This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രക്സ് രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രക്സ് രാശി

Crux Constellation

എണ്‍പത്തിയെട്ട് നക്ഷത്രരാശികളില്‍ ഏറ്റവും ചെറിയ രാശി. ദക്ഷിണാര്‍ധഖഗോളത്തിലാണ് ക്രക്സിന്റെ സ്ഥാനം. 'കുരിശ്' എന്നര്‍ഥം വരുന്ന ക്രക്സ് (crux) എന്ന ഗ്രീക്കുവാക്കില്‍ നിന്നാണ് ഈ പേരിന്റെ നിഷ്പത്തി. ഈ രാശിയിലെ പ്രഭയേറിയ α, β,χ, δ എന്നീ നാല് നക്ഷത്രങ്ങള്‍ ചേര്‍ന്ന് ഒരു കുരിശിന്റെ ആകൃതി നല്‍കുന്നു. 'തെക്കന്‍ കുരിശ്' (Southern Cross) എന്നപേരിലും ഇതറിയപ്പെടുന്നു.

ഈ നാലുനക്ഷത്രങ്ങളുടെ തിളക്ക(brightness)ത്തിന്റെ അടിസ്ഥാനത്തില്‍ α-യും (കാന്തിമാനം 0.77) β-യും (കാന്തിമാനം 1.25) ഒന്നാം കാന്തിമാന(first magnitude)ത്തിലും; χ -യും δ-യും രണ്ടും മൂന്നും കാന്തിമാനങ്ങളിലും ഉള്‍പ്പെടുന്നു. കുരിശിന്റെ ചുവട്ടിലുള്ള ആല്‍ഫാക്രൂസിസ് (Alpha Crusis) എന്ന ഇരട്ട നക്ഷത്ര(double star)ത്തിനാണ് തിളക്കം ഏറ്റവും കൂടുതല്‍. ഒരു നാവികനക്ഷത്ര (navigational star)മായ ഇതിനെ പാശ്ചാത്യര്‍ എക്രക്സ് (Acrux) എന്നുവിളിക്കുന്നു. കുരിശിന്റെ മുകളിലുള്ള നക്ഷത്രം ഗാമാ ക്രൂസിസ് (Gamma Crusis) അഥവാ ഗാക്രക്സ് (Gacrux) എന്നാണ് അറിയപ്പെടുന്നത്. ബൈനോക്കുലര്‍ ഉപയോഗിച്ച് കാണാന്‍ കഴിയുന്ന ഇതിന്റെ കാന്തിമാനം 4.9 ആണ്. ഈ രണ്ടു നക്ഷത്രങ്ങളെയും തമ്മില്‍ യോജിപ്പിക്കുന്ന, കുരിശിന്റെ നീളംകൂടിയ അച്ചുതണ്ട്(axis) തെക്കന്‍ ഖഗോളധ്രുവത്തിലേക്കു ചൂണ്ടിനില്‍ക്കുന്നു.

അന്റാര്‍ട്ടിക് വൃത്തത്തിനു മുകളിലായി സെന്റോറസി(Centaurus)നും മസ്ക(Musca)യ്ക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന ഈ താരഗണത്തെ 25o വടക്ക് അക്ഷാംശംവരെ മാത്രമേ കാണാന്‍ കഴിയൂ. വളരെ ചെറിയൊരു സഞ്ചാരവൃത്തമാണ് ഇതിനുള്ളത്. മറ്റു നക്ഷത്രങ്ങളെക്കാള്‍ ദക്ഷിണ ധ്രുവത്തോടടുത്തു നില്‍ക്കുന്ന ക്രക്സിന്റെ സഞ്ചാരപഥമായിരിക്കും ഏറ്റവും ചെറുത്. അതുകൊണ്ട് കുരിശ് പലപ്പോഴും നിവര്‍ന്നതായി കാണുകയില്ല.

ഉദിക്കുമ്പോള്‍ തല കിഴക്കോട്ടു ചരിഞ്ഞും പിന്നീട് ഒന്നുരണ്ടു മണിക്കൂര്‍ നേരത്തേക്കുമാത്രം നിവര്‍ന്നും ഒടുവില്‍ തല പടിഞ്ഞാറോട്ടു ചാഞ്ഞുമാണ് ഈ താരാഗണത്തെ കാണാന്‍ കഴിയൂ. വളരെയധികം ചരിഞ്ഞുകഴിഞ്ഞാല്‍ ഇതിനു കുരിശാകൃതി തോന്നുകയില്ല.

ക്ഷീരപഥത്തില്‍ ക്രക്സിനു സമീപമാണ് NGC 4755 എന്ന ഗാലക്സിയുടെയും കോള്‍ സാക് (Coal Sack) എന്ന ഇരുണ്ട നെബുലയുടെയും സ്ഥാനം.

ഭാരതീയര്‍ ഈ താരാഗണത്തെ 'ത്രിശങ്കു' എന്നു വിളിക്കുന്നു. ഭാരതീയ പുരാണങ്ങളില്‍ ത്രിശങ്കുവിന്റെ കഥയുണ്ട്. അങ്ങുമല്ല, ഇങ്ങുമല്ല എന്ന അര്‍ഥത്തില്‍ 'ത്രിശങ്കു സ്വര്‍ഗം' എന്നു മലയാളത്തില്‍ പ്രയോഗിക്കാറുണ്ട്. നോ. ത്രിശങ്കു

(പ്രൊഫ. കെ. പാപ്പൂട്ടി., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍