This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്നിഗെ, അഡോള്‍ഫ് ഫ്രാന്‍സ് ഫ്രീഡ്രിക് ഫ്രൈഹെര്‍ ഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്നിഗെ, അഡോള്‍ഫ് ഫ്രാന്‍സ് ഫ്രീഡ്രിക് ഫ്രൈഹെര്‍ ഫോണ്‍

Knigge, Adolf Franz Friedrich Freiherr Von (1752 - 96)

അഡോള്‍ഫ് ഫ്രാന്‍സ്

ജര്‍മന്‍ യാഥാര്‍ഥ്യവാദ സാഹിത്യകാരന്‍. 1752 ഒ. 16-ന് ബെന്‍ഡെര്‍ ബെക്കില്‍ ജനിച്ചു. 'ഫ്രീമെന്‍സ്' എന്ന സംഘടനയിലെ അംഗമായിരുന്ന ഇദ്ദേഹത്തിന് ജര്‍മന്‍ സാഹിത്യകാരനായ ഗെയ്ഥേയുടെ പരിരക്ഷണം കിട്ടിയിരുന്നു.

ഇദ്ദേഹത്തിന്റെ നോവലുകള്‍ക്കും നാടകങ്ങള്‍ക്കും രാഷ്ട്രീയക്കുറിപ്പുകള്‍ക്കും അക്കാലത്ത് ജര്‍മനിയില്‍ പ്രചാരമുണ്ടായിരുന്നു. 'സമൂഹത്തില്‍ വ്യക്തികളോട് ഇടപഴകുന്നതെങ്ങനെ' എന്നര്‍ഥം വരുന്ന ഉബെര്‍ ഡെന്‍ ഉംഗാങ് മിറ്റ് മെന്‍ഷെന്‍ (Uber den Umgang mit Menschen) എന്ന ലഘുകൃതിയുടെ കര്‍ത്താവെന്ന നിലയിലാണ് ഇദ്ദേഹം ഇന്ന് കൂടുതല്‍ അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തിന് അനേകം പതിപ്പുകള്‍ ഉണ്ടായി. 'ക്നിഗെ ഇങ്ങനെ പറയുന്നു' എന്നത് ജര്‍മന്‍ ഭാഷയിലെ ഒരു പ്രയോഗമായിത്തീര്‍ന്നിട്ടുണ്ട്.

ഈ പുസ്തകത്തില്‍ യാഥാസ്ഥിതിക സമുദായത്തിന്റെ കുലീനമായ പെരുമാറ്റവും പുതിയ ബൂര്‍ഷ്വാ സമൂഹത്തിന്റെ പരിഷ്കൃതശൈലിയും പ്രായോഗിക ബുദ്ധിയോടെ കൂട്ടിക്കലര്‍ത്തി പുതിയൊരു പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു. ജര്‍മന്‍ സമൂഹം ദീര്‍ഘകാലം പാരമ്പര്യബദ്ധമായ ഒരു വ്യവസ്ഥിതിയെ പിന്തുടര്‍ന്നതിനാല്‍ ക്നിഗെയുടെ നിര്‍ദേശങ്ങള്‍ പൊതുവേ സ്വാഗതാര്‍ഹമായി. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി ദ്രുതഗതിയില്‍ മാറിവന്ന ഒരു കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്നതും ഉപയോഗപ്രദവുമായ ആശയങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. അച്ഛനമ്മമാരും കുട്ടികളും തമ്മില്‍, സ്ത്രീകള്‍ തമ്മില്‍, ദമ്പതികള്‍ തമ്മില്‍, അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍, കൂട്ടുകാര്‍ തമ്മില്‍-എങ്ങനെയൊക്കെയാണ് പെരുമാറേണ്ടത് എന്ന് ഇദ്ദേഹം ബുദ്ധികൂര്‍മതയോടെ സമര്‍ഥമായി വിവരിക്കുന്നു. 1800-കളിലെ ജര്‍മനിയെ മനസ്സിലാക്കാനും ഈ കൃതി സഹായകമാണ്. റോമന്‍ മേയ്നെസ് ലേബെന്‍സ് (Roman meines Lebens) നാലു വാല്യങ്ങള്‍ (1787); ഗെഷിഹ്തെ ഡെസ് ആര്‍മെന്‍ ഹെര്‍ന്‍ ഫോണ്‍മില്‍ഡെന്‍ബെര്‍ഗ് ( Geschichte des armen Herrn von Mildenberg, 1789); ഡീ റൈസെ നാക് ബ്രൌണ്‍ഷ്വൈഗ് (Die Reise nach Braunschweig, 1792); ഷ്രീഫ്റ്റെന്‍ (Schriften) 12 വാല്യങ്ങള്‍ (1806) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന രചനകള്‍.

1796 മേയ് 6-ന് ക്നിഗെ അന്തരിച്ചു.

(ഡോ. വോള്‍ഫ്ഗാങ് ആദം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍