This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴ്സിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഴ്സിക്ക

Corsica

മെഡിറ്ററേനിയന്‍ കടലില്‍, ഫ്രഞ്ചധീനതയിലുള്ള മലകള്‍ നിറഞ്ഞ ഒരു ദ്വീപ്. ഫ്രാന്‍സിലെ നൈസില്‍നിന്ന് 160 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കോഴ്സിക്ക ഇറ്റലിയുടെ തീരത്തുനിന്ന് 80 കി.മീ. പടിഞ്ഞാറാണ്. ബോണിഫേഷിയോ കടലിടുക്ക് കോഴ്സിക്കയെ സാര്‍ഡീനിയന്‍ ദ്വീപില്‍ നിന്നു വേര്‍തിരിക്കുന്നു. 8,680 ച.കി.മീ. വിസ്തീര്‍ണമുള്ള കോഴ്സിക്ക ഡിലാവേറും റോഡ് ഐലന്‍ഡും ഒരുമിച്ചു ചേര്‍ന്നതിനെക്കാള്‍ കുറച്ചുകൂടി വലുതാണ്. ജനസംഖ്യ: 3,02,000 (2008). മെഡിറ്ററേനിയന്‍ ദ്വീപുകളുടെ കൂട്ടത്തില്‍, വലുപ്പത്തിന്റെ കാര്യത്തില്‍ കോഴ്സിക്ക നാലാം സ്ഥാനത്തു നില്ക്കുന്നു.

കോഴ്സിക്ക മുനമ്പ്

കോഴ്സിക്കയുടെ തീരദേശങ്ങളില്‍ കാലാവസ്ഥ സുഖപ്രദമാണ്. മഴയുള്ള, തണുത്ത ശീതകാലവും താരതമ്യേന വരണ്ട വേനല്‍ക്കാലവും സുഖകരമായ അനുഭൂതിയുളവാക്കുന്നു. എന്നാല്‍ തീരംവിട്ട് ഉള്ളിലേക്കു കടക്കുന്തോറും കാലാവസ്ഥ കൂടുതല്‍ തണുപ്പുള്ളതായി കാണാം. ഇവിടെ ധാരാളമായി കാണപ്പെടുന്ന പര്‍വതങ്ങളാകാം ഈ ശൈത്യത്തിനു കാരണം. കാര്‍ഷികവൃത്തിയാണ് ജനങ്ങളുടെ മുഖ്യതൊഴില്‍. ഒലീവ്, മുന്തിരി, പച്ചക്കറികള്‍ എന്നിവ സമൃദ്ധമായി കൃഷി ചെയ്തുണ്ടാക്കുന്നു. ചെമ്മരിയാടുകളെയും കോലാടുകളെയും ധാരാളമായി വളര്‍ത്തുന്നുണ്ട്. മത്സ്യബന്ധനവും പതിവുതന്നെ. മീന്‍ പിടിക്കാന്‍ പോകുന്ന ചെറുവള്ളങ്ങള്‍ ലോബ്സ്റ്ററുകളെയും ധാരാളം ശേഖരിക്കാറുണ്ട്. ചൂരയാണ് പ്രധാന മത്സ്യം.

കോഴ്സിക്കയുടെ തലസ്ഥാനം അജാക്സിയോ ആണ്. കോഴ്സിക്കയിലെ ഏറ്റവും വലിയ നഗരമായ ബാസ്റ്റിയയും അജാക്സിയോയും രണ്ടു പ്രധാന തുറമുഖങ്ങളാകുന്നു.

ഫിനീഷ്യല്‍, കാര്‍ത്തജീനിയര്‍, എട്രൂസ്കന്മാര്‍ എന്നിവരായിരുന്നു കോഴ്സിക്കയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍. ബി.സി. മൂന്നാം ശതകത്തില്‍ റോമാക്കാര്‍ കോഴ്സിക്ക കീഴടക്കി. എ.ഡി. 469 വരെ ഇത് അവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അതിനുശേഷം യഥാക്രമം വാന്‍ഡല്‍, ബൈസാന്തിയന്‍, ഗോഥിക്, ലൊംബാര്‍ഡ്, കാരളിഞ്ചന്‍ എന്നിവരുടെ നിയന്ത്രണത്തിലായി. 1768-ല്‍ ജനോവക്കാരുടെ കൈയില്‍നിന്ന് ഫ്രാന്‍സ് കോഴ്സിക്ക വിലയ്ക്കുവാങ്ങി. അജാക്സിയോയിലായിരുന്നു നെപ്പോളിയന്‍ I-ന്റെ ജനനം.

1794-96, 1814-15 എന്നീ കാലഘട്ടങ്ങളില്‍ കോഴ്സിക്ക ബ്രിട്ടന്റെ അധീനതയിലായിരുന്നു. വിയന്നാ കോണ്‍ഗ്രസ് ഇതിനെ ഫ്രാന്‍സിനു തിരിച്ചുനല്കി. ഇതോടെ കോഴ്സിക്ക ഒരു ഫ്രഞ്ച് 'ഡിപ്പാര്‍ട്ട്മെന്റായി'ത്തീര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് കോഴ്സിക്ക ഇറ്റലിയുടെ കൈവശത്തിലായിരുന്നു.

1940-ല്‍ ജര്‍മന്‍സേനയുടെ പിടിയിലായ കോഴ്സിക്കയില്‍ കുറച്ചുകാലം നാസി ഭരണകൂടവുമായി സഹകരിച്ചുള്ള വിക്തി- ഫ്രഞ്ച് ഭരണം നിലനിന്നിരുന്നു. 1943-ല്‍ ഇറ്റലി ഇവിടം മോചിപ്പിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിക്കെതിരായ യുദ്ധത്തില്‍ അമേരിക്ക ഇവിടം തങ്ങളുടെ ആയുധകേന്ദ്രമായി ഉപയോഗപ്പെടുത്തി. പിന്നീട് 1958-ല്‍ 'ഓപ്പറേഷന്‍ കോഴ്സി' എന്ന രക്തരഹിത ദൌത്യത്തിലൂടെ ഫ്രഞ്ച് സൈന്യം ഇവിടം തിരിച്ചു പിടിച്ചു.

1970-ല്‍ ഒരു ഇറ്റാലിയന്‍ കമ്പനി വിഷാംശമേറിയ മാലിന്യം കോഴ്സിക്കന്‍ തീരത്ത് നിക്ഷേപിക്കുക പതിവാക്കി. തുടര്‍ന്ന് മാലിന്യവുമായി വന്ന ഒരു കപ്പല്‍ ബോംബിട്ടു തകര്‍ത്തതോടെയാണ് ഇതിനു ശമനമുണ്ടായത്. 70-കളില്‍ അക്രമവും കൊള്ളിവയ്പും വിതച്ച മാഫിയാ സംഘങ്ങള്‍ ഇവിടം പിടിമുറുക്കി. ചില സംഘങ്ങള്‍ കോഴ്സിക്കയുടെ സ്വാതന്ത്യ്രത്തിനായി അവകാശവാദം ഉന്നയിച്ചു. 1990-കളില്‍ ചില സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഒട്ടനവധി മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയുണ്ടായി. 2000-ത്തില്‍ കോഴ്സിക്കയ്ക്കു കൂടുതല്‍ സ്വയംഭരണാധികാരങ്ങള്‍ നല്‍കാനും ഫ്രഞ്ച് ഭരണകൂടം തയ്യാറായി.

മെട്രോപോളിറ്റന്‍ ഫ്രാന്‍സിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയുള്ള പ്രദേശമാണ് ഇന്ന് കോഴ്സിക്ക. യുണെസ്കോയുടെ പഠനത്തിന്റെ വെളിച്ചത്തില്‍, ലോകത്ത് നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഭാഷകളുടെ കൂട്ടത്തില്‍ കോഴ്സിക്കന്‍ ഭാഷയും ഉള്‍പ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍