This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാറ്റ്സ്കാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാറ്റ്സ്കാന്‍

Catscan

ക്യാറ്റ്സ്കാന്‍

കംപ്യൂട്ടറിന്റെയും ആധുനിക ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ മനുഷ്യശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രതിബിംബങ്ങള്‍ നിര്‍മിക്കുന്ന എക്സ്-റേ പരിശോധനാരീതി. സി.റ്റി സ്കാന്‍ അഥവാ സി.എ.റ്റി. സ്കാന്‍ (CATSCAN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇതിന്റ പൂര്‍ണമായ പേര് കംപ്യൂട്ടഡ് ടോമോഗ്രാഫി/കംപ്യൂട്ടറൈസ്ഡ് ആക്സിയല്‍ ടോമോഗ്രാഫി എന്നാണ്. 1895-ല്‍ റോണ്‍ട്ജെന്‍ 'എക്സ്-റേ' കണ്ടുപിടിച്ചതിനുശേഷം ആധുനിക വൈദ്യശാസ്ത്രരംഗത്തുണ്ടായ ഒരു സുപ്രധാന കാല്‍വയ്പാണ് സി.റ്റി. സ്കാനിന്റെ ആവിര്‍ഭാവം. ഇംഗ്ലീഷ് മ്യൂസിക്കല്‍ ഇസ്ട്രുമെന്റ്സ് (ഇ.എം.ഐ.) കമ്പനിയിലെ ഭൌതികശാസ്ത്രജ്ഞനായ ഗോഡ്ഫ്രെ ഹോണ്‍സ് ഫീല്‍ഡും ഇംഗ്ലണ്ടിലെ ആറ്റ്കിന്‍സണ്‍ മോര്‍ലേ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ജയിംസ് അംബ്രോസുമാണ് സി.റ്റി.സ്കാനിങ്ങിന്റെ ഉപജ്ഞാതാക്കള്‍. ഹോണ്‍സ് ഫീല്‍ഡിന് 1979-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിക്കുകയുണ്ടായി. തലച്ചോറിന്റെ രോഗനിര്‍ണയമായിരുന്നു ആദ്യകാല ഉപയോഗമെങ്കിലും വളരെപ്പെട്ടെന്നുതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളുടെ പരിശോധനയ്ക്കും സി.റ്റി.സ്കാനര്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി.

ഒരു ശരീരപാളിയിലൂടെ കടന്നപോയ എക്സ് കിരണങ്ങളുടെ തീവ്രത, റേഡിയേഷന്‍ ദര്‍ശകങ്ങളുപയോഗിച്ച് (radiation detectors) കണക്കാക്കിയാല്‍ ശരീരപാളിയില്‍ ആഗിരണം ചെയ്യപ്പെട്ട റേഡിയേഷന്റെ അളവ് മനസ്സിലാക്കാം. വിവിധ കോണുകളില്‍നിന്ന് ഈ പ്രക്രിയ അനേകസഹസ്രം തവണ ആവര്‍ത്തിക്കപ്പെടുമ്പോള്‍, ശരീരത്തിന്റെ ആന്തരികാവയവങ്ങളുടെ കുറുകെയുള്ള വ്യവച്ഛേദന ചിത്രം നിര്‍മിക്കാനാവുന്നു. സി.റ്റി.സ്കാനറില്‍, പരസ്പരം എതിരെയായി സ്ഥാപിച്ചിരിക്കുന്ന ഒരു എക്സ്-റേ ട്യൂബും, റേഡിയേഷന്‍ ദര്‍ശകങ്ങളുടെ നിരയും, ഇവയുടെ മധ്യത്തായി കിടത്തുന്ന രോഗിയുടെ ശരീരത്തിനു ചുറ്റും ചലിക്കുമ്പോള്‍ ഇതാണു സംഭവിക്കുന്നത്. വിവിധ ശരീരകലകളില്‍ എക്സ് കിരണങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്ന തോത് വ്യത്യസ്തമാകയാല്‍, ശരീരപാളിയുടെ വളരെ വ്യക്തമായ പ്രതിബിംബം ലഭിക്കുന്നു. ആവശ്യമെങ്കില്‍ സ്കാന്‍ ചെയ്യുന്ന സമയം പ്രത്യേക മരുന്നുകള്‍ (റേഡിയോ കോണ്‍ട്രാസ്റ്റ് മീഡിയം) ശരീരത്തില്‍ കടത്തി, ശരീരഭാഗങ്ങളുടെ വ്യതിരിക്തത (contrast) വര്‍ധിപ്പിച്ച്, കൂടുതല്‍ വ്യക്തങ്ങളായ ചിത്രങ്ങള്‍ നിര്‍മിക്കുവാനും സാധിക്കും, ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ തോത് കണക്കാക്കുവാനും അതില്‍നിന്നു വേഗംതന്നെ ശരീരഭാഗത്തിന്റെ പ്രതിബിംബം നിര്‍മിച്ച് ടെലിവിഷന്‍ സ്ക്രീനില്‍ ദൃശ്യവത്കരിക്കാനും കംപ്യൂട്ടര്‍ സഹായിക്കുന്നു.

(ഡോ. എന്‍. മാധവന്‍ ഉണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍