This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാസിന്‍സ്കി, സിഗ്മണ്ട് കൗണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാസിന്‍സ്കി, സിഗ്മണ്ട് കൗണ്ട്

Krasinski, Zygmunt Count (1812 - 59)

പോളണ്ടിലെ കാല്പനിക കവിയും നാടകകൃത്തും ദാര്‍ശനികനും. പോളണ്ടിലെ രാഷ്ട്രീയ ശാക്തീകരണ കാലത്ത് ജനങ്ങളില്‍ ദേശീയ അവബോധം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മൂന്നംഗ കവിസംഘത്തില്‍ ഉള്‍പ്പെട്ട കാല്പനിക കവിയാണ് ക്രാസിന്‍സ്കി.

1812 ഫെ. 19-ന് പാരിസില്‍ ജനിച്ചു. വാഴ്സാ സര്‍വകലാശാലയില്‍ നിയമപഠനം പൂര്‍ത്തിയാക്കി. ജീവിതത്തിന്റെ ഭൂരിഭാഗവും ജര്‍മനി, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി, ഫ്രാന്‍സ് എന്നീ വിദേശ രാജ്യങ്ങളില്‍ ചെലവഴിച്ചു. 12-മത്തെ വയസ്സു മുതല്‍ സാഹിത്യരചന ആരംഭിച്ച ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ സ്വാധീനം കാണാം. മൂന്നംഗ കാല്പനിക സാഹിത്യസംഘത്തില്‍ സാമൂഹ്യരാഷ്ട്രീയകാര്യങ്ങളില്‍ ഉത്പതിഷ്ണുവായിരുന്ന ക്രാസിന്‍സ്കി, പേരു വെളിപ്പെടുത്താതെയാണ് തന്റെ ഏറെ രചനകളും പ്രസിദ്ധപ്പെടുത്തിയിരുന്നത്. 21-ാം വയസ്സില്‍ എഴുതിയ നിബോസ്ക കൊമേഡിയ (ദ അണ്‍ ഡിവൈന്‍ കോമഡി, 1834) എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ബൂര്‍ഷ്വാ സമൂഹത്തിലെ, സാമൂഹിക-സാംസ്കാരിക സംഘട്ടനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഈ കൃതി അനിവാര്യമായ വര്‍ഗസംഘര്‍ഷത്തെ മുമ്പില്‍ കണ്ടുകൊണ്ടാണ് രചിച്ചിട്ടുള്ളത്. പോളണ്ടിന്റെ ദുരന്തം ദൃഷ്ടാന്തേന വിവരിക്കുന്നതാണ് 1836-ല്‍ രചിച്ച ഇറിഡിയണ്‍ എന്ന നാടകം. നിബോസ്ക കോമേഡിയ 1924-ല്‍ എച്ച്.ഇ. കെന്നഡിയും ഇറിഡിയണ്‍ 1927-ല്‍ ഫ്ളോറന്‍സ് നോയെസും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. പ്രഭാതം (Przedswit, 1843), ഭാവിയുടെ സങ്കീര്‍ത്തനം (Psalmy Przysslosei, 1845) എന്നിവയാണ് ക്രാസിന്‍സ്കിയുടെ പ്രമുഖ പദ്യകൃതികള്‍. സാര്‍ ചക്രവര്‍ത്തിയുടെ സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും എതിരായി നിരവധി രാഷ്ട്രീയ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ആധുനിക മനുഷ്യന്റെ ദാര്‍ശനികപ്രശ്നങ്ങളുടെ പഠനത്തിന്റെയും രാഷ്ട്രീയത്തോടും സമൂഹത്തോടും ഉള്ള പക്ഷപാതരഹിതമായ സൂക്ഷ്മവീക്ഷണത്തിന്റെയും ഫലമായി വളര്‍ന്നു വന്നതാണ് ക്രാസിന്‍സ്കിയുടെ സ്നേഹപ്രചോദിതമായ ജീവിതദര്‍ശനം. 1859 ഫെ. 23-ന് പാരിസില്‍ ക്രാസിന്‍സ്കി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍