This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂക്സ്, വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂക്സ്, വില്യം

Crookes William (1832 -1919)

വില്യം ക്രൂക്സ്

താലിയം രാസമൂലകവും റേഡിയോമീറ്ററും കണ്ടുപിടിച്ച ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍. ക്രൂക്സ് റേഡിയോമീറ്റര്‍ എന്നാണ് ഇതറിയപ്പെടുന്നത്. 1832 ജൂണ്‍ 17-ന് ലണ്ടനില്‍ ജനിച്ചു. ലണ്ടനിലെ റോയല്‍ കോളജ് ഒഫ് കെമിസ്ട്രിയില്‍ ചേര്‍ന്നാണ് ക്രൂക്സ്, തന്റെ രസതന്ത്രഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. 1859-ല്‍ കെമിക്കല്‍ ന്യൂസ് എന്ന ഒരു പ്രസിദ്ധീകരണവും തുടങ്ങി. ഈ പ്രസിദ്ധീകരണത്തിലൂടെയാണു വില്യം ക്രൂക്സ് പ്രശസ്തനായിത്തീര്‍ന്നത്. രസതന്ത്രത്തില്‍ ഇദ്ദേഹത്തിന്റെ മികച്ച സംഭാവന താലിയത്തിന്റെ കണ്ടുപിടുത്തമാണ് (1861). വര്‍ണരാജി (Spectrum) പഠനമാണ് ഇദ്ദേഹത്തെ ഈ കണ്ടുപിടുത്തത്തിലേക്കു നയിച്ചത്. സെലീനിയ(Selenium)ത്തിന്റെ വര്‍ണരാജിയില്‍ ഒരു പച്ചവര ദര്‍ശിച്ചതില്‍ നിന്നു താലിയം എന്നൊരു പുതിയ മൂലകത്തിന്റെ സാന്നിധ്യം ഇദ്ദേഹം കണ്ടെത്തി. നിലവിലുള്ള ഉപകരണങ്ങള്‍ അപര്യാപ്തമായിത്തോന്നിയ വില്യം ക്രൂക്സ് ഇതിനായി 1875-ല്‍ റേഡിയോ മീറ്റര്‍ എന്നൊരു ഉപകരണവും കണ്ടുപിടിച്ചു. ഇതുപയോഗിച്ച് വികിരണത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ സാധിക്കുന്നു.

1878-ല്‍ ഇദ്ദേഹം ഇലക്ട്രോണിന്റെ ചില സവിശേഷതകള്‍ കണ്ടെത്തുകയുണ്ടായി. ഇലക്ട്രോണ്‍ പ്രസരണത്തിനു കാന്തിക ക്ഷേത്രത്തില്‍ വിചലനം സംഭവിക്കുമെന്നും ഇദ്ദേഹം കണ്ടെത്തി. വാക്വംട്യൂബില്‍ സ്ഥിതിചെയ്യുന്ന പദാര്‍ഥത്തിന്റെ തന്മാത്രകളുടെ സ്വതന്ത്രമായ ഗതിപഥം വളരെ വിസ്തൃതമായതിനാല്‍ അവ തമ്മിലുള്ള സംഘടനം വിഗണിക്കാവുന്നതേയുള്ളൂവെന്നു ക്രൂക്സ് അഭിപ്രായപ്പെട്ടു. പദാര്‍ഥങ്ങളുടെ ഈ 'നാലാം അവസ്ഥ' സംജാതമാകുന്ന ഉപകരണത്തിനു 'ക്രൂക്സ് ട്യൂബ്' എന്നും, താഴ്ന്ന മര്‍ദത്തില്‍ കാഥോഡിനു സമീപമുള്ള മേഖലയ്ക്കു 'ക്രൂക്സ് ഇരുണ്ടതലം' (crookes dark space) എന്നും നാമകരണം ചെയ്ത് ശാസ്ത്രലോകം ഇദ്ദേഹത്തെ ആദരിച്ചു. 1903-ല്‍ റേഡിയോ ആക്റ്റീവതയെക്കുറിച്ചു പഠനം നടത്തിയ ഇദ്ദേഹം ആല്‍ഫാകണികകളുടെ പഠനത്തിനുവേണ്ടി ഒരു ഉപകരണം (Spintharioscope) വികസിപ്പിച്ചെടുത്തു. നൈട്രജന്‍ ചേര്‍ന്ന രാസവളങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും പല സാധന സാമഗ്രികള്‍ വൃത്തിയാക്കാനും മറ്റും ഫീനോള്‍ (കാര്‍ബോളിക് ആസിഡ്) ഉപയോഗിക്കുന്നതിനും അനുകൂലമായ ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ ഇദ്ദേഹം ചില പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.

1897-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വില്യം ക്രൂക്സിനെ 'നൈറ്റ്' (Knight) പദവി നല്‍കി ആദരിച്ചു. 1919 ഏ. 19-ന് ലണ്ടനില്‍ വച്ച് വില്യം ക്രൂക്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍