This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറിഗന്‍, മഗൂറെ മെയ്‌റീഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറിഗന്‍, മഗൂറെ മെയ്‌റീഡ്‌

Corrigan, Maguire Mairead (1944 - )

മഗൂറെ മെയ്‌റീഡ്‌ കോറിഗന്‍

സമാധാനത്തിനുള്ള നോബല്‍സമ്മാനം നേടിയ (1976) ഐറിഷ്‌ വനിത. നോബല്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സമ്മാനാര്‍ഹയാണ്‌ കോറിഗന്‍. 1944 ജനു. 27-ന്‌ ഉത്തര അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ജനിച്ചു. സെന്റ്‌ വിന്‍സന്റ്‌ പ്രമറി സ്‌കൂളിലും മിസ്‌ ഗോര്‍ഡന്‍സ്‌ കമേര്‍ഷ്യല്‍ കോളജിലും ആയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1968-ല്‍ ഉത്തര അയര്‍ലണ്ടില്‍ പൗരാവകാശ പ്രസ്ഥാനമായി ആരംഭിച്ച സമരം ക്രമേണ പൂര്‍ണസ്വാതന്ത്ര്യം നേടാനുള്ള സമരമായി രൂപാന്തരപ്പെട്ടു. അതോടെ നാട്ടിലുടനീളം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും അട്ടിമറികള്‍ വ്യാപകമായിത്തീരുകയും ചെയ്‌തു. ഇതിനെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചുതന്നെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തുടങ്ങി.

യാദൃച്ഛികമായാണ്‌ കോറിഗന്‍ സമാധാനപ്രസ്ഥാനത്തിലേക്കു തിരിഞ്ഞത്‌. 1970-കളില്‍ ഉത്തര അയര്‍ലണ്ടില്‍ തീവ്രവാദിപ്രസ്ഥാനം ശക്തമായിരുന്നു. ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി (IRA) അംഗങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കാറിലെ ഡ്രൈവര്‍ക്കു നേരെ ഒരു ബ്രിട്ടീഷ്‌ പട്ടാളക്കാരന്‍ വെടിവച്ചതിനെത്തുടര്‍ന്ന്‌ (1976 ആഗ.) നിയന്ത്രണം വിട്ട കാര്‍ മൂന്നു കുട്ടികളുടെ മരണത്തിനിടയാക്കി. ഈ കുട്ടികളുടെ ചെറിയമ്മയായ കോറിഗന്‍, ബെറ്റിവില്യംസ്‌, സിയാറന്‍ മക്കൗണ്‍ എന്നിവരുമായി ചേര്‍ന്ന്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ഭീകരപ്രവര്‍ത്തനങ്ങളെ അപലപിക്കാനായി ബെല്‍ഫാസ്റ്റില്‍ 200 പേരുടെ പ്രതിഷേധപ്രകടനത്തിനു നേതൃത്വം നല്‌കി. അതിക്രമഭീഷണികള്‍ വകവയ്‌ക്കാതെയാണ്‌ ഒരാഴ്‌ചയ്‌ക്കുശേഷം എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നരഹത്യാപരമായ യുദ്ധത്തിനും എതിരായി 10,000-ത്തിലധികം സ്‌ത്രീകള്‍ അടങ്ങിയ പ്രതിഷേധപ്രകടനം കോറിഗനും ബെറ്റിയും സിയാറനും നയിച്ചത്‌. ഉള്‍സ്റ്റര്‍ ഡിഫന്‍സ്‌ അസോസിയേഷനും ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയും ആണ്‌ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. ആരുടെ ഭാഗത്തുനിന്നുള്ള ഭീകരപ്രവര്‍ത്തനമായാലും അതിനെ ശക്തമായി അപലപിക്കാന്‍ ഒരു അനൗദ്യോഗിക ഗ്രൂപ്പ്‌ ഉണ്ടാക്കി-ഉത്തരഅയര്‍ലണ്ട്‌ സമാധാന പ്രസ്ഥാനം (Nortern Ireland Peace Movement)എന്ന പേരില്‍ പിന്നീട്‌ ഈ പ്രസ്ഥാനത്തെ "കമ്യൂണിറ്റി ഒഫ്‌ ദ്‌ പീസ്‌ പീപ്പിള്‍' എന്ന പുനര്‍നാമകരണം ചെയ്‌തു.

കോറിഗന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട (1976) സമാധാനപ്രസ്ഥാനത്തിന്‌ ഉത്തര അയര്‍ലണ്ടിലെ ഭീകരതയെ നാടകീയമാംവിധം കുറയ്‌ക്കാന്‍ കഴിഞ്ഞു. സമാധാനപ്രസ്ഥാനം അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. എങ്കിലും ഭീകരതയ്‌ക്കും നരഹത്യയ്‌ക്കും എതിരെ ഈ രണ്ടു വനിതകള്‍ ചെയ്‌ത പോരാട്ടത്തിനാണ്‌ സമാധാനത്തിനുള്ള നോബല്‍സമ്മാനം കോറിഗനും ബെറ്റിവില്യംസിനും ലഭിച്ചത്‌. നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ 32 വയസ്സുമാത്രമായിരുന്നു കോറിഗറിന്റെ പ്രായം.

1981-ല്‍ മനുഷ്യാവകാശ സംഘടനയായ കമ്മിറ്റി ഓണ്‍ ദി അഡ്‌മിനിസ്‌ട്രേഷന്‍ ഒഫ്‌ ജസ്റ്റിസിനു രൂപം നല്‍കി. ഗര്‍ഭചിദ്രത്തിനെതിരേയും ദയാവധത്തിനായും രാഷ്‌ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്കായും മ്യാന്മര്‍ ജനകീയ നേതാവ്‌ ഓങ്‌ സാങ്‌ സുകിയുടെ മോചനത്തിനായും കുര്‍ദ്‌ നേതാവ്‌ അബ്‌ദുള്ള ഒക്‌ലാനെതിരെ ടര്‍ക്കിഭരണകൂടം തുടരുന്ന പീഡനത്തിനെതിരെയും ചൈനീസ്‌ സാഹിത്യകാരന്‍ നോബല്‍ സമ്മാന ജേതാവായ ലിയു സാബോയുടെ വീട്ടുതടന്നലിനെതിരെയും അമേരിക്കയുടെയും ബ്രിട്ടന്റെയും അഫ്‌ഖാന്‍-ഇറാഖ്‌-അഫ്‌ഗാനിസ്‌താന്‍ പലസ്‌തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന സൈനിക നടപടികള്‍ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും കോറിഗന്‍ പ്രതിഷേധിക്കുകയും പലപ്പോഴും പീഡിതരുടെ ജിഹ്വയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു.

മേയല്‍ സര്‍വകലാശാല, കൊളറാഡോയിലെ റെഗിസ്‌ സര്‍വകലാശാല, റോഡ്‌ ഐലന്‍ഡ്‌ സര്‍വകലാശാല, ആല്‍ബര്‍ട്ട്‌ ഷ്വിറ്റ്‌സര്‍ രാജ്യാന്തര സര്‍വകലാശാല തുടങ്ങിയവ മോറിഗനെ ഡോക്‌ട്‌റേറ്റ്‌ ബിരുദം നല്‍കി ആദരിച്ചു.

1990-ലെ സമാധാനത്തിനും സൗഹാര്‍ദത്തിനുമുള്ള പികേം ഇന്‍ ടെറിസ്‌ അവാര്‍ഡ്‌, ന്യൂക്ലിയര്‍ ഏജ്‌ പീസ്‌ ഫൗണ്ടേഷന്‍ ബഹുമതി, മനുഷ്യാവകാശത്തിനുള്ള അന്താരാഷ്‌ട്ര ലീഗിന്റെ ബെര്‍ലിന്‍ ശാഖയുടെ വക ധീരതയ്‌ക്കുള്ള "കാറ്‌ള്‍ ഫോണ്‍ ഒസീറ്റ്‌സ്‌കി' മെഡല്‍ എന്നിവ കോറിഗന്‌ ലഭിച്ചിട്ടുണ്ട്‌.

(ഡോ.പി.എം. മധുസൂദനന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍