This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര, കെ.എം (1901-'71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര, കെ.എം (1901-'71)

കെ.എം.കോര

തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കന്മാരിലൊരാളും തിരുവിതാംകൂറിലെ മുന്‍ മന്ത്രിയും. 1901-ഡി. 30-ന്‌ ചങ്ങനാശ്ശേരിയിലെ കരിവേലിത്തറ കുടുംബത്തില്‍ ജനിച്ചു. ബി.എ. ബിരുദമെടുത്തശേഷം കുറച്ചുകാലം അധ്യാപകനായി. പിന്നീട്‌ ബി.എല്‍. ബിരുദം നേടുകയും അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്‌തു. രാഷ്‌ട്രീയ സാമൂഹികനീതിക്കുവേണ്ടി നടത്തിയ "നിവര്‍ത്തനപ്രസ്ഥാന'ത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1938 മുതല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഉത്തരവാദഭരണപ്രക്ഷോഭണത്തില്‍ പങ്കെടുത്തതിന്‌ മൂന്നു തവണ ജയില്‍വാസമനുഭവിക്കുകയുണ്ടായി. ശ്രീചിത്തിര സ്റ്റേറ്റ്‌കൗണ്‍സിലിലേക്കു കോര നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും രാഷ്‌ട്രീയമായ കാരണങ്ങളാല്‍ അതു തിരസ്‌കരിക്കപ്പെട്ടപ്പോള്‍ പകരം ഇദ്ദേഹത്തിന്റെ പത്‌നി ത്രസ്യാമ്മ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും വിജയിക്കുകയും ചെയ്‌തു.

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളെ തിരുവിതാംകൂറിനു വെളിയിലുള്ളവര്‍ക്കു വിശദീകരിച്ചു കൊടുക്കുവാനായി മദ്രാസ്സിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ്‌ ഡെലിഗേഷനില്‍ കോരയും ഉള്‍പ്പെട്ടിരുന്നു. ചങ്ങനാശ്ശേരി താലൂക്കു കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായി വളരെക്കാലം ഇദ്ദേഹം സേവനമനുഷ്‌ഠിക്കുകയുണ്ടായി. 1948-ല്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കോര, തുടര്‍ന്ന്‌ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കൃഷി-ഭക്ഷ്യവകുപ്പ്‌ മന്ത്രിയായി. 1951-ല്‍ സി. കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1954-ല്‍ സംസ്ഥാന പുനര്‍ നിര്‍ണയ കമ്മിഷന്‍ മുമ്പാകെ തെക്കന്‍ തിരുവിതാംകൂര്‍ മദ്രാസ്‌ സംസ്ഥാനത്തിനും വിട്ടുകൊടുത്തുകൊണ്ട്‌ ഐക്യകേരളത്തിനുവേണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ കോര അതിനോടു പരസ്യമായി വിയോജിക്കുകയും തിരുവിതാംകൂറിന്റെ തെക്കന്‍ പ്രദേശങ്ങള്‍ മദ്രാസിനു വിട്ടുകൊടുക്കുന്നതിനു എതിരായി കമ്മിഷന്‍ മുമ്പാകെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്നു സജീവ രാഷ്‌ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ ഇദ്ദേഹം കുട്ടനാട്ടിലെ കര്‍ഷകരുടെ വക്താവായി പ്രവര്‍ത്തിച്ചു. 1971-മേയ്‌ 2-ന്‌ കോര അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍