This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാപ്റ്റന്‍ ലക്ഷ്മി (1914 - 2012)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാപ്റ്റന്‍ ലക്ഷ്മി (1914 - 2012)

ക്യാപ്റ്റന്‍ ലക്ഷ്മി

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപ്രവര്‍ത്തകയും. ലക്ഷ്മി സൈഗാള്‍ (Lekshmi Sahgal) എന്നാണ് പൂര്‍ണനാമധേയം. അഭിഭാഷകനായിരുന്ന ഡോ. എസ്. സ്വാമിനാഥന്റെയും സ്വാതന്ത്ര്യസമരസേനാനിയും എം.പി.യുമായിരുന്ന എ.വി. അമ്മുക്കുട്ടി (അമ്മു സ്വാമിനാഥന്‍)യുടെയും മകളായി 1914 ഒ. 24-ന് മദ്രാസില്‍ ജനിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കത്തന്നെ വിദേശോത്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യശാലകളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ലക്ഷ്മി, ദരിദ്രരെ സേവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വൈദ്യശാസ്ത്രം പഠിക്കാന്‍ തയ്യാറായത്. 1938-ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ്. ബിരുദവും ഗൈനക്കോളജിയില്‍ വിദഗ്ധപഠനവും നേടി. 1941-ല്‍ സിംഗപ്പൂരിലേക്ക് പോയ ലക്ഷ്മി, അവിടെ ദരിദ്രരായ ഇന്ത്യന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് ഒരു ക്ലി നിക്ക് ആരംഭിച്ചു. ഒപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇന്‍ഡിപെന്‍ഡന്റസ് ലീഗില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1942-ല്‍ സിംഗപ്പൂരില്‍ ബ്രിട്ടീഷ് സേന ജപ്പാനുമുന്നില്‍ കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതില്‍ വ്യാപൃതയായി. കൂടാതെ ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്തു.

1943-ല്‍ നേതാജി സ്വതന്ത്ര ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആ താത്കാലിക പ്രവാസ ഭരണകൂടത്തിലെ ഏക വനിതയായിരുന്നു ലക്ഷ്മി. രണ്ടാം ലോക യുദ്ധത്തില്‍ ഐ.എന്‍.എ.-യുടെ സഖ്യകക്ഷിയായിരുന്ന ജപ്പാന്‍ കീഴടങ്ങിയെന്ന വാര്‍ത്ത നേതാജിയെ അറിയിച്ച രണ്ടുപേരില്‍ ഒരാള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് മണിക്കൂറുകള്‍ നിര്‍ത്താതെ കാറോടിച്ച് മലയായിലെ സെരംബനിലെത്തിയാണ് അവര്‍ ആ വാര്‍ത്ത കൈമാറിയത്.

1943-ല്‍ സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ച വേളയിലാണ് ലക്ഷ്മി ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ)യുമായി അടുത്തത്. തുടര്‍ന്ന് അവിടത്തെ വനിതാ പോരാളികളുടെ സായുധസേനയുടെ നേതാവായി. മ്യാന്മറില്‍ നിന്ന് ഇന്ത്യയിലേക്കു ഐ.എന്‍.എ. മാര്‍ച്ച് ചെയ്തപ്പോള്‍, വനിതകളുടെ 'റാണി ഝാന്‍സി' സംഘത്തെ നയിച്ചത് ലക്ഷ്മിയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരില്‍ ഇവര്‍ അറിയപ്പെടുവാന്‍ തുടങ്ങി. അറസ്റ്റ്ചെയ്യപ്പെട്ട ഒട്ടേറെപ്പേര്‍ക്കൊപ്പം മാസങ്ങളോളം ഇവര്‍ മ്യാന്മറില്‍   ജയിലില്‍ കഴിഞ്ഞു. 1947 മാ. 4-ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ ലക്ഷ്മിയെ തടവില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ ഇവരെ ജയില്‍ മോചിതയാക്കി.

ജയിലില്‍ നിന്നു പുറത്തിറങ്ങിയ ക്യാപ്റ്റന്‍ ലക്ഷ്മി, പിന്നീട് ഐ.എന്‍.എ. പ്രവര്‍ത്തകരുടെ മോചനത്തിനും പുനരധിവാസത്തിനുംവേണ്ടി രംഗത്തിറങ്ങി. രാജ്യത്തുടനീളം സഞ്ചരിച്ച് സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുകയും ഐ.എന്‍.എ. പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947-ല്‍ മ്യാന്മറില്‍ വച്ച് തന്റെ പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്ന കേണല്‍ പ്രേം സൈഗാളിനെ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമാക്കുകയും അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ ലക്ഷ്മി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സജീവ രാഷ്ട്രീയത്തില്‍നിന്നും കുറച്ചുകാലം ബോധപൂര്‍വം അകന്നുനിന്നെങ്കിലും രാഷ്ട്രീയത്തിലുള്ള ഇടപെടല്‍ തുടര്‍ന്നുകൊണ്ടിരുന്നു. വൈദ്യസഹായം ആവശ്യമുള്ള ആരുടെയും ആശ്രയമായിത്തീര്‍ന്നു കാണ്‍പൂരിലെ അവരുടെ ക്ലിനിക്. രോഗികളെ ക്കൂടാതെ കാണ്‍പൂരിലെ തൊഴിലാളി കോളനികളില്‍ അവര്‍ വിപുലമായ പരിചിതവലയം സൃഷ്ടിച്ചു. ഇന്ത്യാ-വിഭജന കാലത്തും 1971-ല്‍ ബംഗ്ളാദേശിലെ സ്വാതന്ത്ര്യവിഭജനകാലത്തും 1971-ല്‍ ബംഗ്ളാദേശിലെ സ്വാതന്ത്ര്യസമര പോരാളികള്‍ക്കിടയിലും അവര്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുകയുണ്ടായി. ആതുരശുശ്രൂഷ ഉപേക്ഷിക്കാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി-വനിതാപ്രസ്ഥാനത്തും ഇവര്‍ പിന്നീട് സജീവമായി. 1972-ല്‍ സി.പി.ഐ.(എം) അംഗമായി. 1981-ല്‍ ഇന്ത്യയിലെ പ്രമുഖ വനിതാസംഘടനയായ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്റെ (എ.ഐ.ഡി.ഡബ്ള്യു.എ.) ഭാരവാഹിയായി. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതോന്നമനത്തിനായി വിവിധ പ്രചാരണ പരിപാടികളില്‍ സജീവ പങ്കാളിയായിത്തീര്‍ന്ന ലക്ഷ്മി സതി, സ്ത്രീധനം, മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശംനിഷേധിക്കല്‍, പെണ്‍കുഞ്ഞാണോ എന്നറിയാനുള്ള ലിംഗനിര്‍ണയം, ഭ്രൂണഹത്യ തുടങ്ങിയവയ്ക്കെതിരെയും മറ്റനേകം സാമൂഹിക അനീതികള്‍ക്കെതിരെയും അവിശ്രാന്തം പോരാടി.

1984-ല്‍ ഭോപ്പാലില്‍ വിഷവാതകദുരന്തത്തെത്തുടര്‍ന്ന് അവിടം സന്ദര്‍ശിച്ച എ.ഐ.സി.ഡബ്ള്യു.എ. സംഘത്തിന് നേതൃത്വം നല്‍കുകയും ഇതേ വര്‍ഷം ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജ്യത്ത് സിക്ക് വിരുദ്ധ കലാപം കൊടുമ്പിരികൊണ്ടപ്പോള്‍ സിക്കുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും ചെയ്തു.

1985-ല്‍ നയ്റോബിയില്‍ നടന്ന ലോക വനിതാസമ്മേളനത്തില്‍ എ.ഐ.സി.ഡബ്ള്യു.എ.-യുടെ പ്രതിനിധിയായി പങ്കെടുക്കുകയുണ്ടായി. 1990-കളില്‍ കേരളത്തില്‍ നടന്ന സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാപ്രചാരണ പരിപാടികളിലും ഇവര്‍ തന്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

1998-ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുകയുണ്ടായി. 2002-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എ.പി.ജെ. അബ്ദുള്‍കലാമിനെതിരെ ഇടതുപക്ഷപിന്തുണയോടെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

2012 ജൂല. 23-ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു. ജീവിതത്തിന്റെ അവസാന നാളുകള്‍വരെ ദരിദ്ര ജനവിഭാഗങ്ങളുടെ ചികിത്സയ്ക്കായി അവര്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. സി.പി.ഐ.(എം)-ന്റെ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായ സുഭാഷിണി അലി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകളും പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായി സഹോദരിയുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍