This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂച്ച്, ജോസഫ്വുഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂച്ച്, ജോസഫ്വുഡ്

Krutch, Joseph Wood (1893 - 1970)

അമേരിക്കന്‍ സാഹിത്യകാരനും നാടകനിരൂപകനും. 1893 ന. 25-ന് ടെന്നസ്സിയിലെ നോക്സ് വില്ലെയില്‍ ജനിച്ചു. ടെന്നസ്സി സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തരബിരുദവും കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടിയ ഇദ്ദേഹം 1918-ല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചശേഷം സുഹൃത്ത് മാര്‍ക്ക് വാന്‍ ഡോറെനൊപ്പം യൂറോപ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ബ്രൂക്ക്ലിന്‍ പോളിടെക്നിക്കില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപകനായിരിക്കെതന്നെ ദ് നേഷന്‍ എന്ന പ്രസിദ്ധീകരണത്തില്‍ നാടകനിരൂപണവും നടത്തിവന്നു. കൊളംബിയ സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് (1937-53).

ദ അമേരിക്കന്‍ ഡ്രാമ സിന്‍സ് 1918 (1939), മോഡേണിസം ഇന്‍ മോഡേണ്‍ ഡ്രാമ (1953) എന്നിവയാണ് നാടകസംബന്ധിയായ കൃതികളില്‍ ഖ്യാതി നേടിയവ. മാനസികാപഗ്രഥന രീതിയിലൂടെ അമേരിക്കന്‍ കവിയായ അല്ലന്‍ പോയുടെ ജീവചരിത്രം വിശകലനം ചെയ്യുന്ന കൃതിയാണ് എഡ്ഗര്‍ അല്ലന്‍ പോ: എ സ്റ്റഡി ഇന്‍ ജീനിയസ് (1926). ഹെന്റി ഡേവിഡ് തോറോ (1948)യാണ് ഈ വിഭാഗത്തില്‍പ്പെട്ട മറ്റൊരു പഠനം. ദ് മോഡേണ്‍ ടെമ്പര്‍ (1929) എന്ന കൃതിയില്‍ ആധുനിക ചിന്താഗതിക്കാരനായ ഈ ധിഷണാശാലി ശാസ്ത്ര-സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങളെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്നു. എക്സ്പീരിയന്‍സ് ആന്‍ഡ് ആര്‍ട്ട് (1932), വാസ് യൂറോപ്പ് എ സക്സസ് (1934) ദ് മെഷര്‍ ഒഫ് മാന്‍ (1954), ദ് ഡെസര്‍ട്ട് ഈയര്‍ (1952). ദ് ബെസ്റ്റ് ഒഫ് റ്റൂ വേള്‍ഡ്സ് (1953), ദ് ഗ്രേറ്റ് ചെയ്ന്‍ ഒഫ് ലൈഫ് (1959), ഹ്യൂമന്‍ നേച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ കണ്ടിഷന്‍ (1959), ഫൊര്‍ഗട്ടന്‍ പെനിന്‍സുല (1961) എന്നിവയാണ് മറ്റു കൃതികള്‍. മോര്‍ ലൈവ്സ് ദാന്‍ വണ്‍ (1962) എന്ന ആത്മകഥയില്‍ ക്രൂച്ചിന്റെ വിപുലവും വൈവിധ്യപൂര്‍ണവുമായ ജീവിതാനുഭവങ്ങള്‍ പ്രതിപാദിക്കുന്നു.

1970 മേയ് 22-ന് അരിസോണയില്‍ ക്രൂച്ച് അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍