This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍, ഹെല്മുത് (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍, ഹെല്മുത് (1930 - )

Kohl, Helmut

ഹെല്മുത് കോള്‍

ജര്‍മനിയിലെ രാഷ്ട്രീയപ്രവര്‍ത്തകനും 1982-98 കാലയളവിലെ ചാന്‍സലറും (ഗവണ്‍മെന്റ് തലവന്‍). 1930 ഏ. 3-ന് പശ്ചിമ ജര്‍മനിയിലെ റൈന്‍ലാന്‍ഡ് സംസ്ഥാനത്തെ ലുഡ്വിഗ്സ് ഹാഫനില്‍ ജനിച്ചു. 1958-ല്‍ ഹൈഡല്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയില്‍നിന്നും പിഎച്ച്.ഡി. ബിരുദം നേടി. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനകാലത്ത് കുറച്ചുകാലം ഹെല്മുത് കോള്‍ ബവേറിയയില്‍ സൈനികപരിശീലനം നേടിയിരുന്നു.

1947-ല്‍ ഹെല്മുത് കോള്‍ രാഷ്ട്രീയരംഗത്തിറങ്ങി. പശ്ചിമജര്‍മനിയിലെ രാഷ്ട്രീയപ്പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ യുവജനസംഘടനയുമായി ബന്ധപ്പെട്ട് ലുഡ്വിഗ്സ് ഹാഫനില്‍ ഇദ്ദേഹം   പ്രവര്‍ത്തനം തുടങ്ങി. 1959-ല്‍ കോള്‍ റൈന്‍ലാന്‍ഡ് സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1963-ല്‍ ഇദ്ദേഹം നിയമസഭയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ചെയര്‍മാനായി. 1964-ല്‍ ദേശീയ രാഷ്ട്രീയരംഗത്തേക്കുയര്‍ന്ന ഇദ്ദേഹം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായി. 1966-ല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. 1969 മേയ് മാസത്തില്‍ റൈന്‍ലാന്‍ഡ് സംസ്ഥാന ഭരണാധികാരി (മിനിസ്റ്റര്‍ പ്രസിഡന്റ്)യായി കോള്‍ തിരഞ്ഞെടുക്കപ്പെട്ടു; ഒപ്പം ഫെഡറല്‍ പാര്‍ലമെന്റിലെ ഉപരിസഭാംഗവുമായി. 1969 നവംബറില്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനും 1973 മുതല്‍ 79 വരെ ചെയര്‍മാനുമായിരുന്നു. 1976-ല്‍ ഇദ്ദേഹം ചാന്‍സലര്‍ പദവിയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. എങ്കിലും ഫെഡറല്‍ പാര്‍ലമെന്റിന്റെ അധോമണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പ്രതിപക്ഷ നേതാവായി. 1982 ഒ. 1-ന് അന്നത്തെ ഗവണ്‍മെന്റ് തലവനെതിരായി അവിശ്വാസപ്രമേയം പാസായതിനെത്തുടര്‍ന്ന് ഫെഡറല്‍ പാര്‍ലമെന്റ് ഹെല്മുത് കോളിനെ ചാന്‍സലറായി തിരഞ്ഞെടുത്തു. 1983 മാര്‍ച്ചിലെ പത്താമതു ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ചാന്‍സലര്‍ പദവിയിലെത്തിയ ഇദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് മിറ്റേറാന്‍ഡ്, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ എന്നിവരുമായി അടുത്തബന്ധം സ്ഥാപിച്ചു. 1987-ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവന്നു.

1990-ല്‍ കിഴക്കന്‍ ജര്‍മനിയുടെയും പടിഞ്ഞാറന്‍ ജര്‍മനിയുടെയും പുനരേകീകരണത്തിന് നേതൃത്വം നല്കുകയും ഏകീകൃത ജര്‍മനിയുടെ ആദ്യ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1994-ലും 1996-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1998-ല്‍ ജെര്‍ഹാന്‍ഡ് ഷ്റോഡ്നറോട് പരാജയപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍