This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്റ്റര്‍, ഡിര്‍ക്(1889 - 1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ്റ്റര്‍, ഡിര്‍ക് (1889 - 1950)

Coster, Dirk

ഡിര്‍ക് കോസ്റ്റര്‍

ആവര്‍ത്തനപ്പട്ടികയിലെ 72-ാമത്തെ മൂലകമായ ഹാഫ്നിയ [hafnium (Hf)]ത്തിന്റെ കണ്ടുപിടിത്തത്തില്‍ പങ്കാളിയായ നെതര്‍ലന്‍ഡ്സ് ഭൗതിക ശാസ്ത്രജ്ഞന്‍.

1889 ഒ. 5-ന് ആംസ്റ്റര്‍ഡാമില്‍ ജനിച്ചു. ലൈഡന്‍ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും (1916) എക്സ്റേ സ്പെക്ട്രോസ്കോപ്പിയില്‍ പിഎച്ച്.ഡിയും (1922) ഡെല്‍ഫ്റ്റ് ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും (1919) കരസ്ഥമാക്കി. അധ്യാപകനായി (1913 - ) ഔദ്യോഗിക ജീവിതമാരംഭിച്ച കോസ്റ്റര്‍, ഗവേഷണ ഫെലോ ആയി ഹേഗനില്‍ ലുണ്ടിലെ മന്‍സീശ്ബന്‍സ് ലബോറട്ടറി(1920-22)യിലും ടെയ്ലര്‍ ലബോറട്ടറി(1922-24)യിലും ഭൗതികശാസ്ത്രാധ്യക്ഷനായി (1924-) ഗ്രോണിങ്ങന്‍ സര്‍വകലാശാലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ നീല്‍സ് ബോറിനോടൊത്തായിരുന്നു കോസ്റ്റര്‍ തന്റെ ഗവേഷണങ്ങളേറെയും നടത്തിയിരുന്നത്. നീല്‍സ് ബോറിന്റെ അണുഘടനാ സിദ്ധാന്തവും രാസമൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടികയും പൂര്‍ണമായും ബന്ധപ്പെടുത്തി, രസതന്ത്രജ്ഞനായ ജോര്‍ജ് ചാള്‍സ് ഫൊണ്‍ ഹെവെസിയുമായിച്ചേര്‍ന്ന് സിര്‍ക്കോണ്‍ (Zircon) അയിരില്‍ നടത്തിയ എക്സ്റേ സ്പെക്ട്രോസ്കോപ്പിക് വിശ്ളേഷണത്തിലൂടെ ഹാഫ്നിയം മൂലകത്തെ കണ്ടെത്താന്‍ സാധിച്ചു. 1914 മുതല്‍ തന്നെ ആവര്‍ത്തനപ്പട്ടികയില്‍ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥാനമാണിത്. പരീക്ഷണങ്ങള്‍ കോപ്പന്‍ഹേഗനില്‍ വച്ചായതിനാലാണ് 'ഹാഫ്നിയം' എന്ന നാമം ഈ മൂലകത്തിന് നല്കിയത്. കോപ്പന്‍ ഹേഗന് ലാറ്റിന്‍ ഭാഷയില്‍ 'ഹാഫ്നിയ' (Hafnia) എന്നാണ് പറയുക. ഫിലമെന്റുകളിലും ഇലക്ട്രോഡുകളിലും ഉപയോഗപ്പെടുന്ന ഹാഫ്നിയത്തിന്റെ അണുഭാരം 178.49 g.mol-1ആണ്. കൂടാതെ മികച്ച ഒരു സ്പെക്ട്രോമീറ്ററും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നേച്ചര്‍, ഫിസിക്കാ, നേച്ചര്‍ വിസ്സെന്‍സ്കാഫ്റ്റന്‍ തുടങ്ങിയ ശാസ്ത്രജേര്‍ണലുകളില്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാഡീരോഗത്താല്‍ പൂര്‍ണമായും തളര്‍ച്ച ബാധിച്ചിരുന്ന കോസ്റ്റര്‍ 1950 ഫെ. 12-ന് ഗ്രോണിങ്ങനില്‍ നിര്യാതനായി. നോ. ഹാഫ്നിയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍