This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്മസ് ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്മസ് ദ്വീപ്

Christmas Island

ആസ്റ്റ്രേലിയയുടെ ഭാഗമായ ഒരു ദ്വീപ്. ഇന്ത്യാസമുദ്രത്തിന്റെ കിഴക്കുഭാഗത്ത്, ജാവായ്ക്ക് 320 കി.മീ. തെക്കായി കാണപ്പെടുന്ന ഒറ്റപ്പെട്ട ഒരു ദ്വീപാണിത്. 135 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ദ്വീപ് കടലില്‍ നിന്നു പൊടുന്നനെ ഉയര്‍ന്നു വന്നതായാണ് കാഴ്ചയില്‍ തോന്നുക. ദ്വീപിന്റെ പ്രധാനഭാഗം ഒരു പീഠഭൂമിയാണ്. സമുദ്രനിരപ്പില്‍ നിന്നു 305 മീ. ഉയരമുള്ള ഇത് ഒരു പര്‍വതനിരയുടെ ഭാഗമാണ്. ഈ പര്‍വതം സമുദ്രാന്തര്‍ഭാഗത്ത് 4,270 മീ. വരെ വ്യാപിച്ചു കിടക്കുന്നു. ദ്വീപിന്റെ ഏറ്റവും കൂടിയ നീളം ഉദ്ദേശം 18 കി.മീറ്ററും വീതി 14.5 കി.മീറ്ററും ആണ്. ചുണ്ണാമ്പുകല്ലുകള്‍ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നു. ഇതു ഖനനം ചെയ്തെടുത്ത് ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. ഈ ചുണ്ണാമ്പുപാറകള്‍ സ്വന്തമാക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ വളരെക്കാലം ഈ ദ്വീപിനെ തങ്ങളുടെ കോളനിയാക്കി വച്ചിരുന്നു. 1900-ാമാണ്ടോടെ സിംഗപ്പൂര്‍ അയര്‍ലണ്ട് സെറ്റില്‍മെന്റിന്റെ ഭാഗമായി മാറിയ ക്രിസ്മസ് ദ്വീപ് 1946-ല്‍ സിംഗപ്പൂര്‍ ക്രൌണ്‍ കോളനിയായിത്തീര്‍ത്തു. ഒന്നാം ലോകയുദ്ധകാലത്ത് ഈ ദ്വീപ് ജപ്പാന്‍കാരുടെ കൈയിലായെങ്കിലും 1958-ഓടെ ആസ്റ്റ്രേലിയയുടെ ഭാഗമായി മാറിയ ഈ ദ്വീപിന്റെ 63 ശതമാനവും (135 ച.കി.മീ.) നിലവില്‍ ആസ്റ്റ്രേലിയന്‍ ദേശീയോദ്യാനമാണ്. അത്യപൂര്‍വമായ ഒട്ടനവധി ജന്തു സസ്യജാലങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യവാസം ഏറെ കുറഞ്ഞതിനാലാകാം ഇവിടത്തെ ജൈവവൈവിധ്യസമ്പന്നതയുടെ കാരണം. ജനസംഖ്യ: 1,493 (2006). ജനസംഖ്യയുടെ 70% വും ചാൈക്കാരും 20% യൂറോപ്യന്‍കാരും 10% മലയാക്കാരുമാണ്. ജനങ്ങളില്‍ 36 ശതമാനം ബുദ്ധമതവിശ്വാസികളാണ്. ഇസ്ലാം, ക്രൈസ്തവേതര വിശ്വാസികളും ഇവിടെയുണ്ട്. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെങ്കിലും ചൈനീസ്, മലയ ഭാഷകളും ഉപയോഗിക്കുന്നു. ആസ്റ്റ്രേലിയന്‍ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് റീജിയണല്‍ ആസ്റ്റ്രേലിയ, റീജിയണല്‍ ഡവലെപ്മെന്റ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് എന്നീ വകുപ്പുകളാണ് ക്രിസ്മസ് ദ്വീപിന്റെ ഭരണപരമായ മേല്‍നോട്ടം വഹിക്കുന്നത്. അറ്റോര്‍ണിജനറല്‍സ് വകുപ്പിനാണ് തദ്ദേശീയ ഭരണച്ചുമതല. ഫോസ്ഫേറ്റ് ഖനനമാണ് ഇവിടത്തെ പ്രധാന വ്യവസായസംരംഭവും സമ്പദ്ഘടനയുടെ അടിത്തറയും.

പസിഫിക് സമുദ്രത്തിലെ ഒരു പവിഴപ്പുറ്റ് ദ്വീപും (Atoll) ക്രിസ്മസ് ദ്വീപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കിരിബാത്തി റിപ്പബ്ളിക്കിന്റെ ഭാഗമായ ഈ ദ്വീപ് ഇപ്പോള്‍ കിരിറ്റിമാറ്റി (Kiritimati) എന്ന പേരിലാണ് അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍