This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാഫ്റ്റ്സ്, ജയിംസ് മാസണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാഫ്റ്റ്സ്, ജയിംസ് മാസണ്‍

Crafts, James Mason (1839 -1917)

അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 'ഫ്രീഡല്‍ ക്രാഫ്റ്റ്സ് അഭിക്രിയ'യുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ജയിംസ് മാസണ്‍ ക്രാഫ്റ്റ്സ്.

1839 മാ. 8-നു മാസച്യുസെറ്റ്സിലെ ബോസ്റ്റണില്‍ ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയശേഷം ജര്‍മനിയില്‍ ബിരുദാനന്തരപഠനത്തിനായി പോയി. അവിടെ ബുണ്‍സണ്‍ എന്ന രസതന്ത്രജ്ഞന്റെ സഹായിയായി ഒരു വര്‍ഷം ജോലി ചെയ്തു. പാരിസില്‍ വച്ചാണ് ഫ്രീഡലുമായി പരിചയപ്പെടുന്നതിന് ക്രാഫ്റ്റ്സിന് അവസരം ലഭിച്ചത് (1861).

യു.എസ്സില്‍ തിരിച്ചെത്തിയ ക്രാഫ്റ്റ്സ് 1868-ല്‍ കോര്‍ണല്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1871-ല്‍ മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 1874-ല്‍ വീണ്ടും ഇദ്ദേഹം പാരിസില്‍ എത്തുകയും ഫ്രീഡലുമായി ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ക്ലോറിന്‍ അടങ്ങിയിട്ടുള്ള ചില കാര്‍ബണിക സംയുക്തങ്ങളില്‍ അലുമിനിയത്തിന്റെ പ്രഭാവം പരീക്ഷിക്കുന്നതിനിടയില്‍ ഫ്രീഡലും ക്രാഫ്റ്റസും ചേര്‍ന്ന് കണ്ടെത്തിയ ഒരു രാസപ്രവര്‍ത്തനമാണ് ക്രാഫ്റ്റ്സിനെ പ്രശസ്തനാക്കിയത്. അലുമിനിയം ധാതുവും പ്രസ്തുത സംയുക്തവും തമ്മില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഹൈഡ്രജന്‍ ക്ലോറൈഡ് വാതകം പുറപ്പെടുന്നതിന് കുറച്ചൊരു ഇടവേള ആവശ്യമുണ്ടെന്നു കണ്ടു. നിഷ്ക്രിയമായിത്തുടര്‍ന്ന ഈ ഇടവേളയില്‍ അലുമിനിയം ക്ലോറൈഡ് ഹൈഡ്രജന്‍ ക്ലോറൈഡ് വാതകത്തിന്റെ ഉത്പാദനത്തെ സഹായിക്കുന്നതായും ഇവര്‍ കണ്ടുപിടിച്ചു. അതോടുകൂടിയാണ് അലുമിനിയം ക്ലോറൈഡ് പ്രാധാന്യമുള്ള ഒരു രാസത്വരകമാണെന്നു തെളിഞ്ഞത്. ഈ രാസപ്രവര്‍ത്തനം 'ഫ്രീഡല്‍ ക്രാഫ്റ്റ്സ് അഭിക്രിയ' എന്ന് അറിയപ്പെട്ടു.

1891-ല്‍ യു.എസ്സില്‍ തിരിച്ചെത്തിയ ക്രാഫ്റ്റ്സ്, മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്റെ സേവനം തുടരുകയും 1898 മുതല്‍ 1900 വരെ അതിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1917 ജൂണ്‍ 20-ന് കണക്റ്റിക്കട്ടിലെ റിഡ്ജ് ഫീല്‍ഡില്‍ ക്രാഫ്റ്റ്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍