This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിഫ്ളവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിഫ്ളവര്‍

Cauliflower

ബ്രാസ്സിക്കേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം പച്ചക്കറി. ശാ.നാ. ബ്രസിക്ക ഒലിറാസിയ (Brassica oleracea) ഇനം: ബൊട്രൈറ്റിസ് (Botrytis). കോളിഫ്ളവര്‍ എന്ന പേരിലെ 'കോളി' എന്ന പദത്തിന് തടി, കാണ്ഡം എന്നീ അര്‍ഥങ്ങളാണുള്ളത്. തടിയില്‍നിന്നുള്ള പൂവാണ് കോളിഫ്ളവര്‍.

യൂറോപ്പാണ് കോളിഫ്ളവറിന്റെ ജന്മദേശം. 1822-ലാണ് ഇന്ത്യയില്‍ ഇതിന്റെ കൃഷി ആരംഭിച്ചതെന്ന് കരുതുന്നു. യൂറോപ്യന്‍, കോര്‍ണിഷ് ഇനങ്ങളുടെ പരസ്പരസങ്കരണം മൂലമാണ് ഇന്ത്യന്‍ കാലാവസ്ഥയ്ക്കുയോജിച്ച സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ഇനങ്ങള്‍ കുന്‍വാരി (Kunwari), ഏര്‍ലി മാര്‍ക്കറ്റ് (Early Market), ഏര്‍ലി പാറ്റ്ന (Early Patna), ജയന്റ് സ്നോബാള്‍, പൂസി, മാഘി, അഘാനി എന്നിവയാണ്. ഇവ ഏകവര്‍ഷികളാണ്. യൂറോപ്യന്‍ ഇനങ്ങളില്‍ ചിലവ ദ്വിവര്‍ഷികളാണ്. കോളിഫ്ളവര്‍ ചെടിക്ക് ഉയരം കുറവാണ്. നിവര്‍ന്നിരിക്കുന്ന ഇലകളുടെ അഗ്രം വൃത്താകാരമായിരിക്കും. ഇലഞെടുപ്പ് നീളം കൂടിയതാണ്. ഇലകള്‍ക്ക് നീലകലര്‍ന്ന പച്ചനിറവും തിളക്കവുമുണ്ട്.

ഒരേ നിരപ്പിലുള്ള ഒരു ഹെഡ്പുഷ്പമഞ്ജരിയാണ് കോളിഫ്ളവര്‍. ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം 'കേഡ്' എന്നാണ് അറിയപ്പെടുന്നത്. കോളിഫ്ളവര്‍ ഹെഡിന് 'കേഡ്' (Curd) എന്നു പേരിട്ടത് സിഡ്കി (Sidki, 1962) ആണ്. ചെടി പുഷ്പിക്കുന്നതിനുമുമ്പ് കാണ്ഡത്തിന്റെ അഗ്രഭാഗം മാംസളമാകുന്നതാണ് ഈ കേഡ്. കേഡില്‍ നിന്നാണ് കോളിഫ്ളവര്‍ പുഷ്പങ്ങളുണ്ടാകുന്നത്. എന്നാല്‍ ഈ പുഷ്പങ്ങള്‍ ഭൂരിഭാഗവും വളര്‍ച്ച മുരടിച്ചവയായിരിക്കും. ഇത്തരം പുഷ്പങ്ങളുള്ള പുഷ്പകാണ്ഡം ആണ് കേഡ്.

അമ്ലാംശം കുറവുള്ള മണ്ണാണ് കോളിഫ്ളവറിനനുയോജ്യം. വിത്തുപാകി മുളപ്പിച്ചാണു നടുക. തൈകള്‍ക്ക് 3-4 ആഴ്ച പ്രായമാകുമ്പോള്‍ പറിച്ചുനടാം. ശരിയായ സമയത്ത് തൈകള്‍ പറിച്ചുനടാത്ത പക്ഷം അവയിലുണ്ടാകുന്ന പൂങ്കുലകള്‍ പൂര്‍ണരൂപം പ്രാപിക്കുകയില്ല. കേഡിലെ പുഷ്പഭാഗങ്ങള്‍ വളരുന്നതിനു മുന്‍പ് അവ മുറിച്ചെടുക്കേണ്ടതാണ്. സാധാരണയായി വെളുത്ത നിറത്തിലുള്ള കേഡ് ആണ് ഉള്ളത്. എന്നാല്‍ ഓറഞ്ച്, പര്‍പ്പിള്‍ നിറങ്ങളിലുള്ള കോളിഫ്ളവര്‍ ഇനങ്ങളുമുണ്ട്.

കോളിഫ്ളവറില്‍ ഏതാണ്ട് 2.4 ശതമാനം പ്രോട്ടീനും 5 ശതമനം കാര്‍ബോഹൈഡ്രേറ്റും 2 ശതമാനം കൊഴുപ്പും ജീവകം ഇ, ഗ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. സൂപ്പും കറികളും ഉണ്ടാക്കാനാണിത് പ്രധാനമായും ഉപയോഗിക്കുന്നത്. സാലഡുകളിലും സാന്‍ഡ്വിച്ചുകളിലും ഇതു ചേര്‍ക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍