This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റോഫി, ഹെന്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റോഫി, ഹെന്റി

Christophe, Henry (1767 -1820)

ഹെയ്തിയിലെ അടിമകളുടെ വിമോചകനായ രാജാവ്. 1767 ഒ. 6-ന് ബ്രിട്ടന്റെ കോളനിയായിരുന്ന ഗ്രനേഡയിലെ ഒരു ദ്വീപില്‍ ജനിച്ചു. കരിമ്പിന്‍തോട്ടങ്ങളില്‍ അടിമവേല ചെയ്യുന്നതിനായി ഗ്രനേഡയിലേക്ക് കൊണ്ടുവന്ന ആയിരക്കണക്കിനു പടിഞ്ഞാറന്‍ ആഫ്രിക്കക്കാരില്‍ ഉള്‍പ്പെട്ടതായിരുന്നു ഹെന്റി ക്രിസ്റ്റോഫിയുടെ മാതാപിതാക്കള്‍. തന്റെ സമൂഹത്തിലെ ഇതര മനുഷ്യരെപ്പോലെ അടിമത്ത്വത്തിന്റെ യാതനകള്‍ പേറേണ്ടിവന്നതായിരുന്നു ഇദ്ദേഹത്തിന്റെ കുട്ടിക്കാലം. എന്നാല്‍ മകനിലെ ആര്‍ജവവും ആജ്ഞാശക്തിയും തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ 10 വയസുകാരനായ ഹെന്റിയെ ഒരു ഫ്രഞ്ച് കപ്പലില്‍ 'ക്യാബിന്‍ ബോയ്' ആയി സേവനമനുഷ്ഠിക്കുന്നതിനു പറഞ്ഞുവിട്ടു. കപ്പലിലെ ക്യാപ്റ്റന്‍ മുഖേന ഹെയ്തിയിലെ കരിമ്പിന്‍ തോട്ടങ്ങളില്‍ എത്തിയ ഹെന്റി ഫ്രഞ്ചുകാരായ കര്‍ഷകമുതലാളിമാര്‍ കറുത്തവംശജരായ അടിമകള്‍ക്കുനേരെ നടത്തുന്ന കൊടുംക്രൂരതകള്‍ നേരില്‍ കാണുകയും മനുഷ്യഹീനമായ ഈ വ്യവസ്ഥയ്ക്കെതിരെ പോരാടാന്‍ സ്വയം സജ്ജമാകുകയും ചെയ്തു.

അമേരിക്കന്‍ വിപ്ലവയുദ്ധത്തില്‍ ഊര്‍ജസ്വലനായി പങ്കെടുത്ത ഇദ്ദേഹം കറുത്തവംശജരുടെ മോചനത്തിനായി രൂപീകരിച്ച 545 അംഗ സംഘമായ 'ഫോണ്‍ടേജസ് ലീജിയോണി'ല്‍ പ്രധാനിയായിരുന്നു.

കരിമ്പിന്‍ വ്യവസായം പിടിച്ചടക്കുന്നതിനായി ഇംഗ്ലീഷ് സ്പാനിയാര്‍ഡ് സഖ്യം 1749-ല്‍ ഹെയ്തിയെ ആക്രമിച്ചപ്പോള്‍ ഫ്രഞ്ച് സൈന്യത്തോടൊപ്പം ചേര്‍ന്ന് സ്പാനിയാര്‍ഡുകള്‍ക്കെതിരെ യുദ്ധം ചെയ്തു. പിന്നീട് സൈന്യാധിപന്റെ സ്ഥാനം ലഭിച്ച വേളയില്‍ ഫ്രഞ്ച് സൈന്യത്തെ തിരിഞ്ഞുകുത്തി അടിമകളായ ആയിരങ്ങളെ വിമോചിപ്പിക്കുന്നതിന് സൈന്യാധിപനായ ഡെസ്സാലിന്‍സിനോട് ഒപ്പം ചേര്‍ന്ന് പൊരുതി ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. 1803 ന. 27-ന് ഹെയ്തിയെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുകയും രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കുകയും ചെയ്തു.

ഡെസ്സാലിന്‍സിന്റെ മരണശേഷം ക്രിസ്റ്റോഫി വടക്കന്‍ ഹെയിതിയില്‍ ഒരു പ്രത്യേക സംസ്ഥാനം കെട്ടിപ്പടുക്കുകയും 1807 മുതല്‍ ഹെന്റി-I എന്ന പേരില്‍ ഭരണം ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹം കൃഷി, കച്ചവടം എന്നിവ പോഷിപ്പിക്കുകയും തദ്വാരാ രാജ്യത്തിന്റെ സമ്പദ്ഘടന ത്വരിതപ്പെടുത്തുകയും ചെയ്തു. ഹെയിതിയുടെ തലസ്ഥാനനഗരി മനോഹരമായ നിലയില്‍ പണികഴിപ്പിച്ചു. നിരക്ഷരനായിരുന്നു എങ്കിലും ഇദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വിദേശങ്ങളില്‍ നിന്നുപോലും പണ്ഡിതന്മാര്‍ സന്നിഹിതരായിരുന്നു. സ്കൂളുകള്‍ നിര്‍മിക്കുകയും വര്‍ത്തമാനപത്രങ്ങള്‍ സ്ഥാപിക്കുകയും 'കോഡ് ഹെന്റി' എന്ന പേരില്‍ ഒരു പുതിയ നിയമസംഹിത എഴുതിയുണ്ടാക്കുകയും ചെയ്തു.

1820 ആഗസ്റ്റില്‍ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോയ ഹെന്റിക്കുനേരെ വിമതസൈന്യം വിപ്ലവത്തിന് ആഹ്വാനം ചെയ്തു. രാജ്യം ആഭ്യന്തര യുദ്ധത്തില്‍ അമരുന്നത് കാഴ്ചക്കാരനെപ്പോലെ കണ്ടു നില്‍ക്കാനാവാതെ 1820 ഒ. 2-ന് ഇദ്ദേഹം ആത്മഹത്യ ചെയ്തു. ശത്രുസൈന്യത്തിന് ശരീരം വിട്ടുകൊടുക്കാതെ അനുയായികള്‍ ഇദ്ദേഹത്തിന്റെ ശവശരീരം കത്തിച്ചുകളഞ്ഞു.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍