This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്മസ് കാര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്മസ് കാര്‍ഡ്

Christmas Card

ക്രിസ്മസ് കാലത്തിന്റെ സന്തോഷവും നവവത്സരത്തിന്റെ ആശംസകളും എഴുതിയിട്ടുള്ള കാര്‍ഡുകള്‍. യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ സൂചിപ്പിക്കുന്നതും നവവത്സരാശംസകള്‍ ഉള്‍ക്കൊള്ളുന്നതുമായ കാര്‍ഡുകളാണിവ. ഇത്തരം കാര്‍ഡുകള്‍ ക്രിസ്മസ് കാലഘട്ടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം അയയ്ക്കുന്ന പതിവ് ഇന്ന് സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്നു. ക്രിസ്ത്യാനികള്‍ മാത്രമല്ല, ക്രൈസ്തവേതരരും ക്രിസ്മസ് ആശംസാകാര്‍ഡുകള്‍ ഇപ്പോള്‍ അയയ്ക്കുന്നുണ്ട്. അങ്ങനെ ക്രിസ്മസ് നവവത്സരാശംസകള്‍ കൈമാറുന്ന നല്ല പതിവ് ഇന്ന് ജാതിമതചിന്തകള്‍ക്ക് അതീതമായിത്തീര്‍ന്നു.

ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടറായിരുന്ന ഹെന്റി കോളിന്‍ ആണ് ക്രിസ്മസ് കാര്‍ഡിന്റെ ഉപജ്ഞാതാവ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പലസ്തീനിലെ ബെത്ലഹേമില്‍ അവതീര്‍ണനായ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സാഹചര്യവും സന്ദേശവും ഒരു കാര്‍ഡില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്താല്‍ നന്നായിരിക്കും എന്ന ആശയത്തിന് ആദ്യം പ്രകാശനവും പ്രചാരവും നല്കിയത് അദ്ദേഹമാണ്. ഹെന്റി കോളിന്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇത്തരം കത്തുകള്‍ എഴുതുക പതിവാക്കിയിരുന്നു. എന്നാല്‍ ആദ്യ ക്രിസ്മസ് കാര്‍ഡിന്റെ നിര്‍മാതാവ് എന്ന ബഹുമതി അര്‍ഹിക്കുന്നത് കോളിന്റെ മിത്രമായ ജോണ്‍ ഹോള്‍സ്ലി എന്ന ഇംഗ്ലീഷുകാരനാണ്. ജോലിത്തിരക്കുമൂലം 1843-ല്‍ ഹെന്റികോളിനു ക്രിസ്മസ് ആശംസകള്‍ എഴുതാന്‍ നിവൃത്തിയില്ലാതായി. ഇതിനു ഒരു പരിഹാരം എന്ന നിലയില്‍ സുഹൃത്തായ ജോണ്‍ ഹോള്‍സ്ലിയോട് 'ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും ആശംസകള്‍ എഴുതിയിരിക്കുന്നതും ചിത്രങ്ങളില്‍ക്കൂടി ദ്യോതിപ്പിക്കുന്നതുമായ ഒരു കാര്‍ഡ് നിര്‍മിക്കണം' എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോള്‍സ്ലി അതു സമ്മതിക്കുക വഴി ആദ്യത്തെ ക്രിസ്മസ് കാര്‍ഡ് രൂപംകൊണ്ടു.

അഞ്ചിഞ്ചു നീളത്തില്‍ മൂന്നിഞ്ചു വീതിയില്‍ ഒരു കട്ടിക്കടലാസില്‍ ഹോള്‍സ്ലി ഒരു ചിത്രം വരച്ചു. മൂന്നു കോളങ്ങളായി തിരിച്ചിട്ടുള്ള ചിത്രത്തിലെ മധ്യത്തിലെ കോളത്തില്‍, ക്രിസ്മസ് കാരള്‍ പാടി നൃത്തം ചെയ്യുന്നവരുടെ ചിത്രവും ഇരുവശങ്ങളിലുള്ള കോളങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ആഹാരവസ്ത്രാദികള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങളും ആലേഖനം ചെയ്തിരുന്നു. നടുവിലത്തെ കോളത്തിന്റെ അടിയിലായി 'A Merry Christmas and A Happy New Year' എന്നും രേഖപ്പെടുത്തിയിരുന്നു. ഈ പ്രഥമ ക്രിസ്മസ് കാര്‍ഡ്, 1843-ല്‍ പ്രസിദ്ധീകൃതമായി. ഈ കാര്‍ഡിന്റെ പല കോപ്പികള്‍ നിര്‍മിച്ച് കോളിന്‍ പലര്‍ക്കും അയച്ചുകൊടുത്തു. ഇതിനെത്തുടര്‍ന്നു പലരും വിവിധ തരത്തിലുള്ള ധാരാളം ക്രിസ്മസ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. 1844-ല്‍ ചാള്‍സ് ഗുഡോളും പുത്രന്മാരും ചേര്‍ന്നു വന്‍തോതില്‍ ക്രിസ്മസ് കാര്‍ഡു വ്യാപാരം നടത്തി. 1865-ല്‍ ലൂയിസ് സ്പ്രിങ് എന്ന ഇംഗ്ലീഷുകാരന്‍ ബഹുവര്‍ണ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മിച്ചു. ആയിടെ വില്‍ഫ്രെഡ് ഗ്രെന്‍ഫര്‍ എന്ന മിഷനറി, പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരാര്‍ഥം മേന്മയേറിയ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മിച്ചുവിറ്റ് പണം സ്വരൂപിച്ചു. 1949-ല്‍ 'ലോക ശിശുക്ഷേമ സംഘടന' ക്രിസ്മസ് കാര്‍ഡുകള്‍ വിറ്റ് 50 കോടിയിലേറെ രൂപ സംഭരിക്കുകയും 115 രാഷ്ട്രങ്ങളിലെ കുട്ടികളെ ഗണ്യമായി സഹായിക്കുകയും ചെയ്തു.

മതേതര വിഷയങ്ങളെ അധികരിച്ചുള്ള കാര്‍ഡുകളും ലഭ്യമാണ്. ഇപ്പോള്‍ ക്രിസ്മസ് കാര്‍ഡുകളുടെ സ്ഥാനം കുറെയൊക്കെ മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശംസകളും ഇ-മെയില്‍ ആശംസകളും കൈയടക്കിയിരിക്കുന്നു.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍