This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഗര്‍, ഫെലിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഗര്‍, ഫെലിക്സ്

Krueger, Felix (1874 - 1948)

ജര്‍മന്‍ ദാര്‍ശനികനും മനശ്ശാസ്ത്രജ്ഞനും. 1874-ല്‍ ജര്‍മനിയിലെ പോസനില്‍ (Posen) ജനിച്ചു. 1897-ല്‍ മ്യൂണിച്ച് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ബിരുദം നേടി. മനശ്ശാസ്ത്രരംഗത്തെ പ്രമുഖരായ ഹാന്‍സ് കോര്‍ണേലിയൂസ്, തിയോഡോര്‍ലിപ്പുസ് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ക്രൂഗര്‍ മനഃശാസ്ത്രത്തില്‍ അവഗാഹം നേടി.

തുടര്‍ന്ന് കീലിലെ ഫിസിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലീപ്സിഗ് സര്‍വകലാശാല, ബ്യൂണസ് അയേര്‍സ് സര്‍വകലാശാല (1906), ഹാലെ സര്‍വകലാശാല, കൊളംബിയ സര്‍വകലാശാല (1912-13) എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

കാന്റിയന്‍ ദര്‍ശനത്തെ വിമര്‍ശനാത്മകമായ രീതിയില്‍ പഠനം ചെയ്യുകയും ന്യൂയോ-കാന്റിനിസത്തെ നിശിതമായി വിമര്‍ശിക്കുകയും ക്രൂഗര്‍ ചെയ്തിട്ടുണ്ട്. ക്രൂഗറും ചാറല്‍സ് സ്പിയര്‍മാന്‍ എന്ന ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞനും ചേര്‍ന്നാണ് സഹബന്ധനത്തിന്റെ കലന (Calculus of Correlation)ത്തിലൂടെ മനശ്ശാസ്ത്രഗവേഷണത്തില്‍ കാല്‍ക്യുലസ് ഒഫ് കൊറിലേഷന്‍ എന്ന ഗണിതശാസ്ത്ര ഗവേഷണത്തിന് വ്യാപകമായ പ്രചാരത്തിന് അടിസ്ഥാനമിട്ടത്. ദ് കണ്‍സെപ്റ്റ് ഒഫ് ദി അബ്സല്യൂട്ട് വാല്യബിള്‍ അസ് ദ് ബേസിക് കണ്‍സെപ്റ്റ് ഒഫ് മോറല്‍ ഫിലോസഫി (1898) ആണ് ക്രൂഗറുടെ പ്രധാന കൃതി. 1928-ല്‍ വിറ്റന്‍ബര്‍ഗ് കോളജ് ഡോക്ടര്‍ ബിരുദം നല്‍കി ക്രൂഗറെ ബഹുമാനിച്ചിട്ടുണ്ട്.

1948-ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ ക്രൂഗര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍