This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറാസിഫോമിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറാസിഫോമിസ്‌

Coraciiformes

പക്ഷികളുടെ ഒരു ഗോത്രം. പൊന്മാന്‍, വേഴാമ്പല്‍, ഉപ്പൂപ്പന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശരീരഘടനയോടു കൂടിയ 200-ഓളം സ്‌പീഷീസ്‌ പക്ഷികളെ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കോറാസിഫോമിസ്‌ ഗോത്രത്തെ ടോഡിഡേ, ബ്യൂസെറോറ്റിഡേ, ആല്‍സെഡിനിഡേ, മൊമോട്ടിഡേ, ബ്രാക്കിപ്‌ടെറാസിഡേ, ലെപ്‌റ്റോസൊമാറ്റിഡേ, ഉപ്പൂപ്പിഡേ, ഫൊയ്‌നിക്കുലിഡേ, മീറേപിഡേ, കൊറാസിഡേ എന്നിങ്ങനെ പത്തു കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ഇവ കാല്‍വിരലുകളുടെ യുക്താംഗുലിത(syndactyly)യില്‍ സമാനസ്വഭാവം പ്രകടിപ്പിക്കുന്നു. മുന്‍കാല്‍ വിരലുകള്‍ അടിയില്‍ ആധാരഭാഗത്ത്‌ യോജിച്ച നിലയിലാണിവയലിലെല്ലാം കാണപ്പെടുന്നത്‌. നീണ്ടു ശക്തിയേറിയ കൊക്കുകളാണിവയ്‌ക്കുള്ളത്‌. തലയും വലുപ്പമേറിയതാണ്‌. വര്‍ണവൈവിധ്യത്തിലും ഇവ ശ്രദ്ധിക്കപ്പെടുന്നു. ഇവ ദ്വാരങ്ങളിലോ പുനങ്ങളിലോ ആണ്‌ കൂടുവയ്‌ക്കാറുള്ളത്‌. മുട്ടയുടെ നിറം വെളുപ്പായിരിക്കും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ വളര്‍ച്ച വളരെ സാവധാനമാണ്‌. കോറാസിഫോമിസ്‌ ഗോത്രത്തിലെ മിക്ക കുടുംബങ്ങളിലുമുള്ള പക്ഷികളും ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണ്‌. പൊന്മാന്റെ കുടുംബമായ അല്‍സെഡിനിഡേയിലെ അംഗങ്ങള്‍ക്കു മാത്രമാണ്‌ ആഗോളവ്യാപകത്വമുള്ളത്‌. ഏറ്റവും കൂടുതല്‍ സ്‌പീഷീസുകള്‍ ഉള്ളതും ഈ കുടുംബത്തില്‍ത്തന്നെയാണ്‌. പൊന്മാനുകളുടെ കൂട്ടത്തില്‍ യഥാര്‍ഥ പൊന്മാനുകളും മരപ്പൊന്മാനുകളും (Wood king fishers) ഉണ്ട്‌. മലയന്‍-ആസ്റ്റ്രേലിയന്‍ പ്രദേശങ്ങളിലാണ്‌ മരപ്പൊന്മാനുകളുള്ളത്‌. അവിടെയുള്ള വനപ്രദേശങ്ങളില്‍ വളരുന്ന ഇവയുടെ പ്രധാന ആഹാരം ഉഭയജീവികള്‍, ഉരഗങ്ങള്‍, വലിയ അകശേരുകികള്‍ എന്നിവയാണ്‌. യഥാര്‍ഥ പൊന്മാനുകള്‍ ജലാശയങ്ങളോടടുത്താണു ജീവിക്കുന്നത്‌. ഇവയുടെ പ്രധാന ആഹാരം മത്സ്യങ്ങളും മറ്റു ജലജീവികളും ആണ്‌.

വെസ്റ്റിന്‍ഡീസില്‍ കാണപ്പെടുന്ന ടോഡിഡേ കുടുംബാംഗങ്ങളും പൊന്മാനുകളോട്‌ അടുത്ത ബന്ധമുള്ളവയാണ്‌. പരന്നതും ചുവപ്പുനിറമുള്ളതും ആയ കൊക്കുള്ള ഇവയുടെ നാക്കു നീണ്ടതാണ്‌. തൂവലുകള്‍ക്കു നല്ല തിളങ്ങുന്ന നിറമാണുള്ളത്‌. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലും കാണപ്പെടുന്ന മൊമോട്ടിഡേ കുടുംബാംഗങ്ങളായ മോട്ട്‌മോട്ടുകള്‍ക്കു നീണ്ട വാലുകളുണ്ട്‌.

ഈ ഗോത്രത്തിലെ ഉപ്പൂപ്പിഡേ കുടുംബത്തില്‍പ്പെട്ട ഉപ്പൂപ്പന്‍ ഒരു പ്രത്യേകയിനം പക്ഷിയാണ്‌. അപൂര്‍വമായി മാത്രം കേരളത്തിലും കാണപ്പെടുന്ന ഒരിനം കൂടിയാണിത്‌. മറ്റൊരു പ്രധാനപ്പെട്ടയിനമായ വേഴാമ്പലുകള്‍ (Hornbills) ബ്യൂസെറോറ്റിഡേ കുടുംബാംഗങ്ങളാണ്‌. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും പസിഫിക്‌-ഇന്ത്യന്‍ സമുദ്രങ്ങളിലെ ദ്വീപുകളിലും ആണിവ ധാരാളമായി കാണപ്പെടുന്നത്‌. നോ. ഉപ്പൂപ്പന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍