This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസാംബി, ധര്‍മാനന്ദ (1876 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസാംബി, ധര്‍മാനന്ദ (1876 - 1944)

Kosambi, Dharmananda

പാലിഭാഷാപണ്ഡിതനും ബൗദ്ധദാര്‍ശനികനും. 1876-ല്‍ ഗോവയില്‍ ജനിച്ചു. മറാഠിയും സംസ്കൃതവും അഭ്യസിച്ചു. ബുദ്ധദര്‍ശനങ്ങളില്‍ ആകൃഷ്ടനായ കോസാംബി ഗ്വാളിയര്‍, കാശി, നേപ്പാള്‍, ശ്രീലങ്ക, മ്യാന്മര്‍ (ബര്‍മ) എന്നിവിടങ്ങളില്‍ സഞ്ചരിച്ച് പാലി ഗ്രന്ഥങ്ങളിലും ബൗദ്ധദര്‍ശനത്തിലും പഠനഗവേഷണങ്ങള്‍ നടത്തി.
ധര്‍മാനന്ദ കോസാംബി

കൊല്‍ക്കത്താ സര്‍വകലാശാലയില്‍ ജോലി സ്വീകരിച്ച് കോസാംബി, ബോംബെ സര്‍വകലാശാലയില്‍ പാലിഭാഷ അധ്യയനവിഷയമായി അംഗീകരിപ്പിക്കുകയും പൂണെയിലെ ഫര്‍ഗൂസന്‍ കോളജില്‍ പാലിഭാഷ പഠിപ്പിക്കുകയും ചെയ്തു. കൊല്‍ക്കത്ത, ബറോഡ, അഹമ്മദാബാദ്, പൂണെ, കാശി, ഗുജറാത്ത് തുടങ്ങിയ സര്‍വകലാശാലകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബൗദ്ധന്മാര്‍ അവരുടെ ദീക്ഷയുടെ പ്രാരംഭത്തില്‍ ശരണത്രയം (ബുദ്ധം, ധര്‍മം, സംഘം) അനുഷ്ഠിക്കുന്ന പാരമ്പര്യമനുസരിച്ചായിരുന്നു, കോസാംബി ഒരു വ്രതമെന്നവണ്ണം പ്രഭാഷണങ്ങള്‍ ചെയ്തതും ഗ്രന്ഥരചന നടത്തിയതും. ബുദ്ധന്റെ പൂര്‍വജന്മകഥകള്‍, ജീവചരിത്രം, ധര്‍മോപദേശങ്ങള്‍ എന്നിവ ഒരുമിച്ചുചേര്‍ത്ത ഗ്രന്ഥമാണ് ബുദ്ധലീലാസാരസംഗ്രഹം. ബുദ്ധന്‍ തന്റെ അനുയായികളെ സംഘടിപ്പിക്കുന്നതിനും സാധന നല്കുന്നതിനും ഉണ്ടാക്കിയ നിയമങ്ങളാണ് ബൌദ്ധ സംഘാചാ പരിചയ എന്ന ഗ്രന്ഥത്തിലുള്ളത്. പാലിയന്‍ മറാഠി തര്‍ജുമയോടുകൂടി രചിച്ചിട്ടുള്ള ധമ്മപദം, സുത്തനിപത്ത എന്നിവയില്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. മഹായാന സമ്പ്രദായത്തിലെ ആചാര്യനായ ശാന്തിദേവന്റെ ബോധിചര്യാവതാരവും ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഹാര്‍വാഡ് സര്‍വകലാശാലയ്ക്കുവേണ്ടി ഡോ. ജയിംസ് വൂഡ്സിന്റെ ആഗ്രഹപ്രകാരം വിസുദ്ധിമഗ്ഗയുടെ ദേവനാഗരിപ്പതിപ്പ് തയ്യാറാക്കുകയും അതിന്റെ സാരം സമാധിമാര്‍ഗം എന്ന പേരില്‍ ഗുജറാത്തിയിലും മറാഠിയിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഹിന്ദുസംസ്കാരവും അഹിംസയും, ഭഗവാന്‍ ബുദ്ധന്‍ (പി. ശേഷാദ്രി അയ്യര്‍ ഇതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്) ബോധിസത്വ നാടകം എന്നീ കൃതികള്‍ക്കു പുറമേ, അഭിധമ്മപിടകത്തെക്കുറിച്ചും പാര്‍ശ്വനാഥന്റെ ചാതുര്യമധമ്മത്തെക്കുറിച്ചും കോസാംബി ഗ്രന്ഥങ്ങള്‍ രചിച്ചു. സ്വന്തം ജീവിതത്തെ അധികരിച്ചെഴുതിയ കൃതികളാണ് നിവേദനവും ഖുലാസായും.

സ്വരാജ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്ന് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ശരീരംകൊണ്ടു ശരിയായ സേവനം ചെയ്യാന്‍ സാധ്യമല്ലെന്നു കണ്ടാല്‍ അന്നപാനാദികള്‍ ഉപേക്ഷിച്ച് ശരീരം വെടിയണം എന്ന പാര്‍ശ്വനാഥന്റെ ജീവിതവീക്ഷണം സ്വജീവിതത്തില്‍ പകര്‍ത്തിയ കോസാംബി ഉപവാസമനുഷ്ഠിച്ച്, ഗാന്ധിജിയുടെ സേവാഗ്രാമ ആശ്രമത്തില്‍ 1944 ജൂണ്‍ 5-ന് നിര്യാതനായി.

ശാസ്ത്രജ്ഞനും സാമൂഹിക ചിന്തകനുമായ ദാമോദര്‍ ധര്‍മാനന്ദ് കോസാംബി ഇദ്ദേഹത്തിന്റെ പുത്രനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍