This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്പെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്പെ

KPE

വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബാണ്ടു (Bantu) ജനതയില്‍ ഒരു വിഭാഗം. സമീപകാല കണക്കനുസരിച്ച് ഇവരുടെ എണ്ണം 16,000 വരും. പ്രാചീനകാലം മുതല്‍ പല തവണ കുടിയേറ്റം ഉണ്ടായിട്ടുള്ളതുകൊണ്ട് ആദിവാസികളുടെ നേരിട്ടുള്ള പിന്‍ഗാമികള്‍ ആയിരിക്കണമെന്നില്ല ഇന്നത്തെ ആളുകള്‍. 19-ാം ശതകം വരെ പ്രത്യേക പേരൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. വടക്കു-പടിഞ്ഞാറന്‍ ബാണ്ടുഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ക്പെകളുടെ ഇടയിലെ ഏറ്റവും വലിയ രാഷ്ട്രീയഘടകം ഗ്രാമമാണ്. ഓരോ ഗ്രാമത്തിന്റെയും അധിപന്‍ ഗ്രാമത്തലവനാണ്. ഗോത്രത്തലവന്മാര്‍ ചേര്‍ന്നു ഗ്രാമപിതാവിന്റെ പിന്‍ഗാമികളില്‍ നിന്നും ഗ്രാമത്തലവനെ തെരഞ്ഞെടുക്കുന്നു. സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് സമുദായത്തില്‍ സ്ഥാനമാനങ്ങള്‍ കല്പിക്കുന്നത്.

ക്പെകളുടെ വിവാഹത്തില്‍ പെണ്‍പണം ( bride-price) അല്ലാതെ മറ്റു പരിഗണനകളൊന്നുമില്ല. ബന്ധത്തില്‍പ്പെടുന്നവരുമായി സാധാരണ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. മരണമടയുന്ന പുരുഷന്റെ വിധവയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം കണ്ടുവരുന്നുണ്ടെങ്കിലും ഭാര്യയുടെ സഹോദരിയുമായി ഇവര്‍ വിവാഹബന്ധം പുലര്‍ത്താറില്ല.

ചേമ്പിനോട് സാമ്യമുള്ള സാന്തോസോമ കൊക്കായം (Xanthosoma cocayam) ആണ് മുഖ്യ കാര്‍ഷികവിള. 19-ാം ശതകത്തിലാണ് ഇത് ആദ്യമായി ഇവിടെ കൃഷിചെയ്തുതുടങ്ങിയത്. കൃഷിയിറക്കുന്നത് സ്ത്രീകളാണ്. എന്നാല്‍ മുന്‍കാലത്തെ പ്രധാന ഭക്ഷ്യവിളയായ വാഴക്കൃഷി നടത്തുന്നതും നിലം ഉഴുന്നതും പുരുഷന്മാര്‍ തന്നെയാണ്.

ദൈവവിശ്വാസികളാണെങ്കിലും ഇവര്‍ക്ക് പുരോഹിതന്മാരോ ദേവാലയങ്ങളോ ഇല്ല. അടുത്ത കാലത്തായി ക്രിസ്തുമതവിശ്വാസം ഇവര്‍ക്കിടയില്‍ പ്രബലപ്പെട്ടുവരുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%AA%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍