This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ നിലങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍ നിലങ്ങള്‍

Kole wetlands

വടക്ക് ഭാരതപ്പുഴയ്ക്കും തെക്ക് ചാലക്കുടിപ്പുഴയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന തണ്ണീര്‍ത്തടം. ഇന്ത്യയിലെ ഏറ്റവും വലിയ റാംസര്‍ തണ്ണീര്‍ത്തടമായ വേമ്പനാട് കോള്‍ തണ്ണീര്‍ത്തടത്തിന്റെ അവിഭാജ്യഘടകമാണ് കോള്‍ നിലങ്ങള്‍. പ്രമുഖ പക്ഷിമേഖലാപട്ടികയില്‍ സ്ഥാനം നേടിയതാണിവിടം.

തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലം

18.632 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ തണ്ണീര്‍ത്തടം തൃശൂര്‍, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. 10°C 20', 10°C40' വടക്ക് അക്ഷാംശത്തിലും 75°C58', 76°C11' കിഴക്ക് രേഖാംശത്തിലുമായി സ്ഥിതിചെയ്യുന്ന കോള്‍ നിലങ്ങളുടെ ഏറിയ ഭാഗവും സമുദ്രനിരപ്പില്‍ നിന്നും 0.5 മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ താഴെയായാണ് സ്ഥിതിചെയ്യുന്നത്. തത്ഫലമായി ഇവയുടെ ഭൂരിഭാഗവും വര്‍ഷത്തില്‍ ആറെട്ട് മാസക്കാലം വെള്ളത്തിനടിയിലായിരിക്കും. ഭൂമിശാസ്ത്രപരമായി കോള്‍ നിലങ്ങളും വേമ്പനാട് കായലും അതിനോടനുബന്ധിച്ചുസ്ഥിതിചെയ്യുന്ന കുട്ടനാടന്‍ പ്രദേശങ്ങളും ഒരേ ഭൂവിജ്ഞാന കാലഘട്ടത്തില്‍ രൂപപ്പെട്ടവയാണ്. കേരളത്തിലെ മറ്റു തണ്ണീര്‍ത്തട പ്രദേശങ്ങളെപ്പോലെ കോള്‍ നിലങ്ങളും ആര്‍ദ്രതയേറിയതും തെക്കു പടിഞ്ഞാറന്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍ വാതങ്ങളില്‍ നിന്നും സുലഭമായി മഴ ലഭിക്കുന്നതുമായ പ്രദേശമാണ്. 21°C-നും 38°C-നും മധ്യേയാണ് ഇവിടത്തെ കുറഞ്ഞ താപനിലയുടെ ശരാശരി. ലഭിക്കുന്ന മഴയുടെ പകുതിയിലേറെയും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നാണ്. അറബിക്കടലില്‍ പതിക്കുന്ന കരിവന്നൂര്‍, കേച്ചേരിപ്പുഴകള്‍ കോള്‍ നിലങ്ങളെ ജലസമൃദ്ധമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് കോള്‍ നിലങ്ങളുടെ ജലനിരപ്പ് 5.5 മീറ്റര്‍ വരെ ഉയരാറുണ്ട്. കനാലുകളില്‍ ബണ്ടുകള്‍ നിര്‍മിച്ചാണ് കടലില്‍ നിന്നുള്ള ഓരുവെള്ളം കയറാതെ തടയുന്നത്.

കോള്‍ നിലങ്ങളെ പ്രധാനമായും തൃശൂര്‍ കോള്‍ എന്നും പൊന്നാനി കോള്‍ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. തൃശൂര്‍ കോള്‍ നിലത്തെ കരിവന്നൂര്‍പ്പുഴ വടക്കന്‍ കോള്‍ ആയും തെക്കന്‍ കോള്‍ ആയും വീണ്ടും രണ്ടായി വിഭജിക്കുന്നു. മുറിയാട് കായല്‍, ചെമ്മാടന്‍ കായല്‍, കാറളം എന്നിവ തെക്കന്‍ കോള്‍ നിലത്തിന്റെ പ്രധാന ഭാഗങ്ങളാണ്. കോള്‍ നിലത്തിന്റെ ഏറിയപങ്കും പാടശേഖരങ്ങളാണ്. ഡിസംബര്‍, മേയ് മാസങ്ങളിലാണ് ഇവിടങ്ങളില്‍ പ്രധാനമായും കൃഷിയിറക്കുന്നത്. 18-ാം നൂറ്റാണ്ടോടെയാണ് കോള്‍ നിലങ്ങളില്‍ നെല്‍ക്കൃഷി തുടങ്ങിയതെന്ന് കരുതുന്നു. സംസ്ഥാനത്തെ ശരാശരി നെല്ലുത്പാദനം 2 ടണ്‍/ഹെക്ടര്‍ ആയിരുന്ന കാലയളവില്‍ കോള്‍ നിലങ്ങളില്‍ നിന്ന് 4-5 ടണ്‍/ഹെക്ടര്‍ എന്ന നിരക്കില്‍ നെല്ല് ലഭിച്ചിരുന്നു. ചില അവസരങ്ങളില്‍ ഉത്പാദനം എട്ട് ടണ്‍ വരെ ആയി വര്‍ധിച്ചിരുന്നുതാനും. അമിതമായ വളപ്രയോഗവും അനിയന്ത്രിതമായ കീടനാശിനികളുടെ ഉപയോഗവും നിലംനികത്തലും വേട്ടയാടലും ഈ മേഖലയ്ക്ക് അതിജീവന ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നു സ്ഥിതിചെയ്യുന്നതിനാല്‍ കോള്‍ നിലങ്ങളിലെ ജലം വറ്റിച്ചാണ് സാധാരണ കൃഷിയിറക്കാറ്. നൈസര്‍ഗികവും കൃത്രിമവുമായ കനാലുകളുടെ സഹായത്താല്‍ ഇത് സാധ്യമാക്കുന്നു. കടലില്‍ നിന്നും ഉപ്പുജലം കയറി കൃഷി നശിക്കാതിരിക്കാന്‍ ചില പ്രധാന കനാലുകളില്‍ റെഗുലേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമാണ് കോള്‍ നിലങ്ങള്‍. തദ്ദേശീയരും ദേശാടകരുമായ നീര്‍പ്പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. 182-ഓളം വിവിധ ജാതികളില്‍പ്പെട്ട പക്ഷികളെ ഈ തണ്ണീര്‍ത്തടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 53 എണ്ണം ശൈത്യകാലത്ത് ഇവിടെ എത്തുന്ന ദേശാടനപ്പക്ഷികളാണ്. ഇവിടെ കാണപ്പെടുന്ന വലിയപുള്ളിപ്പരുന്ത് (Greater spotted), കൊതുമ്പന്‍ പെലിക്കന്‍ (Spot billed pelican), ചേരക്കോഴി (Darter), വര്‍ണക്കൊക്ക് (Pointed stork) തുടങ്ങി ഏഴോളം ഇനം പക്ഷികള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. എന്നാല്‍ ഇവിടത്തെ സസ്യവൈവിധ്യത്തെയും മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജന്തുവൈവിധ്യത്തെയും പറ്റിയുള്ള അറിവ് ഇപ്പോഴും പരിമിതമാണ്.

(എസ്. പ്രശാന്ത് നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍