This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിപ്സ് ദൗത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിപ്സ് ദൗത്യം

Cripp's Mission

രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയുടെ പിന്തുണയും സഹകരണവും നേടുന്നതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സിന്റെ (1889-1952) നേതൃത്വത്തില്‍ ഇന്ത്യയില്‍ നടത്തിയ രാഷ്ട്രീയ ദൗത്യം (1942).

രണ്ടാംലോകയുദ്ധത്തില്‍ ഇന്ത്യ ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും പക്ഷത്താണ് എന്ന് 1939-ല്‍ വൈസ്രോയി ലിന്‍ലിത് ഗോ പ്രഭു ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയത് ഇന്ത്യയിലെ നേതാക്കളെ പ്രകോപിപ്പിച്ചു. ഇന്ത്യന്‍ നേതാക്കളോടോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടോ ചര്‍ച്ചചെയ്യാതെ എടുത്ത ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരില്‍നിന്നും രാജിവയ്ക്കാന്‍ കോണ്‍ഗ്രസ്പാര്‍ട്ടി തങ്ങളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു. മാത്രവുമല്ല ബ്രിട്ടന്റെ ഏകപക്ഷീയ തീരുമാനം ഇന്ത്യയിലാകെ പ്രതിഷേധത്തിന് വഴിയൊരുക്കുകയും ചെയ്തു. കേന്ദ്രത്തില്‍ ഒരു താത്കാലിക ദേശീയ ഗവണ്‍മെന്റ് എങ്കിലും രൂപവത്കരിക്കാമെങ്കില്‍ യുദ്ധയത്നങ്ങളില്‍ സഹകരിക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. എന്നാല്‍ ഈ ആശയത്തെ വൈസ്രോയി ലിന്‍ലിത്ഗോ നിരാകരിച്ചു. പകരം ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും നാട്ടുരാജ്യങ്ങളില്‍ നിന്നും അംഗങ്ങളെ ചേര്‍ത്തുകൊണ്ട് ഒരു യുദ്ധോപദേശക കൗണ്‍സില്‍, കൂടുതല്‍ ഇന്ത്യാ ക്കാരെ ചേര്‍ത്തുകൊണ്ട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ വിപുലീകരണം, യുദ്ധാനന്തരം തിരഞ്ഞെടുക്കപ്പെട്ട ഒരു പുതിയ ഭരണഘടനാസമിതി എന്നിവയായിരുന്നു ഇദ്ദേഹം മുന്നോട്ട് വച്ചത്. ഈ വാഗ്ദാനങ്ങള്‍ ആഗസ്റ്റ് വാഗ്ദാനം (1940) എന്നറിയപ്പെട്ടു. ഇതിനിടെ പൗരസ്ത്യദേശത്ത് ജപ്പാന്റെ മുന്നേറ്റം ബ്രിട്ടനെയും അസ്വസ്ഥമാക്കി. ഈ പുതിയ ഭീഷണിയുടെ ഫലമായി ബ്രിട്ടന്‍ തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ സ്റ്റാഫോര്‍ഡ് ക്രിപ്സിനെ ഇന്ത്യന്‍ നേതാക്കന്മാരുമായി സമാധാന സംഭാഷണത്തിന് ഇന്ത്യയിലേക്ക് അയച്ചു (1942). എന്നാല്‍ യുദ്ധം കഴിഞ്ഞാല്‍ ഡൊമീനിയര്‍ പദവിയും ഒരു ഭരണഘടനാനിര്‍മാണ സമിതിയും എന്നതിലുപരി മറ്റൊന്നും വാഗ്ദാനം ചെയ്യാന്‍ ക്രിപ്സിനായില്ല. ഈ വാഗ്ദാനങ്ങള്‍ 'ആഗസ്റ്റ് വാഗ്ദാന'ത്തിന്റെ പുനരൂപമായിരുന്നതിനാല്‍ കോണ്‍ഗ്രസും ലീഗും ഈ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞു. രണ്ടാം ലോകയുദ്ധാനന്തരം ക്രിപ്സ് ഔദ്യോഗിക പദവിയില്‍ നിന്നും പുറത്തുപോയി. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍