This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്തു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്രിസ്തു

ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രന്‍ ലോകത്തിന്റെ പാപ പരിഹാരാര്‍ഥം ജന്മമെടുത്തു എന്നാണ് ക്രിസ്തീയ ദൈവവചനം. 'മനുഷ്യപുത്രന്‍', 'രക്ഷകന്‍' എന്നീ പേരുകളും ക്രിസ്തുവിന് നല്കിക്കാണുന്നുണ്ട്.

നാമസൂചന

'ഈശോ' (യേശു) എന്നും 'മിശിഹ' എന്നും രണ്ട് അര്മായ പദങ്ങള്‍ (armaic - സുറിയാനി) ചേര്‍ന്ന് 'ഈശോ മിശിഹാ' എന്ന സമസ്ത പദമുണ്ടായി. 'ഈശോ'യുടെ അര്‍ഥം 'രക്ഷകന്‍' എന്നാണ്; 'മിശിഹാ' എന്നതിനര്‍ഥം 'അഭിഷിക്തന്‍' എന്നും. അതിനാല്‍ 'ഈശോമിശിഹാ'യുടെ വാച്യാര്‍ഥം 'അഭിഷിക്തനായ രക്ഷകന്‍' അഥവാ രക്ഷകനായ അഭിഷിക്തന്‍ എന്നാണ്. 'ഈശോമിശിഹാ'യുടെ ഗ്രീക്കു ഭാഷാന്തരമാണ് യേസൂസ് ക്രിസ്തോസ്. അതിന്റെ വിവിധ രൂപങ്ങളാണ് 'യേശുക്രിസ്തു'വും 'ജീസസ് ക്രൈസ്റ്റും' മറ്റും.

ജനനം

ദി അഡൊറേഷന്‍ ഓഫ് ദ് ഷപ്പേര്‍ഡ്സ്-ലൂയിലെ നെയ്ന്‍ രചന

ക്രൈസ്തവവിശ്വാസം അനുസരിച്ച് ബി.സി. 6-ാമാണ്ടോടടുത്ത് ബെത്ലഹേം എന്ന ചെറിയ പട്ടണത്തില്‍ യേശുക്രിസ്തു ഭൂജാതനായി. ആധുനിക ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഭാഗമായ പലസ്തീനിലെ ജെറുസലേം നഗരത്തില്‍ നിന്ന് 25 കി.മീ. അകലെയാണ് ഈ പട്ടണം. യേശുക്രിസ്തുവിന്റെ ജനനം എ.ഡി. 1-ാം വര്‍ഷമാണെന്ന് ഒരു പൊതുധാരണയുണ്ടായിരുന്നെങ്കിലും ആ ധാരണ ശരിയല്ലെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഉണ്ണിയേശുവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ രണ്ടുവയസ്സില്‍ത്താഴെയുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും വധിക്കാന്‍ ആജ്ഞാപിച്ച ഹേറോദേസ് രാജാവ് മരിച്ചത് ബി.സി. 4-ാം വര്‍ഷം ആണെന്നത് സന്ദേഹരഹിതമാണ്; അതിന് റോമന്‍ പ്രമാണരേഖകളുണ്ട്. അതിനാല്‍ യേശുവിന്റെ ജനനം ബി.സി. 6-ാമാണ്ട് അടുത്താണെന്ന് ന്യായമായും ഗവേഷകര്‍ അനുമാനിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കി റോമാക്കാര്‍ കാലഗണനയാരംഭിച്ചത് ക്രിസ്തുവിനുശേഷം 6-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഇളയഡയനീഷ്യസിന്റെ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയാണ്. ഡയനീഷ്യസിന്റെ കണക്കുകൂട്ടലില്‍ കുറച്ചു പിശകു പിണഞ്ഞതുമൂലമാണ് ക്രിസ്തു ജനിച്ച് ആറുവര്‍ഷം കഴിഞ്ഞുള്ള വത്സരത്തെ ക്രിസ്തുവിന്റെ ജന്മവത്സരമെന്ന് തെറ്റായി കണക്കാക്കിയത്.

സുവിശേഷവിവരണം

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളും ജീവിതവും രേഖപ്പെടുത്തിയിരിക്കുന്ന ആധികാരികഗ്രന്ഥം ബൈബിളിലെ പുതിയനിയമം ആണ്. 'പുതിയ നിയമത്തില്‍'ത്തന്നെ സുവിശേഷങ്ങളാണ് ക്രിസ്തുവിനെ വിശദമായി അവതരിപ്പിക്കുന്നത്. സുവിശേഷകനായ ലൂക്കോസ് യേശുവിന്റെ ജനനം വിവരിക്കുന്നത് ഇപ്രകാരമാണ്; പലസ്തീനില്‍ ഗലീലിലുള്ള നസ്രത്ത് എന്ന ഗ്രാമത്തില്‍ വസിച്ചിരുന്ന മറിയം എന്ന കന്യകയ്ക്ക് ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷനായി പറഞ്ഞു. 'കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവ് നിന്നോടുകൂടിയുണ്ട്. നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്നു പേര്‍ വിളിക്കണം. അവന്‍ വലിയവനാകും. അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവായ ദൈവം തന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും, അവന്‍ 'യാക്കോബ്ഗൃഹത്തിന്' എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയുമില്ല'. 'ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും' എന്ന് അവള്‍ ചോദിച്ചു. അതിനു ദൂതന്‍ 'പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും. ആകയാല്‍ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും' എന്നു വചിച്ചു. 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ' എന്നു മറിയം ഗബ്രിയേലിനെ അറിയിച്ചു.

ദൈവശക്തിയാല്‍ കന്യകാമറിയം ഗര്‍ഭവതിയായി. കാലത്തിന്റെ പൂര്‍ണതയില്‍ യേശുക്രിസ്തു ലോകത്തില്‍ അവതീര്‍ണനായി. മറിയത്തിന്റെ ഗര്‍ഭധാരത്തെക്കുറിച്ച് അവള്‍ക്കു വിവാഹം പറഞ്ഞു നിശ്ചയിച്ചിരുന്ന യൌസേഫിന് സംശയം ജനിക്കയും അവളെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ ഭാവിക്കയും ചെയ്തപ്പോള്‍ ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി 'ദാവീദിന്റെ വംശജനായ ജോസഫേ, നിന്റെ ഭാര്യയായ മറിയത്തെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ. അവളില്‍ ഉത്പാദിതമായത് പരിശുദ്ധാത്മാവിനാല്‍ ആകുന്നു. മറിയം പ്രസവിക്കുന്ന കുഞ്ഞിന് യേശു എന്നു നീ പേരിടണം; കാരണം, അവന്‍ തന്റെ ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നെല്ലാം മോചിപ്പിക്കും' (മത്താ.1:20-21).

യേശുവിന്റെ ജനനം സംക്ഷിപ്തമായി മത്തായിയുടെ സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു: 'ഹേറോദേസ് രാജാവിന്റെ കാലത്ത് പാലസ്തീനിലെ യൂദയില്‍ യേശുക്രിസ്തു ജാതനായി' (2:1). ഇവയെല്ലാം സംഭവിച്ചത്, യേശുവിനെക്കുറിച്ചുള്ള പൂര്‍വകാല പ്രവചനങ്ങളുടെ (ഉദാ. ഏശായ, മിഖ, ദാനിയേല്‍, യെഹസ്കേല്‍) പൂര്‍ത്തീകരണമായിട്ടാണ്.

മനുഷ്യപുത്രനായ ദൈവം

അനാദ്യന്തം സ്വയംഭൂവായ ദൈവം പരിമിതനും മൂര്‍ത്തനുമായ മനുഷ്യനായി ലോകത്തിലവതരിച്ചതാണ് യേശുക്രിസ്തു. 'ദൈവത്തിന്റെ വചനം (logos) സനാതനമാണ്; അത് ദൈവം തന്നെയാണ്. ആ നിത്യവചനം ദൈവ-നിര്‍ദിഷ്ടസമയത്ത് മനുഷ്യനായി ലോകത്തില്‍ അവതരിച്ചു. അതിനാല്‍ അവതീര്‍ണദൈവമാണ് യേശുക്രിസ്തു. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനുശേഷവും, തന്റെ ദൈവിക സഞ്ചയത്തില്‍ വ്യതിയാനമോ സങ്കലനമോ സംഭവിച്ചില്ല. 'അനാദി മുതല്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു. സര്‍വതും വചനംമൂലം സംസൃഷ്ടമായി. ആ വചനം ജീവദാതാവായിരുന്നു; ലോകരുടെ പ്രകാശമായിരുന്നു. ആ വചനം മനുഷ്യത്വം സ്വീകരിച്ച്, സത്യവും കൃപയും നിറഞ്ഞവനായി നമ്മുടെയിടയില്‍ ജീവിച്ചു' (യോഹ. 1:1-14).

പരിച്ഛേദന കര്‍മവും ദേവാലയ സമര്‍പ്പണവും

യഹൂദമതാചാരപ്രകാരം, ജനനത്തിന്റെ എട്ടാം ദിവസം ഉണ്ണിയേശുവിന്റെ പരിഛേദനകര്‍മം അഥവാ ചേലാകര്‍മം (Circumcision) ബെത് ലഹേമില്‍ വച്ച് അനാഡംബരമായി നിര്‍വഹിക്കപ്പെട്ടു. പരിഛേദനകര്‍മത്തോടെയാണ് രക്ഷകന്‍ എന്നര്‍ഥമുള്ള 'യേശു' നാമം ശിശുവിനു നല്കപ്പെട്ടത്.

യഹൂദമര്യാദപ്രകാരം ജനനത്തിന്റെ 40-ാം ദിവസമാണ് ആണ്‍കുട്ടികളുടെ ദേവാലയസമര്‍പ്പണം നിര്‍വഹിക്കപ്പെടുന്നത്. ശിശുസമര്‍പ്പണത്തോടൊത്ത് മാതൃപവിത്രീകരണകര്‍മവും ദേവാലയത്തില്‍ വച്ചു നിര്‍വഹിക്കപ്പെടുന്നു. ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ച ദിവസം, ശെമവൂന്‍ എന്ന വൃദ്ധന്‍ യേശുവിനെ കൈകളിലെടുത്ത് ആനന്ദവായ്പോടെ ഉദ്ഘോഷിച്ചു: 'ഈ ശിശു യഹൂദര്‍ക്കു മഹത്വവും വിജാതീയര്‍ക്കു പ്രാകാശവുമായിരിക്കും'. അനന്തരം അദ്ദേഹം തികഞ്ഞ കൃതാര്‍ഥതയോടെ ആത്മഗതം ചെയ്തു: 'അവിടുത്തെ ദാസനെ ഇനി സമാധാനപൂര്‍വം പറഞ്ഞയച്ചാലും' (സ്വര്‍ഗത്തിലേക്കു വിളിച്ചാലും).

വിദ്വാന്മാരുടെ ആഗമനം

മെഡോണ ആന്‍ഡ് ചൈല്‍ഡ് രചന-ആല്‍ബ്രെഷ്ഡ് ഡൂറെര്‍

യേശു ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, അസാധാരണമായ ഒരു നക്ഷത്രത്താല്‍ ആനീതരായി 'പൂര്‍വ ദിക്കില്‍ നിന്നു വിദ്വാന്മാര്‍' ബെത് ലേഹേമില്‍ വന്നു. അവര്‍ മാതാവായ മറിയത്തോടൊത്ത് ഉണ്ണിയേശുവിനെ ദര്‍ശിച്ച് ആദരാഞ്ജലികളര്‍പ്പിച്ച്, തങ്ങളുടെ നിക്ഷേപപാത്രങ്ങള്‍ തുറന്ന് തങ്ങളുടെ ദേശത്തെ ഉത്തമദ്രവ്യങ്ങളായ പൊന്നും മൂരും കുന്തുരക്കവും കാഴ്ചയര്‍പ്പിച്ചു (മത്താ. 2). ശിശുവായ യേശുവിനെത്തേടിവന്ന വിദ്വാന്മാര്‍ പേര്‍ഷ്യക്കാരായ ജ്യോത്സ്യന്മാര്‍ ആയിരിക്കാനാണ് സാധ്യത. അവര്‍ കണ്ട അദ്ഭുതനക്ഷത്രം 'ജൂപ്പിറ്റര്‍, സാറ്റണ്‍' എന്നീ ഗ്രഹങ്ങളുടെ സംഗമമായിരുന്നുവെന്ന് കെപ്ലര്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ സംഭവം നടന്നത് ബി. സി. 6-ല്‍ ആയിരുന്നുവെന്നു കണക്കുകള്‍ കൊണ്ട് കെപ്ളര്‍ സ്ഥാപിക്കുന്നു.

വിദ്വാന്മാരുടെ ആഗമനശേഷം, ഉണ്ണിയേശുവിനെ വധിക്കാന്‍ പലസ്തീന്‍ രാജാവായ ഹേറോദേസ് വിഫലശ്രമം നടത്തി. ഹേറോദേസിന്റെ വധോദ്യമമറിഞ്ഞ യൌസേഫും മറിയവും യേശുവിനെയുംകൊണ്ട് ഈജിപ്തിലേക്കു ഓടിപ്പോയി. ഹേറോദേസിന്റെ മരണശേഷം അവര്‍ പലസ്തീനിലേക്കു തിരിച്ചുവന്നു. ഗലീലിയിലെ നസ്രത്ത് എന്ന ഗ്രാമത്തില്‍ ആ ചെറുകുടുംബം താമസമുറപ്പിച്ചു.

ബാല്യകാലം

നസ്രത്തില്‍ നിന്ന് ഒരു പെസഹാഉത്സവകാലത്ത് യൌസേഫും മറിയവും യേശുവും അവരുടെ പ്രതിവര്‍ഷതീര്‍ഥാടനത്തിന് 120-ലേറെ കി. മീ. അകലെയുള്ള ജെറുസലേമിലേക്കു പോയി (യേശുവിന് അപ്പോള്‍ 12 വയസ്സ്). ദേവാലയത്തിലെത്തിയ ബാലനായ യേശു പെസഹാമഹോത്സവ ദിവസങ്ങളില്‍ ദേവാലയത്തിലെ പ്രഖ്യാതരായ മതപണ്ഡിതരുമായി ചര്‍ച്ചകള്‍ നടത്തി. അവരെല്ലാവരും ബാലന്റെ അസാമാന്യമായ വിജ്ഞാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. മകനെത്തേടി വന്ന മറിയം, യേശുവിനെ വേദവിജ്ഞാനികളുടെ ഇടയില്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ഭുതപ്പെട്ടുപോയി (ലൂക്ക്.2).

പരസ്യവ്യാപാരം

യേശുവിന്റെ മുന്നോടിയായി യോഹന്നാന്‍ സ്നാപകന്‍ പലസ്തീനില്‍ രംഗപ്രവേശം ചെയ്തു. യേശുവിന്റെ രക്ഷാകരസന്ദേശം സ്വീകരിക്കാന്‍ പൊതുജനങ്ങളെ തയ്യാറാക്കുകയെന്ന കൃത്യവുമായിട്ടാണ് അദ്ദേഹം മുന്നോട്ടു വന്നത്. 'സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍' എന്നു താന്‍ യഹൂദ്യ മരുഭൂമിയില്‍ വിളിച്ചു പറഞ്ഞു 'ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് യോഹന്നാന്‍ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം നല്കി. പശ്ചാത്തപിച്ച പാപികള്‍ക്ക് യോഹന്നാന്‍ യോര്‍ദാന്‍ നദിയില്‍ സ്നാനം നല്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് സ്നാപകയോഹന്നാന്‍ എന്ന അഭിധാനം ലഭിച്ചു.

സ്നാനകര്‍മവും ഉപവാസവും

ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് രചന-ഗുയ്ഡോ റെനി

ദൈവപുത്രനായ ക്രിസ്തു പാപരഹിതനെങ്കിലും തന്റെ പരസ്യവ്യാപാരത്തിന്റെ ആരംഭം കുറിക്കാനായി യോര്‍ദാന്‍ നദിയില്‍, യോഹന്നാന്‍ സ്നാനം ഏറ്റു. തദവസരത്തില്‍ 'സ്വര്‍ഗം തുറക്കപ്പെടുകയും ദൈവമാതാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്‍മേല്‍ ഇറങ്ങിവരികയും ചെയ്തു'. 'ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു'. എന്ന അശരീരിവാക്യം കേള്‍ക്കുകയും ചെയ്തു (മത്താ. 3:16-17). യോഹന്നാനില്‍ നിന്നു സ്നാനകര്‍മം സ്വീകരിച്ചശേഷം യേശു ഒരു വിജനപ്രദേശത്തേക്കു പിന്‍വാങ്ങി. അവിടെ 40 രാപ്പകല്‍ ഉപവാസമനുഷ്ഠിച്ചു. ഉപവാസാനന്തരം യേശു തന്റെ പരസ്യപ്രബോധനം സമാരംഭിച്ചു. സ്വര്‍ഗത്തില്‍ നിന്നു താന്‍ സമാഗതനായിരിക്കുന്നത്, ലോകസമുദ്ധാരണം നിര്‍വഹിക്കാനാണെന്ന് യേശു വ്യക്തമായി പ്രഖ്യാപിച്ചു. 'കാലം തികഞ്ഞു; ദൈവരാജ്യം വളരെ അടുത്തിരിക്കുന്നു; പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവിന്‍; സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍'-യേശു സുവിശേഷ പ്രസംഗമാരംഭിച്ചു (മാര്‍ക്ക്.1:15).

പരസ്യപ്രബോധനകാലത്ത് ഒരു ദിവസം യേശു നസ്രത്തില്‍ തിരിച്ചെത്തി. അതൊരു 'ശാബ്ബത്' ദിവസമായിരുന്നു. നസ്രേത്തിലെ യഹൂദപ്രാര്‍ഥനാലയ(സിനഗോഗ്)ത്തില്‍ വച്ച് 'പഴയ നിയമം' വായിച്ചു വ്യാഖ്യാനിക്കാന്‍ അന്ന് സിനഗോഗ് അധികൃതര്‍ യേശുവിനോടഭ്യര്‍ഥിച്ചു. അതനുസരിച്ച് ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലെ 61-ാമധ്യായം യേശു വായിച്ചു വിശദീകരിച്ചു. അന്ധര്‍ക്കു കാഴ്ചയും ബധിരര്‍ക്കു ശ്രവണവും മര്‍ദിതര്‍ക്കു മോചനവും നല്കി ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുവാന്‍ ദൈവാത്മാവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് യേശു പ്രസംഗിച്ചു. അനന്തരം യേശു കൂട്ടിച്ചേര്‍ത്തു: 'ശതാബ്ദങ്ങള്‍ക്കു മുമ്പ് പ്രവാചകന്മാര്‍ ദീര്‍ഘദൃഷ്ട്യാ ദര്‍ശിച്ച മിശിഹാ ഞാന്‍ തന്നെയാണ്' (ലൂക്ക്. 4:14-18).

ശിഷ്യനിയോഗം

യേശു തന്റെ പരസ്യജീവിതം ആരംഭിച്ചതോടെ വളരെയേറെ ആളുകള്‍ തന്നെ കേള്‍ക്കുവാനും രോഗശാന്തി പ്രാപിക്കുവാനുമായി പിന്തുടര്‍ന്നു. ഇവരില്‍ 12 പേരെ യേശു ശിഷ്യന്മാരായി തെരഞ്ഞെടുത്തു; ഇവര്‍ 'ശ്ളീഹന്മാര്‍' അഥവാ 'അപ്പോസ്തലന്മാര്‍' എന്ന പേരില്‍ അറിയപ്പെടുന്നു; ഇവരില്‍ പ്രധാനി പത്രോസായിരുന്നു. യേശുവിനെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു എന്ന് സാക്ഷ്യം വഹിച്ച പത്രോസിനോട് 'നീ പത്രോസാകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും' എന്നു ക്രിസ്തു പറഞ്ഞു (മത്താ. 16:16-18). ഈ 12 അപ്പോസ്തലന്മാരും അവരുടെ സഹപ്രവര്‍ത്തകരും കൂടിയാണ് ക്രിസ്തുവിന്റെ മരണശേഷം തന്റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിച്ചത്.

അലൗകികസന്ദേശം

യേശുക്രിസ്തു വിശ്വോത്തരവും നിത്യശാന്തിദായകവുമായ തന്റെ ദിവ്യസന്ദേശം ലളിതമായ ഭാഷയില്‍, ഏതു വിദ്യാവിഹീനനും മഹാപണ്ഡിതനും ഒരു പോലെ മനസ്സിലാവുന്ന രീതിയിലാണ് അവതരിപ്പിച്ചത്. മുഖ്യമായും അന്യാപദേശരൂപേണയാണ് അദ്ദേഹം തന്റെ ശ്രോതാക്കള്‍ക്ക് അലൗകികസന്ദേശം പകര്‍ന്നു കൊടുത്തിരുന്നത്. 'വിതക്കാരന്‍', കടലില്‍ വിരിച്ച വല, മണ്ണില്‍ മറഞ്ഞിരിക്കുന്ന നിധി, കടുകുമണിയുടെ വളര്‍ച്ച, മണലിലും പാറപ്പുറത്തും വീടു പണിചെയ്തവര്‍, രണ്ട് ഋണബദ്ധര്‍, ഫലം നല്കാത്ത അത്തിവൃക്ഷം, ധനവാനും ദരിദ്രനും, കല്യാണഘോഷം, ദൈവദത്തവാസനകളാകുന്ന താലന്തുകളെ നന്നായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യം-ഇങ്ങനെ ഒട്ടനവധി അന്യാപദേശങ്ങളില്‍ക്കൂടി, ശാശ്വത മുക്തിദായകമായ ദിവ്യസന്ദേശം യേശു ലോകത്തിനു നല്കി. സുവിശേഷങ്ങളില്‍ ഇവ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്.

ഗിരിപ്രഭാഷണം

വിശ്വവിശ്രുതമാണ് യേശുക്രിസ്തുവിന്റെ 'ഗിരിപ്രഭാഷണം'. മത്തായി എഴുതിയ സുവിശേഷത്തിന്റെ അഞ്ചും ആറും ഏഴും അധ്യായങ്ങളിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കോസ് എഴുതിയ ആറാമധ്യായത്തില്‍ സംക്ഷിപ്തമായും ഉണ്ട്. ഐഹികവും പാരിത്രികവുമായ ജീവിതത്തെ ശ്രേയസ്കരവും സൗഭാഗ്യപൂര്‍ണവുമാക്കുവാന്‍ പ്രത്യേകം ഉതകുന്നതാണ് യേശുവിന്റെ ഗിരിപ്രഭാഷണം. ഗിരിപ്രഭാഷണത്തിന്റെ ആദ്യഭാഗമായ 'അഷ്ടഭാഗ്യങ്ങള്‍' (Beatitudes) അത്യന്തം ശ്രദ്ധേയമാണ്.

സപ്പര്‍ അറ്റ് ഇമ്മേയസ് രചന-കരവാഗിയോ

ധാര്‍മികജീവിതം നയിക്കുന്നവര്‍ക്ക് ഈ ലോകത്തില്‍ ശാന്തിയും സമാധാനവും ശ്രേയസും, മരണാനന്തരജീവിതത്തില്‍ ശാശ്വത സൗഭാഗ്യവും ലഭിക്കുമെന്ന് അഷ്ടഭാഗ്യങ്ങള്‍ ഉദ്ഘോഷിക്കുന്നു. മനുഷ്യജീവിതത്തെ ശ്രേയസ്കരമാക്കുന്ന മറ്റു പല തത്ത്വങ്ങളും ഗിരിപ്രഭാഷണത്തില്‍ യേശു ഉപദേശിക്കുന്നുണ്ട്. 'കൊല്ലരുത്', എന്നു മാത്രമല്ല, മറ്റുള്ളവരോടു കോപിക്കുകയോ അവര്‍ക്കെതിരായി വിദ്വേഷവികാരങ്ങള്‍ മനസ്സില്‍ വച്ചു പുലര്‍ത്തുകപോലുമോ അരുത് എന്നു യേശു പഠിപ്പിക്കുന്നു. ശത്രുക്കളെപ്പോലും സ്നേഹിക്കണം; കാമാസക്തി, ദ്രവ്യാഗ്രഹം മുതലായ വികാരങ്ങളെ നിയന്ത്രിച്ചു ദൈവപരമായ സ്നേഹം അഭ്യസിക്കണം; സസന്തോഷം ദാനധര്‍മം ചെയ്യണം; സര്‍വജ്ഞനും കരുണാവാരിധിയുമായ സര്‍വേശ്വരന്റെ സ്നേഹപരിപാലനത്തില്‍ (indivine providence) ദൃഢവിശ്വാസം വളര്‍ത്തണം; പുത്രനിര്‍വിശേഷമായ ആത്മാര്‍ഥതയോടെ ദൈവത്തോടു പ്രാര്‍ഥിക്കണം-ഇവയെല്ലാം ചേര്‍ന്ന 'ഗിരിപ്രഭാഷണം' യഥാര്‍ഥത്തില്‍ ആനന്ദമാര്‍ഗം തന്നെയാണ്. നോ. ഗിരിപ്രഭാഷണം

അസാധാരണ വ്യക്തിത്വം

യേശുക്രിസ്തു പല അതിമാനുഷികപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളതായി വിശുദ്ധ വേദത്തില്‍ കാണുന്നു. വെള്ളത്തെ വീഞ്ഞാക്കിമാറ്റിയത്, ഭൂതഗ്രസ്തരെ സൌമ്യരാക്കിയത്, ജാത്യാന്ധന് കാഴ്ചശക്തി നല്കിയത്, മരിച്ചുപോയ ലാസറിനെ ഉയര്‍പ്പിച്ചത്, യേശുവിന്റെ തന്നെ മറുരൂപപ്രാപ്തി എന്നിവ ഇതിനു തെളിവുകളാണ്.

മരണവും പുനരുത്ഥാനവും

ക്രൂശിത രൂപം-രചന റുബെന്‍സ്
ഉയര്‍ത്തെഴുന്നേല്‍പ്പ് രചന-റാഫേല്‍

എ.ഡി. 33-ാമാണ്ട് മാര്‍ച്ച് അവസാനം പെസഹാ മഹോത്സവകാലത്ത്, യേശു ജെറുസലേമിനടുത്തുള്ള ബെഥനി ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു. യേശുവിന്റെ അനവധി അദ്ഭുതങ്ങളിലും വ്യക്തിമാഹാത്മ്യത്തിലും ആകൃഷ്ടരായ ധാരാളം യഹൂദര്‍ പ്രവാചക പ്രകീര്‍ത്തിതനായ ലോകരക്ഷകനായി യേശുവിനെ അംഗീകരിച്ച് ദക്കിലാകളുടെയും സൈതുവൃക്ഷത്തിന്റെയും കമ്പുകളേന്തി ഓശാനപ്പാട്ടുകള്‍ പാടി ജെറുസലേം ദേവാലയത്തിലേക്ക് ആനയിച്ചു. ഈ ജൈത്രയാത്രയ്ക്ക് ക്രിസ്തു തെരഞ്ഞെടുത്ത വാഹനം കേവലം നിന്ദ്യമായ കഴുതയായിരുന്നു. ഇത് തന്റെ താഴ്മയെയും പുറജാതികളുടെ കീഴ്വഴക്കത്തെയും സൂചിപ്പിക്കുന്നു. തുടര്‍ന്ന് താന്‍ ശിഷ്യന്മാരുമായി പെസഹാഭോജനം നടത്തി, അപ്പോള്‍ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു നല്കിക്കൊണ്ടു പറഞ്ഞു; 'ഇതു നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാകുന്നു'; അനന്തരം വീഞ്ഞു നിറച്ച പാനപാത്രമെടുത്ത് ആശീര്‍വദിച്ചു 'ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുള്ള എന്റെ രക്തം; ഇതില്‍ നിന്നു നിങ്ങള്‍ പാനം ചെയ്യുവിന്‍' എന്നു പറഞ്ഞ് ശിഷ്യന്മാര്‍ക്കു കൊടുത്തു. തന്റെ ഓര്‍മയ്ക്കായി ലോകാവസാനത്തോളം ഇത് അനുഷ്ഠിക്കണമെന്ന് യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു. പെസഹാവിരുന്നിന്റെ പ്രാരംഭത്തില്‍ യേശു ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ഉന്നതസേവനത്തിന്റെ മാതൃക ലോകത്തിനു നല്കി.

യേശു യഹൂദമേധാവികളുടെ കപടഭക്തിയെയും അനാചാരങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ദൈവസ്നേഹവും പരസ്പരസ്നേഹവും പ്രവൃത്തിയില്‍ പകര്‍ത്താന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. ഇത് അവരെ കൂടുതല്‍ കോപാകുലരാക്കി. യേശുവിനെ അവര്‍ ഒരു വിപ്ളവകാരിയും ദൈവദൂഷണം പറയുന്നവനുമായി ചിത്രീകരിച്ച് ജനങ്ങളെ അദ്ദേഹത്തിനെതിരെ ഇളക്കിവിട്ടു. യഹൂദമതമേധാവികളുടെ ദുഷ്പ്രേരണ നിമിത്തം ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് സ്കറിയോത്ത മുപ്പതു വെള്ളിനാണയത്തിന് ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തു. പെസഹാവ്യാഴാഴ്ച രാത്രിയില്‍ സ്വശിഷ്യരോടൊത്ത് 'ഗെത്സെമന്‍' തോട്ടത്തില്‍ പ്രാര്‍ഥനയിലായിരുന്ന യേശുവിനെ യഹൂദര്‍ പിടിച്ചു ബന്ധിച്ചു. അവരുടെ മതകോടതിയായ സന്നദ്ദ്രീം സംഘം യേശുവിനു വധശിക്ഷ വിധിച്ചു. അതിനുശേഷം അനേകം കുതന്ത്രങ്ങള്‍ പ്രയോഗിച്ച റോമന്‍ ഗവര്‍ണറായ പിലാത്തോസിനെക്കൊണ്ട് സന്നദ്ദ്രീം സംഘത്തിന്റെ വധശിക്ഷ ശരി വയ്പ്പിച്ചു. തുടര്‍ന്ന് അവര്‍ണനീയമായ പീഡനങ്ങള്‍ക്ക് അവര്‍ യേശുക്രിസ്തുവിനെ വിധേയനാക്കി. അവര്‍ യേശുവിന്റെ മുഖത്ത് തുപ്പുകയും യേശുവിനെ മുള്‍മുടി ചൂടിക്കുകയും ചെയ്തു. ചാട്ടവാറുകൊണ്ട് അടിച്ചും ഭാരമേറിയ മരക്കുരിശ് ചുമപ്പിച്ചും ആണ് യേശുവിനെ ഗോഗുല്‍ത്ത (കാല്‍വരി) മലയിലേക്ക് നടത്തിയത്. അവിടെ രണ്ട് കള്ളന്മാരുടെ മധ്യേ കുരിശില്‍ തറച്ചു (നോ. കാല്‍വരി). കുരിശില്‍ കിടന്നു ദുസ്സഹമായ വേദന അനുഭവിക്കുന്ന നിമിഷത്തിലും യേശു തന്റെ ഘാതകര്‍ക്കുവേണ്ടി മാപ്പപേക്ഷിച്ചു. "പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ എന്ന് പ്രാര്‍ഥിച്ചു. മൂന്നു മണിക്കൂര്‍ നേരം കുരിശില്‍ യാതനയനുഭവിച്ചശേഷം യേശു "എല്ലാം പൂര്‍ത്തിയായിരിക്കുന്നു; പിതാവേ, നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് പ്രാണന്‍ വെടിഞ്ഞു (യോഹ: 19:30; ലൂക്ക്. 23:46). യേശുവിന്റെ മരണസമയത്ത് ജെറുസലേം ദേവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോകയും പ്രകൃതിക്ഷോഭം അനുഭവപ്പെടുകയും ചെയ്തു.

യേശു മരിച്ചുവെന്നുറപ്പുവരുത്തിയശേഷം യഹൂദമതമേധാവികളുടെ മേല്‍നോട്ടത്തില്‍ മൃതശരീരം ധനികനും ധാര്‍മികനുമായ 'അരിമഥ്യക്കാരന്‍' യൌസേപ്പും നീക്കോദീമോസും കൂടി 'കുരിശില്‍ നിന്നിറക്കി'. യേശുവിന്റെ മൃതശരീരം സുഗന്ധദ്രവ്യങ്ങള്‍ പൂശി കേത്താനപ്പട്ടില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിയുണ്ടാക്കിയ കരുത്തുള്ളതും ആരെയും ഒരു നാളും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ സംസ്കരിച്ചു. യഹൂദമതാധികാരികള്‍ വന്ന് ശവക്കല്ലറയുടെ വാതില്‍ വലിയൊരു കല്ലുകൊണ്ടടച്ചു കല്ലറയ്ക്കു മുദ്രവച്ചു; കല്ലറ കാക്കാന്‍ കാവല്‍ക്കാരെയും നിയോഗിച്ചു. മരിച്ചിട്ട് മൂന്നാം ദിവസം സ്വയം ഉത്ഥാനം ചെയ്യുമെന്നു ജീവിച്ചിരുന്നപ്പോള്‍ യേശു പലപ്പോഴും പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ് കല്ലറയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.

യേശു മരിച്ചു മൂന്നു ദിവസം കഴിഞ്ഞ് ഞായറാഴ്ച അതിരാവിലെ മഗ്ദലനമറിയവും മറ്റു ഭക്തസ്ത്രീകളും കൂടി യേശുവിന്റെ ശവക്കല്ലറ സന്ദര്‍ശിച്ചു. സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൈവദൂതന്‍ വന്നു ശവകുടീരത്തിന്റെ മൂടിക്കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നിരുന്നു. ശവകുടീരം കാത്തു നിന്നിരുന്ന കാവല്‍ക്കാര്‍ ഭയന്നുവിറച്ചു മൃതപ്രായരായിത്തീര്‍ന്നു (മത്താ. 28). ക്രിസ്തു പ്രഭാപൂരിതനായി, മഹത്ത്വപൂര്‍ണനായി ഉയിര്‍ത്തെഴുന്നേറ്റു. പിന്നീട് ശവക്കല്ലറ കാണാന്‍ വന്നവരോട് ദൈവദൂതന്‍ പറഞ്ഞു. 'യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരിക്കുന്നു' (മാര്‍ക്ക്.16). പുനരുത്ഥാനശേഷം താന്‍ നാല്‍പതു ദിവസം ഭൂമിയില്‍ പാര്‍ത്ത് സ്വാനുയായികള്‍ക്ക് പലതവണ ദര്‍ശനമരുളി. പുനരുത്ഥിതനായ യേശുക്രിസ്തുവിന്റെ ദര്‍ശനാനുഭൂതി ശിഷ്യരില്‍ സമൂലപരിവര്‍ത്തനം വരുത്തി. ഉയിര്‍പ്പിന്റെ 40-ാം നാള്‍ സ്വശിഷ്യന്മാരെ കൂട്ടി ഒലിവ് മലയില്‍ പൗരോഹിത്യനല്‍വരം അവര്‍ക്കു സമൃദ്ധിയായി നല്കിയശേഷം സ്വര്‍ഗാരോഹണം ചെയ്യുകയും ചെയ്തു.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍