This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂട്ട്, സര്‍ അയര്‍ (1726 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂട്ട്, സര്‍ അയര്‍ (1726 - 83)

ഈസ്റ്റിന്ത്യാക്കമ്പനിയുടെ ആധിപത്യം ഇന്ത്യയില്‍ ഉറപ്പിക്കാന്‍ യത്നിച്ച ബ്രിട്ടീഷ് സൈനിക നേതാവ്. 18-ാം ശതകത്തിന്റെ അന്ത്യദശകങ്ങളില്‍ കര്‍ണാട്ടിക്കിന്റെ സംരക്ഷണത്തിനായി, ഫ്രഞ്ചുകാരും ഹൈദറുമായുള്ള യുദ്ധങ്ങളില്‍ ബ്രിട്ടീഷ് സൈന്യത്തെ നയിച്ച സേനാനായകനായിരുന്നു ക്യൂട്ട്.

1726-ല്‍ ലിമെറിക്കിനു സമീപം ജനിച്ചു. ജാക്കോബൈറ്റ് കലാപത്തില്‍ (1745) ഇദ്ദേഹം സജീവമായി പങ്കെടുത്തു. ബ്രിട്ടന്റെ 39-ാം റെജിമെന്റില്‍ ക്യാപ്റ്റനായി ഇന്ത്യയിലെത്തി. കേണല്‍ ബെയിലിയുടെമേല്‍ ഹൈദര്‍ പാലൂര്‍യുദ്ധത്തില്‍ നേടിയ വിജയം കമ്പനി അധികാരികളെ പരിഭ്രമിപ്പിച്ചു. കമ്പനിയുടെ വിജയം സുരക്ഷിതമാക്കുന്നതിനുവേണ്ടി അവര്‍ ക്യൂട്ടിനെ ബംഗാളില്‍ നിന്നു മദ്രാസിലേക്കു മാറ്റി (1780). മദ്രാസിലെത്തിയ ക്യൂട്ടിന് ഫ്രഞ്ച്-മൈസൂര്‍ കൂട്ടുകെട്ടിനെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. കടലൂരിലെത്തിയപ്പോള്‍ ക്യൂട്ടിന് മൈസൂറിന്റെ അശ്വസേനാവിഭാഗങ്ങളെ നേരിടേണ്ടി വന്നു. സാധനശേഖരണത്തിന്റെ സൗകര്യം മുന്‍നിര്‍ത്തി സമുദ്രതീരം വിടാനും ക്യൂട്ടിനു കഴിയുമായിരുന്നില്ല. 1781 ജൂണില്‍ ക്യൂട്ട് ചിദംബരം ആക്രമിച്ചുവെങ്കിലും പരാജിതനായി. പറങ്കിപ്പേട്ട (പോര്‍ട്ടോ നോവോ) പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ക്യൂട്ടിനു ഹൈദറുമായി നേരിട്ടു യുദ്ധം ചെയ്യേണ്ടി വന്നത്. ക്യൂട്ട് രണ്ട് സൈനിക നീക്കങ്ങള്‍ നടത്തി ശത്രുക്കളെ ചിതറിക്കുകയും ഒരു ബ്രിട്ടീഷ് കപ്പല്‍ കടലില്‍ വച്ച് വെടിവയ്പു നടത്തി ശത്രുക്കള്‍ക്കു നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ യുദ്ധത്തില്‍ ചെറുതെങ്കിലും നിര്‍ണായകമായ ഒരു വിജയം ക്യൂട്ട് നേടിയതിനുശേഷം പാലൂരിലേക്കു തിരിച്ചു. പാലൂര്‍ യുദ്ധത്തിലും ക്യൂട്ട് വിജയിച്ചുവെങ്കിലും സാധനസാമഗ്രികളുടെ ദൌര്‍ലഭ്യം കാരണം വിജയം പൂര്‍ത്തീകരിക്കാതെ വെല്ലൂരിലേക്കു പിന്‍വാങ്ങേണ്ടിവന്നു. ഷോളിങ്ഗറില്‍ ക്യൂട്ട് ഹൈദറുടെ സൈന്യവുമായി വീണ്ടും ഏറ്റുമുട്ടി. ഈ യുദ്ധം ഹൈദറിന് ഒരു പരാജയമായിരുന്നു. ഈ യുദ്ധത്തിനുശേഷം കര്‍ണാടകം ചെറിയ ഉപരോധങ്ങളുടെ ഒരു കളരിയായി മാറി. ക്യൂട്ട് ചിറ്റൂരും ഹൈദര്‍ വെല്ലൂരും ഉപരോധിച്ചു. ഇതിനിടയില്‍ അണ്ണാഗുഡിയില്‍ ഹൈദറെ നേരിട്ട കേണല്‍ ബ്രെയിത് വെയ്റ്റ് പരാജയമടഞ്ഞു. പെര്‍മാകോയിലിനും വാണ്ടിവാഷിനും എതിരായുള്ള ഹൈദറുടെ നീക്കങ്ങളെ തടയുവാന്‍ 1782 ഏപ്രിലില്‍ ക്യൂട്ട് മദ്രാസില്‍ നിന്നു പുറപ്പെട്ടു. പെര്‍കോയിലില്‍ ക്യൂട്ട് എത്തുന്നതിനു മുമ്പു തന്നെ ഹൈദര്‍ ആ പ്രദേശം ആക്രമിച്ചു കീഴടക്കിയിരുന്നു. ക്യൂട്ട് ഹൈദറുടെ പ്രധാന സംഭരണശാലയിലെ ആര്‍ണി ആക്രമിച്ചു. ആര്‍ണി രക്ഷിക്കാനായി ഹൈദര്‍ നീങ്ങി. ആര്‍ണിയുദ്ധം (ജൂണ്‍.1782) നിര്‍ണായകമായിരുന്നില്ല. ബ്രിട്ടീഷ് സൈന്യത്തിന്റെ തിരുവട്ടൂര്‍ താവളത്തില്‍ ഹൈദര്‍ ഒരു മിന്നലാക്രമണം നടത്തി വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തി. പോണ്ടിച്ചേരി ആക്രമിക്കാന്‍ പുറപ്പെട്ട ക്യൂട്ടിന് വേണ്ടത്ര സാധനസാമഗ്രികള്‍ ലഭിക്കാത്തതു കാരണം മദ്രാസിലേക്കു മടങ്ങേണ്ടി വന്നു. 1783-ഏപ്രില്‍ 28-ന് മദ്രാസില്‍ ക്യൂട്ട് അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍