This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിയോപ്റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിയോപ്റ്റെറ

Coleoptera

കോളിയോപ്റ്റെറയിലെ വിവധയിനം ഷഡ്പദങ്ങള്‍

ആര്‍ത്രോപ്പോഡ ഫൈലത്തിലെ ഇന്‍സെക്റ്റ വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ജന്തുഗോത്രം. ഉറ അഥവാ ആച്ഛേദം എന്നര്‍ഥമുള്ള കോളിയോസ്, ചിറക് എന്നര്‍ഥമുള്ള പ്റ്റെറ എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ് കോളിയോപ്റ്റെറ എന്ന ആംഗലേയ പദം നിഷ്പന്നമായിട്ടുള്ളത്. ഷഡ്പദങ്ങളിലെ നാല്പതു ശതമാനത്തോളം ജീവികളും ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. വണ്ടുകള്‍, ചെള്ളുകള്‍ എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന അംഗങ്ങള്‍. സ്പീഷീസ് വൈവിധ്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജന്തുഗോത്രമാണിത്. നാലുലക്ഷത്തിലധികം സ്പീഷീസുകളാണ് കോളിയോപ്റ്റെറയിലുള്ളത്. ആഗോള വ്യാപകത്വമുള്ള ഇവ ഉയരമേറിയ പര്‍വതശൃംഗങ്ങളും അന്റാര്‍ട്ടിക്കപോലെ അസഹനീയ കാലാവസ്ഥയുള്ള സ്ഥലങ്ങളും ഒഴികെ മറ്റെല്ലാ പ്രദേശങ്ങളിലും ജീവിക്കുന്നു. ഉഷ്ണമേഖലാകാലാവസ്ഥയുള്ള സ്ഥലങ്ങളിലാണിവ സമൃദ്ധമായി കാണപ്പെടുന്നത്. കര, ശുദ്ധജലം തുടങ്ങി വ്യത്യസ്ത ആവാസ വ്യവസ്ഥകളിലാണ് ഇവ അധിവസിക്കുന്നത്. സസ്യഭാഗങ്ങള്‍ക്കുള്ളിലും ജീവികളില്‍ പരാദമായും ഇവയെ കാണാനാകും. ഉറുമ്പ്, ചിതല്‍ മുതലായവയുടെ കൂട്ടില്‍ കഴിയുന്ന ഇനങ്ങളുമുണ്ട്.

കോളിയോപ്റ്റെറ ഗോത്രത്തിലെ ജീവികള്‍ ശരീരവലുപ്പത്തില്‍ വലിയ വൈവിധ്യം പുലര്‍ത്തുന്നു. ഒരു മി.മീ.ന്റെ ചെറിയ ഒരംശം മാത്രം വലുപ്പമുള്ളവ മുതല്‍ 200 മി.മീ. വരെ വലുപ്പമുള്ളവയും ഈ ഗോത്രത്തിലുണ്ട്. വലുപ്പത്തിലെന്നപോലെ ശരീരഘടനയിലും ഇവ തികഞ്ഞ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. വണ്ടിനങ്ങളിലെ ശരീരഘടനാവൈവിധ്യംതന്നെ ഇതിനു തെളിവാണ്.

കോളിയോപ്റ്റെറയിലെ ഷഡ്പദങ്ങളുടെ ആന്റെനകളിലുള്ള വ്യത്യാസം

പ്രാണികളിലെന്നതുപോലെ കോളിയോപ്റ്റെറ ഗോത്രത്തിലെ ജീവികളുടെയും ശരീരത്തെ തല (Head), വക്ഷസ് (Thorax), ഉദരം (Abomen) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരത്തെ മൊത്തത്തില്‍ ഒരു ബാഹ്യാസ്ഥിവ്യൂഹം ആവരണം ചെയ്തിരിക്കുന്നു. പ്രധാനമായും മൂന്നിനം പേശീസ്തരങ്ങള്‍ ചേര്‍ന്നാണ് ശരീരഭിത്തി രൂപമെടുത്തിരിക്കുന്നത്.

നേത്രങ്ങള്‍, വദനഭാഗങ്ങള്‍, ആന്റെന എന്നിവ തലയില്‍ കാണപ്പെടുന്നു. പതിനൊന്നോളം ഖണ്ഡങ്ങള്‍ ചേര്‍ന്നാണ് ആന്റെന രൂപമെടുത്തിരിക്കുന്നത്. വിവിധ ജന്തുക്കളില്‍ വൈവിധ്യമാര്‍ന്ന രൂപമാണ് ആന്റെനയ്ക്കുള്ളത്. ഉദാഹരണമായി കുര്‍കുലിയോണിഡെ കുടുംബത്തില്‍ കൊളുത്തുപോലെ വളഞ്ഞ ആകൃതിയിലുള്ള ആന്റെനയാണെങ്കില്‍ ലോങ്ഹോണ്‍ വണ്ടുകളില്‍ നൂല്‍പോലെ നേര്‍ത്ത ആന്റെനയാണുള്ളത്. വദനഭാഗങ്ങളില്‍ ഹനുക്കള്‍ താരതമ്യേന വലിയവയാണ്. കടിക്കാനും കരളാനും പാകത്തില്‍ മുക്കോണാകൃതിയിലുള്ള ഹനുക്കളാണ് മിക്കവയ്ക്കും ഉള്ളത്. അപൂര്‍വം ചില ജന്തുക്കളില്‍ ഹനുക്കള്‍ കാണാറുമില്ല. ലേബിയല്‍ സ്പര്‍ശകവും ജംഭികാ (Maxillary) സ്പര്‍ശകവും ഇരട്ടകളാണ്. അധികം വലുപ്പമില്ലാത്ത ഇവ ആഹാരസമ്പാദനത്തിനായാണ് ഉപയോഗപ്പെടുത്തുന്നത്. തേന്‍ കുടിക്കുന്ന നിമോനാത്ത ജീനസ്സിന് കുഴല്‍ പോലെയുള്ള വദനഭാഗമാണുള്ളത്. ഈ ഗോത്രത്തിലെ ജന്തുക്കളില്‍ വലിയ സങ്കീര്‍ണ നേത്രങ്ങളാണു കണ്ടുവരുന്നത്. ലളിതനേത്രങ്ങള്‍ ഇവയില്‍ കാണാറില്ലെന്നുതന്നെ പറയാം. മിക്ക ജീവികളിലും തലയ്ക്കും വക്ഷസ്സിനും ഇടയിലായി ഒരു ഗളഭാഗം വ്യതിരിക്തമായി കാണാനാവും.

വണ്ടുകളില്‍ വക്ഷസിലെ മൂന്നു ഖണ്ഡങ്ങളില്‍ രണ്ടെണ്ണവും ഉദരത്തോട് ഘടിപ്പിക്കപ്പെട്ട നിലയിലാണുള്ളത്. പ്രോതൊറാക്സ് ഖണ്ഡം മാത്രം വേറിട്ട് വ്യക്തമായി കാണാനാവും. ഈ ഭാഗത്തെ ആവരണം ചെയ്തുകൊണ്ട് പ്രോനോട്ടം (Pronotum) എന്ന പേരിലുള്ള ഒരു പൃഷ്ഠ-പ്ലേറ്റ് കാണപ്പെടുന്നു. കാലുകളും ചിറകുകളും വക്ഷസ്സില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മീസോതെറാക്സ് ഭാഗത്തായാണ് എലൈട്രാ അഥവാ പക്ഷവര്‍മം കാണപ്പെടുന്നത്. പിന്‍ചിറകുകളും മൂന്നാം ജോടി കാലുകളും മെറ്റാതെറാക്സില്‍ നിന്ന് ഉദ്ഭവിക്കുന്നു. ഓട്ടം, നീന്തല്‍, ചാട്ടം, കുഴിതോണ്ടല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കര്‍മങ്ങള്‍ക്കായി കാലുകള്‍ വിശേഷവത്കരിക്കപ്പെട്ടിരിക്കുന്നു.

ഈ ഗോത്രത്തിലെ ജീവികളുടെ ചിറകുകളുടെ ഘടന എടുത്തുപറയേണ്ടതാണ്. മിക്ക വണ്ടുകള്‍ക്കും രണ്ടുജോടി ചിറകുകളുണ്ട്. മുന്‍ജോടി ചിറകുകള്‍ തടിച്ച് തോലുപോലുള്ളവയോ കട്ടിയേറിയ ഭംഗുരഘടന (Brittle) ഉള്ളവയോ ആണ്. ഇവ എലൈട്രാ (elytra) എന്നറിയപ്പെടുന്നു. കട്ടിയേറിയ ഇവ ശരീരപരിരക്ഷയ്ക്കുള്ള ആവരണമെന്ന നിലയിലാണ് വര്‍ത്തിക്കുന്നത്. ചില വണ്ടുകളില്‍ ചിറകുകള്‍ അല്പവികസിതങ്ങളാണ്. രണ്ടാമത്തെ ജോടി ചിറകുകള്‍ സ്തരനിര്‍മിതമാണ്. ഇവ അലെ (alae) എന്നാണറിയപ്പെടുന്നത്.

ഇവയുടെ ഉദരം ഒന്‍പതോ പത്തോ ശരീരഖണ്ഡങ്ങള്‍ ചേര്‍ന്നാണ് രൂപമെടുക്കുന്നത്. ഇവയില്‍ പല ഖണ്ഡങ്ങളും ബാഹ്യമായി തിരിച്ചറിയാനാവാത്ത നിലയിലാണ്. ഓരോ ഉദരഖണ്ഡത്തിലും ഓരോ ജോടി ശ്വാസരന്ധ്രങ്ങള്‍ (spiracles) കാണപ്പെടുന്നു. ഇവ ശ്വാസനാളിയിലേക്കാണ് തുറക്കുന്നത്.

ആഹാരത്തിന്റെ പ്രത്യേകതകള്‍ക്കനുസരണമായ നേരിയ ഘടനാവ്യതിയാനങ്ങള്‍ ഈ ഗോത്രത്തിലെ ജീവികളുടെ ദഹനേന്ദ്രിയത്തില്‍ കണ്ടുവരുന്നു. മിക്കവയിലും ഉമിനീര്‍ ഗ്രന്ഥികളെപ്പോലുള്ള ചില ഗ്രന്ഥികളുണ്ട്. ദഹനസഹായിയായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം പലതരം രോഗങ്ങളുടെ അണുസംഭരണകേന്ദ്രങ്ങള്‍ എന്നനിലയിലും ഇവ വര്‍ത്തിക്കുന്നു. ഇര പിടിക്കുന്ന ജീവികളുടെ ദഹനേന്ദ്രിയം നീളം കുറഞ്ഞതായിരിക്കും.

പ്രായപൂര്‍ത്തിയെത്തിയ ജീവികളില്‍നിന്നും കാഴ്ചയില്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ ലാര്‍വകളാണ് കോളിയോപ്റ്റെറയിലെ ജീവികള്‍ക്കുള്ളത്. പൂര്‍ണകായാന്തരണം നടക്കുന്ന ഇന്‍സെക്റ്റുകളുടെ (Holometabolous) ഒരു പ്രത്യേകതയാണ് ഇതെന്നു പറയാം. ലാര്‍വയുടെ പ്രത്യേക ആവാസസ്ഥാനം, ആഹാരസമ്പാദനരീതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള ആകാരവൈവിധ്യങ്ങളാണ് ലാര്‍വകളില്‍ കണ്ടുവരുന്നത്.

പ്രത്യുത്പാദനത്തിനായി ഇണകളെ ആകര്‍ഷിക്കുന്നതിന് ഫിറമോണ്‍ എന്ന രാസപദാര്‍ഥം ഇവ സ്രവിക്കാറുണ്ട്. ഇതുകൂടാതെ നിറം, പ്രത്യേകതരത്തിലുള്ള ശബ്ദം എന്നിവയിലൂടെയും വിവിധയിനം വണ്ടുകള്‍ ഇണകളുടെ ശ്രദ്ധ നേടിയെടുക്കുന്നു.

rightബെസ്സ് ബീറ്റിലും ലാര്‍വകളും

ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതിനായി വൈവിധ്യമാര്‍ന്ന രീതികളാണ് കോളിയോപ്റ്റെറയിലെ അംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധത്തിനായി രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്ന ഇനങ്ങളുണ്ട്. ഉദാഹരണമായി ആന്‍തിയ എന്ന ഇനം ശത്രുക്കള്‍ക്കു നേരെ ഫോര്‍മിക് അമ്ളം ശക്തിയായി ചീറ്റിയാണ് രക്ഷനേടുന്നത്. ബ്രാക്കിനസ് വണ്ടുകള്‍ ശത്രുക്കളെ ഭയപ്പെടുത്താന്‍ ചീറ്റുന്ന രാസപദാര്‍ഥത്തിന് വിഷം മാത്രമല്ല ചൂടും കൂടുതലായിരിക്കും. ഇതു കൂടാതെ അനുകരണം, ഒളിച്ചിരിക്കല്‍, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കല്‍ എന്നിവയിലൂടെയും വണ്ടുകള്‍ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്നു.

കോളിയോപ്റ്റെറ ഗോത്രത്തിന്റെ വര്‍ഗീകരണത്തില്‍ ശാസ്ത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ഒരു വര്‍ഗീകരണരീതിയനുസരിച്ച് അഡിഫാഗാ(Adephaga), പോളിഫാഗാ (Polyphaga) എന്നിങ്ങനെ രണ്ട് ഉപഗോത്രങ്ങളായി കോളിയോപ്റ്റെറയെ തിരിച്ചിരിക്കുന്നു. ഇതില്‍ പോളീഫാഗാ ഉപഗോത്രത്തിലാണ് വണ്ടുകളില്‍ 90 ശതമാനത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.എ ക്രോസണ്‍ (1955) എന്ന ശാസ്ത്രകാരന്റെ വര്‍ഗീകരണമനുസരിച്ച് കോളിയോപ്റ്റെറ ഗോത്രത്തെ ആര്‍ക്കോസ്റ്റിമേറ്റ (Archostemata), അഡിഫാഗാ, മിക്സോഫാഗാ(Myxophaga), പോളീഫാഗാ എന്നീ നാലു ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള വര്‍ഗീകരണപ്രകാരം കോളിയോപ്റ്റെറ ഗോത്രത്തിന് നാല് ഉപഗോത്രങ്ങളും 22 സൂപ്പര്‍ഫാമിലികളും 166 കുടുംബങ്ങളുമുണ്ട്.

കോളിയോപ്റ്റെറ ഗോത്രത്തിലെ ജന്തുക്കള്‍ സാമ്പത്തികപ്രാധാന്യമുള്ളവയാണ്. ഇവയില്‍ മനുഷ്യന് പ്രയോജനകാരികളും അപകടകാരികളുമുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന ധാരാളം വണ്ടിനങ്ങള്‍ ഉണ്ട്. ഇളം സസ്യഭാഗങ്ങളെ തിന്നൊടുക്കിയാണിവ സസ്യങ്ങളെ നശിപ്പിക്കുന്നത്. ഉരുളക്കിഴങ്ങിനെ ബാധിക്കുന്ന കൊളറാഡോവണ്ട്, സോയാബീന്‍ തിന്ന് നശിപ്പിക്കുന്ന മെക്സിക്കന്‍ ബീന്‍ വണ്ട്, ആപ്പിളിനെ നശിപ്പിക്കുന്ന ആന്തൊണോമസ് എന്നിവ ചില ഉദാഹരണങ്ങളാണ്. പയര്‍വര്‍ഗങ്ങളെയും ധാന്യങ്ങളെയും തിന്നു നശിപ്പിക്കുന്ന നിരവധി ഇനം ചെള്ളുകളുണ്ട്. കമ്പിളി വസ്ത്രങ്ങള്‍, തടിയുപകരണങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, മുളയുത്പന്നങ്ങള്‍ എന്നിവയെയും ചെള്ളുകള്‍ നശിപ്പിക്കാറുണ്ട്. സസ്യരോഗങ്ങള്‍ പരത്തുന്നവയും വിരളമല്ല. ഉദാഹരണമായി ഇന്ത്യയിലെ ചോളക്കൃഷിയെ സാരമായി ബാധിക്കുന്ന 'വാട്ടരോഗം' പരത്തുന്നത് കോണ്‍ഫ്ളി എന്ന വണ്ടാണ്. അപാമാര്‍ജകര്‍(Scavengers) എന്ന നിലയില്‍ വര്‍ത്തിക്കുന്ന ചില ജീവികള്‍ മനുഷ്യന് പ്രയോജനം ചെയ്യുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍