This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്യൂബിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്യൂബിസം
Cubism
ആധുനിക കലയിലെ ഒരു സാങ്കേതിക ശൈലി. ആധുനിക കലാചരിത്രത്തിന്റെ വികാസപരിണാമങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ച പ്രസ്ഥാനമാണ് ക്യൂബിസം. പാബ്ളോ പിക്കാസോയും ജോര്‍ജ് ബ്രാക്കു(George Braque)മാണ് ക്യൂബിസത്തിന്റെ ജനയിതാക്കള്‍. എന്നാല്‍ ക്യൂബിസത്തിന്റെ യഥാര്‍ഥ പ്രചോദനവും ആന്തരികധാരയും ഇവരുടെ മുന്‍ തലമുറയില്‍പ്പെട്ട സെസാന്‍ എന്ന ചിത്രകാരന്റെ കലാചിന്തകളിലും രചനകളിലുമാണ് കാണുന്നത്. പ്രകൃതിയിലെ വസ്തുക്കളെ ഘനരൂപ (ക്യൂബ്)ങ്ങളുടെയും കോണങ്ങളുടെയും വൃത്തസ്തംഭ(സിലിണ്ടര്‍)ത്തിന്റെയും രൂപങ്ങളിലൂടെ വീക്ഷിക്കുക, അവയുടെ ത്രിമാനതയെ നിറങ്ങളുടെയും രേഖകളുടെയും ആലേഖനം കൊണ്ടു സൂചിപ്പിക്കുക തുടങ്ങിയ സെസാന്റെ ആശയങ്ങള്‍ ക്യൂബിസ്റ്റ് സങ്കല്പങ്ങളുടെ മുന്നോടിയായി കണക്കാക്കാം. 1906-07 കാലഘട്ടത്തില്‍ പിക്കാസോ രചിച്ച 'അവിഞ്ഞോണിലെ സുന്ദരികള്‍' (Demoiselles of Avignon) 1907-08 കാലഘട്ടത്തില്‍ ബ്രാക്ക് രചിച്ച 'ന്യൂഡ്' എന്നീ ചിത്രങ്ങള്‍ ക്യൂബിസത്തിന്റെ തുടക്കം കുറിച്ചു.
ക്യൂബിസത്തിന്റെ ആദ്യഘട്ടത്തെ (ഏതാണ്ട് 1912 വരെ) 'അനലിറ്റിക്കല്‍ ക്യൂബിസ്റ്റ്' കാലഘട്ടമെന്നും പിന്നീടുള്ള ഘട്ടത്തെ 'സിന്തറ്റിക് ക്യൂബിസ്റ്റ്' (Synthetic cubist) കാലഘട്ടമെന്നും വിശേഷിപ്പിക്കുന്നു. 1908-ലും 09-ലും നടന്ന ബ്രാക്കിന്റെ രണ്ടു എക്സിബിഷനുകളുടെ കലാനിരൂപണം നടത്തിയത് അന്നത്തെ പ്രധാന കലാനിരൂപകനായിരുന്ന ലൂയി വൊസെല്‍സ് (Luis Vauxelles) ആണ്. ക്യൂബിസ്റ്റിക് രൂപങ്ങള്‍ എന്ന വിശേഷണത്തോടെ ബ്രാക്കിന്റെ ചിത്രങ്ങളെ ആദ്യമായി വിലയിരുത്തിയതിദ്ദേഹമാണ്. 1910-ഓടുകൂടി റോബര്‍ട്ട് ഡെലോണെ (Robert Delaunay), ഫെര്‍ണാഡ് ലേഗര്‍ (Fernad Leger), ഷാങ് മെറ്റിസിംഗര്‍ (Jean Metzinger), ആല്‍ബര്‍ട്ട് ഗ്ളൈസസ് (Albert Glezes) തുടങ്ങിയവര്‍ ചേര്‍ന്നുള്ള ഗ്രൂപ്പ്ഷോയുടെ തുടക്കത്തോടെ ഒരു ക്യൂബിസ്റ്റ് സ്കൂളിന്റെ ആരംഭം കുറിക്കപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളിലും പ്രദര്‍ശനങ്ങളിലും ദ്യൂഷാങ് സഹോദരന്മാര്‍ (Duchamp brothers), പിക്കാബിയ, ആര്‍ച്ചിപെന്‍കോ, മാര്‍ജുവാന്‍ഗ്രീസ്, റിവാരേ, കുപ്ക എന്നിവരെയും കാണാവുന്നതാണ്. 1911-12 കാലത്തുണ്ടായ മറ്റു പല പ്രസ്ഥാനങ്ങളെയും കലാചിന്തകളെയും ക്യൂബിസം സ്വാധീനിച്ചു. മറ്റു പല സമീപകാല കലാപ്രസ്ഥാനങ്ങളെയുംകാള്‍ ഫ്യൂച്ചറിസം ക്യൂബിസത്തോടടുത്തു നില്‍ക്കുന്നതായി കാണാം. ഫ്യൂച്ചറിസ്റ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ക്യൂബിസ്റ്റ് ചിത്രങ്ങളില്‍ ചലനാത്മകതയും വര്‍ണസമ്മേളനങ്ങളും കുറവാണെങ്കിലും ഫ്യൂച്ചറിസ്റ്റുകള്‍, പ്രത്യേകിച്ചും ഇറ്റാലിയന്‍ ഫ്യൂച്ചറിസ്റ്റുകള്‍ ക്യൂബിസത്തെ ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. റഷ്യയിലാകട്ടെ മെല്‍വിച്ച് (Malevich) തന്റെ പ്രദര്‍ശനത്തെ ക്യൂബോ ഫ്യൂച്ചറിസ്റ്റ് (Cubo futurist) എന്നു വിശേഷിപ്പിക്കുകയുണ്ടായി.
ക്യൂബിസത്തിന്റെ ആരംഭഘട്ടങ്ങളില്‍, അതൊരു പുതിയ ആവിഷ്കരണ സങ്കേതത്തിനു വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു, വളരെ ശക്തമായ വൈകാരികതയുള്ളതോ ആഖ്യാനപരമോ ആയ പ്രമേയങ്ങള്‍ക്കു പകരം പിക്കാസോയും ബ്രാക്കും സാധാരണ വികാരരഹിതമായ നിശ്ചലദൃശ്യ സ്വഭാവമുള്ള പ്രമേയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 20-ാം ശതകത്തിന്റെ ആരംഭങ്ങളില്‍ ഇംപ്രഷണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരില്‍ കണ്ടുവന്നിരുന്ന ഓപ്റ്റിക്കല്‍ റിയലിസ്റ്റ് (optical realism) വര്‍ണലയങ്ങളോടുള്ള എതിര്‍പ്പായി ഈ സമീപനത്തെ കാണാം. വസ്തുക്കളുടെ സ്ഥായിയായ ഘടന അതിന്റെ നിശ്ചലമായ യാഥാര്‍ഥ്യത്തില്‍ കാണുവാനുള്ള ഒരുദ്യമമായിരുന്നു ഇത്. ഒരു വസ്തുവിന്റെ തന്നെ വിവിധ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആവിഷ്കരിക്കുക, വര്‍ണസങ്കലനത്തില്‍ മിതത്വം പാലിച്ച് ഏതാണ്ട് ഏകവര്‍ണ (monochrome) സ്വഭാവം ചിത്രത്തിനുണ്ടാകുക തുടങ്ങിയവ ഇക്കാലത്തെ ക്യൂബിസ്റ്റ് ചിത്രങ്ങളുടെ സ്വഭാവമാണ്.
നവോത്ഥാനകാലത്തെ ശൈലിയായി പ്രസിദ്ധിനേടിയ കാഴ്ചവട്ടം (Perspective) എന്ന ദൃശ്യപ്രയോഗം ക്യൂബിസത്തില്‍ പൂര്‍ണമായും നിരാകരിക്കപ്പെട്ടു. പുറകോട്ട് സ്ഥലമുണ്ടെന്ന പ്രതീതിയുളവാക്കുന്ന രചനാരീതിയാണ് നവോത്ഥാനകാലത്തെ കാഴ്ചവട്ടം. ക്യൂബിസത്തിന്റെ രണ്ടാം ഘട്ടം ഉരുത്തിരിഞ്ഞു വരുന്നത് ബ്രാക്കിന്റെ പേപ്പര്‍ കൊളാഷ് (Collages) പരീക്ഷണങ്ങളുടെ ഫലമായിട്ടാണ്. ഒരേ വസ്തുവിനെ മുറിച്ചു കൂട്ടിച്ചേര്‍ക്കുന്നതുപോലെ വിവിധ വസ്തുക്കളെ എങ്ങനെ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കാമെന്ന ആശയവും രചനാരീതിയുമാണ് കൊളാഷ്. ആദ്യം ബ്രാക്കും പിന്നീട് പിക്കാസോയും ജുവാന്‍ഗ്രീസും ചേര്‍ന്നു നടത്തിയ അനേകം പരീക്ഷണങ്ങള്‍ ചിത്രതലത്തില്‍ ഡ്രോയിങ്ങും പെയിന്റിങ്ങും അതോടൊപ്പം പേപ്പര്‍ കഷണങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്ന രീതിയും ഒക്കെ ചേര്‍ത്ത് വിഭിന്ന മാധ്യമങ്ങളെ സമന്വയിപ്പിക്കുവാനുള്ള വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ രണ്ടാമത്തെ ക്യൂബിസ്റ്റ് കാലഘട്ടത്തെ സിന്തറ്റിക് ക്യൂബിസം എന്നു വിശേഷിപ്പിക്കുന്നു.
ശില്പകല കേന്ദ്രീകരിച്ചുള്ള പരീക്ഷണങ്ങള്‍ ക്യൂബിസത്തിന്റെ ആരംഭകാലത്തു കുറവായിരുന്നെങ്കിലും പില്ക്കാലത്ത് ശില്പകലാരംഗവും സജീവമായിത്തുടങ്ങി. ഇന്ദ്രിയഗോചരമാക്കുന്ന വസ്തുക്കളുടെ വ്യാപ്തം, ഘനം എന്നിവ ഒരു ദ്വിമാന മാധ്യമത്തില്‍ ആവിഷ്കരിക്കുവാനുള്ള വാഞ്ഛയായിരുന്നതിനാലാവാം ആദ്യം ശില്പകലാരംഗം വേണ്ടത്ര ഊര്‍ജസ്വലമാകാതിരുന്നത്. 1909-10 നിടയില്‍ പിക്കാസോ ചെയ്ത 'കാളത്തല' (The Bull's Head) എന്ന ശില്പത്തില്‍ ക്യൂബിസ്റ്റ് രൂപസങ്കല്പത്തിന്റെ ശക്തമായ പ്രതിച്ഛായ കാണാം. ജ്യാമിതീയമായ പല തലങ്ങളായി വസ്തുവിനെ അപഗ്രഥിച്ച് ആവിഷ്കരിക്കുന്ന രീതി ത്രിമാന മാധ്യമത്തില്‍ ആദ്യമായി പരീക്ഷിക്കുകയായിരുന്നു പിക്കാസോ ഇവിടെ. ആര്‍മി പെന്‍കോ, എമില്‍ ഫില്ല (Emil filla), റെയ്മങ് കറ്യൂഷ്യാങ് വില്ലന്‍, ഷാക്വില്ലന്‍, മാര്‍സെല്‍ ത്യൂഷാംബ് തുടങ്ങിയവര്‍ ക്യൂബിസ്റ്റ്-ഫ്യൂച്ചറിസ്റ്റ് ശില്പകലയെ മുന്നോട്ടു കൊണ്ടുപോയവരാണ്.
(അജയ്കുമാര്‍)