This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ് ലോവ്, അലക്സി അലക്സാന്‍ഡ്രോവിച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ് ലോവ്, അലക്സി അലക്സാന്‍ഡ്രോവിച്ച്

Kozlov, Alexy Alexandrovich (1831-1901)

റഷ്യന്‍ തത്ത്വചിന്തകന്‍. ലൈബ്നിറ്റ്സി (Leibnitz)ന്റെ ബഹുഭാവ ആത്മീയവാദ (Pluralistic idealism)സിദ്ധാന്തത്തിന്റെ പ്രമുഖ റഷ്യന്‍ വ്യാഖ്യാതാവ് എന്ന നിലയിലാണ് പ്രശസ്തി.

1831-ല്‍ ജനിച്ചു. സാമൂഹിക ശാസ്ത്രമായിരുന്നു പഠനവിഷയമെങ്കിലും തത്ത്വശാസ്ത്രത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം ക്രമേണ ഭൗതികവാദ ദാര്‍ശനികനും നിരീശ്വരവാദിയുമായ ജര്‍മന്‍ ചിന്തകന്‍ ഫ്യൂര്‍ബാക്ക്, ഫ്രഞ്ചുഗണിതശാസ്ത്രജ്ഞനും ഊര്‍ജതന്ത്രജ്ഞനുമായ ഫ്യൂറിയേഴാങ്-ബാറ്റീസ്റ്റ്ഴോസെഫ് എന്നിവരുടെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായിത്തീര്‍ന്നു. സോഷ്യലിസ്റ്റ് വീക്ഷണംമൂലം കോസ്ലോവിന് മോസ്കോ സെക്കന്‍ഡറി സ്കൂളില്‍ ഉണ്ടായിരുന്ന അധ്യാപകജോലി നഷ്ടപ്പെടുകയും 1866-ല്‍ കുറേക്കാലം ജയില്‍വാസം അനുഭവിക്കേണ്ടതായി വരികയും ചെയ്തു.

1870-നുശേഷമാണ് തത്ത്വചിന്താപഠനത്തെ കോസ്ലോവ് ഗൗരവമായി കണ്ടുതുടങ്ങിയത്. തുടക്കത്തില്‍ ഭൌതികവാദത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ക്രമേണ ഷോപന്‍ഹൌവെര്‍ (Schopenhaver), കാന്റ് എന്നിവരുടെ ആശയങ്ങള്‍ സ്വാധീനിച്ചു. 1876-ല്‍ കീവ് സര്‍വകലാശാലയില്‍ ഫിലോസഫി പ്രൊഫസര്‍ ആയി ഇദ്ദേഹം നിയമിക്കപ്പെട്ടു. ഇവിടെ സേവനം അനുഷ്ഠിക്കവേയാണ് റഷ്യയിലെ ആദ്യത്തെ തത്ത്വചിന്താമാസികയായി കരുതപ്പെടുന്ന ഫിലേസോഫ്സ്കി ത്രിസ്മേസിച്നനിക് (ത്രൈമാസികം)ന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ഇതിലൂടെയാണ് ലൈബ്നിറ്റ്സിന്റെ സിദ്ധാന്തത്തിന്റെ വ്യാഖ്യാതാവെന്ന ഖ്യാതി ഇദ്ദേഹം ആര്‍ജിച്ചത്. 1887-ല്‍ അനാരോഗ്യം നിമിത്തം ഉദ്യോഗത്തില്‍നിന്ന് വിരമിച്ച ഇദ്ദേഹം തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കു താമസം മാറ്റുകയും തത്ത്വചിന്താപരമായ തന്റെ വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു സ്വയോസ്ലോവാ എന്ന മാസിക 1888 മുതല്‍ 98 വരെ നടത്തുകയും ചെയ്തു.

എല്ലാ പ്രപഞ്ച വസ്തുക്കളിലും പരമാത്മാവിന്റെ ചൈതന്യം കുടികൊള്ളുന്നു എന്ന അടിസ്ഥാന പ്രമാണത്തില്‍ അധിഷ്ഠിതമാണ് പാന്‍സൈക്കിസം (Pan Psychism) എന്നു കോസ്ലോവ് സിദ്ധാന്തിക്കുന്നു. ഓരോ പ്രപഞ്ചഘടകവും അതില്‍ ഉള്‍ക്കൊള്ളുന്ന ഭൗതിക വസ്തുവിന് അതീതമാണ്. അതില്‍ ഉള്ള പ്രപഞ്ചസത്തയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തനഫലവും ഉള്‍ക്കൊള്ളുന്നതാണ് അതിന്റെ സത്ത. ഓരോ വസ്തുവിലും ഉള്ള പരമാത്മാചൈതന്യത്തിന്റെ ആകെത്തുകയാണ് ഈശ്വരന്‍ അഥവാ പ്രപഞ്ചസത്തയെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. 1901-ല്‍ കോസ്ലോവ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍