്തിച്ചിരുന്ന 'സമാധാനപരമായ സഹവര്‍ത്തിത്വ'നയം അവരുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അത് കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കു വഴിതെളിച്ചു.

ക്രൂഷ്ചേവിനു മാവോദ്സെതുങ്ങും ചൈനയുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. 'സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നിതാന്തയുദ്ധം' എന്ന നയത്തില്‍ മാവോ ഉറച്ചുനിന്നപ്പോള്‍ അവരുമായി 'സമാധാനപരമായ സഹവര്‍ത്തിത്വമാകാം' എന്ന നിലപാടാണ് ക്രൂഷ്ചേവ് സ്വീകരിച്ചിരുന്നത്. മുന്‍ സോവിയറ്റ് യൂണിയനും യു.എസ്സും 1963-ല്‍ ഉണ്ടാക്കിയ അണ്വായുധ പരീക്ഷണ നിരോധനക്കരാര്‍ ചൈനയുമായുള്ള ബന്ധം വഷളാക്കാനേ സഹായിച്ചുള്ളൂ.

ക്രൂഷ്ചേവ് യു.എസ്സുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി അവിടം സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഐസന്‍ ഹോവറുമായി ക്യാമ്പ് ഡേവിഡില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നടപടികള്‍, 'യു 2' ചാരസംഭവം, ക്യൂബയില്‍ മിസൈല്‍ത്താവളങ്ങള്‍ സ്ഥാപിക്കുവാനുള്ള സോവിയറ്റ് യൂണിയന്റെ ശ്രമങ്ങള്‍ എന്നിവ ലോകത്തെ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിക്കുകയും സോവിയറ്റ് അമേരിക്കന്‍ ബന്ധം വഷളാക്കുകയും ചെയ്തു. ക്യൂബയിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ശ്രമിക്കുകയില്ല എന്ന പ്രസിഡന്റ് കെന്നഡിയുടെ ഉറപ്പില്‍ മിസൈല്‍ത്താവളങ്ങള്‍ സ്ഥാപിക്കുവാനുള്ള സോവിയറ്റ് ശ്രമം ഉപേക്ഷിക്കപ്പെട്ടു.

ആഭ്യന്തരരംഗത്തും ക്രൂഷ്ചേവിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിനുവേണ്ടി പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. ബഹിരാകാശ ഗവേഷണരംഗത്തും ബഹിരാകാശയാത്രയുടെ കാര്യത്തിലും മുന്‍ സോവിയറ്റ് യൂണിയന്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിച്ചത് ഇക്കാലത്താണ്. 1957-ല്‍ സ്ഫുട്നിക് എന്ന ഭൂമിയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം റഷ്യ വിജയകരമായി വിക്ഷേപിച്ചു. ആദ്യമായി ചന്ദ്രനില്‍ റോക്കറ്റ് എത്തിച്ചതും ഈ രാജ്യംതന്നെയാണ്. 1961 ആയപ്പോഴേക്കും മനുഷ്യരെ കയറ്റിയ ഉപഗ്രഹം ഭൂമിയെ പ്രദക്ഷിണം വച്ചു.

രാജ്യത്ത് ജനങ്ങള്‍ക്കു കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യം ഇദ്ദേഹം അനുവദിച്ചിരുന്നു. എങ്കിലും ക്രൂഷ്ചേവിന്റെ ഭരണവൈകല്യങ്ങള്‍ കാലക്രമേണ പാര്‍ട്ടിയണികളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കുറയ്ക്കുവാന്‍ ഇടയാക്കി. സൈബീരിയയില്‍ കൃഷി നടത്തുവാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പാഴ്ചെലവായിത്തീര്‍ന്നു. ഭക്ഷ്യകാര്യത്തില്‍ കാനഡയെയും യു.എസ്സിനെയും തുടര്‍ന്നും ആശ്രയിക്കേണ്ടിവന്നതും ചൈനയുമായുള്ള മോശമായ ബന്ധവും ഇദ്ദേഹത്തിന്റെ പതനത്തെ ത്വരിതപ്പെടുത്തി. 1964 ഒക്ടോബറില്‍ ഇദ്ദേഹം പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. 1970-ല്‍ ഇദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ യു.എസ്സിലും യൂറോപ്പിലും പ്രസിദ്ധീകരിച്ചു.

1971 സെപ്. 11-ന് ക്രൂഷ്ചേവ് അന്തരിച്ചു.

(എസ്. രാമചന്ദ്രന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍