This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്നാനായ സമുദായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്നാനായ സമുദായം

ഒരു ക്രൈസ്തവ വിഭാഗം. ക്നാനായിത്തൊമ്മന്റെ നേതൃത്വത്തില്‍ എ.ഡി. 345-ല്‍ ഏഴു ഗോത്രങ്ങളില്‍ നിന്നായി 72 കുടുംബങ്ങളില്‍പ്പെട്ട 400-ഓളം പേര്‍ സിറിയയിലെ ഏദേസയില്‍ നിന്നു കേരളത്തില്‍ കുടിയേറിപ്പാര്‍ത്തു. കേരളത്തില്‍ അക്കാലത്തെ പ്രമുഖ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരിലാണ് ഇക്കൂട്ടര്‍ താമസമുറപ്പിച്ചത്. ഇവരുടെ സന്താനപരമ്പരകളാണ് ക്നാനായ ക്രിസ്ത്യാനികള്‍ ഇവരെ 'തെക്കുംഭാഗര്‍' എന്നും വിളിക്കാറുണ്ട്. കൊടുങ്ങല്ലൂരില്‍ ഒരു കോളനിയായി സ്ഥിരതാമസമാക്കിയ ഇവര്‍ പട്ടണത്തിന്റെ തെക്കുഭാഗത്തും അവിടെ മുമ്പേതന്നെ ഉണ്ടായിരുന്ന ക്രൈസ്തവര്‍ വടക്കുഭാഗത്തും ആണ്. നിവസിച്ചിരുന്നത്. ഇങ്ങനെയാണ് തെക്കുംഭാഗര്‍, വടക്കുംഭാഗര്‍ എന്നീ പേരുകള്‍ ആവിര്‍ഭവിച്ചതെന്നു കരുതപ്പെടുന്നു. ക്നാനായക്കാര്‍ ആചാരങ്ങളിലും ജീവിതരീതികളിലും യഹൂദസമ്പ്രദായങ്ങളാണ് പാലിച്ചുപോന്നിരുന്നത്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇവര്‍ യഹൂദരില്‍ നിന്നു പരിവര്‍ത്തനം ചെയ്തവരാണ്. വ്യാപാരബന്ധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇവര്‍ക്കുള്ള സാമര്‍ഥ്യം മുന്‍കൂട്ടികണ്ടുകൊണ്ടായിരിക്കണം, കേരളത്തിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാന്‍ പെരുമാള്‍ സ്ഥാനമാനങ്ങള്‍ നല്കി അവരെ ബഹുമാനിച്ചത്. കരമൊഴിവായി ഭൂമി ദാനം ചെയ്തു. ചെപ്പേടില്‍ പ്രത്യേക പദവികളും ആനുകൂല്യങ്ങളും മുദ്രണം ചെയ്തു നല്കി. കൊടുങ്ങല്ലൂരില്‍ ക്നാനായക്കാര്‍ നിവസിച്ചിരുന്ന കോളനി, മഹാദേവന്‍ പട്ടണം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ ആഗമനം കേരളത്തിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് ആത്മധൈര്യവും ഉണര്‍വും കര്‍മശേഷിയും പ്രദാനം ചെയ്തു. ചേരമാന്‍ പെരുമാള്‍ ക്രൈസ്തവരോടു കൂടുതല്‍ ഉദാരമനസ്കത കാണിക്കുന്നതിനും ഇവരുടെ ആഗമനം പ്രേരകമായി.

ഒമ്പതാം നൂറ്റാണ്ടില്‍ മുസ്ലിങ്ങള്‍ കൊടുങ്ങല്ലൂരില്‍ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന് ക്നാനായക്കാരില്‍ അധികവും ഉദയമ്പേരൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, മുളന്തുരുത്തി തുടങ്ങിയ ഭാഗങ്ങളിലേക്കു മാറിത്താമസിച്ചു. അംഗസംഖ്യ വര്‍ധിച്ചതിനെ തുടര്‍ന്ന് കോട്ടയം, കല്ലിശ്ശേരി, റാന്നി, രാമമംഗലം തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിയേറി. അവര്‍ താമസമുറപ്പിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനായി സ്വന്തമായ പള്ളികള്‍ നിര്‍മിച്ചു. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ കേരള ക്രൈസ്തവസഭയിലുണ്ടായ രൂക്ഷമായ ഭിന്നതകള്‍ ക്നാനായ സമുദായത്തിലും ഉണ്ടായി. 1599-ലെ ഉദയമ്പേരൂര്‍ സൂനഹദോസും 1653 ജനു, 3-ലെ കൂനന്‍ കുരിശുസത്യവും ക്നാനായ സമുദായത്തിലും ഭിന്നത ഉളവാക്കി. ഇവരില്‍ ഭൂരിഭാഗവും സുറിയാനി കത്തോലിക്കാസഭയിലും ശേഷിക്കുന്നവര്‍ മലങ്കര സുറിയാനിസഭയിലും നിലയുറപ്പിച്ചു. ഇവരില്‍ ക്നാനായ കത്തോലിക്കര്‍ കോട്ടയം രൂപതയിലും മലങ്കര സുറിയാനിസഭയിലെ ക്നാനായര്‍ ചിങ്ങവനം രൂപതയിലും ഉള്‍പ്പെട്ടിരുന്നു.

20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ ക്നാനായ കത്തോലിക്കര്‍ എല്ലാ സഭാകാര്യങ്ങളിലും ഇതര സുറിയാനി കത്തോലിക്കരോടു പൂര്‍ണമായി സഹകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പില്ക്കാലത്ത് ക്നാനായ സമുദായത്തില്‍ ചില നൂതന പ്രവണതകള്‍ തലപൊക്കുകയും തങ്ങള്‍ക്കായി ഒരു പ്രത്യേക രൂപത സ്ഥാപിച്ചു കിട്ടണമെന്നു മാര്‍പ്പാപ്പയോടാവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് കോട്ടയം രൂപത ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് ക്നാനായയാക്കോബായക്കാരും തങ്ങള്‍ക്കായി ഒരു പ്രത്യേക ഭദ്രാസനം (ചിങ്ങവനം) നേടിയെടുത്തു.

കഴിഞ്ഞ 16 നൂറ്റാണ്ടുകാലമായി കേരളത്തിലെ ക്രൈസ്തവസമുദായത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള ഒരു ജനവിഭാഗമാണു ക്നാനായക്കാര്‍. സ്വന്തം ആചാരങ്ങളും വര്‍ഗരീതികളും നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നു നിര്‍ബന്ധമുള്ളതിനാല്‍, സാധാരണയായി ഇവര്‍ മറ്റു ക്രൈസ്തവവിഭാഗങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. ക്നാനായിത്തൊമ്മന്റെ സന്തതിപരമ്പരയില്‍പ്പെട്ടവരാണ് തങ്ങളെന്ന് ഇവര്‍ അഭിമാനിക്കുന്നു. നോ. ക്നാനായിത്തൊമ്മന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍