This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാംബെല്‍, ഡഗ്ലസ് ഹട്ടണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാംബെല്‍, ഡഗ്ലസ് ഹട്ടണ്‍

Campbell, Douglas Houghton (1859 - 1953)

പ്രസിദ്ധ യു.എസ്. സസ്യശാസ്ത്രജ്ഞന്‍. 1859 ഡി. 16-ന് മിഷിഗണില്‍ ജനിച്ചു. ഡെട്രോയിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്നു മാസ്റ്റര്‍ബിരുദം (1882) കരസ്ഥമാക്കി. പിന്നീട് ഏകദേശം നാലുവര്‍ഷക്കാലം പഠിച്ചിരുന്ന അതേ സ്കൂളില്‍ത്തന്നെ സസ്യശാസ്ത്ര അധ്യാപകനായിരുന്നു. അധ്യാപകവൃത്തിയോടൊപ്പം ഗവേഷണവും നടത്തിയിരുന്ന ക്യാംബെല്ലിന് 1886-ല്‍ 'പന്നലുകളുടെ ഗാമെറ്റോഫൈറ്റു(Gametophytes)കളുടെ ഘടനയും ബീജസങ്കലനരീതി'യും എന്ന ഗവേഷണപ്രബന്ധത്തിനു പിഎച്ച്.ഡി ലഭിച്ചു. ബര്‍ലിനിലും, ബോണിലും, ഇന്ത്യാന സര്‍വകലാശാലയിലും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലും സേവനമനുഷ്ഠിച്ചു. 1925-ല്‍ ഇദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചെങ്കിലും 27 വര്‍ഷക്കാലം എമരിറ്റസ് പ്രൊഫസറായി സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ത്തന്നെ തുടര്‍ന്നു.

താഴ്ന്നയിനം ചെടികളിലെ രേണുക്കളും (spores) ഉയര്‍ന്നയിനം ചെടികളിലെ പൂമ്പൊടിയും തമ്മിലുള്ള വ്യത്യാസങ്ങളും അവയെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങളും ക്യാംബെല്‍ കണ്ടെത്തി. എഫ്.ഒ. ബവറും ക്യാംബെലും സസ്യപരിണാമത്തെപ്പറ്റി പഠനങ്ങള്‍ നടത്തി. ശേവാലങ്ങളുടെയും പന്നലുകളുടെയും ഘടനയും വികാസവും സംബന്ധിച്ചുള്ള പഠനങ്ങളാണ് ഇദ്ദേഹത്തെ പ്രസിദ്ധിയിലേക്കു നയിച്ചത്. ക്യാംബെല്ലിന്റെ ലക്ച്ചേഴ്സ് ഓണ്‍ ദി എവലൂഷന്‍ ഒഫ് പ്ലാന്റ്സ് (1899) എന്ന പുസ്തകം ശ്രദ്ധേയമാണ്. ഈ ഗ്രന്ഥത്തില്‍ താഴ്ന്നയിനം ചെടികളുടെ ജാതിവൃത്തീയ ബന്ധങ്ങളെ (phylogenetic relationships) പ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.

ക്യാംബെല്‍ ഹവായിലെ പര്‍വതനിരകളും ജാവയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനും സന്ദര്‍ശിച്ച് അവിടെയുള്ള താഴ്ന്നയിനം ചെടികളെപ്പറ്റി പ്രത്യേകിച്ച് അപുഷ്പി(Cryptogams)കളെക്കുറിച്ച് ഗഹനമായ ഗവേഷണം നടത്തി. ജീവകോശങ്ങളെ മൈക്രോട്ടോം യന്ത്രത്തിന്റെ സഹായത്താല്‍ വളരെ നേര്‍ത്ത ഛിന്നകങ്ങളാക്കാമെന്നും അവയെ ചായംപിടിപ്പിച്ച് കോശങ്ങളുടെ ഘടനയെപ്പറ്റി പഠിക്കാമെന്നും ഇദ്ദേഹം തെളിയിച്ചു. മാത്രമല്ല, പന്നലുകളുടെ സ്പോറുകള്‍ (spores) മുളച്ച് അതിന്റെ അഗ്രകോശം (മുശരമഹ രലഹഹ) വിഭജിക്കപ്പെടുന്ന രീതിയും ഇദ്ദേഹം കണ്ടുപിടിച്ചു.

അമേരിക്കന്‍ നാച്വറലിസ്റ്റ് (American naturalist) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍, അമേരിക്കന്‍ സയന്‍സ് അക്കാദമിയുടെ അംഗം, അമേരിക്കന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിരുന്നു.

ക്യാംബെല്‍ 150 പ്രബന്ധങ്ങളും ഏഴുപുസ്തകങ്ങളും ഒരു മോണോഗ്രാഫും ഏതാനും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1953 ഫെ. 24-ന് കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ(Palo Alto)യില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍