This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിപ്റ്റോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിപ്റ്റോണ്‍

ഒരു അലസവാതകം (inert gas). സിംബല്‍ Kr. 1898-ല്‍ റാംസെ, ട്രാവേഴ്സ് എന്നീ രണ്ടു ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് കണ്ടുപിടിച്ചു. ഗുപ്തമായത് എന്നര്‍ഥം വരുന്ന ക്രിപ്റ്റോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ക്രിപ്റ്റോണിന്റെ നിഷ്പത്തി. വായുവില്‍ ഇതിന്റെ അളവ് ആകെ വ്യാപ്തത്തിന്റെ 0.000108 ശതമാനം മാത്രമാണ്.

വേര്‍തിരിക്കല്‍

1. ദ്രാവകരൂപത്തിലുള്ള വായുവിന്റെ ആംശികസ്വേദനം (fractional evaporation) വഴി. ഇതിനായി ക്ലോദിന്റെ ഉപകരണം (Cloude's evaporation) ഉപയോഗിക്കുന്നു. ഉന്നത മര്‍ദത്തിലുള്ള തണുപ്പിച്ച വായു, ദ്രവ ഓക്സിജന്‍ നിറഞ്ഞ കുഴലുകളാല്‍ ചുറ്റപ്പെട്ട ഒരു റെക്റ്റിഫയറില്‍ക്കൂടി കടത്തിവിടുന്നു. ഓരോ വാതകത്തിന്റെയും തിളനിലയനുസരിച്ച് അവ വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നു പുറത്തുവരുന്നു. പുറത്തേക്കുവരുന്ന ക്രിപ്റ്റോണില്‍ ഓക്സിജനും സെനോണും കലര്‍ന്നിരിക്കും. ഈ മിശ്രിതം വീണ്ടും ദ്രവവായു കടത്തിവിട്ട കുഴലുകള്‍ക്കിടയിലൂടെ കടത്തിവിടുമ്പോള്‍ ക്രിപ്റ്റോണ്‍ ലഭിക്കുന്നു.

2. കാര്‍ബണ്‍ ഡൈഓക്സൈഡ്, ജലബാഷ്പം തുടങ്ങിയവ നീക്കം ചെയ്ത വായുവില്‍ നിന്ന് ഓക്സിജനും നൈട്രജനും മാറ്റിക്കഴിഞ്ഞാല്‍ അവശേഷിക്കുന്നത് അപൂര്‍വ വാതകങ്ങളുടെ ഒരു മിശ്രിതമായിരിക്കും. ഈ മിശ്രിതം-100oC വരെ തണുപ്പിച്ച ചിരട്ടക്കരിയില്‍ക്കൂടി കടത്തിവിടുമ്പോള്‍, വ്യത്യസ്ത വാതകങ്ങള്‍ വ്യത്യസ്ത താപനിലകളില്‍ അധിശോഷണം (adsorption) ചെയ്യപ്പെടുന്നു. ദെവാര്‍ പദ്ധതി(Dewar's method)യില്‍ ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. - 100°C-ല്‍ ഹീലിയവും നിയോണും അധിശോഷണം ചെയ്യപ്പെടുന്നില്ല. രണ്ടാമത്തെ ഭാഗം ചിരട്ടക്കരി ദ്രവവായുവിന്റെ താപനിലവരെ (-190°C താഴെ) എത്തിച്ചശേഷം ആദ്യത്തേതുമായി സമ്പര്‍ക്കപ്പെടുത്തുമ്പോള്‍ ആര്‍ഗണ്‍ വേര്‍തിരിയുന്നു. പിന്നീട് ആദ്യത്തെ ചിരട്ടക്കരിയുടെ താപനില -90°C വരെ ഉയര്‍ത്തുമ്പോള്‍ ക്രിപ്റ്റോണ്‍ ലഭിക്കും.

ആവര്‍ത്തനപ്പട്ടികയിലെ സീറോഗ്രൂപ്പില്‍ നാലാമത്തേതാണ് ക്രിപ്റ്റോണ്‍. അറ്റോമികസംഖ്യ 36; അണുഭാരം 83.7 ക്രിപ്റ്റോണിന് ആറ് ഐസോടോപ്പുകളുണ്ട്. മറ്റ് അലസവാതകങ്ങളെപ്പോലെ ക്രിപ്റ്റോണും ഏകാണുമാത്ര(( monoatomic state) സ്ഥിതിയില്‍ കാണപ്പെടുന്നു. സംയോജകത(valency)പൂജ്യമാണ്. ഏറ്റവും പുറത്തെ ഷെല്ലില്‍ ഇലക്ട്രോണ്‍ അഷ്ടകം (octet of electrons) കാണപ്പെടുന്നതിനാലാവാം അലസവാതകങ്ങള്‍ രാസികമായി നിഷ്ക്രിയ(inactive)മായിരിക്കുന്നത്. ക്രിപ്റ്റോണിന് നിറവും മണവുമില്ല. ജലത്തില്‍ സാമാന്യം നല്ലവണ്ണം ലയിക്കുന്നു. ജലത്തിലെ ലേയത്വം ഹീലിയത്തില്‍ നിന്ന് റാഡോണ്‍ വരെ അനുക്രമമായി വര്‍ധിക്കുന്നു. ക്രിപ്റ്റോണിന്റെ ദ്രവണാങ്കം-157.2°C-ഉം തിളനില 153.20°C-ഉം ആണ്.

രാസഗുണങ്ങള്‍ സാധാരണ സ്ഥിതിയില്‍ (ground state) ക്രിപ്റ്റോണിന്റെ സംയോജകത പൂജ്യമാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ക്രിപ്റ്റോണ്‍ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ക്രിപ്റ്റോണ്‍ സംയുക്തങ്ങള്‍ വളരെ കുറച്ചുമാത്രമേ അറിയപ്പെട്ടിട്ടുള്ളൂ. ഇവ മിക്കവാറും അസ്ഥിരങ്ങളുമാണ്. ഫ്ളൂറിനും ക്രിപ്റ്റോണുമടങ്ങിയ മിശ്രിതത്തില്‍ക്കൂടി വൈദ്യുതി പായിച്ചോ അല്ലെങ്കില്‍ കുറഞ്ഞ മര്‍ദത്തില്‍ ഇവയെ പ്രകാശവിശ്ളേഷണം (photolysis) ചെയ്തോ കിട്ടുന്ന രണ്ടു സംയുക്തങ്ങളാണ് ക്രിപ്റ്റോണ്‍ ഡൈ ഫ്ളൂറൈഡും (KrF2) ക്രിപ്റ്റോണ്‍ ടെട്രാഫ്ളൂറൈഡും (KrF4).

ക്രിപ്റ്റോണ്‍ ഡൈ ഫ്ളൂറൈഡ് പരലാകൃതിയിലുള്ള വെളുത്ത വസ്തുവാണ്. 0oC - നു വളരെ താഴെ വച്ചുതന്നെ ഇത് ഉത്പാദിപ്പിക്കുന്നു. KrF4 അന്തരീക്ഷതാപത്തില്‍ ജലവിശ്ലേഷണം ചെയ്താല്‍ ക്രിപ്റ്റോണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ ഫ്ളൂറൈഡ് എന്നിവ ലഭിക്കുന്നു. എന്നാല്‍-30oC-ല്‍ ജലവിശ്ലേഷണം നടത്തുമ്പോള്‍ ഒരമ്ലമാണ് ലഭിക്കുന്നത്. ഈ അമ്ലത്തിന്റെ ഫോര്‍മുല KrO3.(H2O)x ആണെന്ന് ഊഹിക്കപ്പെടുന്നു. ഉദാ. H2KrO4, H4KrO5,H6KrO6 തുടങ്ങിയവ ജലമയമായ ബേരിയം ഹൈഡ്രോക്സൈഡു [Ba(OH)2] മായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം (7 ശ.മാ.) ബേരിയം ക്രിപ്റ്റേറ്റ് (BaKrO4) ആണെന്നു കരുതുന്നു.

ക്രിപ്റ്റോണിന്റെ സാന്നിധ്യത്തില്‍ ജലം ഖരീഭവിപ്പിക്കുമ്പോള്‍ ക്രിപ്റ്റോണ്‍ ഹൈഡ്രേറ്റ് ഉണ്ടാകുന്നു. (Kr.nH2O), n = 5 or 6. β ക്വിനോള്‍ (1,4 ഡൈ ഹൈഡ്രോക്സി ബെന്‍സീന്‍) ഉന്നതമര്‍ദത്തിലുള്ള (10-40 അന്തരീക്ഷം) ക്രിപ്റ്റോണിന്റെ സാന്നിധ്യത്തില്‍ പരലീകരണം നടത്തുമ്പോള്‍ വാതകം β ക്വിനോളിനുള്ളില്‍ അകപ്പെടുന്നു. ഈ സംയുക്തം ലയിപ്പിക്കുമ്പോള്‍ വാതകം ബഹിര്‍ഗമിക്കുകയും ചെയ്യുന്നു. ഇത്തരം സംയുക്തങ്ങള്‍ ക്ളാഥറേറ്റ് സംയുക്തങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു.

ഉപയോഗങ്ങള്‍ നിഷ്ക്രിയമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ക്രിപ്റ്റോണ്‍ ഉപയോഗിക്കാറുണ്ട്. വൈദ്യുത ബള്‍ബുകളിലും ചില ഫ്ളാഷ് ബള്‍ബുകളിലും ക്രിപ്റ്റോണ്‍ ഉപയോഗിക്കുന്നു. ഫ്ളൂറസെന്റ് വിളക്കുകള്‍, ഖനികളിലെയും വിമാനത്താവളങ്ങളിലെയും വിളക്കുകള്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്നത് ക്രിപ്റ്റോണ്‍ തന്നെ.

(വി.എസ്. ഗോവിന്ദന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍