This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്ത്യന്‍ രാജാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്ത്യന്‍ രാജാക്കന്മാര്‍

സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ (ഡെന്മാര്‍ക്കും നോര്‍വേയും സ്വീഡനും) ഭരിച്ചിരുന്ന, ഒരേ രാജവംശത്തില്‍പ്പെട്ട പത്തു രാജാക്കന്മാര്‍.

ക്രിസ്ത്യന്‍ I (1426 - 81). ഡെന്മാര്‍ക്കിലെയും നോര്‍വേയിലെയും സ്വീഡനിലെയും രാജാവ്. തിയോഡറിക് രാജാവിന്റെ പുത്രനായ ഇദ്ദേഹമാണ് ഡാനിഷ് രാജാക്കന്മാരുടെ ഓള്‍ഡന്‍ബര്‍ഗ് രാജവംശം സ്ഥാപിച്ചത്. 1426 മേയ് 4-ന് ജനിച്ചു. കാല്മര്‍ യൂണിയന്‍ ഈ രാജാവിന്റെ മഹത്തായ നേട്ടമായി കരുതപ്പെടുന്നു. കാല്മര്‍ യൂണിയന്റെ ഫലമായി ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ക്കും ഒന്നുപോലെ രാജപദവിയും അധികാരവും ബാധകമാക്കി. മറ്റൊരു പ്രസിദ്ധമായ നേട്ടം 1479-ല്‍ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചതാണ്. നോ. കാല്മര്‍ യൂണിയന്‍

ക്രിസ്ത്യന്‍ II (1481 - 1559). ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ എന്നിവിടങ്ങളിലെ രാജാവ്. ജോണ്‍ രാജാവിന്റെ പുത്രനായി നൈബോര്‍ഗില്‍ (ഡെന്മാര്‍ക്ക്) 1481 ജൂല. 1-ന് ജനിച്ചു. ക്രിസ്ത്യന്‍ II 1513-ല്‍ ഡെന്മാര്‍ക്കിന്റെയും നോര്‍വേയുടെയും ഭരണാധികാരിയായിത്തീര്‍ന്നു. സ്വീഡനിലെ ജനങ്ങള്‍ ഗുസ്റ്റാവ് എറിക്സണ്‍ വാസയുടെ നേതൃത്വത്തില്‍ ക്രിസ്ത്യനെതിരെ സമരത്തിനൊരുങ്ങി. ക്രിസ്ത്യന്‍ നാട്ടിലെ നിയമങ്ങള്‍ സമാഹരിച്ചു ക്രോഡീകരിച്ചത് അവിടത്തെ പ്രഭുക്കന്മാരെ ചൊടിപ്പിച്ചു. അവര്‍ ക്രിസ്ത്യനെ സ്ഥാന ഭ്രഷ്ടനാക്കി ഫ്രെഡറിക്കിനെ രാജാവായി അവരോധിച്ചു. പക്ഷേ, എട്ടുകൊല്ലത്തെ അജ്ഞാതവാസത്തിനുശേഷം ക്രിസ്ത്യന്‍ II വീണ്ടും നോര്‍വേയിലെ രാജാവായി സ്വയം പ്രഖ്യാപിച്ചു. ഫ്രെഡറിക്കുമായി ഒരു കൂടിയാലോചനയ്ക്കു ചെന്ന ക്രിസ്ത്യനെ ഫ്രെഡറിക് തടവുകാരനാക്കി. ക്രിസ്ത്യന്‍ II തടവില്‍ക്കിടന്ന് മരിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ III (1503 - 59). ഡെന്മാര്‍ക്കിലെയും നോര്‍വേയിലെയും രാജാവ്. ഫ്രെഡറിക് I രാജാവിന്റെ പുത്രനും അനന്തരാവകാശിയുമായ ഇദ്ദേഹം 1503 ആഗ. 12-ന് ഷ്ലെസ്വിഗില്‍ ജനിച്ചു. ഫ്രെഡറിക്കിനെത്തുടര്‍ന്ന് 1534-ല്‍ ഡെന്മാര്‍ക്ക്-നോര്‍വേയിലെ രാജാവായി. ഒരു യഥാര്‍ഥ ലൂഥറന്‍ സഭക്കാരനായിരുന്ന ഇദ്ദേഹം 1536-ല്‍ ഡെന്മാര്‍ക്കില്‍ മതനവീകരണം നടത്തി. ക്രിസ്ത്യന്‍ III-ന്റെ ഭരണകാലത്ത് രാജ്യത്തുടനീളം സമ്പത്സമൃദ്ധിയും സാംസ്കാരിക പുരോഗതിയും അനുഭവപ്പെട്ടതുകൊണ്ട് ഈ കാലത്തെ ഡെന്മാര്‍ക്കിന്റെ സുവര്‍ണകാലം എന്നു വിളിക്കാറുണ്ട്.

ക്രിസ്ത്യന്‍ IV (1577 - 1648). ഡെന്മാര്‍ക്കിലെയും നോര്‍വേയിലെയും രാജാവായിരുന്ന ക്രിസ്ത്യന്‍ IV അവിടത്തെ ഏറ്റവും പ്രസിദ്ധനും ജനപ്രീതി നേടിയവനുമായ ഭരണാധികാരിയായിരുന്നു. സ്വീഡനെതിരെ രണ്ടുതവണ യുദ്ധംനടത്തി. രാജ്യത്തെ മുപ്പതാണ്ടു യുദ്ധത്തിലേക്കു നയിച്ചുവെങ്കിലും ക്രിസ്ത്യന്‍ രാജാവിന്റെ ജനസമ്മതിയെ ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. വാണിജ്യവും കപ്പല്‍ഗതാഗതവും അഭൂതപൂര്‍വമാംവിധം ഇദ്ദേഹം പുരോഗമിപ്പിച്ചു. രാജ്യത്ത് അനേകം ഒന്നാന്തരം കെട്ടിടങ്ങള്‍ നിര്‍മിച്ചു.

ക്രിസ്ത്യന്‍ IV ഡെന്മാര്‍ക്കിലെ രാജാവായ ഫ്രെഡറിക് II-ന്റെയും മെക്ലന്‍ബര്‍ഗിലെ സോഫിയരാജ്ഞിയുടെയും പുത്രനായി ഫ്രെഡറിക് സോര്‍ഗ്കൊട്ടാരത്തില്‍ 1577 ഏ.12-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ 1588-ല്‍ മരിച്ചപ്പോള്‍ രാജ്യാവകാശം കിട്ടിയെങ്കിലും ക്രിസ്ത്യനു കിരീടധാരണം നടത്തുവാന്‍ കഴിഞ്ഞത് 1596-ല്‍ മാത്രമാണ്. അതുവരെ രാജ്യം ഭരിച്ചത് റിഗ്സ്ഡാഗ് (Rigsdag) എന്ന റീജന്‍സി കൗണ്‍സില്‍ ആയിരുന്നു. ഈ റീജന്‍സി കൗണ്‍സില്‍തന്നെ രാജകുമാരനായ ക്രിസ്ത്യന്‍ IV-ന്റെ വിദ്യാഭ്യാസകാര്യങ്ങളും ഏറ്റെടുത്തു. ലൂഥറന്‍ സഭാവിശ്വാസിയായി വളര്‍ത്തപ്പെട്ട ക്രിസ്ത്യന്‍ ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകളിലും ഗണിതശാസ്ത്രം, സമുദ്രസഞ്ചാരശാസ്ത്രം, ചിത്രരചന, സൈനികനേതൃത്വം, നൃത്തം, ഗുസ്തി എന്നിവയിലും അവഗാഹം നേടി. ക്രിസ്ത്യന്‍ 1597-ല്‍ ബ്രാന്‍ഡന്‍ബര്‍ഗ് രാജ്ഞി അന്നാ കാതറീനെ വിവാഹം ചെയ്തു. അവരാണ് ക്രിസ്ത്യന്റെ പിന്തുടര്‍ച്ചാവകാശിയായിരുന്ന ഫ്രെഡറിക് III-ന്റെ അമ്മ. അവര്‍ 1612-ല്‍ അന്തരിച്ചു. ക്രിസ്ത്യന്‍ മൂന്നു വര്‍ഷത്തിനുശേഷം ക്രിസ്റ്റന്‍ മന്‍ക് (Kristen Mank) എന്ന ഒരു ഡാനിഷ് പ്രഭ്വിയെ വിവാഹം ചെയ്തു; ആ സ്ത്രീയില്‍ പന്ത്രണ്ടു കുട്ടികള്‍ പിറന്നു. എന്നാല്‍ 1630-ല്‍ ആ സ്ത്രീ ഒരു ജര്‍മന്‍ പ്രഭുവുമായി രമ്യതയിലായതു കാരണം ക്രിസ്ത്യന്‍ അവരെ ഉപേക്ഷിച്ചു.

കിരീടധാരണത്തിനുശേഷം ക്രിസ്ത്യന്‍ IV-ആദ്യമായി പരിശ്രമിച്ചത് റിഗ്സ്ഡാഗിന്റെ അധികാരപരിധികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനായിരുന്നു. രാഷ്ട്രത്തിലെ പ്രധാനപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളില്‍ നിയമനം നടത്താതെയും പ്രഭുകുടുംബങ്ങളില്‍പ്പെട്ട ചെറുപ്പക്കാരുടെയും ജര്‍മന്‍ ഉദ്യോഗസ്ഥന്മാരുടെയും സഹകരണം നേടിയും ക്രിസ്ത്യന്‍ റിഗ്സ്ഡാഗിന്റെ പ്രാധാന്യം കുറച്ചു. തന്റെ ഉദ്യോഗസ്ഥന്മാരെ പ്രധാനമായും ക്രിസ്ത്യന്‍ തെരഞ്ഞെടുത്തത്, തന്റെ പൈതൃകമായ ഷെല്‍സ്വിഗ്-ഹോള്‍സ്റ്റീന്‍ രാജ്യത്തില്‍നിന്നാണ്. ക്രിസ്ത്യന്‍ സ്വീഡനുമായി യുദ്ധം പ്രഖ്യാപിച്ചത് റിഗ്സ്ഡാഗ് എതിര്‍ത്തെങ്കിലും ഇദ്ദേഹത്തിന്റെ തീരുമാനം നിലനില്ക്കുകതന്നെ ചെയ്തു. സ്വീഡനെ ഒരിക്കല്‍ക്കൂടി ഡെന്മാര്‍ക്ക്-നോര്‍വേയുമായി യോജിപ്പിക്കുക എന്നതായിരുന്നു ക്രിസ്ത്യന്റെ ഉദ്ദേശ്യം. ഈ യുദ്ധത്തില്‍ (1611-13) ക്രിസ്ത്യന്‍ ജയിച്ചെങ്കിലും ഫലം നിര്‍ണായകമായിരുന്നില്ല.

യുദ്ധത്തിനുശേഷം ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത് രാജ്യത്തിന്റെ സാമ്പത്തികനില ശക്തമാക്കുന്നതിലാണ്. അതിനായി അനേകം നഗരങ്ങള്‍ പണിയുകയും രാജ്യരക്ഷാപ്രാധാന്യമുള്ള പ്രദേശങ്ങളില്‍ തുറമുഖങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. രാജകീയ കപ്പല്‍നിര്‍മാണശാലകളെല്ലാം വിപുലപ്പെടുത്തുകയും പുതുക്കുകയും ചെയ്തത് ക്രിസ്ത്യന്റെ മറ്റൊരു നേട്ടമാണ്. കോപ്പന്‍ഹേഗന്‍ നഗരത്തിനുചുറ്റും പല രമ്യഹര്‍മ്യങ്ങളും കോട്ടകളും പണിതുയര്‍ത്തി. ഉത്തര ജര്‍മനിയില്‍ പ്രോട്ടസ്റ്റന്റ് മതപ്രസ്ഥാനത്തിന് ക്ഷീണം ബാധിച്ചപ്പോള്‍ 1624-ല്‍ തന്റെ ഉപദേശകസഭയുടെ എതിര്‍പ്പുപോലും വകവയ്ക്കാതെ ക്രിസ്ത്യന്‍ മുപ്പതാണ്ടു യുദ്ധത്തില്‍ (Thirty years war) പങ്കാളിയായി. ഉത്തര ജര്‍മനിയില്‍ ഡെന്മാര്‍ക്കിന്റെ താത്പര്യങ്ങളെ പരിരക്ഷിക്കുകയായിരുന്നു ക്രിസ്ത്യന്റെ ഉദ്ദേശ്യം. മാത്രമല്ല, സ്വീഡിഷ് രാജാവ് യൂറോപ്പിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തടയുന്നതിനും ലൂഥറന്‍പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിന്നുകൊണ്ട് കത്തോലിക്കാ മതപ്രചാരണം തടയുന്നതിനും ക്രിസ്ത്യന്‍ ഉദ്ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ 1625-ല്‍ ജര്‍മനിയിലെ കത്തോലിക്കാലീഗിനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചു. കത്തോലിക്കാലീഗിനെ നയിച്ചിരുന്ന ടില്ലി ക്രിസ്ത്യനെ 1626 ആഗ. 17-നു പരാജയപ്പെടുത്തി. കൂടാതെ ടില്ലിയും വാലസ്റ്റീനുംകൂടി ജട്ട്ലന്‍ഡ് (Jutland) ആക്രമിച്ച് കൊള്ളയടിച്ചതു സ്വീഡനിലെ രാജാവുമായി സഖ്യത്തിലേര്‍പ്പെടുന്നതിനു ക്രിസ്ത്യനെ പ്രേരിപ്പിച്ചു. സ്ട്രാള്‍ജണ്ടില്‍നിന്നു നിരോധം പിന്‍വലിപ്പിക്കുന്നതിനു ശത്രുവിനെ നിര്‍ബന്ധിക്കുവാന്‍ സ്വീഡന്‍-ഡെന്മാര്‍ക്ക് കരസേന-നാവികസേന കൂട്ടുകെട്ടിനു കഴിഞ്ഞു. ഈ വിജയലഹരിയില്‍ ക്രസ്ത്യന്‍ സ്വീഡനുമായുള്ള സഖ്യം ഏകപക്ഷീയമായി അവസാനിപ്പിക്കുകയും 1629 മേയില്‍ ലൂബെക്കില്‍ (Lubeck) വിശുദ്ധ റോമാചക്രവര്‍ത്തിയുമായി സഖ്യം ചെയ്യുകയും ചെയ്തു. ക്രിസ്ത്യന്റെ ആത്മവിശ്വാസവും അന്തസ്സും വളരെയേറെ ക്ഷതപ്പെട്ടുവെങ്കിലും ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടില്ല. യുദ്ധത്തിനുശേഷം ഉത്തരജര്‍മനിയില്‍ സ്വീഡന്‍ കെട്ടിപ്പടുക്കുന്ന ആധിപത്യത്തിന് വിഘാതമുണ്ടാക്കുന്നതില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു ക്രസ്ത്യന്‍. ഉത്തരസമുദ്രത്തിലും ബാള്‍ട്ടിക് കടലിലും തനിക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഇദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. നെതര്‍ലന്‍ഡിന്റെ സഹായത്തോടെ സ്വീഡന്‍ 1643 ഡിസംബറില്‍ ഡെന്മാര്‍ക്ക് ആക്രമിച്ച് ജട്ട്ലന്‍ഡ് കൈയടക്കി. സ്വീഡന്റെ കപ്പല്‍വ്യൂഹത്തെ ചെറുത്ത നാവികസേനയ്ക്കു നേതൃത്വം കൊടുത്തത് ക്രിസ്ത്യന്‍ തന്നെയായിരുന്നു. കോള്‍ബര്‍ജര്‍ ഹീഡ് (Kolberger Hiede) നാവികയുദ്ധത്തില്‍ ക്രിസ്ത്യന് ഒരു കണ്ണു നഷ്ടപ്പെട്ടു. ഡെന്മാര്‍ക്കിന്റെ നാവികപ്പട നാമാവശേഷമാക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 1645 ആഗസ്റ്റില്‍ ശത്രുക്കളുമായി അപമാനകരമായ സഖ്യം ചെയ്യുന്നതിന് ക്രസ്ത്യന്‍ നിര്‍ബന്ധിതനായി. ഈ സന്ധി അനുസരിച്ച് ബാള്‍ട്ടിക്, നോര്‍വേ, സ്കാനിയ എന്നീ പ്രദേശങ്ങള്‍ ക്രിസ്ത്യന് നഷ്ടപ്പെട്ടു. ക്രിസ്ത്യന്‍ IV-ന്റെ ഭരണകാലം മുഴുവന്‍ തന്നെ നാട്ടിലെ പ്രഭുവര്‍ഗവും ഉപദേശകസഭയും ക്രിസ്ത്യന്റെ യുദ്ധമനസ്ഥിതിയെ ചെറുത്തിരുന്നു. സ്വന്തം പുത്രീഭര്‍ത്താക്കന്മാര്‍പോലും ഇദ്ദേഹത്തെ വെറുക്കുവാന്‍ തുടങ്ങി. അവസാനം കൂടുതല്‍ അധികാരം പ്രഭുവര്‍ഗത്തിനു കൈമാറുവാന്‍ നിര്‍ബന്ധിതനായ ക്രിസ്ത്യന്‍ IV 1648 ഫെ. 28-ന് കോപ്പന്‍ഹേഗില്‍ തന്റെ 70-ാമത്തെ വയസ്സില്‍ അന്തരിച്ചു. അമ്പതിലേറെ കൊല്ലക്കാലം ഇദ്ദേഹം രാജ്യം ഭരിച്ചു.

ഒരു നല്ല നഗരസ്ഥാപകനായിരുന്നു ഇദ്ദേഹം. ഇന്നത്തെ ഓസ്ളോനഗരം ക്രിസ്ത്യന്‍ IV ക്രിസ്ത്യാനിയ എന്ന പേരില്‍ സ്ഥാപിച്ചതാണ്. അതുപോലെ നോര്‍വേയില്‍ ക്രിസ്ത്യന്‍ സാന്‍ഡ് (Kristian Sand), സ്വീഡനില്‍ ക്രിസ്ത്യന്‍ സ്റ്റാഡ് (Kristian Stad), ക്രിസ്റ്റ്യന്‍ നോവല്‍ (Kristian Novel) എന്നിവയും ഡെന്മാര്‍ക്കില്‍ ക്രിസ്ത്യന്‍ ഷാവ്ന്‍ (Glack Stadat), ഹോള്‍സ്റ്റീനില്‍ ഗ്ലക് സ്റ്റാഡറ്റ് (ഏഹമരസ ടമേറമ) നഗരവും ഇദ്ദേഹം സ്ഥാപിച്ചതാണ്. ഇദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ മൂവായിരത്തിലേറെ കത്തുകള്‍ ഇന്നും അവശേഷിക്കുന്നു. ഡാനിഷ് ഭാഷയില്‍ ഒന്നാന്തരം ശൈലിയില്‍ ഭാവനാസമ്പന്നതയോടെ എഴുതിയ ഈ കത്തുകള്‍ അചഞ്ചലവും ശാശ്വതവുമായ പ്രകൃതി നിയമങ്ങള്‍ മുതല്‍ നിസ്സാരമായ മദ്യോത്പാദനം വരെ എല്ലാ വിഷയങ്ങളിലുമായി പരന്നു കിടക്കുന്നു.

ക്രിസ്ത്യന്‍ V (1646 - 99). ഫ്രെഡറിക് III-ന്റെ പുത്രനും അനന്തരാവകാശിയുമായ ക്രിസ്ത്യന്‍ ഢ 1670-ല്‍ നോര്‍വേ-ഡെന്മാര്‍ക്ക് രാജാവായി. ചാന്‍സലറായിരുന്ന പീഡര്‍ പ്രഭുവിന്റെ പിന്തുണയോടെ നല്ലതും ഉപകാരപ്രദവുമായ ഭരണം നടത്തുക ഇദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. സ്വീഡനുമായി നടത്തിയ യുദ്ധം (1675-79) നിഷ്ഫലമായി. ക്രിസ്ത്യന്‍ V ജനസമ്മതി നേടിയ ഭരണാധികാരിയായിരുന്നു.

ക്രിസ്ത്യന്‍ VI (1699 - 1746). ഫ്രെഡറിക് IV-ന്റെ പുത്രനായ ഇദ്ദേഹം 1730-ല്‍ നോര്‍വേ-ഡെന്മാര്‍ക്ക് രാജാവായി. അത്യധികം ധാരാളിയായിരുന്ന ഇദ്ദേഹം കലാഭംഗിയേറിയ കെട്ടിടങ്ങള്‍ പണിയിക്കുന്നതില്‍ ആവേശം കാണിച്ചിരുന്നു.

ക്രിസ്ത്യന്‍ VII (1749 - 1808). ഫ്രെഡറിക് V-ന്റെ പിന്‍ഗാമിയായി 1766-ല്‍ നോര്‍വേ-ഡെന്മാര്‍ക്ക് രാജാവായി. ബ്രിട്ടനിലെ രാജാവായ ജോര്‍ജ് III-ന്റെ സഹോദരി കരോളിന്‍ മറ്റില്‍ഡയായിരുന്നു പത്നി. ദുര്‍ബലനായിരുന്നതുകൊണ്ട് മന്ത്രിമാരാണ് ഭരിച്ചിരുന്നത്. മന്ത്രിയായിരുന്ന സ്ട്രുവന്‍സേ രാജ്ഞിയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നത് അറിഞ്ഞ രാജാവ് മന്ത്രിയ വധിക്കുകയും രാജ്ഞിയെ ഉപേക്ഷിക്കുകയും ചെയ്തു. പുത്രനായ ഫ്രെഡറിക്കിനെ 1784-ല്‍ റീജന്റായി വാഴിച്ചു.

ക്രിസ്ത്യന്‍ VIII (1786-1848). ക്രിസ്ത്യന്‍ VIII 1839-ല്‍ ഡെന്മാര്‍ക്കിലെ രാജാവായി. കുറച്ചുകാലത്തേക്ക് (1839-44) നോര്‍വേയിലെയും രാജാവായിരുന്നു. ഫ്രെഡറിക് VI 1814-ല്‍ റീജന്റായി ഡെന്മാര്‍ക്ക് ഭരിക്കുന്ന കാലത്ത് നോര്‍വേ ജനത ഇദ്ദേഹത്തെ രാജാവായി തെരഞ്ഞെടുത്തെങ്കിലും അന്ന് അധികാരത്തിലിരുന്ന സ്വീഡനിലെ രാജകുമാരനായ ബര്‍ണാഡോട്ടും ക്രിസ്ത്യനെ നാടുകടത്തി. ക്രിസ്ത്യന്‍ VIII-ന്റെ കാലത്താണ് ഷെല്‍സ്വിഗ്-ഹോള്‍സ്റ്റീന്‍ പ്രവിശ്യകള്‍ ഡെന്മാര്‍ക്കില്‍ പരിപൂര്‍ണമായും ലയിപ്പിച്ചത്.

ക്രിസ്ത്യന്‍ IX (1818-1906). ഫ്രെഡറിക് VIII-ന്റെ അനന്തരാവകാശിയായി 1863-ല്‍ ഡെന്മാര്‍ക്കിലെ രാജാവായി. അനേകം പ്രശ്നങ്ങള്‍ ഈ രാജാവിന് അഭിമുഖീകരിക്കേണ്ടിവന്നു. പ്രഷ്യയും ആസ്ട്രിയയും കൂടി 1864-ല്‍ ഡെന്മാര്‍ക്ക് ആക്രമിക്കുകയും ഷെല്‍സ്വിഗ്-ഹോള്‍സ്റ്റീന്‍ പ്രദേശം അവര്‍ക്ക് വിട്ടുകൊടുക്കേണ്ടിവരികയും ചെയ്തു. വില്യം ഹഡ്ഡെകാസ്സലിന്റെ പുത്രിയായ ലൂയിസാണ് ഇദ്ദേഹത്തിന്റെ പത്നി. ഇവരുടെ സന്താനങ്ങളില്‍ ഫ്രെഡറിക് ഡെന്മാര്‍ക്കിലെ രാജാവും (ഫ്രെഡറിക് VIII) ജോര്‍ജ് ഗ്രീസിലെ രാജാവും (ജോര്‍ജ് I) ആയിത്തീര്‍ന്നു. പുത്രിയായ ഡാഗ്മര്‍ റഷ്യന്‍ സാര്‍ അലക്സാണ്ടര്‍ III-ന്റെ പത്നിയായി. അലക്സാണ്ട്ര എന്ന മറ്റൊരു മകള്‍ ഇംഗ്ലണ്ടിലെ രാജാവ് എഡ്വേഡ് VII-ന്റെ സഹധര്‍മിണിയായി. അങ്ങനെ ഒരാള്‍ റഷ്യയിലെ രാജ്ഞിയും മറ്റൊരാള്‍ ഇംഗ്ലണ്ടിലെ രാജ്ഞിയുമായി. ക്രിസ്ത്യന്‍ IX-ന്റെ ഒരു പൗത്രന്‍ ഹാക്കന്‍ VII എന്ന ബിരുദത്തോടെ നോര്‍വേ രാജാവായിത്തീര്‍ന്നു.

ക്രിസ്ത്യന്‍ X (1870-1947). ക്രിസ്ത്യന്‍ X ഡെന്മാര്‍ക്കിലെയും ഐസ്ലന്‍ഡിലെയും രാജാവായി 1912-ല്‍ സ്ഥാനമേറ്റു. പൂര്‍ണനാമധേയം കാള്‍ ഫ്രെഡറീക് ആല്‍ബെര്‍ട്ട് അലക്സാണ്ടര്‍ വില്‍ഹെം. ക്രിസ്ത്യന്‍ X-ന്റെ കാലത്തെ ഏറ്റവും പ്രധാന ഭരണപരിഷ്കാരം 1915-ല്‍ ഒരു പുതിയ ഭരണഘടനയുണ്ടാക്കി അതനുസരിച്ച് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കി എന്നതായിരുന്നു. ആറടി ഏഴിഞ്ച് ഉയരമുണ്ടായിരുന്ന ക്രിസ്ത്യന്‍ X ആയിരുന്നു യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ രാജാവ്.

(ഡോ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍