This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിപ്സ്, റിച്ചേഡ് സ്റ്റാഫോഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിപ്സ്, റിച്ചേഡ് സ്റ്റാഫോഡ്

Cripps, Richard Stafford (1889 - 1952)

റിച്ചേഡ് സ്റ്റാഫോഡ് ക്രിപ്സ്

ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍. ബക്കിങ്ഗാം ഷയറില്‍ 1889 ഏ. 24-ന് ജനിച്ചു. ലണ്ടന്‍ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ക്രിപ്സ് 1913-ല്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മികച്ച അഭിഭാഷകനെന്ന ഖ്യാതി നേടിയെടുത്തു. 1927-ല്‍ ഇദ്ദേഹം കിങ്സ് കൗണ്‍സെല്‍ (Councel) ആയി നിയമിതനായി.

1929-ല്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തകനായ ക്രിപ്സ് 1930-ല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായി. 1931-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടുകൂടിയും പ്രധാനമന്ത്രിയായിരുന്ന റാംസെ മക്ഡൊണാള്‍ഡുമായി ഇദ്ദേഹത്തിന് രാഷ്ട്രീയ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടിയിലെ ഇടതു പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1932-ല്‍ സോഷ്യലിസ്റ്റ് ലീഗ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി.

1934-ല്‍ ലേബര്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യുട്ടീവ് കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇറ്റലിക്കെതിരായ ലീഗ് ഒഫ് നേഷന്‍സിന്റെ ഉപരോധത്തെ പിന്താങ്ങിയെന്ന കാരണത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഈ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പാര്‍ട്ടി തന്ത്രങ്ങളോടുള്ള എതിര്‍പ്പുമൂലം 1936-ല്‍ മക്ഡൊണാള്‍ഡ് ഗവണ്‍മെന്റിനെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന്റെ ഒരു ഐക്യമുന്നണിക്കുവേണ്ടി ആഹ്വാനം ചെയ്തു. 1938-ല്‍ ജര്‍മനിയിലെ നാസികളുടെ ആക്രമണത്തെത്തുടര്‍ന്ന് ഹിറ്റ്ലറെ എതിര്‍ക്കാന്‍ വേണ്ടി കമ്യൂണിസ്റ്റുകക്ഷികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ജനകീയ മുന്നണി ഗവണ്‍മെന്റ് രൂപവത്കരിക്കണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശം വിവാദമായിരുന്നു.

കമ്യൂണിസ്റ്റനുകൂല നിലപാടുസ്വീകരിച്ചതിനെത്തുടര്‍ന്ന് 1939-ല്‍ ഇദ്ദേഹം ലേബര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടു. തുടര്‍ന്ന് യുദ്ധകാലം മുഴുവന്‍ സ്വതന്ത്ര അംഗമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കേ 1940 മുതല്‍ 42 വരെ ക്രിപ്സ് യു.എസ്.എസ്.ആര്‍. അംബാസഡറായി നിയമിതനായി.

ആംഗ്ളോ-സോവിയറ്റ് ഉടമ്പടിയടക്കം അന്തര്‍ദേശീയ പ്രാധാന്യമേറിയ നിരവധി ശ്രമങ്ങള്‍ ഇക്കാലത്ത് ഉടലെടുത്തു. 1942 ഫെബ്രുവരിയില്‍ ഇദ്ദേഹം ലോര്‍ഡ് പ്രിവി സീലും (Lord Privy Seal) കോമണ്‍സ് സഭയുടെ നേതാവും യുദ്ധകാല മന്ത്രിസഭയിലെ അംഗവുമായി. 1945 വരെ ചര്‍ച്ചിലിന്റെ ക്യാബിനറ്റില്‍ വിമാന നിര്‍മാണത്തിന്റെ ചുമതല, 1945 ജൂലായില്‍ ബോര്‍ഡ് ഒഫ് ട്രേഡിന്റെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്ന ഇദ്ദേഹം 1942 മാര്‍ച്ചില്‍ ഇന്ത്യാസന്ദര്‍ശനത്തിനും നിയോഗിക്കപ്പെട്ടു.

1945-ല്‍ ബ്രിട്ടനില്‍ ലേബര്‍പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ക്രിപ്സിനെ ലേബര്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും യുദ്ധാനന്തരം ക്ലമന്റ് ആറ്റ്ലിയുടെ മന്ത്രിസഭയില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിയായി നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ചാന്‍സലര്‍ ഒഫ് എക്സ്ചെക്കര്‍ (Chancellor of the Exchequer) ആയി നിയമിതനായി. 1946-ല്‍ ആറ്റ്ലി നിയോഗിച്ച ക്യാബിനറ്റ് മിഷനിലെ അംഗം എന്ന നിലയിലും ക്രിപ്സ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1949 സെപ്തംബറില്‍ ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യം കുറച്ചപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് 1950 ഒ. 20-ന് ഔദ്യോഗികസ്ഥാനമൊഴിഞ്ഞ ഇദ്ദേഹം 1952 ഏ. 21-ന് സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍