This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹിനൂര്‍ രത്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹിനൂര്‍ രത്നം

ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ച് കോഹിനൂര്‍ രത്നം

വിഖ്യാതമായ ഒരു രത്നം. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നാദിര്‍ ഷായാണ് 'പ്രകാശ കേദാരം' എന്നര്‍ഥം വരുന്ന കോഹിനൂര്‍ എന്ന പേരു നല്‍കിയതെന്നു കരുതപ്പെടുന്നു. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതി കോഹിന്നൂരിനു സ്വന്തമായിരുന്നു.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരികാല എന്ന ഗ്രാമത്തിനടുത്തുള്ള കെല്ലൂര്‍ ഖനിയില്‍ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത്. തുടര്‍ന്ന് അവിടത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാരുടെ അധീനതയിലായി. 1323-ല്‍ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുല്‍ത്താനായിരുന്ന ഗിയാസ് ഉദ്ദീന്‍ തുഗ്ലക്കിന്റെ സേനാനായകനായ ഉലൂഗ് ഖാന്‍ കാകാത്യരാജാക്കന്മാരെ പരാജയപ്പെടുത്തി തലസ്ഥാനമായ ഓറുഗല്ലു (വാറങ്കല്‍) കൊള്ളയടിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളെ ഡല്‍ഹിയിലേക്കു കടത്തുകയും ചെയ്തു. ഇക്കൂട്ടത്തില്‍ കോഹിനൂര്‍ രത്നവും ഉള്‍പ്പെട്ടു. തുടര്‍ന്ന് കാലാകാലങ്ങളില്‍ ഇവിടെ അധികാരത്തിലെത്തിയ സുല്‍ത്താന്മാര്‍ ഈ അമൂല്യരത്നം കൈവശം വയ്ക്കുകയും 1526-ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ അധീനതയിലാവുകയും മുഗള്‍ രാജപരമ്പരയിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍, ഈ വജ്രത്തെ തന്റെ പ്രസിദ്ധമായ മയൂര സിംഹാസനത്തില്‍ അലങ്കാരമാക്കുകയും ചെയ്തു. ഷാജഹാന്റെ കാലശേഷം അദ്ദേഹത്തിന്റെ മകന്‍ അറംഗസേബ് കോഹിനൂര്‍ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോയി അവിടുത്തെ ബാദ്ഷാ ഹി മസ്ജില്‍ സൂക്ഷിച്ചു.

1739-ല്‍ ഇന്ത്യ ആക്രമിച്ച പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ രത്നം പേര്‍ഷ്യയിലേക്കു കടത്തി. ഇദ്ദേഹമാണ് ഈ അമൂല്യ വജ്രത്തിന് 'കോഹിനൂര്‍ രത്നം' എന്ന പേരു നല്‍കിയത്. നാദിര്‍ഷായുടെ കാലശേഷം 1747-ല്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമി മിര്‍സ ഷാരൂഖ്, അഫ്ഗാനിസ്ഥാനിലെ ദുറാനു സാമ്രാജ്യത്തിലെ അഹമദ് ഷാ അബ്ദാലി, ഷാഷൂജ തുടങ്ങിയ ഭരണാധികാരികളും കോഹിനൂര്‍ അധീനതയിലാക്കിയിരുന്നു. ഷാഷൂജ തന്റെ അര്‍ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിന്റെ അടുത്ത് അഭയം തേടിയ ഘട്ടത്തില്‍ (1813) കോഹിനൂര്‍ രത്നവും കൈമാറിയിരുന്നു. ഡല്‍ഹൗസി പ്രഭു ഗവര്‍ണര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 1849-ല്‍ പഞ്ചാബ് ബ്രിട്ടീഷ് ഇന്ത്യയോട് ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് ഈ രത്നം ഈസ്റ്റ് ഇന്ത്യാ കമ്പനി രാജ്ഞിക്ക് സമ്മാനിച്ചു. രത്നം കൂടുതല്‍ തിളക്കമുള്ളതാക്കുന്നതിനായി 1852-ല്‍ ഇത് ചെത്തിമിനുക്കുകയുണ്ടായി. എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തതോടെ കോഹിനൂര്‍ രത്നം രാജ്ഞിയുടെ കിരീടത്തില്‍ അലങ്കാരമായി.

നിലവില്‍ കിരീടം 'ടവര്‍ ഒഫ് ലണ്ടനി'ല്‍ പ്രദര്‍ശിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍