This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസാംബി, ദാമോദര്‍ ധര്‍മാനന്ദ (1907 - 66)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസാംബി, ദാമോദര്‍ ധര്‍മാനന്ദ (1907 - 66)

Kosambi, Dhamodar Dharmananda

പ്രാചീന ചരിത്രപഠനത്തിന് മൗലിക സംഭാവനകള്‍ നല്കിയ ഇന്ത്യന്‍ ബഹുമുഖപ്രതിഭ. 'ശാസ്ത്രീയ ഇന്ത്യന്‍ ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന കോസാംബി, പ്രഥമ രാമാനുജസമ്മാനാര്‍ഹനായ (1937) ശാസ്ത്രജ്ഞനാണ്. പുരാവസ്തുവിജ്ഞാനീയവും ഭാഷാശാസ്ത്രവും സമന്വയിപ്പിച്ച് വിശകലനം ചെയ്ത ഇന്ത്യാചരിത്ര രചയിതാക്കളില്‍ പ്രഥമ പ്രയോക്താവും സൈദ്ധാന്തികനുമാണിദ്ദേഹം. 'ബാബ' എന്നും അറിയപ്പെടുന്നു.

ഡി. ഡി. കോസാംബി

പ്രശസ്ത ബുദ്ധമതപണ്ഡിതനായ ധര്‍മാനന്ദ കോസാംബിയുടെ മകനായി 1907 ജൂല. 31-ന് ഗോവയിലെ കോസ്ബെനില്‍ ജനിച്ചു. ചെറുപ്പം മുതലേ, ഇന്ത്യന്‍ പൈതൃകത്തിലും ചരിത്രത്തിലും കോസാംബിക്ക് താത്പര്യവും ജിജ്ഞാസയും വളര്‍ന്നത് പിതാവിലൂടെയാണ്. പൂണെയിലെ പ്രാഥമിക വിദ്യാഭ്യാസത്തെത്തുടര്‍ന്ന് 11-ാം വയസ്സില്‍, ഹാര്‍വാഡ് സര്‍വകലാശാലാധ്യാപകനായ പിതാവിനോടൊപ്പം അമേരിക്കയിലെത്തി. കേംബ്രിജ് ലാറ്റിന്‍ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാര്‍വാഡില്‍ നിന്നും പ്രശസ്തമായ രീതിയില്‍ ബിരുദവും (1925-29) കരസ്ഥമാക്കി. ഗണിതം, സാംഖ്യികം, ജനിതകം, ചരിത്രം എന്നീ മേഖലകള്‍, സംസ്കൃതം, പാലി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ എന്നിവയില്‍ അഗ്രഗണ്യനായിരുന്നു കോസാംബി. തുടര്‍ന്ന് ബനാറസ് സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, പൂണെയിലെ ഫെര്‍ഗൂസന്‍ കോളജ് (1932-46), ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (1946-62) എന്നിവിടങ്ങളില്‍ ഗണിതശാസ്ത്രാധ്യാപകനായി ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

ഗണിതശാസ്ത്രം, പ്രാചീന ഇന്ത്യാചരിത്രം, ലോകസമാധാനം, ജനിതകം എന്നീ മേഖലകളിലാണ് കോസാംബി മുഖ്യമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. ജനിതകം, മറ്റു ജീവശാസ്ത്രവിഭാഗങ്ങള്‍, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ ഗണിതശാസ്ത്രോപാധികള്‍ പ്രയോഗിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങള്‍.

വര്‍ത്തമാനകാലത്തിലെ സാമൂഹിക പ്രതിഭാസങ്ങളുടെ വേരുകളെയാണ് കോസാംബി ചരിത്രത്തില്‍ അന്വേഷിച്ചിരുന്നത്. സമകാല സമൂഹത്തിന്റെ വികാസഗതി മനസ്സിലാക്കാനുള്ള ധൈഷണിക യത്നമായിരുന്നു ഇത്. പ്രാക്ചരിത്ര ഘട്ടത്തിലെ 'മിത്തു'കളില്‍ (Myth) നിന്ന് മനുഷ്യര്‍ സ്വാംശീകരിക്കേണ്ട യാഥാര്‍ഥ്യങ്ങളെന്തൊക്കെയാണെന്ന് കര്‍ക്കശമായ വിശകലന രീതിയിലൂടെ കോസാംബി വ്യക്തമാക്കുന്നു. 'ഉത്പാദനോപാധികളുടെയും ബന്ധങ്ങളുടെയും നിരന്തരം ഉണ്ടാകുന്ന വികാസങ്ങളെ കാലഗണനാക്രമത്തില്‍ അവതരിപ്പിക്കല്‍' എന്നാണ് ചരിത്രത്തെ ഇദ്ദേഹം നിര്‍വചിച്ചിരിക്കുന്നത്.

നാടോടികളും കന്നുകാലി വളര്‍ത്തുകാരും കുതിരയോട്ടക്കാരുമായിരുന്ന ആര്യന്മാര്‍, ഫലഭൂയിഷ്ഠമായ മധ്യകിഴക്കന്‍ ഗംഗാ സമതലങ്ങളിലേക്ക് പ്രവേശിച്ച് സ്ഥിരതാമസക്കാരായി കൃഷിയെ മെച്ചപ്പെടുത്തിയതും ഇന്ത്യന്‍ സമൂഹഘടനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം കണ്ടെത്തി. ഈ മാറ്റം ഉളവാക്കിയ നഗരവത്കരണം, സമൃദ്ധി എന്നിവയുടെ ഫലമായി ഉണ്ടായ പ്രശ്നങ്ങളെ അതിജീവിക്കാനാണ് ബുദ്ധമതം ഉദയം ചെയ്തതെന്നാണ് ഇദ്ദേഹം വ്യാഖ്യാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രാചീന നാണയവിജ്ഞാനീയത്തില്‍ ആകൃഷ്ടനായിരുന്ന കോസാംബി, പ്രാചീന നാണയങ്ങളിലെ വിവിധ ലോഹക്കൂട്ടുകളുടെ അനുപാതം നിരീക്ഷിക്കുകയും കാലഗണനാക്രമമനുസരിച്ച് പരിശോധിക്കുകയും ആ നാണയങ്ങളുടെ കാലഘട്ടങ്ങളിലെ രാഷ്ട്ര സമ്പദ്വ്യവസ്ഥ ഗണിച്ചെടുക്കുകയും ചെയ്തു. മൗര്യ-ഗുപ്ത കാലഘട്ടങ്ങളിലെ സാമൂഹിക-സാമ്പത്തിക-സൈനിക-രാഷ്ട്രീയ-സാംസ്കാരിക സംഭവങ്ങളും മാറ്റങ്ങളും വിശകലനം ചെയ്തതില്‍ നിന്നും, സാമ്പത്തികഘടകങ്ങള്‍ക്കാണ് പ്രാധാന്യവും മുന്‍തൂക്കവുമെന്ന് ഇദ്ദേഹം കണ്ടെത്തുകയുണ്ടായി.

ഗണിതം, ചരിത്രം, ഇലക്ട്രോണിക്സ്, സാഹിത്യപഠനം, ജീവശാസ്ത്രം, നാണയവിജ്ഞാനീയം എന്നീ ശാഖകളിലായി 150-ഓളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. വസ്തുതകളെ കുറിച്ച് ശരിയായ ധാരണയും വിശകലനസാമര്‍ഥ്യവുമാണ് കോസാംബി രചനകളുടെ മുഖമുദ്ര. ഉയര്‍ന്ന സാഹിത്യബോധത്തിന്റെയും പ്രശ്ന കേന്ദ്രിതമായ ചരിത്രാന്വേഷണത്തിന്റെയും ശാസ്ത്രീയമായ സിദ്ധാന്തീകരണത്തിന്റെയും ഇഴുകിച്ചേരലാണ് ചരിത്രരചനകളിലുള്ളത്. പ്രഥമഗ്രന്ഥമായ ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര(1956)യില്‍, ഇന്ത്യാചരിത്രപഠനത്തെയും മാര്‍ക്സിസ്റ്റ് ചരിത്രവിജ്ഞാനീയത്തെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. മിത്തും യാഥാര്‍ഥ്യവും (1962) എന്നതില്‍, പുരാണകഥകളെയും മിത്തുകളെയും സമര്‍ഥമായി പ്രയോജനപ്പെടുത്തി, ചരിത്ര യാഥാര്‍ഥ്യങ്ങളെ വേര്‍തിരിച്ചെടുത്ത് വിലയിരുത്തിയുള്ള വിശകലന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രാചീന ഇന്ത്യന്‍ സംസ്കാരവും നാഗരികതയും ചരിത്രരൂപരേഖയില്‍ (1965) എന്ന കൃതിയില്‍, അതിപ്രാചീന കാലംമുതല്‍ മൗര്യകാലഘട്ടം വരെയുള്ള ഇന്ത്യാചരിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

'പാഠ്യവിമര്‍ശന'(textual critisism)ത്തിലും ഇദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. മഹാകവി ഭര്‍ത്തൃഹരിയുടെ ശതകത്രയം, വിദ്യാകരന്റെ സുഭാഷിതരത്നകോശം എന്നീ വ്യാഖ്യാനങ്ങള്‍ സംസ്കൃതത്തിലും പാലിയിലുമുള്ള കോസാംബിയുടെ പാണ്ഡിത്യം വെളിപ്പെടുത്തുന്നവയാണ്.

അഭാജ്യസംഖ്യകള്‍, നിര്‍ദേശാങ്കജ്യാമിതി എന്നിവയെക്കുറിച്ചും നിരവധി പ്രബന്ധങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ലോകസമാധാനത്തിനായി ചൈന, മുന്‍ സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഉള്‍പ്പെടെ അനവധി രാജ്യങ്ങളില്‍ സമാധാനപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

പ്രത്യേക ഭാഭാസമ്മാനം (1947), ഇലക്ട്രോണിക് കണക്കൂകൂട്ടല്‍ യന്ത്ര ഗവേഷണത്തിന് യുണെസ്കോ ഫെലോഷിപ്പ് (1948-49), സിഎസ്ഐആര്‍ സയന്റിസ്റ്റ് മെറിറ്റ്സ് ബഹുമതി, (1965) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച ചില ബഹുമതികളാണ്. 1966 ജൂണ്‍ 29-ന് പൂണെയില്‍ കോസാംബി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍