This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലാപ്പൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോലാപ്പൂര്‍
Kolhapur
മഹാരാഷ്‌ട്രയിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. പശ്ചിമഘട്ടത്തിലെ സഹ്യാദ്രിക്കുന്നുകള്‍ക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന കോലാപ്പൂര്‍പട്ടണം കൃഷ്‌ണാ താഴ്‌വരയിലെ ഏറ്റവും വലിയ പട്ടണമാണ്. ജില്ലയുടെ വിസ്‌തീര്‍ണം: 7,685 ച.കി.മീ.; ജനസംഖ്യ: 38,74,015 (2011). ഈ പട്ടണത്തിന്റെ വടക്കുഭാഗത്തുകൂടി പഞ്ചഗംഗാനദി ഒഴുകുന്നു.
പഞ്ചഗംഗാതടത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന പട്ടണം ഈ മേഖലയുടെ സമ്പദ്‌ഘടനയെ സഹായിക്കുന്ന കേന്ദ്രബിന്ദുവാണ്. രാജഭരണകാലത്ത് കോലാപ്പൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന കോലാപ്പൂര്‍പട്ടണം ഡെക്കാണ്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയിരുന്ന ബ്രിട്ടീഷ് റസിഡന്റിന്റെ ആസ്ഥാനവുമായിരുന്നു. വളരെ പുരാതനമായ പട്ടണമായിരുന്നിട്ടും 18-ാംശ. വരെ പറയത്തക്ക പുരോഗതിയൊന്നും ഇതിനുണ്ടായിട്ടില്ല. മറാത്തികളുടെ ആസ്ഥാനമായതിനു ശേഷമാണ് കോലാപ്പൂര്‍ അഭിവൃദ്ധി പ്രാപിച്ചത്.
കോലാപ്പൂര്‍ ജില്ലയ്‌ക്കു കുറുകേ കിഴക്കോട്ടു പോകുന്ന പനാലാനിരയുള്‍പ്പെടുന്ന ഉയര്‍ന്ന പീഠഭൂമികള്‍ കൃഷ്‌ണാനദിയുടെ പല കൈവഴികളുടെയും താഴ്‌വരകളെ വേര്‍തിരിക്കുന്നു. സമ്പത്‌സമൃദ്ധമായ ഒരു കാര്‍ഷിക മേഖലയാണ് ഈ ജില്ല. ഒരു വ്യാവസായിക കേന്ദ്രം കൂടിയായ ഇവിടത്തെ ജനങ്ങളുടെ സഹകരണമനോഭാവം ശ്രദ്ധേയമാണ്. സഹകരണപ്രസ്ഥാനം ഇവിടെ ഏറെ വളര്‍ന്നിരിക്കുന്നു. ഇവിടെ ധാരാളമായുള്ള പഞ്ചസാര ഫാക്‌ടറികള്‍ കര്‍ഷക-സഹകരണസംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ പഞ്ചസാരയുത്‌പാദനം ഇന്ത്യയില്‍ത്തന്നെ മുന്നിലാണ്. കോലാപ്പൂര്‍ പട്ടണത്തിലും ഇച്ചല്‍കരഞ്ചിയിലുമുള്ള തുണിമില്ലുകള്‍ വളരെ നല്ല നിലയില്‍ വികസിച്ചിരിക്കുന്നു. വെള്ളിയുത്‌പന്നങ്ങള്‍ക്ക് പ്രശസ്‌തമായ സ്ഥലമാണ് ഹൂപാരി. കോലാപ്പൂരില്‍നിന്നു 10 കി.മീ. മാത്രം അകലെയുള്ള സാങ്‌ഗ്‌ളി, മീരജ് എന്നീ രണ്ടു പട്ടണങ്ങളും വ്യവസായ കേന്ദ്രങ്ങളെന്ന നിലയില്‍ പ്രശസ്‌തമായിരിക്കുന്നു.
മുന്‍കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്ന ഇവിടെ 9-ാം ശതകത്തില്‍ പണികഴിപ്പിച്ച മഹാലക്ഷ്‌മീക്ഷേത്രം "ദക്ഷിണകാശി' എന്നറിയപ്പെടുന്നു. വിദ്യാഭ്യാസരംഗത്തും മുന്‍നിരയിലാണ് ഈ ജില്ല. 1962-ല്‍ സ്ഥാപിതമായ കോലാപ്പൂര്‍ സര്‍വകലാശാല പ്രശസ്‌തമാണ്. പൂനാസര്‍വകലാശാലയുടെ അംഗീകാരത്തിലുള്ള കോളജുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
മറാഠാ പാരമ്പര്യമുള്ള കോലാപ്പൂരിന്റെ സംസ്‌കാരം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നു വ്യത്യസ്‌തമാണ്. സമ്പന്നരായ കര്‍ഷകരാണ് ഇവിടത്തെ ജനത. മറാത്തി ജനങ്ങള്‍ ഗുസ്‌തിമത്സരങ്ങളില്‍ തത്‌പരരാണ്. ഇവിടത്തെ "തമാഷ' എന്നറിയപ്പെടുന്ന പ്രാദേശിക നാടോടിനൃത്തം പ്രസിദ്ധമാണ്. പനാലാപട്ടണം ടൂറിസ്റ്റുകള്‍ക്കു പ്രിയങ്കരമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാകുന്നു. ഇവിടെ സമൃദ്ധമായ ബോക്‌സൈറ്റ് നിക്ഷേപങ്ങളുണ്ട്. തുകല്‍ വ്യവസായത്തില്‍ തനതായ പാരമ്പര്യമവകാശപ്പെടാവുന്ന ഇവിടത്തെ "കോലാപ്പൂരി' ചെരുപ്പുകള്‍ പ്രസിദ്ധമാണ്.
(ജെ.കെ. അനിത)