This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹന്‍, എഡ് വിന്‍ ജോസഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹന്‍, എഡ് വിന്‍ ജോസഫ്

Cohen, Edwin Joseph(1892 - 1953)

എഡ് വിന്‍ ജോസഫ് കോഹന്‍

അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1892 ഡി. 17-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ആമേഴ്സ്റ്റിലും ഷിക്കാഗോ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍നിന്നും പോസ്റ്റു ഡോക്ടറേറ്റു ബിരുദം നേടി. മുട്ടയിലെ ആല്‍ബുമിനെക്കുറിച്ചായിരുന്നു ഇവിടെ ഇദ്ദേഹം ഗവേഷണം നടത്തിയത്. 1920-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഭൗതിക-രസതന്ത്ര വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ഔദ്യോഗികജീവിതംമുഴുവന്‍ അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്തു.

രക്തപ്ലാസ്മയിലെ പലതരം പ്രോട്ടീനുകളെ വേര്‍തിരിക്കുന്ന ക്ലാസ്സിക് രീതി ആവിഷ്കരിച്ചത് കോഹനാണ്. വളരെ വര്‍ഷങ്ങള്‍ ഇദ്ദേഹം പ്രോട്ടീനിന്റെ രസതന്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തുകയും പ്ലാസ്മയെ പ്രഭാജനം (fractionate) ചെയ്ത് കിട്ടാവുന്നത്ര ശുദ്ധമായ സംയുക്തങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. അമോണിയം സള്‍ഫേറ്റ്, ആല്‍ക്കഹോള്‍ തുടങ്ങി വളരെ ലളിതങ്ങളായ അഭികര്‍മങ്ങള്‍ ഉപയോഗപ്പെടുത്തി പ്ളാസ്മയില്‍നിന്ന് ആല്‍ബുമിന്‍, ഗാമ ഗ്ലോബുലിന്‍, ഫിബ്രിനോജന്‍, ഫിബ്രിന്‍ തുടങ്ങിയ ഘടകങ്ങളെ വേര്‍തിരിച്ചെടുത്തു. ഇവ 'കോഹന്‍ ഫ്രാക്ഷന്‍സ്'   (Cohen fractions) എന്ന് അറിയപ്പെടുന്നു. പലതരം ശരീരവൈകല്യങ്ങളുടെയും രോഗങ്ങളുടെയും ചികിത്സാരംഗത്ത് ഈ ഘടകങ്ങള്‍ പ്രയോജനപ്പെടുന്നു. ശരീരത്തിനുണ്ടാകുന്ന ആഘാതത്തിന്റെ ചികിത്സയ്ക്കായി ആല്‍ബുമിനും രോഗാണുസംക്രമണം തടയാന്‍ ഗ്ലോബുലിനുകളും, രക്തസ്രാവവും രക്തസംബന്ധിയായ മറ്റു രോഗങ്ങളും ചികിത്സിക്കാന്‍ ഫിബ്രിനുകളും ഉപയോഗപ്പെടുത്തിവരുന്നു. രണ്ടാംലോകയുദ്ധകാലത്ത് മുറിവേറ്റ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ 'കോഹന്‍ ഫ്രാക്ഷന്‍സ്' എന്ന പദ്ധതി പ്രത്യേക പങ്കുവഹിച്ചിരുന്നു.

പ്രോട്ടീനുകളുടെ ലേയത്വം, അമ്ല-ക്ഷാരസ്വഭാവം എന്നിവയെക്കുറിച്ചും അമിനോ അമ്ലങ്ങള്‍, പെപ്റ്റൈഡുകള്‍ തുടങ്ങിയവയെക്കുറിച്ചും കോഹന്‍ ഗവേഷണം നടത്തുകയുണ്ടായി. 1943-ല്‍ ജോണ്‍ എഡ്സാലിനൊപ്പം പ്രോട്ടീന്‍സ്, അമിനോ ആസിഡ് ആന്‍ഡ് പെപ്പറ്റെഡ്സ് എന്നൊരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1953 ഒ. 1-ന് ബോസ്റ്റണില്‍ കോഹന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍